Pages

Thursday, September 29, 2011

ഓഷോയെ വായിക്കുമ്പോള്‍.--രണ്ടാം ഭാഗം.---' ജാഗ്രത"




അങ്ങനെ ഓഷോയുടെ വായന ഞാന്‍ തുടരുകയാണ്...അറിയാം ഇത് ഏറെ വൈകിയെന്നു...ഒന്നുകില്‍ എഴുതാം അല്ലെങ്കില്‍ പ്രവര്‍ത്തിക്കാം.... ഇറോം ശര്മിലക്ക് അനുഭവം പ്രകടിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കൂട്ടായ്മയുടെ ഉപവാസവും അതിനെ തുടര്‍ന്നുള്ള തിരക്കുകളും കാരണം എന്ന് വേണമെങ്കില്‍ പറയാം ഈ കാലതാമസത്തെ...

മേല്‍ പറഞ്ഞതില്‍ ഒരു ഓഷോ വിചാരം ഒളിഞ്ഞു കിടക്കുന്നുണ്ട് , ഓഷോ പറയുന്നു എല്ലാം ലൈംഗിക ഊര്‍ജമാണ് , അതിന്റെ രൂപ പരിണാമങ്ങള്‍ തന്നെയാണ് പ്രണയവും വാല്സല്യവും, കോപവും അനുകമ്പയും എല്ലാം...!! ഈ നിര്‍വചനം ചിലപ്പോള്‍ നമ്മുടെ നെറ്റി ചുളുപ്പിചെക്കാം, ഈ നിര്‍വചനം ശരിയായാലും തെറ്റായാലും എനിക്കത് നല്ലൊരു വിചാരം തരുന്നു, അതായത് എല്ലാ വികാരവും ഒരേ ഊര്‍ജ്ജ ഭാവങ്ങള്‍ തന്നെ...അത് ലൈംഗിക ഊര്‍ജ്ജമെന്നു പറഞ്ഞാലും മറിച്ചു, പ്രണയമാണ് ഈ എല്ലാ ഊര്‍ജ രൂപങ്ങള്‍ എന്ന് പറഞ്ഞാലും ശരിയാകാം..നേരെ പറഞ്ഞാലും തിരിച്ചു പറഞ്ഞാലും ഒന്ന് തന്നെ എന്ന് ചുരുക്കം, പക്ഷെ കൌതുകം അവിടെയല്ല, നിങ്ങള്‍ പ്രണയിക്കുമ്പോള്‍ നിങ്ങള്ക്ക് കോപിക്കാന്‍ കഴിയില്ലെന്ന് ഓഷോ അടിവരയിടുന്നു..!!!! എന്തസംബന്ധം അല്ലെ....വണ്ടിയോടിക്കുമ്പോള്‍ തെങ്ങ് കയറാന്‍ പറ്റില്ലെന്ന് പറയും പോലെ...ചിരി വരും..!!

ഞാന്‍  എന്റെ പ്രണയത്തില്‍  എത്രയോ പ്രാവിശ്യം കോപിചിരിക്കുന്നു, പക്ഷെ എന്നെ പിടിച്ചുലച്ചുകൊണ്ട് വീണ്ടും  ഓഷോ പറയുന്നു, കോപിക്കുമ്പോള്‍ നിങ്ങള്ക്ക് പ്രണയിക്കാന്‍ കഴിയില്ല..!!! അതെന്റെ ചിരി പിടിച്ചു നിര്‍ത്തി, ശരിയാണോ, ശരിയായിരിക്കാം കോപം എന്റെ ഞാനെന്ന ബോധത്തിന്റെ മുറിപാടുകളിലെ രക്തമാനെന്കില്‍, ഞാന്‍ അത്ഭുതത്തോടെ തിരിച്ചറിയുന്നു, എന്റെ പ്രണയത്തെ എന്റെ ഈഗോ ആക്രമിച്ചിരിക്കുന്നു...അതെ, ഞാന്‍ കൊപിക്കുമ്പോള്‍ ഞാനെന്ന ബോധത്തിന്റെ വെറും കോപം മാത്രമായി മാറുന്നു....ഒന്ന് ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങുകയാണോ, നിങ്ങള്ക്ക് ഒരു സമയം ഒരു ഊര്‍ജ്ജ രൂപമേ കാണിക്കാന്‍ അല്ലെങ്കില്‍ അനുഭവിക്കാന്‍ കഴിയു...!!!!!

പുതിയൊരു നിര്‍വചനം ഞാന്‍ കേള്‍ക്കുകയായിരുന്നു ഒഷോവിലൂടെ, പ്രണയം എന്നാല്‍ അഹം ബോധങ്ങളുടെ മരണമാണ്....ഞാനത് നേടിയിട്ടില്ലെന്നു നിസ്സംശയം പറയാം എങ്കിലും എന്റെ മനസ്സ് പറയുന്നു ഈ മനുഷ്യന്‍ പറയുന്നതില്‍ യുക്തിയുന്ടെന്നു..ഊര്‍ജ്ജത്തിന് ഒഴുകാന്‍ ഒരു പാത  വേണം...അത് ലൈംഗികത ആവാം, സ്പോര്‍ട്സ്‌ ആകാം, നൃത്തം ആകാം, ചിത്രരചന  ആകാം..എന്തും ആകാം....എന്തില്‍ കൂടിയും ഈ ഊര്‍ജ്ജ പ്രവാഹം തുടര്‍ന്നില്ല എങ്കില്‍ അവിടെ അത് കേട്ടികിടക്കുകയും വിഷമാകുകയും ചെയ്യും എന്ന് ഓഷോ സമര്‍ഥിക്കുന്നു....പലപ്പോഴും ഒരു സാഹിത്യ സൃഷ്ടി കഴിഞ്ഞാല്‍ രതിമൂര്ച്ചക്ക് ശേഷമുള്ള തളര്‍ച്ച പോലെ തൃപ്തമായ ശാന്തതയിലേക്ക് നമ്മള്‍ വീഴുകയായി...ഈ ഒര്ര്‍ജ്ജ പ്രവാഹത്തിന്റെ തടസ്സപെടുതലുകള്‍ കെട്ടികിടക്കലുകള്‍ ആണ്  നമ്മുടെ ജീവിതത്തിലെ താളപ്പിഴകള്‍ എന്നും ഓഷോ സമര്‍ഥിക്കുന്നു എന്ന് മാത്രമല്ല അതിന്റെ നിവരനതിനായുള്ള മാര്‍ഗങ്ങള്‍ യുക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നു.....ഈ ഈ ഊര്‍ജത്തിന്റെ രൂപമായ പ്രണയത്തിന്റെ പാഠങ്ങള്‍ മറ്റു നോട്ടുകളിലെക്കും കടന്നു വരുന്നുണ്ട്....അത് അപ്പോള്‍ തുടര്‍ന്ന് പറയാമെന്നു കരുതുന്നു....

കുഞ്ഞുണ്ണി മാഷിന്റെ കവിത ഓര്മ വരുന്നു, അകലാന്‍ കഴിയാത്തിടത്തോളം അടുതിട്ടുമില്ല...അടുക്കാന്‍ കഴിയാത്തിടത്തോളം അകന്നിട്ടുമില്ല...!!!!!

അകലാന്‍ കഴിയാത്തിടത്തോളം അടുക്കുക.....!!!ഓഷോയും പറയുന്നു അവിടെ മാത്രമേ പ്രണയം സംഭവിക്കൂ....!!!!!
മാത്രമല്ല പൂര്‍ണ ജാഗ്രതയാണ് പ്രണയം എനാണ് ഓഷോ കൂട്ടി ചേര്‍ക്കുന്നത്....ഇവിടെ ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു ഓഷോയുടെ വിചാര പ്രപഞ്ചത്തിലെ  ഏറ്റവും ശക്തമായ രണ്ടു വാക്കുകള്‍ ആണ് ജാഗ്രതയും അവബോധവും....ജാഗ്രതയോടു കൂടിയിരിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല നീതിയെന്ന് ഞാനതിനെ വായിചെടുക്കുന്നു, അനുകരിക്കാന്‍, അനുസരിക്കാന്‍  ഏറ്റവും വിഷമം പിടിച്ച പാഠവും...ജാഗ്രതയോടെ ജീവിക്കുക എളുപ്പമല്ല, പോട്ടെ ജാഗ്രതയോടെ ഒന്ന് കൊപിക്കാന്‍ കഴിയുമോ....!!!

തഥാഗതന്‍  നടക്കുകയാണ് പിന്നാലെ ശിഷ്യ ബുദ്ധന്മാരും,..പെട്ടന്നതാ ഒരാള്‍ ബുദ്ധന്റെ മുന്നിലേക്ക്‌ കൊപക്രാന്തനായി ചാടി വീഴുന്നു, അയാള്‍ ബുദ്ധന്റെ കരണത്തടിച്ചു, മുഖത്ത് തുപ്പി...അയാള്‍ കോപം കൊണ്ട് നിന്ന് വിറക്കുകയാണ്...ശിഷ്യന്മാര സ്തംഭിച്ചു....ബുധന്‍ ചിരിച്ചു....കുറച്ചു നേരം നിന്ന് ചീത്തവിളിച്ചു അയാള്‍ അവിടെ തന്നെ നില്‍ക്കുകയാണ്..ബുധന്‍ സൌമ്യനായി നടത്തം തുടര്‍ന്ന്...ശിഷ്യര്‍ കടന്നാല്‍ കുത്തിയ മുഖ ഭാവത്തോടെ ബുദ്ധന്റെ പിന്നാലെയും...ആനന്ദന്‍ എന്നാ ശിഷ്യന് ഗുരുവിന്റെ സൌമ്യതയും മൌനവും സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു, അയാള്‍ പറഞ്ഞു,
 " ഗുരോ, അങ്ങ് ഒരു വാക്ക് മിണ്ടിയാല്‍ മതി ആ അഹങ്കാരിയുടെ മദിപ്പ് ഇതാ ഈ നിമിഷം അവസാനിപ്പിക്കുന്നുണ്ട്..."
ഗുരു പറഞ്ഞു, " ആനന്ദാ, അയാള്‍ ഇപ്പോള്‍ തന്നെ സ്വയം വല്ലാതെ ശിക്ഷിക്കുകയാണ്, നോക്ക്, ഈ ദിവസത്തിനായി അയാള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായിരിക്കണം, അയാളുടെ ഉള്ളിലെ കോപത്തെ വര്‍ധിപ്പിക്കാന്‍ അയാള്‍ ആവതും ശ്രമിച്ചു കൊണ്ടാണിരുന്നത്, ശരിയല്ലേ, എന്നെ അവഹേളിക്കുന്നതിനു മുന്‍പ് അയാള്‍ പാട്ടുപാടുകയോ, നൃത്തം വെക്കുകയോ അല്ലല്ലോ  ചെയ്തത്, അയാള്‍ തന്നെത്തന്നെ സ്വയം കോപത്താല്‍ പീഡിപ്പിക്കുകയായിരുന്നു, അല്ലെങ്കില്‍, സ്വയം കോപത്താല്‍ മറന്നു ജാഗ്രത നഷ്ടമാക്കിയില്ലെന്കില്‍ അയാള്‍ക്കിത് ചെയ്യാന്‍ ആകുമായിരുന്നില്ല..പാവം ഇന്നലെ ഉറങ്ങിയിട്ടെ ഉണ്ടാവില്ല....ആനന്ദാ..ആ മനുഷ്യന്‍ ഇത്രയും ദിവസം സ്വയം ശിക്ഷിക്കുകയായിരുന്നു..കൊപ തീയില്‍ സ്വയം പീഡിപ്പിക്കുകയായിരുന്നു, അയാളോട് സഹതപിക്കുക..ഇതില്‍ കൂടുതല്‍ ശിക്ഷിക്കതിരിക്കുക..അയാളുടെ കര്‍ത്തവ്യം സ്വയം എത്റെടുക്കതെയും ഇരിക്കുക...എനിക്കിതാ ഒന്ന് മുഖം തുടക്കുകയെ വേണ്ടൂ..."

അതെ ജാഗ്രത നഷ്ടമാക്കുമ്പോള്‍ കോപം ജനിക്കുന്നു....നമുക്ക് ഏറെ കുറുക്കു വഴികള്‍ അറിയാം ഈ ജാഗ്രത നഷ്ട്ടമാക്കാന്‍...മനസ്സിന്റെ സൂത്രങ്ങള്‍....അല്ലാതെ വരും വരായ്കകളും തെറ്റും ശരിയും ആലോചിച്ചല്ലല്ലോ ദേഷ്യപ്പെടുക...ഞാന്‍ ഇതാ ഇയാളെ തല്ലുകയാണെന്ന ബോധാതാല്‍ ആര്‍ക്കെങ്കിലും ഒരാളെ തല്ലാന്‍ കഴിയുമോ, ഇല്ല..!!! മനസ്സിന്റെ  സ്വയം രൂപപെടുത്തിയ രൂപങ്ങളെ കുറിച്ച്  ആവര്‍ത്തിച്ചു ചിന്തിച്ചു സ്വയം മറക്കുമ്പോള്‍ , കോപം ജനിക്കുകയായി....

പക്ഷെ ഓഷോ പറയുന്നതിന്റെ ചുരുക്കം നിങ്ങള്‍ ഒരിക്കലും കോപമേ വരുത്തരുത് എന്നല്ല...കൊ കോപിചോളൂ, സ്നേഹിചോളൂ, ചെയ്തോളു, കരഞ്ഞോളൂ..എല്ലാം ചെയ്തോളൂ അതാതിന്റെ ജാഗ്രതയില്‍ ശ്രമിച്ചുകൊണ്ട്....!!!!

അതാതിന്റെ ജാഗ്രതയില്‍, അതെങ്ങനെ..??? കഴിയില്ല.... പക്ഷെ എന്തിനു ശേഷവും നിങ്ങള്‍ തിരിച്ചുള്ള മാനസിക അവസ്ഥയില്‍ എത്തുമ്പോള്‍, മനസ്സിലോര്‍ക്കും ഈ ജാഗ്രതയെ കുറിച്ച്....ഇതൊരു പരിശീലനം ആണെന്ന് ഓഷോ പറയുന്നു..ആദ്യമാദ്യം കോപമോ അഹങ്കാരമോ എന്തു ചെയ്താലും കുറച്ചു കഴിഞ്ഞാല്‍ നമ്മള്‍ ഈ ജഗ്രതയെ കുറിചോര്‍ക്കാന്‍ ശ്രമിക്കൂ...പതിയെ പതിയെ ആ പ്രവൃത്തിയും ഈ ജഗ്രതയെ കുറിച്ചുള്ള ഓര്‍മയുടെ അകലവും കുറഞ്ഞു വരുന്നത് അനുഭവത്തില്‍ കാണാം എന്ന് ഓഷോ പറയുന്നു..ഒടുവില്‍ വിവേകവും ( ജാഗ്രത ഒരു വിവേകമാണല്ലോ) കോപവും ഒരേ സമയം പ്രത്യക്ഷമാകുന്ന സമയ കാലം വരും ..പക്ഷെ അവിടെ കോപം ദയനീയമായി പരാജയപ്പെടും..കാരണം ജാഗ്രതക്കും ( വിവേകതിനും) കോപത്തിനും ഒരേ സമയം നിലനില്‍ക്കാന്‍ കഴിയില്ലല്ലോ..!!!...ഒന്നുകില്‍ ജാഗ്രത..അല്ലെങ്കില്‍ കോപം...!!!!!

ഈ ജാഗ്രതയും വിവേകവും കൈവരിച്ചവരെ ഓഷോ ബുദ്ധന്മാര്‍ എന്ന് വിളിക്കുന്നു....യോഗീശ്വരന്മാര്‍ എന്ന് വിളിക്കുന്നു....എന്നെ ആകര്‍ഷിക്കുന്ന ഈ ചിന്തകളില്‍ ഇതാ എന്നെ അമ്പരപ്പിച്ചുകൊണ്ട്, ഓഷോ പറയുന്നു, അങ്ങനെ ജാഗ്രതയുള്ളവര്‍ക്ക് , വിവേകമുള്ളവര്‍ക്ക് മാത്രമേ 'ആയുധം' പ്രയോഗിക്കാന്‍  അര്‍ഹതയുള്ളൂ  എന്ന് ഓഷോ പറയുന്നു...!!!!!

അങ്ങനെ യേശുവിനു 'ചാട്ട' ഉപയോഗിക്കാം എന്ന് ഓഷോ പറയുന്നു, കൃഷ്ണന് 'വാള്‍' ഉപയോഗിക്കാം  എന്നും ....അവയില്‍ നിന്നും നന്മ മാത്രമേ ഉണ്ടാവുകയുള്ളൂ, എന്നും ഓഷോ പറയുന്നു....എന്റെ നാസ്തിക ചിന്തക്ക് ഈ ബിംബങ്ങള്‍ അസൌകര്യം ഉണ്ടാക്കുന്നു വെങ്കിലും ഈ ഉപമയെ ഞാന്‍ ഇഷ്ടപെടുന്നു....ജാഗ്രതയുള്ള കയ്യുകള്‍ക്ക് ആയുധം നന്മ ഉണ്ടാക്കുവാനെ കഴിയു, കാരണം നന്മ ഉണ്ടാവുന്നില്ലെന്കില്‍ ആ വിവേകമുള്ള ജാഗ്രതയുള്ള മനസ്സുകള്‍അവ പ്രയോഗിക്കുക തന്നെയില്ല എന്നും ഞാന്‍ ഉറപ്പിക്കുന്നു.... ( നേരത്തെ കണ്ട ബിംബങ്ങള്‍ അങ്ങനെയാണോ എന്നത് എന്റെ പ്രശ്നമല്ല, മറിച്ചു ആ മനസ്സുകള്‍ അങ്ങനെയാണെങ്കില്‍, എന്ന് മാത്രമേ ഞാനെടുക്കുന്നുള്ളൂ)

അതെ വലിയൊരു പാഠം!!!.രക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ ശിക്ഷിക്കാന്‍ കഴിയും!!! ..രക്ഷിക്കല്‍ എന്നത് ജാഗ്രതയാണ്‌....ജാഗ്രത എന്നത് സ്വന്തം സമൂഹതെയും ഭൂമിയേയും അതിന്റെ പരിമിതികളെയും, അതിന്റെ സാധ്യതകളെയും, എല്ലാം മുന്‍വിധിയില്ലാതെ, സമീപിക്കുന്ന പ്രവണതയാണെന്ന് ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു.....ഓഷോയുടെ എന്നിലെ വികാസമായി ഞാനതിനെ എടുക്കുന്നു...എല്ലാവര്ക്കും ഈ ഭൂമിയില്‍ തുല്യ അവകാശമുണ്ടെന്ന , ഇവിടത്തെ എന്ത് വികസനവും എന്ത് പുരോഗമന ചിന്തയും ബഹുഭൂരിപക്ഷത്തിനും നീതി ഉറപ്പാക്കാന്‍ കഴിയെണ്ടുന്ന വിധമായിരിക്കണം എന്ന ചിന്തയാനെന്നു ഞാന്‍ കൂട്ടി ചേര്‍ക്കുന്നു...അതെ എന്റെ മനസ്സില്‍ ജാഗ്രത വലിയൊരു ബിംബമായി വളരുന്നു....

ഒരമ്മ കുട്ടിയെ തല്ലുന്നത് കണ്ടിട്ടില്ലേ....ഒരമ്മക്കെ കുട്ടികളെ തല്ലാന്‍ അറിയൂ, ..ഒരു ഇറാനിയന്‍ ചിത്രം ഓര്മ വരുന്നു പേര് മറന്നു പോയി, അതില്‍ സ്വന്തം കുട്ടിയെ അദ്ധ്യാപകന്‍ ശിക്ഷിക്കുന്ന രീതി കണ്ടു ( തന്റെ കുട്ടിയെ കൊണ്ട്, ഒരു വലിയ പെട്ടി പുസ്തക വണ്ടി ഒറ്റയ്ക്ക് അധ്യാപകന് ചുറ്റും വെയിലത്ത്‌ വലം വെപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു, അധ്യാപകനെ ആ അമ്മ കാണുന്ന സമയത്ത്) ആ അമ്മ അധ്യാപകനോട് പറയുന്നു, " കുട്ടികളെ തല്ലുക വളരെ എളുപ്പമാണ് , ഇതാ ഇങ്ങനെ " എന്ന് പറഞ്ഞു കുട്ടിയെ തുരുതുരാ  അടിക്കുന്നു,പക്ഷെ കുട്ടി കരഞ്ഞു അമ്മയെ കേട്ടിപിടിക്കുന്നു..ആ കുട്ടിയെ ച്ചുറ്റിപിടിച്ചു അമ്മ വീണ്ടും പറയുന്നു, ഇത്രയും എളുപ്പമായി അടിക്കമെന്നിരിക്കെ എന്തിനാണ് മറ്റുള്ള കൃത്യങ്ങള്‍...എന്ത് ക്രൂരമാണവ...അദ്ധ്യാപകന്‍ തളര്‍ന്നു പോയി....വാല്‍സല്യം നഷ്ടമായ ശിക്ഷകളെ കുറിച്ച് അന്നാദ്യമായി ആ അദ്ധ്യാപകന്‍ മനസ്സിലാക്കി....അമ്മ മനസ്സിന് മാത്രമേ ശിക്ഷിക്കാന്‍ അര്‍ഹാതയുല്ല്...എന്ന് !!!!! അതെ യേശു വേണമെങ്കില്‍ ചാട്ട ഉപയോഗിചോട്ടെ ഞാനത് ഇഷ്ടപ്പെടുന്നു ..ഇഷ്ടപെടുന്നത് ചാട്ടയുടെ പ്രയോഗതെയല്ല അതുണ്ടാക്കുന്ന എന്ന് പറയുന്ന നന്മയെ ആണ് അങ്ങനെ ഉണ്ടാകുന്നുവെങ്കില്‍...!!!

ഞാനും ശിക്ഷ പോലും സ്നേഹത്തിന്റെ മറു രൂപമാകുന്ന ഊര്‍ജ്ജത്തിന്റെ മറുരൂപമാകുന്ന അത്ഭുത കാഴ്ച കണ്ടു.....ജാഗ്രതയുടെ  കൈകള്‍ക്ക് അതെ വടി പിടിക്കാം...ജാഗ്രതയുടെ കൈകള്‍ക്ക് മാത്രം...!!! .ജാഗ്രത സമഗ്രമാണ് അനീതിയും അസമത്വവും ഒരു ജാഗ്രതയുള്ള മനസ്സിന് ന്യായീകരിക്കാന്‍ കഴിയുന്നതെങ്ങനെ..അതെ ജാഗ്രത എന്നത് സമ്പൂര്‍ണമായ ഒരാശയമാക്കി ഓഷോ വികസിപ്പിക്കുന്നത് അങ്ങനെയാണ് ,...അത് രക്ഷിക്കല്‍ കൂടിയാണ്....

പണ്ട് കണ്ട ഒരു ശ്രീലങ്കന്‍ ചിത്രത്തിലെ അവസാന രംഗത്തില്‍ കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഒരു സാധു കര്‍ഷകനെ കോടതി ശിക്ഷിക്കുകയാണ്, ( കൃഷി നശിച്ചു കടം വീട്ടാന്‍ കഴിയാത്ത ഒരു പാവം കര്‍ഷകനെ ) അപ്പോള്‍ അറിയാതെ ആ മനുഷ്യന്‍ ഉറക്കെ ചോദിച്ചു പോകുന്നു, " അയ്യോ അപ്പോള്‍ എന്റെ ഭാര്യയും മക്കളും എന്ത് ചെയ്യും..????" കോടതി മുറിയില്‍ ഉറക്കെയുള്ള ചിരിയില്‍ ആ രംഗം അവസാനിക്കുന്നു..കോടതിക്കത്തില്‍ കാര്യമില്ലല്ലോ.....!!!!
എന്റെ ജാഗ്രത അവിടെ നീറി പുകയുന്നു..എന്താണ് ജാഗ്രത എന്നെന്നെ  ഓര്‍മിപ്പിച്ചു കൊണ്ട്.....

ജാഗ്രത എന്നതിന് ശേഷം ഓഷോയുടെ വിചാര പ്രപഞ്ചത്തിലെ എന്നെ സ്വാധീനിച്ച രണ്ടാമത്തെ   വാക്കാണ് 'അവബോധം' എന്നത് ഒരര്‍ഥത്തില്‍ ജാഗ്രത തന്നെ ..പക്ഷെ അല്‍പ്പം വ്യത്യസ്തമാണ് എന്ന് തോന്നുന്നു...അത് അടുത്ത ഭാഗത്തില്‍ ചര്‍ച്ച ചെയ്യാം....

Thursday, July 14, 2011

ഓഷോയെ വായിക്കുമ്പോള്‍...(ഓഷോയുടെ പഴയ പേര് - ഭഗവാന്‍ രെജനീഷ്‌)


ആദ്യമേ പറയട്ടെ ഞാന്‍ ഓഷോയെ അധികം വായിച്ചിട്ടില്ല....!!!..ഓഹോ എന്നിട്ടാണോ....എന്ന് 

ചോദിക്കരുത്..വായിച്ചവ തന്നെ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്...അത് ഒന്നുറക്കെ പറഞ്ഞു 
നോക്കുകയാണിവിടെ.  ഓഷോ പറഞ്ഞ കാക്കത്തൊള്ളായിരം കാര്യങ്ങളില്‍ നിന്നും  കേട്ട വളരെ കുറച്ചു ആശയങ്ങളില്‍,  ചിലതിനോടെല്ലാം ഞാന്‍ യോജിക്കുന്നു പലതിനോടും വിയോജിക്കുന്നു. 'വിയോജിപ്പിനാല്‍ അയാള്‍ പറഞ്ഞത് മുഴുവന്‍ ചീത്തയാണെന്നോ, യോജിപ്പിനാല്‍ അയാള്‍ പറഞ്ഞവ മുഴുവന്‍ നല്ലതാണെന്നോ' ഞാന്‍ കരുതുന്നില്ല. പിന്നെയോ,അയാള്‍ പറഞ്ഞവയില്‍ എന്നെ ആഴത്തില്‍ സ്വാധീനിച്ചവ എന്‍റെ സുഹൃത്തുക്കള്‍ക്കായി പങ്കുവെക്കുന്നു.
( ആ സ്വാധീനം തന്നെ ആപേക്ഷികമാണ് കൂടുതല്‍ ശരികള്‍ കണ്ടെത്തിയാല്‍ അവ താനെ രൂപം 
മാറുമായിരിക്കും..! )

ഓഷോയെ  വെറുമൊരു 'ലൈംഗിക അരാജക സന്യാസി' എന്ന നിലയിലാണ് ഭൂരിപക്ഷ ലോകം 
വിലയിരുത്തുന്നത്.അതിനു അയാളുടെ ചിന്താഗതികളും, ഓഷോ ആശ്രമത്തിലെ ലൈംഗിക സ്വാതന്ത്ര്യവും ഒക്കെ കാരണമാകാം. അതൊരു പക്ഷെ,  ശരിയുമാകാം തെറ്റുമാകാം..!!!!  എങ്കിലും, ഞാന്‍ വായിച്ചറിഞ്ഞവയിലെ ഏറ്റവും കരുത്തുള്ള നിരീക്ഷണങ്ങള്‍ ഓഷോയുടെ ലൈംഗിക സങ്കല്‍പ്പങ്ങളില്‍ ഉണ്ടെന്നത് എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. അതെ സമയം അതിലെ നിഗമനങ്ങളോട് എനിക്ക് വിയോജിപ്പുകളും ഉണ്ട്. ഇവ കുറച്ചുകൂടി ആഴത്തിലുള്ള ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. എങ്കിലും ആദ്യം തന്നെ ഓഷോ എന്ന് പറയുമ്പോള്‍ ബഹു ഭൂരിപക്ഷം ആളുകളിലും ഉണ്ടായേക്കാവുന്ന നെറ്റി ചുളിച്ചിലില്‍ ഇത്രയെങ്കിലും ആമുഖം വേണമെന്ന് തോന്നുന്നു.

കഥകളിലൂടെയുള്ള ആശയ സഞ്ചാരങ്ങള്‍ ഓഷോയുടെ വശ്യമായ ഒരു രീതിയാണ്.. പലപ്പോഴും കണ്ണുതുറപ്പിക്കുന്ന ആശയങ്ങള്‍ അവയില്‍ തെളിഞ്ഞു നില്‍ക്കുന്നതും കാണാം.. 

ഒരിക്കല്‍, യാത്രാ മദ്ധ്യേ ബുദ്ധനും ശിഷ്യന്മാരും  ശ്രവണന്‍ എന്നൊരു രാജാവിന്‍റെ  കൊട്ടാരത്തിലും എത്തി, വമ്പിച്ച സുഖ ഭോഗങ്ങളില്‍ ആറാടിയിരുന്ന രാജാവിന് പക്ഷെ   ബുദ്ധന്‍റെ ലാളിത്യവും ശാന്തിയും  സമാധനപൂര്‍ണമായ വാക്കുകളും പുതിയൊരനുഭവം നല്‍കുകയായിരുന്നു. സമ്പത്തിലും സുഖഭോഗങ്ങളിലും ആഴത്തില്‍ മുങ്ങിയിട്ടും തനിക്ക് ലഭിക്കാത്ത ശാന്തിയും സമാധാനവും ആ മദഗജതെ വല്ലാതെ കൊതിപ്പിക്കാന്‍ തുടങ്ങി. പിന്നെ അമാന്തിച്ചില്ല. രാജകീയമായി തന്നെ ശ്രവണന്‍ ബുദ്ധനോട് ആവശ്യപ്പെട്ടു.  "എന്നെ അവിടത്തെ ശിഷ്യനാക്കണം..!!!!

ബുദ്ധന്‍ പറഞ്ഞു "അങ്ങ് ഇവിടത്തെ രാജാവാണ് ഈ പ്രജകള്‍ക്കു ഒരു രാജാവിനെ ആവശ്യമുണ്ട് അത് കൊണ്ട് സര്‍വസംഗപരിത്യാഗിയായ ഞങ്ങളോടൊപ്പം കൂടുന്നതിനു താങ്കള്‍ക്കു സമയം ആയിട്ടില്ല." അങ്ങനെ രാജാവിനെ നിരാശരാക്കി ബുദ്ധനും സംഘവും മടങ്ങി.

കാലമേറെ കഴിഞ്ഞു. ഒരിക്കല്‍ കാനന മദ്ധ്യേ യാത്ര ചെയ്ത ബുദ്ധന്‍ കാട്ടു വഴിയില്‍ കിടന്നിരുന്ന ജടപിടിച്ച, രോഗവും ചലവും ഒലിച്ച, അവശനായ ജീവനുള്ള ഒരു എല്ലിന്കൂടിനെ തിരിച്ചറിഞ്ഞു..ശ്രവണന്‍..!  ബുദ്ധന്‍ സൌമ്യമായി വിളിച്ചു  രാജാവേ...അങ്ങേക്കെന്താണ് സംഭവിച്ചത്...?  "എന്നെ അങ്ങ് സ്വീകരിച്ചില്ല. പക്ഷെ, ഞാനങ്ങയെ മനസ്സാ സ്വീകരിച്ചു. ജലപാനങ്ങള്‍ മിതമാക്കി എല്ലാ സുഖ സൌകര്യങ്ങളും ഉപേക്ഷിച്ചു, കൊട്ടാരം വിട്ടു. ഞാന്‍ ഒടുവില്‍ അങ്ങയെ കണ്ടെത്തി. ഇനിയെങ്കിലും എന്നെ സ്വീകരിക്കു പ്രഭോ..." ശ്രവണന്‍ കിതച്ചു പറഞ്ഞു.

ബുദ്ധന്‍ പുഞ്ചിരിച്ചു, " ശ്രവണാ...  അങ്ങയോട് ഞാനൊന്ന് ചോദിക്കട്ടെ, അങ്ങ് സംഗീതത്തില്‍ നിപുണനായിരുന്നല്ലോ...വീണയുടെ കമ്പികള്‍ അയഞ്ഞു കിടന്നാല്‍ അതില്‍ നിന്നും സംഗീതമുണ്ടാകുമോ..???."  
" ഇല്ല പ്രഭോ വീണകമ്പികള്‍ അയഞ്ഞു കിടന്നാല്‍ സംഗീതം വരില്ല...." 
" ശരി, വീണ കമ്പികള്‍ വല്ലാതെ മുറുക്കിയാലോ..." ബുദ്ധന്‍ വീണ്ടും ചോദിച്ചു.
" ഇല്ല പ്രഭോ.. അപ്പോഴും സംഗീതം വരില്ല..മാത്രമല്ല വല്ലാതെ മുറുകിയാല്‍ അവ അരോചക ശബ്ദത്തില്‍ പൊട്ടി പോകും.." 
" ശരി പിന്നെയെപ്പോഴാണ്  അതില്‍ നിന്നും സംഗീതം വരിക..." ബുദ്ധന്‍ ശ്രവണനെ തലോടി.
" അത് പ്രഭോ...ഈ മുറുക്കതിനും അയവിനും ഇടയ്ക്കു ശരിയായ ഒരു മധ്യാവസ്ഥ ഉണ്ട്..അപ്പോള്‍ മാത്രമേ വീണ കമ്പികള്‍ സംഗീതം പൊഴിക്കൂ..." ശ്രവണന്‍ ആവേശത്തോടെ മറുപടി പറഞ്ഞു.

ബുദ്ധന്‍ എഴുന്നേറ്റു." ശ്രവണാ, അത് തന്നെയാണ് ഞാനും പറയുന്നത്. ഈ മുറുക്കതിനും അയവിനും ഇടക്കൊരു മധ്യസ്ഥായി ഉണ്ട്. ജീവിതത്തിന്‍റെ മദ്ധ്യസ്ഥായി...!! വല്ലാത്ത മുറുക്കതിലും വല്ലാത്ത അയവിലും അതില്‍ നിന്നും ജീവിതത്തിന്‍റെ സംഗീതം ഉണ്ടാവില്ല!!!!"......തഥാഗതന്‍ തന്‍റെ യാത്ര തുടര്‍ന്നു.

ഓഷോ തുടരുന്നു..  കുത്തഴിഞ്ഞ ജീവിതത്തിലോ,എല്ലാം ഉപേക്ഷിച്ച സന്യാസത്തിലോ അല്ല ജീവിതം. രണ്ടിനുമിടക്ക്....   രണ്ടും സമന്വയിച്ച കേവലഹ്ലാദത്തിന്‍റെ സംഗീതം പൊഴിക്കുന്ന ജീവിതം....!!!!  എത്ര മനോഹരമാണത്.. വല്ലാതെ കോപിക്കലിലോ ഒട്ടുമേ പ്രതികരിക്കാതിരിക്കലിലോ അല്ല ജീവിതം. സ്വബോധത്തോടെ,  ചിന്തിച്ചു ജാഗ്രതയോടെ പെരുമാറുന്നതിലാണ് ജീവിതം. ഞാന്‍ ആലോചിക്കുകയാണ് ജീവിതത്തിന്‍റെ  എത്രയെത്ര മേഖലകളില്‍ ഈ മദ്ധ്യസ്ഥായി എനിക്ക് കൂട്ടുകാരനായിട്ടുണ്ട്...!!. എല്ലാം  അറിയുമ്പോഴോ ഒന്നും അറിയാത്തപ്പോഴോ അല്ല ജീവിതം. അറിയുന്നത് ബോധപൂര്‍വം ഉപയോഗപ്പെടുമ്പോഴാണ് ജീവിതം. പലപ്പോഴും നമ്മള്‍ മുഴുവനും അറിയാനായി കാത്തിരിക്കുന്നു.എല്ലാം കിട്ടിയിട്ട് ജീവിതം ആസ്വദിക്കാന്‍ കാത്തിരിക്കുന്നവര്‍ അവരുടെ വിചാരം തങ്ങള്‍ കാത്തിരിക്കുന്ന വസ്തുക്കളാണ് തങ്ങള്‍ക്കു സന്തോഷം നല്‍കുന്നത് എന്നാണ്. 

 "ലോകത്തൊരു വസ്തുവിനും നിങ്ങളെ സന്തോഷിപ്പിക്കനാവില്ല.  നിങ്ങള്‍ സ്വയം ഒഴിച്ച്"..!!!!! അതെങ്ങനെ..? സന്തോഷം എന്നത് ഏതിനെപ്പോലെയും ഒരു ശീലം മാത്രമാണ് എന്ന് ഓഷോ പറയുന്നു...!!!. ആ ശീലം നിങ്ങള്‍ക്കില്ലെങ്കില്‍. ഏതു സ്വര്‍ഗത്തിലും നിങ്ങള്‍ ദു:ഖിതന്‍ ആയിരിക്കും. കാരണം, ദുഃഖം അത്രമേല്‍ നിങ്ങളുടെ ശീലമായിരിക്കുന്നു.

ഓഷോയോടു ഒരാള്‍ ചോദിച്ചു, " സ്വാമി നമ്മള്‍ മരിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗത്തിലോ നരകത്തിലോ പോവുക..??!! " ഓഷോ ചിരിച്ചു കൊണ്ട് പറഞ്ഞു " പ്രിയ സുഹൃത്തേ നിങ്ങള്‍ നരകത്തിലായിരിക്കും, ഞാന്‍ സ്വര്‍ഗത്തിലും.." ആഗതന്‍ നീരസം പൂണ്ടു..." അതെന്താ സ്വാമി നരകം !!?" 
" സുഹൃത്തേ...നിങ്ങള്‍ ഇപ്പോഴെ മരിച്ചു കഴിഞ്ഞാലുള്ള അവസ്ഥ ഓര്‍ത്തു വിഷമത്തിലാണ്. എല്ലാ വിഷമങ്ങളും കൂടി, നിങ്ങള്‍ ഇപ്പോഴേ  നരകത്തില്‍ തന്നെയല്ലേ. ഇവിടത്തെ സ്വര്‍ഗം കാണാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങനെയാണ് സ്വര്‍ഗത്തില്‍ ചെന്നാല്‍ പോലും അതനുഭവിക്കുക. കാരണം അതൊരു ശീലമാണ്. ഈ നരകത്തിലും ജാഗ്രതയോടെ സുബോധത്തോടെ സങ്കടത്തിലും സന്തോഷത്തിലും മധ്യസ്ഥായിയില്‍. അവ അനുഭവിക്കുമ്പോഴും കേവല ആഹ്ലാദത്തില്‍ നിങ്ങള്‍ നിറയുക. അപ്പോള്‍ ഒന്ന് മനസ്സിലാകും, സങ്കടവും സന്തോഷവും എല്ലാം ഇടകലര്‍ന്ന ഈ ജീവിതത്തിന്‍റെ സന്തോഷം.  അതിന്‍റെ  കേവലാഹ്ലാദം. അപ്പോള്‍ നിങ്ങളനുഭവിക്കും സ്വര്‍ഗമെന്നാല്‍ ഈ ജീവിതം തന്നെയാണെന്ന്.  അല്ലെങ്കില്‍, നിങ്ങളുടെ അവബോധമാണ് സ്വര്‍ഗമെന്ന്..  അതില്ലാതെ നിങ്ങള്‍ നരകത്തിലായാലും സ്വര്‍ഗത്തിലായാലും നിങ്ങള്‍ക്ക് 'നരകപീഡ' തന്നെയായിരിക്കും. പിന്നെ ഞാന്‍ എവിടെയായാലും എനിക്ക് പരാതിയില്ല. കാരണം, ഭൂമിയിലെ ഈ നരകത്തില്‍ തന്നെ എനിക്കൊരു സ്വര്‍ഗം തീര്‍ക്കാന്‍ കഴിയുന്നുണ്ട്. പിന്നെ നരകത്തിലായാലും എനിക്കെന്താ. അവിടെയും ഞാനൊരു റോസാ കമ്പ് നടും തീര്‍ച്ച.....!!!! "  

ഈ ജീവിതത്തില്‍ നമ്മള്‍ നടാതെ വെച്ച റോസാ കമ്പുകള്‍ എണ്ണാമോ....ടി വിയില്‍ കുടുംബ ജീവിതത്തിലെ രസകരമായ ഏടുകള്‍ കണ്ടു അയവിറക്കുമ്പോഴും തങ്ങള്‍ക്കും, അതുപോലെ കൈകള്‍ കോര്‍ത്ത്‌ ഒരുമിച്ചു കാറ്റ് കൊണ്ട് നടക്കാന്‍ കഴിയും എന്ന് നമ്മുടെ ഇണകള്‍ക്ക് തോന്നുമോ...?  ഒരു ചെടി നടുമ്പോള്‍... ഒരു മഴ ഒരുമിച്ചു നനയുമ്പോള്‍.... ഒരു നേരം തൊട്ടു നിന്ന് അല്‍പ്പനേരം വെറുതെയിരിക്കുവാന്‍ നമ്മുടെ ഇണകള്‍ക്ക് കഴിയുമോ.? കഴിഞ്ഞിരുന്നെങ്കില്‍, പ്രണയമായാലും സന്തോഷം ആയാലും അനുഭവിക്കുക എന്നത് ഒരു ശീലമാണ് എന്ന് ഓഷോ അടിവരയിട്ടു പറയുന്നു.നമ്മള്‍ ശരിയായി ശീലിക്കേണ്ട ഒരു ശീലം. പ്രണയം രണ്ടു മനസ്സുകള്‍ മാത്രമല്ല രണ്ടു ശരീരങ്ങളും രണ്ടു ലോകവും കൂടിയാണ് സംഗമിക്കുന്നത് എന്നാണ് ഓഷോയുടെ പക്ഷം. 

ഞാന്‍ വായിച്ചവയിലെ ഏറ്റവും മനോഹരമായ ‌ഈ പ്രണയ സങ്കല്പങ്ങള്‍ കുറച്ചു പറയാനുള്ളത് കൊണ്ടും അല്‍പ്പം കൂടി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട് എന്നത് കൊണ്ടും ഞാനീ വിഷയം അടുത്ത കുറിപ്പിലേക്ക് മാറ്റുന്നു. അപ്പോള്‍ പറഞ്ഞു വന്നത്, ഇവയെല്ലാം ഒരു ശീലമാണ് എന്നതാണ്.

സെന്‍ സന്യാസിയോട് പുതുതായി വന്ന ശിഷ്യന്‍ ചോദിച്ചു..." ഗുരോ...ബോധോദയം വരുന്നതിനു മുന്‍പ് അങ്ങ് എന്തൊക്കെയാണ്  ചെയ്തിരുന്നത്..? "
" ഞാന്‍ വെള്ളം കോരും, ചെടികള്‍ നനയ്ക്കും, വിറകു ശേഖരിക്കും ആഹാരം പാകം ചെയ്യും വസ്ത്രങ്ങള്‍ കഴുകിയിടും...തുടങ്ങിയവ ഒക്കെ ചെയ്യുമായിരുന്നു.." ഗുരു പറഞ്ഞു.
ശിഷ്യന്‍ വീണ്ടും ചോദിച്ചു " ശരി ബോധോദയത്തിനു ശേഷം അങ്ങേന്തോക്കെയാണ് ചെയ്യുന്നത് ??..." 
" ഇപ്പോള്‍ ഞാന്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കും, വിറകു ശേഖരിക്കും..ആഹാരം പാകം ചെയ്യും..ഈ പണികളൊക്കെ അങ്ങനെ ചെയ്യുന്നു " 
ശിഷ്യന് തൃപ്തിയായില്ല അയാള്‍ വീണ്ടും  സംശയം ചോദിച്ചു.." ഇതൊക്കെ തന്നെയല്ലേ അങ്ങ് മുന്‍പും ചെയ്തത് ?"
" അതെ "
" ഇതൊക്കെ തന്നെയല്ലേ ഇപ്പോഴും  ചെയ്യുന്നത് ?"
" അതെ "
" ഇതിലെന്താണ് പുതുമ..?? ബോധോദയം ഒരു മാറ്റവും അങ്ങയില്‍ വരുത്തിയില്ലേ..???"

ഗുരു പുഞ്ചിരിച്ചു " മാറ്റം എന്നിലാണ് കുട്ടീ...എന്‍റെ  പ്രവൃത്തികളില്‍ അല്ല. മുന്‍പ് ഞാന്‍ ചെയ്ത പോലെയല്ല ഇപ്പോള്‍ ഈ പ്രവൃത്തികള്‍ എന്നില്‍ പ്രതിഫലിക്കുന്നത്. ഓരോ ചലനവും പ്രകൃതിയും എന്നില്‍ ആഹ്ലാദം നിറക്കുന്നു ശാന്തി നിറക്കുന്നു..അതാണ്‌ കാതലായ മാറ്റം. അതാണ്‌ അവബോധവും..അല്ലാതൊന്നുമല്ല.. " 

ശിഷ്യന്‍ നിശബ്ദനായി... കുളിര്‍ കാറ്റിലെ തണുപ്പില്‍ അയാളുടെ മനസ്സ് കൊഴിഞ്ഞു..ഒരു തൂവല്‍ പോലെ ഭാരമില്ലാതെ........

ഓഷോയുടെ അവബോധത്തിന്‍റെ  ഈ കഥകള്‍ ഞാനിവിടെ നിര്‍ത്തുന്നില്ല .അടുത്ത കുറിപ്പില്‍ നമുക്കിത് തുടരാം.










Sunday, June 19, 2011

രതി നിര്‍വേദം



ലൈംഗീകതയുടെ മറ്റൊരു മലയാളീ കാപട്യം ആണ് 'രതി നിര്‍വേദം' എന്ന കഥയും സിനിമയും.
"സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സമൂഹം".

ലൈംഗീക ചിന്തകള്‍ പ്രായപൂര്‍ത്തിയായ  ഏതൊരു ജീവിക്കും ഉണ്ടാകും. പുരുഷന്‍ സ്ത്രീയാലും സ്ത്രീ പുരുഷനാലും ആകര്‍ഷിക്കപ്പെടും. ലൈഗീകത ഒരാളുടെ സ്വകാര്യതയാണ്. അവ ആരോഗ്യകരമായി കൊണ്ട് നടക്കാനും, ആരോഗ്യമുള്ള ലൈംഗീകതയിലൂടെ ആരോഗ്യമുള്ള ജീവിതവും,അതിലൂടെ ആരോഗ്യമുള്ള സമൂഹവും വളര്‍ന്നു വരേണ്ടതാണ്. എന്നാല്‍, ഇന്ന് ലൈംഗീകതയുടെ വിപണന  സാധ്യതകള്‍ മാത്രമാണ് രതി നിര്‍വേദം പോലുള്ള ഇക്കിളി ചിത്രങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്.

ഷക്കീല തുണിയഴിച്ചാല്‍ ' അശ്ലീലവും'  മുഖ്യധാര സിനിമകളിലെ നായികമാര്‍ തുണിയഴിച്ചാല്‍ ഗ്ലാമറും ആകുന്നതു അങ്ങനെയാണ്.പമ്മന്‍റെ  കഥയിലുള്ളത് അശ്ലീലവും പദ്മരാജന്‍റെ  കഥയില്‍ 'ഉദാത്ത കാമവും' എന്നത് സൌകര്യപൂരവം മലയാളികള്‍ മേനഞ്ഞുണ്ടാക്കിയ പൊയ്തൊലികള്‍ തന്നെയല്ലേ.?( ഇപ്പറയുന്നതിനു പദ്മരാജന്‍ എന്ന പ്രതിഭയെ കരിവാരിതേക്കല്‍ അല്ല.രതി നിര്‍വേദവും വൈശാലിയും പദ്മരജന്റെയും ഭരതന്റെയും പൊളിപ്പടങ്ങള്‍ മാത്രമായിരുന്നു എന്ന അര്‍ഥത്തില്‍ മാത്രമാണ് ) മാത്രമല്ല, ഇവയെ മാന്യതയുടെ മൂടുപടം അണിയിച്ചു നമ്മളുടെ കുടുംബന്തരീക്ഷങ്ങളില്‍ എത്തിക്കുന്നത് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ തന്നെയാണ്. 'കാമം' എന്ന് പറയാതെ 'ഗ്ലാമര്‍' എന്ന് പറഞ്ഞാല്‍ ഏതു വീട്ടിലും ഇവ ചൂടപ്പം പോലെ ചിലവഴിക്കാം. അവയ്ക്കിടയിലെ പരസ്യങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കാം. കാരണം, രഹസ്യമായി ഇത്തരം ഇക്കിളികള്‍ ആസ്വദിക്കാന്‍ നമ്മള്‍ ഇഷ്ട്ടപ്പെടുന്നു. ആ ഇക്കിളിയുടെ ബാലപാഠങ്ങള്‍ തന്നെയല്ലേ നമ്മുടെ റിയാലിറ്റി ഷോകളില്‍ കുരുന്നുകളിലൂടെ അവതരിപ്പിക്കപ്പെടുന്നത്..? ഒരു മസാല സീനിലെ മസാല പാട്ടിലെ അംഗ ചലനങ്ങള്‍ ഒരു കുട്ടി റിയാലിറ്റി ഷോവില്‍ അരക്കെട്ട് വികൃതമായി കുലുക്കി മുതിര്‍ന്നവരെ വെട്ടുന്ന കൊക്രികള്‍ കാട്ടി നൃത്തം ചെയ്യുന്ന പരിപാടിയിലെ ആസ്വാദ്യത എന്താണ്?  ആ നടിമാര്‍ സിനിമയില്‍ തന്‍റെ  അരക്കെട്ട് കുലുക്കുമ്പോള്‍ മാറിടം ത്രസിപ്പിക്കുമ്പോള്‍ അത് കാണുന്നവരില്‍ എന്ത് വികാരം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടാണവര്‍ അങ്ങനെ ചെയ്യുന്നത്.?( ഞാന്‍ പലതും കാണിക്കും നിങ്ങള്ക്ക് ആ സമയം എന്‍റെ കാതുകളില്‍ നോക്കിയാല്‍ പോരെ എന്ന് ചോദിക്കുമോ ഇവര്‍ ) അതെ രംഗങ്ങള്‍ നമ്മുടെ കുട്ടികള്‍ പൊടിപ്പും തൊങ്ങലും വെച്ച് റിയാലിറ്റി  ഷോകളില്‍ കാണിക്കുമ്പോള്‍,കുരുന്നു മനസ്സുകളിലേക്ക് എന്ത് വികാരമാണ്/വിചാരമാണ് ഇവര്‍ കടത്തി വിടുന്നത്.? തങ്ങള്‍  മാതൃകയാക്കിയ നടിമാര്‍ അല്ലെങ്കില്‍ നടന്മാര്‍ കാണിക്കുന്ന ഓരോ ചേഷ്ടയും അതിലും കൂടുതല്‍ വികാരത്തോടെ എങ്ങനെ കാണി ക്കമെന്നോ!! ഓ....... ഇവയെല്ലാം ചെയ്യുന്നത് മലയാളത്തിന്‍റെ 'സഭ്യത' സൂക്ഷിപ്പുകാരായ മനോരമയും ഏഷ്യാനെറ്റും  അടക്കമുള്ള ചാനല്‍ തമ്പുരാക്കന്മാര്‍ ആണല്ലോ അല്ലെ.? അപ്പോള്‍, അവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന എല്ലാം മാന്യമായി കണ്ടേ ഒക്കൂ... രതിനിര്‍വേദം എന്ന സിനിമയും അതെ..!! കാരണം, അത് മലയാളത്തിലെ അമൂല്യ സാംസ്കാരിക ചിത്രങ്ങളില്‍ ഒന്നാവാം......!!!

ഇതൊക്കെ പറയുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട, വികാരവും വിചാരവും ഒക്കെ ഈ പറയുന്നയാള്‍ക്കും ഉണ്ട്. വിവാഹം കഴിച്ചു എന്ന് കരുതി ആരും മാതാപിതാകളുടെ മുന്നില്‍ പലതും കാണിക്കാറില്ലല്ലോ.? അതിനെയാണ് സ്വകാര്യത എന്ന് പറയുന്നത് അതാണ്‌ അതിന്‍റെ  സന്ദര്യവും,അതിലാണ് സമൂഹത്തിന്റെ നിലനില്‍പ്പും. ബെഡ് റൂം ഒരുക്കും പോലെയല്ലല്ലോ നമ്മള്‍ വിസിറ്റിംഗ് റൂം ഒരുക്കുന്നത്..?  കാരണം, വിസിറ്റിംഗ് റൂം പൊതു ഉപയോഗമാണ് ബെഡ് റൂം സ്വകാര്യതയും. എന്നിട്ടും, കുട്ടികളും മുതിര്‍ന്നവരും ഒക്കെ കാണുന്ന "ഒരു പൊതുമാധ്യമം അതിന്‍റെ  സഭ്യതകള്‍ പാലിക്കണം" എന്ന് പറഞ്ഞാല്‍ അത് മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള കൈ കടത്തല്‍ ആവുമോ..? എന്തും കച്ചവടവത്ക്കരിക്കുന്ന ചാനല്‍ തമ്പുരാക്കന്മാരുടെയും മാധ്യമ പിമ്പുകളുടെയും മുന്നിലേക്ക്‌ കുട്ടികളെ എറിഞ്ഞു കൊടുക്കും മുമ്പ്  ഒന്നാലോചിക്കുക.

'പ്ലേ ബോയ്‌' എന്ന നഗ്ന ചിത്രങ്ങള്‍ വില്‍ക്കുന്ന ഒരു ആഗോള മാസികയുടെ പേരും ധരിച്ചു നമ്മുടെ കുട്ടികള്‍ നടക്കുമ്പോള്‍ അവ സ്വീകരണ മുറികളിലെ സ്റ്റാറ്റസ് സിമ്പലായി മാറുമ്പോള്‍ നമുക്കും വിളിച്ചു പറയേണ്ടതുണ്ട്. പ്രിയ ചാനലുകളെ, "നിങ്ങളും പ്ലേ ബോയ്‌ മാഗസിന്‍ ഉടമകളും തമ്മില്‍ വലിയ വ്യത്യാസമില്ല" എന്ന്. ലൈംഗീകത ചര്‍ച്ച ചെയ്യണ്ട എന്നോ ചിത്രീകരിക്കേണ്ട എന്നോ അര്‍ഥമില്ല. അതിനു മാനദണ്ഡങ്ങള്‍ വേണം. അവ ചര്‍ച്ച ചെയ്യപ്പെടെണ്ടാതുണ്ട്.നമ്മുടെ 'സാംസ്കാരിക പരിപാടികള്‍' എന്ന പേരില്‍ ചാനലുകള്‍ കൊണ്ടാടുന്ന അശ്ലീല പരിപാടികള്‍ നമുക്കവശ്യമുണ്ടോ എന്നലോചിക്കണം. ഒരു തീയറ്ററിലെ ഇരുണ്ട തുണിയില്‍ ആടുന്ന മസാലക്കൂട്ടുകള്‍ തുറന്ന സ്റ്റേജു പരിപാടികളായി മാറുമ്പോള്‍ ആലോചിക്കുക, ഇതാണോ സാംസ്കാരിക പരിപാടികള്‍.? ഇതാണോ സഭ്യതയുടെ വര്‍ത്തമാനം.? .ഇവയിലൂടെ എന്ത് ഭാവിയാണ് നമ്മുടെ കുട്ടികള്‍ക്ക് നമ്മള്‍ കരുതിവെക്കുന്നത്...?

മാധവിക്കുട്ടിയുടെ  'എന്‍റെ കഥ' വായിച്ചു അവരെ തന്നെ തെറി വിളിച്ച പല ചെറിയ കുട്ടികളെയും ( കോളേജിലെ കന്നിക്കാര്‍ ) എനിക്കറിയാം. അപ്പോള്‍ തോന്നിയത്, ചില വിഷയങ്ങള്‍ നമുക്ക് എല്ലാവരോടും തുറന്നു സംസാരിക്കാന്‍ കഴിയില്ല എന്നതാണ്. കാരണം, പലപ്പോഴും അന്ന് പറഞ്ഞവര്‍ തന്നെ പിന്നീട് ആ പുസ്തകത്തെ മാന്യമായി വിലയിരുത്തുന്നതിനും ഞാന്‍ സാക്ഷിയാണ്. പ്രായം പ്രശ്നമാണ്. അപ്പോള്‍ അത് ചിലപ്പോള്‍ സമൂഹത്തില്‍ വിഷം ഉണ്ടാക്കും.

അതായത്, പ്രായം അനുസരിച്ചാണ് നമ്മള്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. ചെറുപ്പത്തില്‍ ധാരാളം ഭക്ഷണം മുന്നിലുള്ളപ്പോള്‍ അതെടുക്കാന്‍ തുനിഞ്ഞാലും അമ്മമാര്‍ സമ്മതിക്കില്ല. കാരണം അതവന് ഹാനികരമാണ് എന്നറിയുന്നത് കൊണ്ടാണത്. പക്ഷെ ,പുസ്തകത്തിന്‌ അതൊരു തടസ്സവുമാണ്. കാരണം അതാര് വായിക്കണം ആര് വായിക്കേണ്ട എന്നത് പറയാന്‍ കഴിയാറില്ല. പറഞ്ഞാലും കാര്യവുമില്ല. അപ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട് പൊതു സമൂഹത്തില്‍ എന്ത് പറയണം/എന്ത് പറയണ്ട എന്നൊക്കെ . ഇതുവരെ  ഇത്തരത്തില്‍ ചിന്തിച്ചില്ല എന്നത് ഇനി ചിന്തിക്കാതിരിക്കാനുള്ള കാരണവുമല്ലല്ലോ.? കാരണം, "സമൂഹത്തിന്‍റെ  ആരോഗ്യമുള്ള വളര്‍ച്ചയാണ് പ്രധാനം സിനിമയുടെ എങ്ങനെയും ഉള്ള വളര്ച്ചയല്ല. സിനിമയും സാംസ്കാരിക പ്രവര്‍ത്തനങ്ങളും സമൂഹത്തിനു വേണ്ടിയാണ്. അല്ലാതെ സമൂഹം സിനിമയുടെ വഴിയിലേക്ക് ഓടുകയല്ല വേണ്ടത്".

'നോബിള്‍ ലേഡി' എന്നൊരു ലൈംഗീകതയുടെ അതിപ്രസരമുള്ള ഒരു ചിത്രം കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കണ്ടതോര്‍ക്കുന്നു സത്യത്തില്‍ അതിലൊരു മനോഹരമായ കഥയുണ്ട്. പക്ഷെ , ചിത്രീകരണത്തില്‍ വല്ലാത്ത സെക്സും.! അന്നത് കണ്ടു എത്രയോ കാലം കഴിഞ്ഞു പിന്നീട് അതിനെ കുറിച്ച് വായിച്ചപ്പോഴാണ് ഞാന്‍ കണ്ട സെക്സ് പടമാണ് ഈ പറയുന്ന 'മനോഹര ചിത്രം' എന്ന് മനസ്സിലായത്‌....!!!

ഒരു കാര്യം വ്യക്തമാണ് നമ്മുടെ കുട്ടികളുടെയും സമൂഹത്തിന്റെയും മാനസിക വളര്‍ച്ചയുടെ നേര്‍ക്ക്‌ കണ്ണടക്കാന്‍ കഴിയുമോ നമ്മള്‍ക്ക്..?എന്ത്, എപ്പോള്‍, എങ്ങനെ എന്നത് ഒഴിവാക്കാന്‍ പറ്റുമോ..? എത്ര മനോഹരമായാണ് സ്നേഹത്തിന്റെയും ലൈംഗീകതയുടെയും കഥകള്‍ നമുക്ക് നമ്മുടെ ചലച്ചിത്ര കുലപതികള്‍ തന്നിട്ടുള്ളത്. പദ്മരാജന്‍റെ 'തൂവാനത്തുമ്പികള്‍' പറയുന്ന പ്രമേയത്തില്‍ രതിയുണ്ട്. ശക്തമായി .രതി നിര്‍വേദം എന്ന സിനിമയിലെ രതിയിലോ....!!!

"ഒരു സിബ്‌ വലിച്ചൂരുന്ന ശബ്ദത്തില്‍ ഏറ്റവും വികാര ഉത്തേജനമായ ലൈംഗീകത എനിക്ക് സൃഷ്ടിക്കാന്‍ കഴിയും" എന്ന് ജോണ്‍ എബ്രഹാം പറഞ്ഞതായി കേട്ടിട്ടുണ്ട്. ഞാന്‍ പറഞ്ഞത് ഒരു പദ്മരജന്റെയോ ഭരതന്റെയോ പ്രതിഭയെ കുറിച്ചല്ല തന്നെ. രതി നിര്‍വ്വേദവും വൈശാലിയും അവര്‍ രണ്ടു പേരുടെയും 'പൊട്ട പടങ്ങള്‍' ആണെന്ന് പറയേണ്ടി വരുന്നതില്‍ ക്ഷമിക്കുക. ഒപ്പം അതിലെ സെക്സ് ആസ്വദിച്ചില്ലേ എന്ന ചോദ്യം പ്രതീക്ഷിച്ചു കൊണ്ട് അത് ആസ്വദിച്ചു എന്നും സെക്സ് എന്റെ സ്വകാര്യതയാണെന്നും പറയാന്‍ ആഗ്രഹിക്കുന്നു.

സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സമൂഹം. കപട സദാചാരം എന്നത് ഉള്ളതിനെ വികൃതമായി കാനിക്കുന്നതല്ലേ.? നമ്മള്‍ പറയുന്നത് അത് കയ്യടക്കത്തോടെ കാണിക്കണം എന്നാണ്.  കാരണം ഇന്ന് ഏറ്റവും അധികം ജനങ്ങളുമായി സംവേദിക്കുന്ന മാധ്യമം ആണ് സിനിമ. ആയതിനാല്‍ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. കാരണം, അതിലെ പാളിച്ചകള്‍ സമൂഹത്തെ രോഗാതുരമാക്കും.അതിന്‍റെ  വിജയം സമൂഹത്തെ ആരോഗ്യമുള്ളവരാക്കും. ഇതെല്ലം സമൂഹത്തിന്‍റെ  നന്മക്ക് വേണ്ടിയാവണം.

"സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സിനിമ"

Saturday, June 11, 2011

ശബരിമല മകര വിളക്ക് കത്തിക്കുന്ന അമ്പലമേട്ടിലെക്കൊരു യാത്ര_(2006 january 14-15)



ജനുവരിയുടെ കുളിരില്‍ ഒരു ജിജ്ഞാസാഭരിതമായ ഒരു യാത്രയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം പൊന്നമ്പലമേട്ടിലേക്കുള്ള യാത്ര...

ഇത്തവണ മകരവിളക്കുകത്തിക്കുന്നത് കാണാന്‍ പറ്റുമോന്നു നോക്കാം എന്ന് പറഞ്ഞാണ്_______സര്‍ ( പേര് അടിക്കുന്നില്ല ) ഞങ്ങളെ ആവേശത്തിലാക്കിയത്. സാര്‍ പല പ്രാവിശ്യം അവിടെ പോയിട്ടുണ്ട് പക്ഷെ ലൈവായി കണ്ടിട്ടില്ല...മകര വിളക്ക് കത്തിക്കുന്നത്..കാരണം കനത്ത സുരക്ഷ..!!!
കുട്ടിക്കാലം മുതലേ കേട്ടിരുന്ന ഐതീഹ്യ സമാനമായ കഥകള്‍ നിമിഷം കൊണ്ടാണ് എന്‍റെ മനസ്സിലെക്കോടിയെത്തിയത്...
പൊന്നമ്പലമേട് സാക്ഷാല്‍ ഭഗവാന്‍ അയ്യപ്പന്‍റെ വിഹാര രംഗമാണ്..!!!..അവിടെയാണ് ദിവ്യമായ മകര വിളക്ക് എന്ന പ്രതിഭാസം തെളിയുന്നത്....!!!
അവിടെ എത്തിപ്പെടാന്‍ മനുഷ്യര്‍ക്ക്‌ സാധ്യമല്ല....!!

അഥവാ എത്തിയാല്‍ എത്തിയവന്‍ പിന്നെ തിരിച്ചിറങ്ങുകയുമില്ല....!!! അത്രക്കും ഗൂഡമായ ഒരു ഭയം കലര്‍ന്ന വിശുദ്ധിയുണ്ടായിരുന്നു
കുട്ടിക്കാലത്ത് ഈ കഥകള്‍ക്ക്... പിന്നെ മുതിര്‍ന്നപ്പോള്‍ മനസ്സിലായി ഇത് തെളിയിക്കുന്നതാണെന്ന്...കുട്ടിക്കാലത്ത് വീട്ടില്‍ വരുത്തിയിരുന്ന
ഇലക്ട്രിസിറ്റി വര്‍കര്‍ എന്ന മാസികയിലോ മറ്റോ അന്നത് തെളിയിച്ചിരുന്ന ആളുടെ അഭിമുഖം വന്നതായി ഓര്‍ക്കുന്നു...അപ്പോള്‍ തന്നെ അവയൊക്കെ മറവിയിലേക്ക് പോവുകയും മകരവിളക്കു മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുകയും ചെയ്തു...എന്നാലും വായിച്ചറിയുന്നതുപോലെയല്ലല്ലോ കണ്ടറിയല്‍....എന്‍റെ  ഉള്ളില്‍ നിന്നും അറിയാതെ ഒരു ആവേശം ശിരസ്സിലേക്കുയര്‍ന്നു...ഇങ്ങനെയൊരു യാത്ര അങ്ങനെയാണ് എന്‍റെ സ്വപ്നമായത്...

" കനത്ത സുരക്ഷായായിരിക്കും പ്രൈവറ്റ്‌ വാഹനങ്ങള്‍ ആ സമയത്ത് അങ്ങോട്ട്‌ കടത്തിവിടാന്‍ കര്‍ശന പരിശോധന ആയിരിക്കും ...അതുകൊണ്ട് നമുക്ക് നേരത്തെ ലൈന്‍ ബസിനു പോകാം സാധാരണ വേഷം മതി ....കാമറ തുടങ്ങിയവ സുരക്ഷിതമായി ഒളിപ്പിച്ചു വെച്ചോളണം..എങ്ങാനും ബസിലും പരിശോധന ഉണ്ടായാല്‍ പറയാന്‍ കാരണങ്ങള്‍ ഉണ്ടാവണം.."
 സാറിന്‍റെ  മുഖവുര അതുവരെയില്ലാത്ത ഒരു ഗൌരവം ജനിപ്പിച്ചു.

അങ്ങനെ  ഞങ്ങള്‍ മൂന്നുപേര്‍ പോകാന്‍ തയ്യാറെടുത്തു..
കൂട്ടത്തില്‍ മൂന്നാമന്‍ ഒരു പക്ഷി നിരീക്ഷകന്‍ കൂടിയായിരുന്നു, അദ്ദേഹം ബൈനോകുലര്‍ , ചില പുസ്തകങ്ങള്‍ തുടങ്ങിയവ കയ്യിലെടുത്തു...എന്നിട്ട്  പറഞ്ഞു..
" നമ്മള്‍ പക്ഷി നിരീക്ഷകര്‍ ആണ്...ആര് ചോദിച്ചാലും..അതിലപ്പുറം ഒന്നുമില്ല..."
ഹാ..ഹാ..വെറുതെ പോലീസുകാരുടെ അടി കൊള്ളുന്നതിലും നല്ലത്  ഈ ഒരു ഡയലോഗ് അടിച്ചിട്ട് കൊള്ളുന്നതാണു, ഒരു ഉള്പുളകം ഉണ്ടാവും എന്ന്   സാറും പറഞ്ഞു...
സാറവിടേക്ക്  നേരത്തെ പോകും ഞങ്ങള്‍ ബസിനു അങ്ങോട്ട്‌ വരണം ഒരുമിച്ചു ചെല്ലണ്ട...ഒകെ...

ഞങ്ങള്‍ പതിവ് പോലെ എല്ലാം കുളമാക്കി ..കൊച്ചു പമ്പക്കുള്ള അവസാന ബസിലാണ് കയറിപറ്റിയത്... അത് നിറച്ചും അവിടങ്ങളില്‍ ജോലി ചെയ്യുന്ന തിമിഴരായിരുന്നു...
അപ്പോള്‍ തന്നെ മനസ്സിലായി വിളക്ക് കത്തിക്കുന്ന സമയത്തോടടുപ്പിച്ചു മാത്രമേ ഞങ്ങള്‍ അവിടെ എത്തുകയുള്ളൂ....പാവം സാര്‍ ചിലപ്പോള്‍ ഞങ്ങളെ കൂടാതെ വനത്തിലേക്ക് പോകും അല്ലെങ്കില്‍ ഞങ്ങളെ കാത്തിരുന്നു പരിപാടികള്‍ കുളമാകും ... വഴിയില്‍ ധാരാളം പോലീസുകാരുടെ വിളയാട്ടങ്ങള്‍ കണ്ടു...ദൈവം സഹായിച്ചു,ഞങ്ങള്‍ രണ്ടാളുടെ മൊബൈലിനും അവിടെ രേഞ്ചില്ലതതിനാല്‍ സാറിനും  ഞങ്ങള്‍ക്കുമിടയില്‍ ഗവിയുടെ കടുത്ത തണുപ്പും ഇരുളും മാത്രം.

നല്ല തണുപ്പ് ബസില്‍ നോക്കുമ്പോള്‍ എല്ലാവരും ബാഗുകളില്‍ നിന്നും സ്വെട്ടരുകള്‍ ഒക്കെ ധരിക്കുകയാണ്...കയ്യിലുള്ള ഷാള്കൊണ്ട് ഞങ്ങളും...ഏതാണ്ട് 7 മണി ആയപ്പോഴേക്കും ഞങ്ങള്‍ കൊച്ചു പമ്പ എന്ന അവസാന സ്റ്റോപ്പില്‍ ബസിറങ്ങി...വെറും വിജനത...ഇരുട്ട്...!!!
ഞങ്ങള്‍ രണ്ടു മണ്ടന്മാര്‍ ആരെങ്കിലും അവിടെ ഉണ്ടോന്നു നോക്കാന്‍ ബസിനോന്നു ചുറ്റിയതേയുള്ളു..ദേ..അവശേഷിച്ച ഡ്രൈവറെയും കണ്ടക്ടറെയും കാണാനില്ല..!!
ഇവരിതെങ്ങോട്ടു പോയി...? കുറെ പോത്തുകളോ പശുക്കളോ അവിടെയുണ്ടായിരുന്നു ഓ..രണ്ടുവശവും കാട് തണുപ്പ് ഇരുട്ട്....മുഖത്തോട് മുഖം നോക്കിയിരുന്നേല്‍ രണ്ടാളുടെയും മാനം പോയേനെ, നിസ്സഹായത കൊണ്ട്...കൃത്യസമയത്തു  വന്നിരുന്നെങ്കില്‍ സാര്‍  നമ്മളെ കാത്തിരുന്നേനെ.. പ്രമോദും ഞാനും മനസ്സില്‍ പറഞ്ഞു....എന്തായാലും വന്നു...വാ..നടക്കാം...ദൂരെ ഒരനക്കം ആരോ വരുന്നു. ഭാഗ്യം...സാര്‍... !!

"ഒരിടത്തും കൃത്യമായി എത്തരുതൂട്ടോ..വാ ..അപ്പുറത്ത് ഒരു ചെറിയ ഗസ്റ്റ്‌ ഹൌസ് ഉണ്ട് നിങ്ങളെ പോലീസ്‌ തടഞ്ഞോ...."
പോലീസോ കുറെ പോത്തുകള്‍ അല്ലാതെ ഇവിടെ ആരും ഇല്ലല്ലോ...നിറയെ പോലീസുകര്‍ ആണിവിടെ..ഏതാണ്ട് എട്ടു പത്തു ജീപ്പുകള്‍ ഇവിടെ കിടക്കുന്നുണ്ടായിരുന്നു
എന്നോട് ഗസ്റ്റ്‌ ഹൌസില്‍ നിന്നും എട്ടുമണി വരെ പുറത്തു പോകരുത് എന്ന് താക്കീതും തന്നാണ് അവരു പോന്നത് ഇപ്പോള്‍ അവിടെ കരപ്പുര മകരവിളക്കു തെളിക്കുകയാവും...."
ആവേശം മുഴുവന്‍ ചോര്‍ന്നു...വരവ് വെറുതെ..." സാരമില്ല വെളുപ്പിനെ നമ്മള്‍ക്ക് പോണം ഏതാണ്ട് നാല് മണിക്ക് നിങ്ങള്‍ ഭക്ഷണം കഴിച്ചോ.." സര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാങ്ങി വെച്ചിരുന്നു...പിന്നെ സാര്‍ എടുത്ത ചിത്രങ്ങള്‍ കാണിച്ചു തന്നു...അതില്‍ കത്തിക്കാന്‍ വന്നവര്‍ എന്ന് പറഞ്ഞു കുറച്ചാളുകളുടെ ചിത്രങ്ങള്‍ കാണിച്ചു തന്നു...കൃത്യമായി അവരുടെ പേരും വിവരവും പറഞ്ഞു...കത്തിക്കാന്‍ വരുമ്പോള്‍ ഇവര്‍ അവിടത്തെ കാന്റീനില്‍ കൊടുക്കാറുള്ള ഒരു ചാക്ക് അരിയും കലണ്ടറുകളും തുടങ്ങിയ മാമൂലുകളെ കുറിച്ച് പറഞ്ഞു..
" ഇപ്പോള്‍ പോയ പോലീസെല്ലാം തിരിച്ചു വരാന്‍ തുടങ്ങി...ഉറങ്ങിക്കോ രാവിലെ എണീക്കണം...ഇവര്‍ കര വിളക്ക് കത്തിച്ച സ്ഥലത്ത് പോകാം..."
സാറിന്‍റെ  വാക്കുകളില്‍ വീണ്ടും ഒരുത്സാഹം  നിറഞ്ഞു..ഞങ്ങളിലും..

കൂരാകൂരിരുളില്‍ ഭാണ്ഡവുമായി ഞങ്ങള്‍ മൂന്നാത്മാക്കള്‍ ഗസ്റ്റ്‌ ഹൌസില്‍ നിന്നും ഇറങ്ങി....ഏതാണ്ട് എട്ടുപത്തു  വാഹനങ്ങള്‍ അവിടെ കിടപ്പുണ്ടായിരുന്നു..പോലീസ്‌ ജീപ്പുകള്‍ !!! എല്ലാവരും നല്ല ഉറക്കം ഞങ്ങള്‍ വെച്ച് പിടിപ്പിച്ചു ആ ഇരുട്ടില്‍ പൊന്നമ്പലമേട്ടിലേക്ക്....ഗവിയില്‍ നിന്നും ഉള്‍ക്കാട്ടിലെക്കുള്ള ഒരു പോക്കറ്റ്‌ റോഡു.. എന്ന് പറഞ്ഞാല്‍ കാട്ടുവഴി.... ഏതാണ്ട്  ഒന്നര മണിക്കൂര്‍  നടത്തം...പക്ഷെ അവിടെ ഒരു പൈപ്പ് കുറുകെ ഇട്ടു ലോക്ക് ചെയ്തിട്ടുണ്ട്...സാധാരണ ഒരു ജീപ്പിനു സുന്ദരമായി അതിലെ സഞ്ചരിക്കാം...ഞങ്ങള്‍ നടന്നു സാറിന്‍റെ  പിന്നാലെ...
ഉപ്പെടുതോ..ഇനി വരുന്നത് അട്ട ഫാക്ടറികള്‍ ആണ്....ഒരിടത്തും നിക്കരുത്..നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങള്‍ ഉടനെ മുറിച്ചു കടക്കുക..."..ചോര കുടിക്കുന്ന അട്ടകളെ കുറിച്ച് സാര്‍ മുന്‍പേ മുന്നറിയിപ്പ് തന്നു. ബാഗില്‍ കരുതിയ ഉപ്പെടുത്തു ഞാന്‍ ഷൂസിലും കാലിലും ഒക്കെ പുരട്ടി..എന്നിട്ട് ഓടി.. എല്ലാവരും...ആ വെള്ളമൊഴുകുന്ന സ്ഥലങ്ങള്‍ കടന്നപ്പോഴേക്കും നല്ല വെളിച്ചമായി... അപ്പോഴാണ്‌ കാട് കാണുന്നത്...അയ്യപ്പന്‍റെ പൂങ്കാവനം...ശരിക്കും തകര്‍പ്പന്‍ .....പ്രകൃതി ഒരു നസര്‍ഗീകത അവിടെ സൂക്ഷിക്കുന്നു.....പിന്നെ നടത്തം സാവധാനത്തില്‍ ആയി...അവിടവിടെ ഇരുന്നും ഫോട്ടോകള്‍ എടുത്തും...വിശപ്പിന്‍റെ  ആക്രമണം തുടങ്ങി....പക്ഷെ ആവേശം വിശപ്പിനെ മെരുക്കി....

ഇപ്പോള്‍ തന്നെ ഈ കുറിപ്പ് നീളുന്നു അതുകൊണ്ട് അതിനിടയിലെ ചിലവ ഒഴിവാക്കുന്നു...ഇനി വഴിയില്ല..ഈ കാട്ടില്‍ അതാ  അങ്ങേയറ്റത്തു  കാണുന്ന ഒരു മരത്തിന്‍റെ തല കണ്ടോ...
അതാണ്‌ അടയാളം അതിനടുത്തേക്കാണ്  നമുക്ക് എത്തേണ്ടത്....ആളെ മറക്കുന്ന നീളന്‍ പുല്ലുകളില്‍ മുറുക്കെ പിടിച്ചേ നടക്കാവ്....കാരണം ചിലപ്പോള്‍ കാല്‍ വെക്കുന്നത് കുഴിയിലെക്കാവാം...
പെട്ടെന്ന് സാര്‍ നിശബ്ദരാകാന്‍ പറഞ്ഞു...ഞങ്ങള്‍ നോക്കി...കാട്ടാനകള്‍..!!!!!
കറത്ത്തല്ല ..ചളിപൂശി ഒരുതരം ചളിനിറത്തില്‍..!!..ഒന്നും രണ്ടുമല്ല....എട്ടുപത്തെണ്ണം കുട്ടികളും ഒക്കെയായി.....നമ്മളെ അവര്‍ കണ്ടു ...അനങ്ങരുത്....അവര്‍ പൊക്കോളും...ഒറ്റയാന്‍മാരെ മാത്രമേ
പേടിക്കണ്ടതുള്ളു..സാര്‍ ഞങ്ങളെ ധൈര്യത്തിലാക്കി...അവര്‍ പോയി അവസാനം ഒരുത്തന്‍ ഒന്ന് പിന്തിരിഞ്ഞു നോക്കി ...നടന്നു മറഞ്ഞു...ശ്വാസം നേരെ പിടിച്ചു ഞങ്ങള്‍ വീണ്ടും സാറിന്‍റെ  പിന്നാലെ. ഇപ്പോള്‍ ഒരു തുറന്ന സ്ഥലമാണ്.. ഞങ്ങള്‍ ആ മരത്തിനടുത്തെത്തി.... ഒരു മുനമ്പാണ് അത്,  അതിനപ്പുറം അഗാധമായ കൊക്ക....അവിടെ ഒരു സിമന്റിട്ട തറ  അതാണ്‌ ഈ ലീലാവിലാസങ്ങള്‍ എല്ലാം നടക്കുന്ന തട്ട്...ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ തലേദിവസം കത്തിച്ച അവശിഷ്ടങ്ങള്‍ ഭസ്മമായി കിടക്കുന്നു... തട്ടിനപ്പുറം  അഗാധമായ കൊക്കക്കുമപ്പുറം താഴെ ശബരിമല.. ഉദയ സൂര്യന്‍റെ കിരണങ്ങളേറ്റു    നില്‍ക്കുന്നു...ആ ചിത്രങ്ങള്‍ ആണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്....അവിടെ വലിയൊരു ചിരാത് ..ഏതാണ്ട് സാധാരണ ചിരാതിനെക്കാള്‍ പത്തിരട്ടി വലിപ്പമുള്ളത്...കെട്ട തിരിയുമായി താഴെ ഇരിക്കുന്നു....കൊള്ളാം അവിടെ ബി എസ എന്‍ എലിന് രേഞ്ജുണ്ട്....!! സാര്‍ അവിടത്തെ ചടങ്ങുകള്‍ ഞങ്ങള്‍ക്ക് വിവരിച്ചു തന്നു പണ്ട് അദ്ദേഹത്തിന്‍റെ  സുഹൃത്തുക്കള്‍ നേരിട്ട് കണ്ടതും പലപ്രാവിശ്യം അവരത് കത്തിച്ചത്..

അങ്ങനെ ചരിത്രത്തില്‍ മകരവിളക്കു  മൂന്ന് പ്രാവിശ്യം തെളിയുന്നതിന് പകരം പലവട്ടം തെളിഞ്ഞതും  ആകാശവാണിയിലെ കമന്ററി പറയുന്നയാള്‍ അത്ഭുതത്താല്‍ വാവിട്ടു നിലവിളിച്ചതും ...അവരെ പോലീസ്‌ പിടിച്ചത് ഒക്കെയായുള്ള കഥകളുമായി...ഞങ്ങള്‍ അവിടെ അയ്യപ്പന്‍റെ പൂങ്കാവനത്തില്‍ ക്ഷീണം  മാറ്റി....








Friday, August 13, 2010

ഹരിദ്വാറില്‍ തിരികള്‍ തെളിയുമ്പോള്‍ .......






ഹരിദ്വാറിലെ ആസന്ധ്യ ഇന്നും മനസ്സില്‍ ഇത്തിരി നാളമായി തെളിഞ്ഞു നില്‍ക്കുന്നു...കയ്യിലൊരു സോണി കാമറയുമായി രണ്ടുപകലുകളും ഒരു രാത്രിയും വിശ്വാസങ്ങളുടെയും വര്‍ണ്ണങ്ങളുടെയും മനം മയക്കുന്ന ഗന്ധങ്ങളുടെയും ഇടയില്‍ ......
ഒരുപാടുണ്ട് പറയാന്‍ നഗ്നരായ , ദേഹം മുഴുവനും  ഭസ്മം പൂശിയ സന്യാസിമാര ലഹരി പുകച്... തീ കാഞ്ഞു...ചുറ്റും കൂടുന്ന പതിവ് കരോടും അപരിചിതരായ തീര്ധടകരോടും വായ്‌ നിറയെ പുക ചുവക്കുന്ന എന്തെക്കെയോ വര്‍ത്തമാനങ്ങള്‍....എല്ലാം ദിവ്യവും  പാവനവും എന്ന് കരുതി കേട്ടിരിക്കുന്ന ഭക്തരും വഴിപോക്കാരും...ഞാനും....
സന്ധ്യയാണ് അവിടം മറ്റൊരു ലോകമാക്കുന്നത്...രാത്രിയുടെ കോലാഹലങ്ങളുടെ പകല്‍ ക്ഷീണം വൈകുന്നേരത്തോടെ മാറുകയായി...ഗംഗ....ഏതോ അലൌകിക  ഭാവത്തില്‍..കരുത്തോടെ എന്നാല്‍ ശാന്തമായി ഹരിദ്വാറില്‍ ഒഴുകുന്ന ദേവിയാകുന്നു......വര്നോജ്ജ്വലമാണ്  ആ സമയം...എണ്ണിയാല്‍ തീരത ദീപ പ്രഭയില്‍ രാത്രിയെ പകലക്കുന്ന ..ഗംഗയിലെ ആരതിയുടെ സമയം....


എല്ലാവരും ആരതി തെളിയിക്കാനുള്ള ശ്രമമാണ്...ഒരു ചെറിയ പൂക്കള്‍ നിറച്ച ഇല കൊണ്ടുണ്ടാക്കിയ ഒരു താലം..അതില്‍ തിരികതിക്കാനുള്ള  ഒരു ചെറിയ ചിരാതും ഉണ്ടാവും ..ഇവ കത്തിച്ചു " ജയ് ഗംഗാ മാതാ " പോലുള്ള ആര്‍പ്പ് വിളികളോടെ ഭക്തി പാരവശ്യതാല്‍ ഗംഗയുടെ ഓളങ്ങളിലേക്ക്  പതിയെ  ഒഴുക്കി വിടുന്നു....ഭക്തിയുടെ ആത്മ നിര്‍വൃതിയില്‍ രാവേറെ ചിലവഴിച്ചു ഭൂരിപക്ഷവും മടങ്ങുന്നു...രാത്രിയുടെ അന്ത്യ യാമങ്ങള്‍ ഭക്തിയുടെ മനോ വിഭ്രാന്തികളുടെ രാത്രി നടനങ്ങള്‍...തുടരുന്നു.....


പല പ്രാവിശ്യം ശ്രമിച്ചിട്ടും കൃത്യമായി ആരതി കത്തിച്ചു ഗംഗയിലേക്ക് ഒഴുക്കുന്നതിന്റെ പടം കിട്ടാത്തതിനാല്‍...ഒന്ന് തീരുമാനിച്ചു ഏതെന്കിലും ഒരാളെ നോട്ടമിടുക പൂര്‍ണമായും അയാളുടെ പിന്നില്‍ നടന്നു വൃത്തിയായി ചിത്രം എടുക്കുക...ഈ ചിത്രത്തില്‍ ഇത്തിരി കാണുന്ന ഒരു വൃദ്ധനെയും അയാളുടെ പേരക്കിടാവ് എന്ന് തോന്നിക്കുന്ന ആ കുട്ടിയുടെയും കൂടെ ഞാനും കൂടി....


വൃദ്ധന്‍ ചിരാത് കത്തിക്കാന്‍ തുടങ്ങുകയായി...ഫോട്ടോഗ്രാഫിയില്‍ ഒട്ടും പ്രൊഫെഷണല്‍ അല്ലാത്തതിനാല്‍ ഞാനും ശ്വാസം അടക്കി കാമറ നേരെയാക്കി ഇരുന്നു...


അയാള്‍ തീപ്പെട്ടി ഉരച്ചു കൈ നീട്ടുകയാണ് അപ്പോള്‍ ഒരു ക്ലിക്ക് ചെയ്തു ആ ചിത്രമാണ് ഇവിടെ കാണുന്നത്...അതില്‍ തിരി കൊളുത്തി വിടാന്‍ പോകുമ്പോള്‍ അയാള്‍ ഹിന്ദിയില്‍ പറഞ്ഞു,


" ദേഖോ ദീദി ജാ രേഹീ ഹേ.." (  നോക്കൂ ..ചേച്ചി പോവുകയാണ്.... )


കുട്ടി ചാടിയെനീട്ടു ഏതാണ്ട് അവിശ്വസനീയമായ ഒരു സാമീപ്യം അറിഞ്ഞ പോലെ....!!!


ദൈവമേ... ഞാനത് വ്യക്തമായി കണ്ടു..... ഒരു കുഞ്ഞിന്റെ കണ്ണുകളിലെ അത്ഭുതവും ആഗ്രഹവും കലര്‍ന്ന തിളക്കം ....അതിന്റെ നൈസര്‍ഗീകമായ വിശുദ്ധി......!!!!


എനിക്കൊന്നും പറ്റിയില്ല ...അതി ഭാവുകത്വമില്ലാതെ പറഞ്ഞാല്‍ മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്ന നിറവില്‍ ..നിഷ്ക്രിയനായിരുന്നുപോയി...പിന്നെ പെട്ടന്ന് രണ്ടുമൂന്നു ക്ലിക്കുകള്‍ എടുത്തു....പക്ഷെ അപ്പോഴും ആരതി കത്തിച്ചു ഒഴുക്കുന്നതിന്റെ ചിത്രം കിട്ടിയില്ല...കാരണം ഞാനൊരു ഫോട്ടോഗ്രാഫര്‍ അല്ലല്ലോ....


ഇന്നും പക്ഷെ ആ ആരതി ഞാന്‍ മറക്കില്ല....കാമറയില്‍ പതിയതിരുന്നത് ഹൃദയത്തില്‍ പതിഞ്ഞു പോയിരുന്നു ശരിക്കും.....