ആദ്യമേ പറയട്ടെ ഞാന്‍ ഓഷോയെ അധികം വായിച്ചിട്ടില്ല....!!!..ഓഹോ എന്നിട്ടാണോ....എന്ന്
ചോദിക്കരുത്..വായിച്ചവ തന്നെ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്...അത് ഒന്നുറക്കെ പറഞ്ഞു
നോക്കുകയാണിവിടെ. ഓഷോ പറഞ്ഞ കാക്കത്തൊള്ളായിരം കാര്യങ്ങളില്‍ നിന്നും കേട്ട വളരെ കുറച്ചു ആശയങ്ങളില്‍, ചിലതിനോടെല്ലാം ഞാന്‍ യോജിക്കുന്നു പലതിനോടും വിയോജിക്കുന്നു. 'വിയോജിപ്പിനാല്‍ അയാള്‍ പറഞ്ഞത് മുഴുവന്‍ ചീത്തയാണെന്നോ, യോജിപ്പിനാല്‍ അയാള്‍ പറഞ്ഞവ മുഴുവന്‍ നല്ലതാണെന്നോ' ഞാന്‍ കരുതുന്നില്ല. പിന്നെയോ,അയാള്‍ പറഞ്ഞവയില്‍ എന്നെ ആഴത്തില്‍ സ്വാധീനിച്ചവ എന്‍റെ സുഹൃത്തുക്കള്‍ക്കായി പങ്കുവെക്കുന്നു.
( ആ സ്വാധീനം തന്നെ ആപേക്ഷികമാണ് കൂടുതല്‍ ശരികള്‍ കണ്ടെത്തിയാല്‍ അവ താനെ രൂപം
മാറുമായിരിക്കും..! )
ഓഷോയെ വെറുമൊരു 'ലൈംഗിക അരാജക സന്യാസി' എന്ന നിലയിലാണ് ഭൂരിപക്ഷ ലോകം
വിലയിരുത്തുന്നത്.അതിനു അയാളുടെ ചിന്താഗതികളും, ഓഷോ ആശ്രമത്തിലെ ലൈംഗിക സ്വാതന്ത്ര്യവും ഒക്കെ കാരണമാകാം. അതൊരു പക്ഷെ, ശരിയുമാകാം തെറ്റുമാകാം..!!!! എങ്കിലും, ഞാന്‍ വായിച്ചറിഞ്ഞവയിലെ ഏറ്റവും കരുത്തുള്ള നിരീക്ഷണങ്ങള്‍ ഓഷോയുടെ ലൈംഗിക സങ്കല്‍പ്പങ്ങളില്‍ ഉണ്ടെന്നത് എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. അതെ സമയം അതിലെ നിഗമനങ്ങളോട് എനിക്ക് വിയോജിപ്പുകളും ഉണ്ട്. ഇവ കുറച്ചുകൂടി ആഴത്തിലുള്ള ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. എങ്കിലും ആദ്യം തന്നെ ഓഷോ എന്ന് പറയുമ്പോള്‍ ബഹു ഭൂരിപക്ഷം ആളുകളിലും ഉണ്ടായേക്കാവുന്ന നെറ്റി ചുളിച്ചിലില്‍ ഇത്രയെങ്കിലും ആമുഖം വേണമെന്ന് തോന്നുന്നു.
കഥകളിലൂടെയുള്ള ആശയ സഞ്ചാരങ്ങള്‍ ഓഷോയുടെ വശ്യമായ ഒരു രീതിയാണ്.. പലപ്പോഴും കണ്ണുതുറപ്പിക്കുന്ന ആശയങ്ങള്‍ അവയില്‍ തെളിഞ്ഞു നില്‍ക്കുന്നതും കാണാം..
ഒരിക്കല്‍, യാത്രാ മദ്ധ്യേ ബുദ്ധനും ശിഷ്യന്മാരും ശ്രവണന്‍ എന്നൊരു രാജാവിന്‍റെ കൊട്ടാരത്തിലും എത്തി, വമ്പിച്ച സുഖ ഭോഗങ്ങളില്‍ ആറാടിയിരുന്ന രാജാവിന് പക്ഷെ ബുദ്ധന്‍റെ ലാളിത്യവും ശാന്തിയും സമാധനപൂര്‍ണമായ വാക്കുകളും പുതിയൊരനുഭവം നല്‍കുകയായിരുന്നു. സമ്പത്തിലും സുഖഭോഗങ്ങളിലും ആഴത്തില്‍ മുങ്ങിയിട്ടും തനിക്ക് ലഭിക്കാത്ത ശാന്തിയും സമാധാനവും ആ മദഗജതെ വല്ലാതെ കൊതിപ്പിക്കാന്‍ തുടങ്ങി. പിന്നെ അമാന്തിച്ചില്ല. രാജകീയമായി തന്നെ ശ്രവണന്‍ ബുദ്ധനോട് ആവശ്യപ്പെട്ടു. "എന്നെ അവിടത്തെ ശിഷ്യനാക്കണം..!!!!
ബുദ്ധന്‍ പറഞ്ഞു "അങ്ങ് ഇവിടത്തെ രാജാവാണ് ഈ പ്രജകള്‍ക്കു ഒരു രാജാവിനെ ആവശ്യമുണ്ട് അത് കൊണ്ട് സര്‍വസംഗപരിത്യാഗിയായ ഞങ്ങളോടൊപ്പം കൂടുന്നതിനു താങ്കള്‍ക്കു സമയം ആയിട്ടില്ല." അങ്ങനെ രാജാവിനെ നിരാശരാക്കി ബുദ്ധനും സംഘവും മടങ്ങി.
കാലമേറെ കഴിഞ്ഞു. ഒരിക്കല്‍ കാനന മദ്ധ്യേ യാത്ര ചെയ്ത ബുദ്ധന്‍ കാട്ടു വഴിയില്‍ കിടന്നിരുന്ന ജടപിടിച്ച, രോഗവും ചലവും ഒലിച്ച, അവശനായ ജീവനുള്ള ഒരു എല്ലിന്കൂടിനെ തിരിച്ചറിഞ്ഞു..ശ്രവണന്‍..! ബുദ്ധന്‍ സൌമ്യമായി വിളിച്ചു രാജാവേ...അങ്ങേക്കെന്താണ് സംഭവിച്ചത്...? "എന്നെ അങ്ങ് സ്വീകരിച്ചില്ല. പക്ഷെ, ഞാനങ്ങയെ മനസ്സാ സ്വീകരിച്ചു. ജലപാനങ്ങള്‍ മിതമാക്കി എല്ലാ സുഖ സൌകര്യങ്ങളും ഉപേക്ഷിച്ചു, കൊട്ടാരം വിട്ടു. ഞാന്‍ ഒടുവില്‍ അങ്ങയെ കണ്ടെത്തി. ഇനിയെങ്കിലും എന്നെ സ്വീകരിക്കു പ്രഭോ..." ശ്രവണന്‍ കിതച്ചു പറഞ്ഞു.
ബുദ്ധന്‍ പുഞ്ചിരിച്ചു, " ശ്രവണാ... അങ്ങയോട് ഞാനൊന്ന് ചോദിക്കട്ടെ, അങ്ങ് സംഗീതത്തില്‍ നിപുണനായിരുന്നല്ലോ...വീണയുടെ കമ്പികള്‍ അയഞ്ഞു കിടന്നാല്‍ അതില്‍ നിന്നും സംഗീതമുണ്ടാകുമോ..???."
" ഇല്ല പ്രഭോ വീണകമ്പികള്‍ അയഞ്ഞു കിടന്നാല്‍ സംഗീതം വരില്ല...."
" ശരി, വീണ കമ്പികള്‍ വല്ലാതെ മുറുക്കിയാലോ..." ബുദ്ധന്‍ വീണ്ടും ചോദിച്ചു.
" ഇല്ല പ്രഭോ.. അപ്പോഴും സംഗീതം വരില്ല..മാത്രമല്ല വല്ലാതെ മുറുകിയാല്‍ അവ അരോചക ശബ്ദത്തില്‍ പൊട്ടി പോകും.."
" ശരി പിന്നെയെപ്പോഴാണ് അതില്‍ നിന്നും സംഗീതം വരിക..." ബുദ്ധന്‍ ശ്രവണനെ തലോടി.
" അത് പ്രഭോ...ഈ മുറുക്കതിനും അയവിനും ഇടയ്ക്കു ശരിയായ ഒരു മധ്യാവസ്ഥ ഉണ്ട്..അപ്പോള്‍ മാത്രമേ വീണ കമ്പികള്‍ സംഗീതം പൊഴിക്കൂ..." ശ്രവണന്‍ ആവേശത്തോടെ മറുപടി പറഞ്ഞു.
ബുദ്ധന്‍ എഴുന്നേറ്റു." ശ്രവണാ, അത് തന്നെയാണ് ഞാനും പറയുന്നത്. ഈ മുറുക്കതിനും അയവിനും ഇടക്കൊരു മധ്യസ്ഥായി ഉണ്ട്. ജീവിതത്തിന്‍റെ മദ്ധ്യസ്ഥായി...!! വല്ലാത്ത മുറുക്കതിലും വല്ലാത്ത അയവിലും അതില്‍ നിന്നും ജീവിതത്തിന്‍റെ സംഗീതം ഉണ്ടാവില്ല!!!!"......തഥാഗതന്‍ തന്‍റെ യാത്ര തുടര്‍ന്നു.
ഓഷോ തുടരുന്നു.. കുത്തഴിഞ്ഞ ജീവിതത്തിലോ,എല്ലാം ഉപേക്ഷിച്ച സന്യാസത്തിലോ അല്ല ജീവിതം. രണ്ടിനുമിടക്ക്.... രണ്ടും സമന്വയിച്ച കേവലഹ്ലാദത്തിന്‍റെ സംഗീതം പൊഴിക്കുന്ന ജീവിതം....!!!! എത്ര മനോഹരമാണത്.. വല്ലാതെ കോപിക്കലിലോ ഒട്ടുമേ പ്രതികരിക്കാതിരിക്കലിലോ അല്ല ജീവിതം. സ്വബോധത്തോടെ, ചിന്തിച്ചു ജാഗ്രതയോടെ പെരുമാറുന്നതിലാണ് ജീവിതം. ഞാന്‍ ആലോചിക്കുകയാണ് ജീവിതത്തിന്‍റെ എത്രയെത്ര മേഖലകളില്‍ ഈ മദ്ധ്യസ്ഥായി എനിക്ക് കൂട്ടുകാരനായിട്ടുണ്ട്...!!. എല്ലാം അറിയുമ്പോഴോ ഒന്നും അറിയാത്തപ്പോഴോ അല്ല ജീവിതം. അറിയുന്നത് ബോധപൂര്‍വം ഉപയോഗപ്പെടുമ്പോഴാണ് ജീവിതം. പലപ്പോഴും നമ്മള്‍ മുഴുവനും അറിയാനായി കാത്തിരിക്കുന്നു.എല്ലാം കിട്ടിയിട്ട് ജീവിതം ആസ്വദിക്കാന്‍ കാത്തിരിക്കുന്നവര്‍ അവരുടെ വിചാരം തങ്ങള്‍ കാത്തിരിക്കുന്ന വസ്തുക്കളാണ് തങ്ങള്‍ക്കു സന്തോഷം നല്‍കുന്നത് എന്നാണ്.
"ലോകത്തൊരു വസ്തുവിനും നിങ്ങളെ സന്തോഷിപ്പിക്കനാവില്ല. നിങ്ങള്‍ സ്വയം ഒഴിച്ച്"..!!!!! അതെങ്ങനെ..? സന്തോഷം എന്നത് ഏതിനെപ്പോലെയും ഒരു ശീലം മാത്രമാണ് എന്ന് ഓഷോ പറയുന്നു...!!!. ആ ശീലം നിങ്ങള്‍ക്കില്ലെങ്കില്‍. ഏതു സ്വര്‍ഗത്തിലും നിങ്ങള്‍ ദു:ഖിതന്‍ ആയിരിക്കും. കാരണം, ദുഃഖം അത്രമേല്‍ നിങ്ങളുടെ ശീലമായിരിക്കുന്നു.
ഓഷോയോടു ഒരാള്‍ ചോദിച്ചു, " സ്വാമി നമ്മള്‍ മരിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗത്തിലോ നരകത്തിലോ പോവുക..??!! " ഓഷോ ചിരിച്ചു കൊണ്ട് പറഞ്ഞു " പ്രിയ സുഹൃത്തേ നിങ്ങള്‍ നരകത്തിലായിരിക്കും, ഞാന്‍ സ്വര്‍ഗത്തിലും.." ആഗതന്‍ നീരസം പൂണ്ടു..." അതെന്താ സ്വാമി നരകം !!?"
" സുഹൃത്തേ...നിങ്ങള്‍ ഇപ്പോഴെ മരിച്ചു കഴിഞ്ഞാലുള്ള അവസ്ഥ ഓര്‍ത്തു വിഷമത്തിലാണ്. എല്ലാ വിഷമങ്ങളും കൂടി, നിങ്ങള്‍ ഇപ്പോഴേ നരകത്തില്‍ തന്നെയല്ലേ. ഇവിടത്തെ സ്വര്‍ഗം കാണാന്‍ കഴിയാത്ത നിങ്ങള്‍ എങ്ങനെയാണ് സ്വര്‍ഗത്തില്‍ ചെന്നാല്‍ പോലും അതനുഭവിക്കുക. കാരണം അതൊരു ശീലമാണ്. ഈ നരകത്തിലും ജാഗ്രതയോടെ സുബോധത്തോടെ സങ്കടത്തിലും സന്തോഷത്തിലും മധ്യസ്ഥായിയില്‍. അവ അനുഭവിക്കുമ്പോഴും കേവല ആഹ്ലാദത്തില്‍ നിങ്ങള്‍ നിറയുക. അപ്പോള്‍ ഒന്ന് മനസ്സിലാകും, സങ്കടവും സന്തോഷവും എല്ലാം ഇടകലര്‍ന്ന ഈ ജീവിതത്തിന്‍റെ സന്തോഷം. അതിന്‍റെ കേവലാഹ്ലാദം. അപ്പോള്‍ നിങ്ങളനുഭവിക്കും സ്വര്‍ഗമെന്നാല്‍ ഈ ജീവിതം തന്നെയാണെന്ന്. അല്ലെങ്കില്‍, നിങ്ങളുടെ അവബോധമാണ് സ്വര്‍ഗമെന്ന്.. അതില്ലാതെ നിങ്ങള്‍ നരകത്തിലായാലും സ്വര്‍ഗത്തിലായാലും നിങ്ങള്‍ക്ക് 'നരകപീഡ' തന്നെയായിരിക്കും. പിന്നെ ഞാന്‍ എവിടെയായാലും എനിക്ക് പരാതിയില്ല. കാരണം, ഭൂമിയിലെ ഈ നരകത്തില്‍ തന്നെ എനിക്കൊരു സ്വര്‍ഗം തീര്‍ക്കാന്‍ കഴിയുന്നുണ്ട്. പിന്നെ നരകത്തിലായാലും എനിക്കെന്താ. അവിടെയും ഞാനൊരു റോസാ കമ്പ് നടും തീര്‍ച്ച.....!!!! "
ഈ ജീവിതത്തില്‍ നമ്മള്‍ നടാതെ വെച്ച റോസാ കമ്പുകള്‍ എണ്ണാമോ....ടി വിയില്‍ കുടുംബ ജീവിതത്തിലെ രസകരമായ ഏടുകള്‍ കണ്ടു അയവിറക്കുമ്പോഴും തങ്ങള്‍ക്കും, അതുപോലെ കൈകള്‍ കോര്‍ത്ത് ഒരുമിച്ചു കാറ്റ് കൊണ്ട് നടക്കാന്‍ കഴിയും എന്ന് നമ്മുടെ ഇണകള്‍ക്ക് തോന്നുമോ...? ഒരു ചെടി നടുമ്പോള്‍... ഒരു മഴ ഒരുമിച്ചു നനയുമ്പോള്‍.... ഒരു നേരം തൊട്ടു നിന്ന് അല്‍പ്പനേരം വെറുതെയിരിക്കുവാന്‍ നമ്മുടെ ഇണകള്‍ക്ക് കഴിയുമോ.? കഴിഞ്ഞിരുന്നെങ്കില്‍, പ്രണയമായാലും സന്തോഷം ആയാലും അനുഭവിക്കുക എന്നത് ഒരു ശീലമാണ് എന്ന് ഓഷോ അടിവരയിട്ടു പറയുന്നു.നമ്മള്‍ ശരിയായി ശീലിക്കേണ്ട ഒരു ശീലം. പ്രണയം രണ്ടു മനസ്സുകള്‍ മാത്രമല്ല രണ്ടു ശരീരങ്ങളും രണ്ടു ലോകവും കൂടിയാണ് സംഗമിക്കുന്നത് എന്നാണ് ഓഷോയുടെ പക്ഷം.
ഞാന്‍ വായിച്ചവയിലെ ഏറ്റവും മനോഹരമായ ഈ പ്രണയ സങ്കല്പങ്ങള്‍ കുറച്ചു പറയാനുള്ളത് കൊണ്ടും അല്‍പ്പം കൂടി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട് എന്നത് കൊണ്ടും ഞാനീ വിഷയം അടുത്ത കുറിപ്പിലേക്ക് മാറ്റുന്നു. അപ്പോള്‍ പറഞ്ഞു വന്നത്, ഇവയെല്ലാം ഒരു ശീലമാണ് എന്നതാണ്.
സെന്‍ സന്യാസിയോട് പുതുതായി വന്ന ശിഷ്യന്‍ ചോദിച്ചു..." ഗുരോ...ബോധോദയം വരുന്നതിനു മുന്‍പ് അങ്ങ് എന്തൊക്കെയാണ് ചെയ്തിരുന്നത്..? "
" ഞാന്‍ വെള്ളം കോരും, ചെടികള്‍ നനയ്ക്കും, വിറകു ശേഖരിക്കും ആഹാരം പാകം ചെയ്യും വസ്ത്രങ്ങള്‍ കഴുകിയിടും...തുടങ്ങിയവ ഒക്കെ ചെയ്യുമായിരുന്നു.." ഗുരു പറഞ്ഞു.
ശിഷ്യന്‍ വീണ്ടും ചോദിച്ചു " ശരി ബോധോദയത്തിനു ശേഷം അങ്ങേന്തോക്കെയാണ് ചെയ്യുന്നത് ??..."
" ഇപ്പോള്‍ ഞാന്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കും, വിറകു ശേഖരിക്കും..ആഹാരം പാകം ചെയ്യും..ഈ പണികളൊക്കെ അങ്ങനെ ചെയ്യുന്നു "
ശിഷ്യന് തൃപ്തിയായില്ല അയാള്‍ വീണ്ടും സംശയം ചോദിച്ചു.." ഇതൊക്കെ തന്നെയല്ലേ അങ്ങ് മുന്‍പും ചെയ്തത് ?"
" അതെ "
" ഇതൊക്കെ തന്നെയല്ലേ ഇപ്പോഴും ചെയ്യുന്നത് ?"
" അതെ "
" ഇതിലെന്താണ് പുതുമ..?? ബോധോദയം ഒരു മാറ്റവും അങ്ങയില്‍ വരുത്തിയില്ലേ..???"
ഗുരു പുഞ്ചിരിച്ചു " മാറ്റം എന്നിലാണ് കുട്ടീ...എന്‍റെ പ്രവൃത്തികളില്‍ അല്ല. മുന്‍പ് ഞാന്‍ ചെയ്ത പോലെയല്ല ഇപ്പോള്‍ ഈ പ്രവൃത്തികള്‍ എന്നില്‍ പ്രതിഫലിക്കുന്നത്. ഓരോ ചലനവും പ്രകൃതിയും എന്നില്‍ ആഹ്ലാദം നിറക്കുന്നു ശാന്തി നിറക്കുന്നു..അതാണ് കാതലായ മാറ്റം. അതാണ് അവബോധവും..അല്ലാതൊന്നുമല്ല.. "
ശിഷ്യന്‍ നിശബ്ദനായി... കുളിര്‍ കാറ്റിലെ തണുപ്പില്‍ അയാളുടെ മനസ്സ് കൊഴിഞ്ഞു..ഒരു തൂവല്‍ പോലെ ഭാരമില്ലാതെ........
ഓഷോയുടെ അവബോധത്തിന്‍റെ ഈ കഥകള്‍ ഞാനിവിടെ നിര്‍ത്തുന്നില്ല .അടുത്ത കുറിപ്പില്‍ നമുക്കിത് തുടരാം.