Pages

Sunday, June 19, 2011

രതി നിര്‍വേദം



ലൈംഗീകതയുടെ മറ്റൊരു മലയാളീ കാപട്യം ആണ് 'രതി നിര്‍വേദം' എന്ന കഥയും സിനിമയും.
"സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സമൂഹം".

ലൈംഗീക ചിന്തകള്‍ പ്രായപൂര്‍ത്തിയായ  ഏതൊരു ജീവിക്കും ഉണ്ടാകും. പുരുഷന്‍ സ്ത്രീയാലും സ്ത്രീ പുരുഷനാലും ആകര്‍ഷിക്കപ്പെടും. ലൈഗീകത ഒരാളുടെ സ്വകാര്യതയാണ്. അവ ആരോഗ്യകരമായി കൊണ്ട് നടക്കാനും, ആരോഗ്യമുള്ള ലൈംഗീകതയിലൂടെ ആരോഗ്യമുള്ള ജീവിതവും,അതിലൂടെ ആരോഗ്യമുള്ള സമൂഹവും വളര്‍ന്നു വരേണ്ടതാണ്. എന്നാല്‍, ഇന്ന് ലൈംഗീകതയുടെ വിപണന  സാധ്യതകള്‍ മാത്രമാണ് രതി നിര്‍വേദം പോലുള്ള ഇക്കിളി ചിത്രങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്.

ഷക്കീല തുണിയഴിച്ചാല്‍ ' അശ്ലീലവും'  മുഖ്യധാര സിനിമകളിലെ നായികമാര്‍ തുണിയഴിച്ചാല്‍ ഗ്ലാമറും ആകുന്നതു അങ്ങനെയാണ്.പമ്മന്‍റെ  കഥയിലുള്ളത് അശ്ലീലവും പദ്മരാജന്‍റെ  കഥയില്‍ 'ഉദാത്ത കാമവും' എന്നത് സൌകര്യപൂരവം മലയാളികള്‍ മേനഞ്ഞുണ്ടാക്കിയ പൊയ്തൊലികള്‍ തന്നെയല്ലേ.?( ഇപ്പറയുന്നതിനു പദ്മരാജന്‍ എന്ന പ്രതിഭയെ കരിവാരിതേക്കല്‍ അല്ല.രതി നിര്‍വേദവും വൈശാലിയും പദ്മരജന്റെയും ഭരതന്റെയും പൊളിപ്പടങ്ങള്‍ മാത്രമായിരുന്നു എന്ന അര്‍ഥത്തില്‍ മാത്രമാണ് ) മാത്രമല്ല, ഇവയെ മാന്യതയുടെ മൂടുപടം അണിയിച്ചു നമ്മളുടെ കുടുംബന്തരീക്ഷങ്ങളില്‍ എത്തിക്കുന്നത് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ തന്നെയാണ്. 'കാമം' എന്ന് പറയാതെ 'ഗ്ലാമര്‍' എന്ന് പറഞ്ഞാല്‍ ഏതു വീട്ടിലും ഇവ ചൂടപ്പം പോലെ ചിലവഴിക്കാം. അവയ്ക്കിടയിലെ പരസ്യങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കാം. കാരണം, രഹസ്യമായി ഇത്തരം ഇക്കിളികള്‍ ആസ്വദിക്കാന്‍ നമ്മള്‍ ഇഷ്ട്ടപ്പെടുന്നു. ആ ഇക്കിളിയുടെ ബാലപാഠങ്ങള്‍ തന്നെയല്ലേ നമ്മുടെ റിയാലിറ്റി ഷോകളില്‍ കുരുന്നുകളിലൂടെ അവതരിപ്പിക്കപ്പെടുന്നത്..? ഒരു മസാല സീനിലെ മസാല പാട്ടിലെ അംഗ ചലനങ്ങള്‍ ഒരു കുട്ടി റിയാലിറ്റി ഷോവില്‍ അരക്കെട്ട് വികൃതമായി കുലുക്കി മുതിര്‍ന്നവരെ വെട്ടുന്ന കൊക്രികള്‍ കാട്ടി നൃത്തം ചെയ്യുന്ന പരിപാടിയിലെ ആസ്വാദ്യത എന്താണ്?  ആ നടിമാര്‍ സിനിമയില്‍ തന്‍റെ  അരക്കെട്ട് കുലുക്കുമ്പോള്‍ മാറിടം ത്രസിപ്പിക്കുമ്പോള്‍ അത് കാണുന്നവരില്‍ എന്ത് വികാരം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടാണവര്‍ അങ്ങനെ ചെയ്യുന്നത്.?( ഞാന്‍ പലതും കാണിക്കും നിങ്ങള്ക്ക് ആ സമയം എന്‍റെ കാതുകളില്‍ നോക്കിയാല്‍ പോരെ എന്ന് ചോദിക്കുമോ ഇവര്‍ ) അതെ രംഗങ്ങള്‍ നമ്മുടെ കുട്ടികള്‍ പൊടിപ്പും തൊങ്ങലും വെച്ച് റിയാലിറ്റി  ഷോകളില്‍ കാണിക്കുമ്പോള്‍,കുരുന്നു മനസ്സുകളിലേക്ക് എന്ത് വികാരമാണ്/വിചാരമാണ് ഇവര്‍ കടത്തി വിടുന്നത്.? തങ്ങള്‍  മാതൃകയാക്കിയ നടിമാര്‍ അല്ലെങ്കില്‍ നടന്മാര്‍ കാണിക്കുന്ന ഓരോ ചേഷ്ടയും അതിലും കൂടുതല്‍ വികാരത്തോടെ എങ്ങനെ കാണി ക്കമെന്നോ!! ഓ....... ഇവയെല്ലാം ചെയ്യുന്നത് മലയാളത്തിന്‍റെ 'സഭ്യത' സൂക്ഷിപ്പുകാരായ മനോരമയും ഏഷ്യാനെറ്റും  അടക്കമുള്ള ചാനല്‍ തമ്പുരാക്കന്മാര്‍ ആണല്ലോ അല്ലെ.? അപ്പോള്‍, അവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന എല്ലാം മാന്യമായി കണ്ടേ ഒക്കൂ... രതിനിര്‍വേദം എന്ന സിനിമയും അതെ..!! കാരണം, അത് മലയാളത്തിലെ അമൂല്യ സാംസ്കാരിക ചിത്രങ്ങളില്‍ ഒന്നാവാം......!!!

ഇതൊക്കെ പറയുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട, വികാരവും വിചാരവും ഒക്കെ ഈ പറയുന്നയാള്‍ക്കും ഉണ്ട്. വിവാഹം കഴിച്ചു എന്ന് കരുതി ആരും മാതാപിതാകളുടെ മുന്നില്‍ പലതും കാണിക്കാറില്ലല്ലോ.? അതിനെയാണ് സ്വകാര്യത എന്ന് പറയുന്നത് അതാണ്‌ അതിന്‍റെ  സന്ദര്യവും,അതിലാണ് സമൂഹത്തിന്റെ നിലനില്‍പ്പും. ബെഡ് റൂം ഒരുക്കും പോലെയല്ലല്ലോ നമ്മള്‍ വിസിറ്റിംഗ് റൂം ഒരുക്കുന്നത്..?  കാരണം, വിസിറ്റിംഗ് റൂം പൊതു ഉപയോഗമാണ് ബെഡ് റൂം സ്വകാര്യതയും. എന്നിട്ടും, കുട്ടികളും മുതിര്‍ന്നവരും ഒക്കെ കാണുന്ന "ഒരു പൊതുമാധ്യമം അതിന്‍റെ  സഭ്യതകള്‍ പാലിക്കണം" എന്ന് പറഞ്ഞാല്‍ അത് മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള കൈ കടത്തല്‍ ആവുമോ..? എന്തും കച്ചവടവത്ക്കരിക്കുന്ന ചാനല്‍ തമ്പുരാക്കന്മാരുടെയും മാധ്യമ പിമ്പുകളുടെയും മുന്നിലേക്ക്‌ കുട്ടികളെ എറിഞ്ഞു കൊടുക്കും മുമ്പ്  ഒന്നാലോചിക്കുക.

'പ്ലേ ബോയ്‌' എന്ന നഗ്ന ചിത്രങ്ങള്‍ വില്‍ക്കുന്ന ഒരു ആഗോള മാസികയുടെ പേരും ധരിച്ചു നമ്മുടെ കുട്ടികള്‍ നടക്കുമ്പോള്‍ അവ സ്വീകരണ മുറികളിലെ സ്റ്റാറ്റസ് സിമ്പലായി മാറുമ്പോള്‍ നമുക്കും വിളിച്ചു പറയേണ്ടതുണ്ട്. പ്രിയ ചാനലുകളെ, "നിങ്ങളും പ്ലേ ബോയ്‌ മാഗസിന്‍ ഉടമകളും തമ്മില്‍ വലിയ വ്യത്യാസമില്ല" എന്ന്. ലൈംഗീകത ചര്‍ച്ച ചെയ്യണ്ട എന്നോ ചിത്രീകരിക്കേണ്ട എന്നോ അര്‍ഥമില്ല. അതിനു മാനദണ്ഡങ്ങള്‍ വേണം. അവ ചര്‍ച്ച ചെയ്യപ്പെടെണ്ടാതുണ്ട്.നമ്മുടെ 'സാംസ്കാരിക പരിപാടികള്‍' എന്ന പേരില്‍ ചാനലുകള്‍ കൊണ്ടാടുന്ന അശ്ലീല പരിപാടികള്‍ നമുക്കവശ്യമുണ്ടോ എന്നലോചിക്കണം. ഒരു തീയറ്ററിലെ ഇരുണ്ട തുണിയില്‍ ആടുന്ന മസാലക്കൂട്ടുകള്‍ തുറന്ന സ്റ്റേജു പരിപാടികളായി മാറുമ്പോള്‍ ആലോചിക്കുക, ഇതാണോ സാംസ്കാരിക പരിപാടികള്‍.? ഇതാണോ സഭ്യതയുടെ വര്‍ത്തമാനം.? .ഇവയിലൂടെ എന്ത് ഭാവിയാണ് നമ്മുടെ കുട്ടികള്‍ക്ക് നമ്മള്‍ കരുതിവെക്കുന്നത്...?

മാധവിക്കുട്ടിയുടെ  'എന്‍റെ കഥ' വായിച്ചു അവരെ തന്നെ തെറി വിളിച്ച പല ചെറിയ കുട്ടികളെയും ( കോളേജിലെ കന്നിക്കാര്‍ ) എനിക്കറിയാം. അപ്പോള്‍ തോന്നിയത്, ചില വിഷയങ്ങള്‍ നമുക്ക് എല്ലാവരോടും തുറന്നു സംസാരിക്കാന്‍ കഴിയില്ല എന്നതാണ്. കാരണം, പലപ്പോഴും അന്ന് പറഞ്ഞവര്‍ തന്നെ പിന്നീട് ആ പുസ്തകത്തെ മാന്യമായി വിലയിരുത്തുന്നതിനും ഞാന്‍ സാക്ഷിയാണ്. പ്രായം പ്രശ്നമാണ്. അപ്പോള്‍ അത് ചിലപ്പോള്‍ സമൂഹത്തില്‍ വിഷം ഉണ്ടാക്കും.

അതായത്, പ്രായം അനുസരിച്ചാണ് നമ്മള്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. ചെറുപ്പത്തില്‍ ധാരാളം ഭക്ഷണം മുന്നിലുള്ളപ്പോള്‍ അതെടുക്കാന്‍ തുനിഞ്ഞാലും അമ്മമാര്‍ സമ്മതിക്കില്ല. കാരണം അതവന് ഹാനികരമാണ് എന്നറിയുന്നത് കൊണ്ടാണത്. പക്ഷെ ,പുസ്തകത്തിന്‌ അതൊരു തടസ്സവുമാണ്. കാരണം അതാര് വായിക്കണം ആര് വായിക്കേണ്ട എന്നത് പറയാന്‍ കഴിയാറില്ല. പറഞ്ഞാലും കാര്യവുമില്ല. അപ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട് പൊതു സമൂഹത്തില്‍ എന്ത് പറയണം/എന്ത് പറയണ്ട എന്നൊക്കെ . ഇതുവരെ  ഇത്തരത്തില്‍ ചിന്തിച്ചില്ല എന്നത് ഇനി ചിന്തിക്കാതിരിക്കാനുള്ള കാരണവുമല്ലല്ലോ.? കാരണം, "സമൂഹത്തിന്‍റെ  ആരോഗ്യമുള്ള വളര്‍ച്ചയാണ് പ്രധാനം സിനിമയുടെ എങ്ങനെയും ഉള്ള വളര്ച്ചയല്ല. സിനിമയും സാംസ്കാരിക പ്രവര്‍ത്തനങ്ങളും സമൂഹത്തിനു വേണ്ടിയാണ്. അല്ലാതെ സമൂഹം സിനിമയുടെ വഴിയിലേക്ക് ഓടുകയല്ല വേണ്ടത്".

'നോബിള്‍ ലേഡി' എന്നൊരു ലൈംഗീകതയുടെ അതിപ്രസരമുള്ള ഒരു ചിത്രം കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കണ്ടതോര്‍ക്കുന്നു സത്യത്തില്‍ അതിലൊരു മനോഹരമായ കഥയുണ്ട്. പക്ഷെ , ചിത്രീകരണത്തില്‍ വല്ലാത്ത സെക്സും.! അന്നത് കണ്ടു എത്രയോ കാലം കഴിഞ്ഞു പിന്നീട് അതിനെ കുറിച്ച് വായിച്ചപ്പോഴാണ് ഞാന്‍ കണ്ട സെക്സ് പടമാണ് ഈ പറയുന്ന 'മനോഹര ചിത്രം' എന്ന് മനസ്സിലായത്‌....!!!

ഒരു കാര്യം വ്യക്തമാണ് നമ്മുടെ കുട്ടികളുടെയും സമൂഹത്തിന്റെയും മാനസിക വളര്‍ച്ചയുടെ നേര്‍ക്ക്‌ കണ്ണടക്കാന്‍ കഴിയുമോ നമ്മള്‍ക്ക്..?എന്ത്, എപ്പോള്‍, എങ്ങനെ എന്നത് ഒഴിവാക്കാന്‍ പറ്റുമോ..? എത്ര മനോഹരമായാണ് സ്നേഹത്തിന്റെയും ലൈംഗീകതയുടെയും കഥകള്‍ നമുക്ക് നമ്മുടെ ചലച്ചിത്ര കുലപതികള്‍ തന്നിട്ടുള്ളത്. പദ്മരാജന്‍റെ 'തൂവാനത്തുമ്പികള്‍' പറയുന്ന പ്രമേയത്തില്‍ രതിയുണ്ട്. ശക്തമായി .രതി നിര്‍വേദം എന്ന സിനിമയിലെ രതിയിലോ....!!!

"ഒരു സിബ്‌ വലിച്ചൂരുന്ന ശബ്ദത്തില്‍ ഏറ്റവും വികാര ഉത്തേജനമായ ലൈംഗീകത എനിക്ക് സൃഷ്ടിക്കാന്‍ കഴിയും" എന്ന് ജോണ്‍ എബ്രഹാം പറഞ്ഞതായി കേട്ടിട്ടുണ്ട്. ഞാന്‍ പറഞ്ഞത് ഒരു പദ്മരജന്റെയോ ഭരതന്റെയോ പ്രതിഭയെ കുറിച്ചല്ല തന്നെ. രതി നിര്‍വ്വേദവും വൈശാലിയും അവര്‍ രണ്ടു പേരുടെയും 'പൊട്ട പടങ്ങള്‍' ആണെന്ന് പറയേണ്ടി വരുന്നതില്‍ ക്ഷമിക്കുക. ഒപ്പം അതിലെ സെക്സ് ആസ്വദിച്ചില്ലേ എന്ന ചോദ്യം പ്രതീക്ഷിച്ചു കൊണ്ട് അത് ആസ്വദിച്ചു എന്നും സെക്സ് എന്റെ സ്വകാര്യതയാണെന്നും പറയാന്‍ ആഗ്രഹിക്കുന്നു.

സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സമൂഹം. കപട സദാചാരം എന്നത് ഉള്ളതിനെ വികൃതമായി കാനിക്കുന്നതല്ലേ.? നമ്മള്‍ പറയുന്നത് അത് കയ്യടക്കത്തോടെ കാണിക്കണം എന്നാണ്.  കാരണം ഇന്ന് ഏറ്റവും അധികം ജനങ്ങളുമായി സംവേദിക്കുന്ന മാധ്യമം ആണ് സിനിമ. ആയതിനാല്‍ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. കാരണം, അതിലെ പാളിച്ചകള്‍ സമൂഹത്തെ രോഗാതുരമാക്കും.അതിന്‍റെ  വിജയം സമൂഹത്തെ ആരോഗ്യമുള്ളവരാക്കും. ഇതെല്ലം സമൂഹത്തിന്‍റെ  നന്മക്ക് വേണ്ടിയാവണം.

"സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സിനിമ"

Saturday, June 11, 2011

ശബരിമല മകര വിളക്ക് കത്തിക്കുന്ന അമ്പലമേട്ടിലെക്കൊരു യാത്ര_(2006 january 14-15)



ജനുവരിയുടെ കുളിരില്‍ ഒരു ജിജ്ഞാസാഭരിതമായ ഒരു യാത്രയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം പൊന്നമ്പലമേട്ടിലേക്കുള്ള യാത്ര...

ഇത്തവണ മകരവിളക്കുകത്തിക്കുന്നത് കാണാന്‍ പറ്റുമോന്നു നോക്കാം എന്ന് പറഞ്ഞാണ്_______സര്‍ ( പേര് അടിക്കുന്നില്ല ) ഞങ്ങളെ ആവേശത്തിലാക്കിയത്. സാര്‍ പല പ്രാവിശ്യം അവിടെ പോയിട്ടുണ്ട് പക്ഷെ ലൈവായി കണ്ടിട്ടില്ല...മകര വിളക്ക് കത്തിക്കുന്നത്..കാരണം കനത്ത സുരക്ഷ..!!!
കുട്ടിക്കാലം മുതലേ കേട്ടിരുന്ന ഐതീഹ്യ സമാനമായ കഥകള്‍ നിമിഷം കൊണ്ടാണ് എന്‍റെ മനസ്സിലെക്കോടിയെത്തിയത്...
പൊന്നമ്പലമേട് സാക്ഷാല്‍ ഭഗവാന്‍ അയ്യപ്പന്‍റെ വിഹാര രംഗമാണ്..!!!..അവിടെയാണ് ദിവ്യമായ മകര വിളക്ക് എന്ന പ്രതിഭാസം തെളിയുന്നത്....!!!
അവിടെ എത്തിപ്പെടാന്‍ മനുഷ്യര്‍ക്ക്‌ സാധ്യമല്ല....!!

അഥവാ എത്തിയാല്‍ എത്തിയവന്‍ പിന്നെ തിരിച്ചിറങ്ങുകയുമില്ല....!!! അത്രക്കും ഗൂഡമായ ഒരു ഭയം കലര്‍ന്ന വിശുദ്ധിയുണ്ടായിരുന്നു
കുട്ടിക്കാലത്ത് ഈ കഥകള്‍ക്ക്... പിന്നെ മുതിര്‍ന്നപ്പോള്‍ മനസ്സിലായി ഇത് തെളിയിക്കുന്നതാണെന്ന്...കുട്ടിക്കാലത്ത് വീട്ടില്‍ വരുത്തിയിരുന്ന
ഇലക്ട്രിസിറ്റി വര്‍കര്‍ എന്ന മാസികയിലോ മറ്റോ അന്നത് തെളിയിച്ചിരുന്ന ആളുടെ അഭിമുഖം വന്നതായി ഓര്‍ക്കുന്നു...അപ്പോള്‍ തന്നെ അവയൊക്കെ മറവിയിലേക്ക് പോവുകയും മകരവിളക്കു മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുകയും ചെയ്തു...എന്നാലും വായിച്ചറിയുന്നതുപോലെയല്ലല്ലോ കണ്ടറിയല്‍....എന്‍റെ  ഉള്ളില്‍ നിന്നും അറിയാതെ ഒരു ആവേശം ശിരസ്സിലേക്കുയര്‍ന്നു...ഇങ്ങനെയൊരു യാത്ര അങ്ങനെയാണ് എന്‍റെ സ്വപ്നമായത്...

" കനത്ത സുരക്ഷായായിരിക്കും പ്രൈവറ്റ്‌ വാഹനങ്ങള്‍ ആ സമയത്ത് അങ്ങോട്ട്‌ കടത്തിവിടാന്‍ കര്‍ശന പരിശോധന ആയിരിക്കും ...അതുകൊണ്ട് നമുക്ക് നേരത്തെ ലൈന്‍ ബസിനു പോകാം സാധാരണ വേഷം മതി ....കാമറ തുടങ്ങിയവ സുരക്ഷിതമായി ഒളിപ്പിച്ചു വെച്ചോളണം..എങ്ങാനും ബസിലും പരിശോധന ഉണ്ടായാല്‍ പറയാന്‍ കാരണങ്ങള്‍ ഉണ്ടാവണം.."
 സാറിന്‍റെ  മുഖവുര അതുവരെയില്ലാത്ത ഒരു ഗൌരവം ജനിപ്പിച്ചു.

അങ്ങനെ  ഞങ്ങള്‍ മൂന്നുപേര്‍ പോകാന്‍ തയ്യാറെടുത്തു..
കൂട്ടത്തില്‍ മൂന്നാമന്‍ ഒരു പക്ഷി നിരീക്ഷകന്‍ കൂടിയായിരുന്നു, അദ്ദേഹം ബൈനോകുലര്‍ , ചില പുസ്തകങ്ങള്‍ തുടങ്ങിയവ കയ്യിലെടുത്തു...എന്നിട്ട്  പറഞ്ഞു..
" നമ്മള്‍ പക്ഷി നിരീക്ഷകര്‍ ആണ്...ആര് ചോദിച്ചാലും..അതിലപ്പുറം ഒന്നുമില്ല..."
ഹാ..ഹാ..വെറുതെ പോലീസുകാരുടെ അടി കൊള്ളുന്നതിലും നല്ലത്  ഈ ഒരു ഡയലോഗ് അടിച്ചിട്ട് കൊള്ളുന്നതാണു, ഒരു ഉള്പുളകം ഉണ്ടാവും എന്ന്   സാറും പറഞ്ഞു...
സാറവിടേക്ക്  നേരത്തെ പോകും ഞങ്ങള്‍ ബസിനു അങ്ങോട്ട്‌ വരണം ഒരുമിച്ചു ചെല്ലണ്ട...ഒകെ...

ഞങ്ങള്‍ പതിവ് പോലെ എല്ലാം കുളമാക്കി ..കൊച്ചു പമ്പക്കുള്ള അവസാന ബസിലാണ് കയറിപറ്റിയത്... അത് നിറച്ചും അവിടങ്ങളില്‍ ജോലി ചെയ്യുന്ന തിമിഴരായിരുന്നു...
അപ്പോള്‍ തന്നെ മനസ്സിലായി വിളക്ക് കത്തിക്കുന്ന സമയത്തോടടുപ്പിച്ചു മാത്രമേ ഞങ്ങള്‍ അവിടെ എത്തുകയുള്ളൂ....പാവം സാര്‍ ചിലപ്പോള്‍ ഞങ്ങളെ കൂടാതെ വനത്തിലേക്ക് പോകും അല്ലെങ്കില്‍ ഞങ്ങളെ കാത്തിരുന്നു പരിപാടികള്‍ കുളമാകും ... വഴിയില്‍ ധാരാളം പോലീസുകാരുടെ വിളയാട്ടങ്ങള്‍ കണ്ടു...ദൈവം സഹായിച്ചു,ഞങ്ങള്‍ രണ്ടാളുടെ മൊബൈലിനും അവിടെ രേഞ്ചില്ലതതിനാല്‍ സാറിനും  ഞങ്ങള്‍ക്കുമിടയില്‍ ഗവിയുടെ കടുത്ത തണുപ്പും ഇരുളും മാത്രം.

നല്ല തണുപ്പ് ബസില്‍ നോക്കുമ്പോള്‍ എല്ലാവരും ബാഗുകളില്‍ നിന്നും സ്വെട്ടരുകള്‍ ഒക്കെ ധരിക്കുകയാണ്...കയ്യിലുള്ള ഷാള്കൊണ്ട് ഞങ്ങളും...ഏതാണ്ട് 7 മണി ആയപ്പോഴേക്കും ഞങ്ങള്‍ കൊച്ചു പമ്പ എന്ന അവസാന സ്റ്റോപ്പില്‍ ബസിറങ്ങി...വെറും വിജനത...ഇരുട്ട്...!!!
ഞങ്ങള്‍ രണ്ടു മണ്ടന്മാര്‍ ആരെങ്കിലും അവിടെ ഉണ്ടോന്നു നോക്കാന്‍ ബസിനോന്നു ചുറ്റിയതേയുള്ളു..ദേ..അവശേഷിച്ച ഡ്രൈവറെയും കണ്ടക്ടറെയും കാണാനില്ല..!!
ഇവരിതെങ്ങോട്ടു പോയി...? കുറെ പോത്തുകളോ പശുക്കളോ അവിടെയുണ്ടായിരുന്നു ഓ..രണ്ടുവശവും കാട് തണുപ്പ് ഇരുട്ട്....മുഖത്തോട് മുഖം നോക്കിയിരുന്നേല്‍ രണ്ടാളുടെയും മാനം പോയേനെ, നിസ്സഹായത കൊണ്ട്...കൃത്യസമയത്തു  വന്നിരുന്നെങ്കില്‍ സാര്‍  നമ്മളെ കാത്തിരുന്നേനെ.. പ്രമോദും ഞാനും മനസ്സില്‍ പറഞ്ഞു....എന്തായാലും വന്നു...വാ..നടക്കാം...ദൂരെ ഒരനക്കം ആരോ വരുന്നു. ഭാഗ്യം...സാര്‍... !!

"ഒരിടത്തും കൃത്യമായി എത്തരുതൂട്ടോ..വാ ..അപ്പുറത്ത് ഒരു ചെറിയ ഗസ്റ്റ്‌ ഹൌസ് ഉണ്ട് നിങ്ങളെ പോലീസ്‌ തടഞ്ഞോ...."
പോലീസോ കുറെ പോത്തുകള്‍ അല്ലാതെ ഇവിടെ ആരും ഇല്ലല്ലോ...നിറയെ പോലീസുകര്‍ ആണിവിടെ..ഏതാണ്ട് എട്ടു പത്തു ജീപ്പുകള്‍ ഇവിടെ കിടക്കുന്നുണ്ടായിരുന്നു
എന്നോട് ഗസ്റ്റ്‌ ഹൌസില്‍ നിന്നും എട്ടുമണി വരെ പുറത്തു പോകരുത് എന്ന് താക്കീതും തന്നാണ് അവരു പോന്നത് ഇപ്പോള്‍ അവിടെ കരപ്പുര മകരവിളക്കു തെളിക്കുകയാവും...."
ആവേശം മുഴുവന്‍ ചോര്‍ന്നു...വരവ് വെറുതെ..." സാരമില്ല വെളുപ്പിനെ നമ്മള്‍ക്ക് പോണം ഏതാണ്ട് നാല് മണിക്ക് നിങ്ങള്‍ ഭക്ഷണം കഴിച്ചോ.." സര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാങ്ങി വെച്ചിരുന്നു...പിന്നെ സാര്‍ എടുത്ത ചിത്രങ്ങള്‍ കാണിച്ചു തന്നു...അതില്‍ കത്തിക്കാന്‍ വന്നവര്‍ എന്ന് പറഞ്ഞു കുറച്ചാളുകളുടെ ചിത്രങ്ങള്‍ കാണിച്ചു തന്നു...കൃത്യമായി അവരുടെ പേരും വിവരവും പറഞ്ഞു...കത്തിക്കാന്‍ വരുമ്പോള്‍ ഇവര്‍ അവിടത്തെ കാന്റീനില്‍ കൊടുക്കാറുള്ള ഒരു ചാക്ക് അരിയും കലണ്ടറുകളും തുടങ്ങിയ മാമൂലുകളെ കുറിച്ച് പറഞ്ഞു..
" ഇപ്പോള്‍ പോയ പോലീസെല്ലാം തിരിച്ചു വരാന്‍ തുടങ്ങി...ഉറങ്ങിക്കോ രാവിലെ എണീക്കണം...ഇവര്‍ കര വിളക്ക് കത്തിച്ച സ്ഥലത്ത് പോകാം..."
സാറിന്‍റെ  വാക്കുകളില്‍ വീണ്ടും ഒരുത്സാഹം  നിറഞ്ഞു..ഞങ്ങളിലും..

കൂരാകൂരിരുളില്‍ ഭാണ്ഡവുമായി ഞങ്ങള്‍ മൂന്നാത്മാക്കള്‍ ഗസ്റ്റ്‌ ഹൌസില്‍ നിന്നും ഇറങ്ങി....ഏതാണ്ട് എട്ടുപത്തു  വാഹനങ്ങള്‍ അവിടെ കിടപ്പുണ്ടായിരുന്നു..പോലീസ്‌ ജീപ്പുകള്‍ !!! എല്ലാവരും നല്ല ഉറക്കം ഞങ്ങള്‍ വെച്ച് പിടിപ്പിച്ചു ആ ഇരുട്ടില്‍ പൊന്നമ്പലമേട്ടിലേക്ക്....ഗവിയില്‍ നിന്നും ഉള്‍ക്കാട്ടിലെക്കുള്ള ഒരു പോക്കറ്റ്‌ റോഡു.. എന്ന് പറഞ്ഞാല്‍ കാട്ടുവഴി.... ഏതാണ്ട്  ഒന്നര മണിക്കൂര്‍  നടത്തം...പക്ഷെ അവിടെ ഒരു പൈപ്പ് കുറുകെ ഇട്ടു ലോക്ക് ചെയ്തിട്ടുണ്ട്...സാധാരണ ഒരു ജീപ്പിനു സുന്ദരമായി അതിലെ സഞ്ചരിക്കാം...ഞങ്ങള്‍ നടന്നു സാറിന്‍റെ  പിന്നാലെ...
ഉപ്പെടുതോ..ഇനി വരുന്നത് അട്ട ഫാക്ടറികള്‍ ആണ്....ഒരിടത്തും നിക്കരുത്..നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങള്‍ ഉടനെ മുറിച്ചു കടക്കുക..."..ചോര കുടിക്കുന്ന അട്ടകളെ കുറിച്ച് സാര്‍ മുന്‍പേ മുന്നറിയിപ്പ് തന്നു. ബാഗില്‍ കരുതിയ ഉപ്പെടുത്തു ഞാന്‍ ഷൂസിലും കാലിലും ഒക്കെ പുരട്ടി..എന്നിട്ട് ഓടി.. എല്ലാവരും...ആ വെള്ളമൊഴുകുന്ന സ്ഥലങ്ങള്‍ കടന്നപ്പോഴേക്കും നല്ല വെളിച്ചമായി... അപ്പോഴാണ്‌ കാട് കാണുന്നത്...അയ്യപ്പന്‍റെ പൂങ്കാവനം...ശരിക്കും തകര്‍പ്പന്‍ .....പ്രകൃതി ഒരു നസര്‍ഗീകത അവിടെ സൂക്ഷിക്കുന്നു.....പിന്നെ നടത്തം സാവധാനത്തില്‍ ആയി...അവിടവിടെ ഇരുന്നും ഫോട്ടോകള്‍ എടുത്തും...വിശപ്പിന്‍റെ  ആക്രമണം തുടങ്ങി....പക്ഷെ ആവേശം വിശപ്പിനെ മെരുക്കി....

ഇപ്പോള്‍ തന്നെ ഈ കുറിപ്പ് നീളുന്നു അതുകൊണ്ട് അതിനിടയിലെ ചിലവ ഒഴിവാക്കുന്നു...ഇനി വഴിയില്ല..ഈ കാട്ടില്‍ അതാ  അങ്ങേയറ്റത്തു  കാണുന്ന ഒരു മരത്തിന്‍റെ തല കണ്ടോ...
അതാണ്‌ അടയാളം അതിനടുത്തേക്കാണ്  നമുക്ക് എത്തേണ്ടത്....ആളെ മറക്കുന്ന നീളന്‍ പുല്ലുകളില്‍ മുറുക്കെ പിടിച്ചേ നടക്കാവ്....കാരണം ചിലപ്പോള്‍ കാല്‍ വെക്കുന്നത് കുഴിയിലെക്കാവാം...
പെട്ടെന്ന് സാര്‍ നിശബ്ദരാകാന്‍ പറഞ്ഞു...ഞങ്ങള്‍ നോക്കി...കാട്ടാനകള്‍..!!!!!
കറത്ത്തല്ല ..ചളിപൂശി ഒരുതരം ചളിനിറത്തില്‍..!!..ഒന്നും രണ്ടുമല്ല....എട്ടുപത്തെണ്ണം കുട്ടികളും ഒക്കെയായി.....നമ്മളെ അവര്‍ കണ്ടു ...അനങ്ങരുത്....അവര്‍ പൊക്കോളും...ഒറ്റയാന്‍മാരെ മാത്രമേ
പേടിക്കണ്ടതുള്ളു..സാര്‍ ഞങ്ങളെ ധൈര്യത്തിലാക്കി...അവര്‍ പോയി അവസാനം ഒരുത്തന്‍ ഒന്ന് പിന്തിരിഞ്ഞു നോക്കി ...നടന്നു മറഞ്ഞു...ശ്വാസം നേരെ പിടിച്ചു ഞങ്ങള്‍ വീണ്ടും സാറിന്‍റെ  പിന്നാലെ. ഇപ്പോള്‍ ഒരു തുറന്ന സ്ഥലമാണ്.. ഞങ്ങള്‍ ആ മരത്തിനടുത്തെത്തി.... ഒരു മുനമ്പാണ് അത്,  അതിനപ്പുറം അഗാധമായ കൊക്ക....അവിടെ ഒരു സിമന്റിട്ട തറ  അതാണ്‌ ഈ ലീലാവിലാസങ്ങള്‍ എല്ലാം നടക്കുന്ന തട്ട്...ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ തലേദിവസം കത്തിച്ച അവശിഷ്ടങ്ങള്‍ ഭസ്മമായി കിടക്കുന്നു... തട്ടിനപ്പുറം  അഗാധമായ കൊക്കക്കുമപ്പുറം താഴെ ശബരിമല.. ഉദയ സൂര്യന്‍റെ കിരണങ്ങളേറ്റു    നില്‍ക്കുന്നു...ആ ചിത്രങ്ങള്‍ ആണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്....അവിടെ വലിയൊരു ചിരാത് ..ഏതാണ്ട് സാധാരണ ചിരാതിനെക്കാള്‍ പത്തിരട്ടി വലിപ്പമുള്ളത്...കെട്ട തിരിയുമായി താഴെ ഇരിക്കുന്നു....കൊള്ളാം അവിടെ ബി എസ എന്‍ എലിന് രേഞ്ജുണ്ട്....!! സാര്‍ അവിടത്തെ ചടങ്ങുകള്‍ ഞങ്ങള്‍ക്ക് വിവരിച്ചു തന്നു പണ്ട് അദ്ദേഹത്തിന്‍റെ  സുഹൃത്തുക്കള്‍ നേരിട്ട് കണ്ടതും പലപ്രാവിശ്യം അവരത് കത്തിച്ചത്..

അങ്ങനെ ചരിത്രത്തില്‍ മകരവിളക്കു  മൂന്ന് പ്രാവിശ്യം തെളിയുന്നതിന് പകരം പലവട്ടം തെളിഞ്ഞതും  ആകാശവാണിയിലെ കമന്ററി പറയുന്നയാള്‍ അത്ഭുതത്താല്‍ വാവിട്ടു നിലവിളിച്ചതും ...അവരെ പോലീസ്‌ പിടിച്ചത് ഒക്കെയായുള്ള കഥകളുമായി...ഞങ്ങള്‍ അവിടെ അയ്യപ്പന്‍റെ പൂങ്കാവനത്തില്‍ ക്ഷീണം  മാറ്റി....