Pages

Wednesday, February 27, 2013

യുക്തിയും ഞാനും !!


ഒരു യുക്തിവാദിയും ഒരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നില്ല. ക്ഷിപ്ര കോപം കൊണ്ടോ ജീവിത നൈരാശ്യം കൊണ്ടോ ദൈവത്തിനോടുള്ള വിരോധം കൊണ്ടോ ഒരാള്‍ക്ക്‌ യുക്തിവാദി ആകാന്‍ കഴിയില്ല. ഞാനും ഒരു മത ദൈവ വിശ്വാസി ആയിരുന്നു. എങ്ങനെയാണ് എന്റെ മത ദൈവം എന്നില്‍ നിന്നും ഇറങ്ങി പോയത് എന്ന് ഒന്ന് കുറിച്ച് വെക്കുകയാണ് .... 

മുന്‍പ് ഫേസ്ബുക്കില്‍ ഇട്ട ഒരു സീരീസ്‌ ആണിത്, എഡിറ്റു ചെയ്യാന്‍ മെനക്കെടുന്നില്ല... അത്ര മഹത്താണോ ഇത് എന്ന് ചോദിച്ചാല്‍ അല്ല ....പക്ഷെ സത്യസന്ധം ആണെന്നാണ് മറുപടി. ഇതില്‍ കൃത്യമായ്‌ ഒരു കുട്ടിയുടെ യുക്തിബോധതിലേക്കുള്ള വളര്‍ച്ച ഉണ്ട്... സമയം അനുവദിക്കുമെങ്കില്‍ സദയം വായിക്കുക.

ഭക്തന്റെ അങ്കലാപ്പുകള്‍ !
**********************************
ഏതാണ്ട് പത്താം ക്ലാസ്സ് അവധിക്കാലത്താണ്  ഞാന്‍ പ്രസിദ്ധ യുക്തിവാദി എ ടി  കോവൂരിന്റെ  സമ്പൂർണ്ണ   കൃതികള്‍  വായിക്കുന്നത് ... അത്  മുഴുവനും  വായിച്ചോ  എന്നെനിക്കോര്‍മയില്ല  ഞാനതുവരെ  അനുഭവിക്കാത്ത  ഒരു മാനസിക  സംഘര്‍ഷം   അന്ന് സംഭവിക്കുകയായിരുന്നു..വല്ലാത്തൊരു തകിടം മറിച്ചില്‍ .. 

മനസ്സില്‍ കൊണ്ടുനടന്ന ദൈവങ്ങളും വിശ്വാസവും എല്ലാം കലപിലകൊട്ടി..... എന്റെ ചിന്തകളില്‍ തീയാളി.. നേരെ പോയത് കൊല്ലം ആശ്രാമതുള്ള വല്യമ്മച്ചിയുടെ വീട്ടിലേക്ക് ...ആശ്രാമം  അമ്പലത്തിലെ ഉണ്ണികണ്ണനും  പിന്നെ അങ്ങോട്ട്‌ പോകും വഴിക്കുള്ള സകല കൊച്ചു കൊച്ചു അമ്പലങ്ങളിലെയും ദൈവങ്ങളോട് മനമുരുകി പ്രാര്‍ഥിച്ചു എനിക്ക് ഭക്തിയുണ്ടാകണെ എന്ന് !!!. സത്യം അതായിരുന്നു എന്റെ പ്രാര്‍ഥന... !!! 

ഇന്നാലോചിക്കുമ്പോള്‍ വിവിധ അമ്പലങ്ങളുടെ പ്രതീകമായി മഞ്ഞളും , കുങ്കുമവും, ഭസ്മവും , ചന്ദനവും തിങ്ങി ഞരുങ്ങി സ്വരുമയോടെ സ്ഥലം പങ്കിട്ട ഒരു പാവം നെറ്റിയുടെ ഉടമയായ  ഒരു കുട്ടിയുടെ മനസ്സിനകത്തെ പ്രദര്‍ശനപരതയാണോ അതോ ദൈവങ്ങളുടെ സഹതാപം പിടിച്ചു പറ്റാനുള്ള കുറുക്കു വഴിയോ .. അറിയില്ല !!

അന്നേ സ്വന്തം കാര്യങ്ങള്‍ക്കായുള്ള പ്രാര്‍ഥന ഉപേക്ഷിച്ചിരുന്നു,  കാരണം അതില്‍ ഒരു പന്തികേട്‌ തോന്നിയിരുന്നു അതുകൊണ്ട് "എല്ലാവര്ക്കും ഫസ്റ്റ് ക്ലാസ് കിട്ടണേ കൂട്ടത്തില്‍ എനിക്കും ....എന്നായിരുന്നു പ്രാര്‍ഥന..!!! "എന്നിട്ട് മനസ്സില്‍ സ്വയം ന്യായീകരിച്ചു , എല്ലാവര്ക്കും വേണ്ടിയല്ലേ പ്രാർഥിച്ചത്  അതുകൊണ്ട് ദൈവത്തിന്  എന്റെ ആവശ്യം നടത്താവുന്നതെയുള്ളൂ .... ഏതാണ്ട് ഇതേ രീതി തന്നെയായിരുന്നു അന്നത്തെ എന്റെ ദൈവങ്ങലോടുള്ള ഡിമാണ്ട് മുഴുവന്‍ ... 

പക്ഷെ കോവൂര്‍ വീണ്ടും വീണ്ടും എന്റെ കള്ളത്തരങ്ങളിലേക്ക് യുക്തി പടര്‍ത്തി കൊണ്ടിരുന്നു.... എപ്പോഴാണ് ഞാന്‍ എന്റെ സമൂഹ പ്രാര്‍ഥന പോലും ഒരു കള്ളമാണെന്ന് മനസ്സിലാക്കിയത്...‌ അറിയില്ല... കഴിഞ്ഞ കാലങ്ങളെ ഓര്‍ത്തെടുക്കുമ്പോള്‍ യുക്തിയുടെ പാതയ്ക്ക് വ്യക്തത കുറവുണ്ട്..എങ്കിലും പതിയെ ഞാന്‍ മനസ്സിലാക്കി മനസ്സില്‍ ഞാന്‍ വിചാരിക്കുന്നതും വിചാരിക്കാന്‍ പോകുന്നതും, എന്നിട്ട് ഞാന്‍ ദൈവത്തിനോട് പറയാന്‍ ഒരു കാരണം ഒരുക്കുന്നതും ( ദൈവമേ ഞാന്‍ അങ്ങനെ ചെയ്തത് നിനക്കറിയല്ലോ ദേ ഇങ്ങനെ ഒരു കാരണം ഉണ്ടായിരുന്നത് കൊണ്ടാണ് , ഇതുപോലുള്ളവ )  എല്ലാം ദൈവം അറിയുന്നുവെന്നും സര്‍വതും അറിയുന്ന ദൈവത്തിനു എന്റെ വിശദീകരണമോ സോപ്പിടലോ പ്രീണിപ്പിക്കലോ വേണ്ടെന്ന അറിവിലേക്ക് അത് വളര്‍ന്നു..അതായതു ദൈവം സര്‍വജ്ഞനും സര്‍വ വ്യാപിയും അനന്തവും ആണെങ്കില്‍ അതെന്നേ എന്നെയും എല്ലാവരെയും അളന്നു തൂക്കിയിട്ടിരിക്കുന്നു എന്ന തിരിച്ചറിവിന്റെ ....ചെറിയ യുക്തിയിലെക്കുള്ള വളര്‍ച്ചയുടെ .....  ആദ്യ പടി...!!

ദൈവത്തിന്റെ  രൂപമാറ്റം !
******************************
ദൈവത്തിനു എന്തിന്  ആയുധം ? അതായിരുന്നു കുട്ടിക്കാലത്തെ ഒരു ചിന്ത...ശ്രീരാമനും കൃഷ്‌ണനും ശിവനും ഒക്കെ വ്യത്യസ്ത തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നു.. അതിലെ ആ ദയനീയത..പരിഹാസം ,..... ഈ പ്രപഞ്ചം നിലനിര്‍ത്തുകയും സ്വന്തം ഇച്ഛക്കനുസരിച്ചു വളര്‍ത്തുകയും ചെയ്യുന്ന ദൈവങ്ങള്‍ അന്നന്നത്തെ മനുഷ്യ സങ്കല്‍പ്പത്തിലെ ആയുധങ്ങളാണ് പ്രയോഗിക്കുന്നത്  എന്നത് ....എന്നെ ആശ്ചര്യപ്പെടുത്തി!. 

ദൈവത്തിനു എന്നെ ശിക്ഷിക്കണമെങ്കില്‍ അദ്ദേഹം വിചാരിച്ചാല്‍ മതിയല്ലോ... എന്നായിരുന്നു ചിന്ത മുഴുവനും... ഇനി അഥവാ ഇതെല്ലം അദ്ദേഹത്തിന്റെ  തമാശകളും ജനങ്ങളെ കാര്യം പഠിപ്പിക്കാനും ( അതായിരുന്നു എന്റെ മുതിര്‍ന്നവര്‍ എനിക്ക് അന്ന് തന്ന ന്യായീകരണം)  ആണെങ്കില്‍ മനുഷ്യരെ ഇട്ടു കുരങ്ങു കളിപ്പിക്കുന്ന ദൈവങ്ങളെ ഇഷ്ടപ്പെടാന്‍ സാധിക്കില്ല എന്ന് തോന്നിത്തുടങ്ങി... 

എന്റെ സുഹൃത്തുക്കള്‍ ചോദിച്ചു  ദൈവത്തെ ഇഷ്ടപ്പെടാന്‍ ദൈവം നിന്റെ കാമുകിയാണോ..? .കുട്ടിത്തത്തിന്റെ പരിഹാസമായിരുന്നു അതെങ്കിലും വലിയൊരു പ്രശ്നം ആ ചോദ്യത്തില്‍ ഉണ്ടെന്നു  തോന്നി ദൈവത്തെ എങ്ങനെ സമീപിക്കണം...കാവിലെ മുടിയേറ്റിന്റെ തീക്ഷ്ണതയിലെ ഭയപ്പടാണോ, തൊടാതെ, തീണ്ടാതെ ദൂരെ മാറിനിന്നു കാണേണ്ട ദൈവമാണോ... അതോ ക്രിസ്തുവിനെപോലെ സ്നേഹം മാത്രം പറയുന്ന ....  കന്യാ മറിയത്തിന്റെ അമ്മ കണ്ണുകളിലെ കരുണയാണോ ദൈവം...അതോ പത്താംക്ലാസ്സിലെ പാഠപുസ്തകത്തില്‍   ടാഗോര്‍ പറയുന്ന ശ്രീകോവിലിന്റെ ഇരുട്ടില്‍ കാണാത്ത... അതേസമയം പാടത്തെ ചളിയില്‍ കാണുന്നതാണോ ദൈവം....അതോ  കൃഷ്ണനെ കാമുകനാക്കിയ മീരയെ പോലെ..എനിക്ക് ലക്ഷ്മിയെ കാമുകിയാക്കാമോ..ലക്ഷ്മി  കൃഷ്ണനെ അനുവദിച്ച പോലെ കൃഷ്ണന്‍ ലക്ഷ്മിയെ അനുവദിക്കുമോ പ്രണയ ചാപല്യങ്ങള്‍ക്ക് ?? ..അതില്‍ നിന്ദയുണ്ടോ...ഉണ്ടെങ്കില്‍ ഭക്ത മീര ശരിയും ഞാന്‍ തെറ്റും ആകുന്നതെങ്ങനെ..?? 

  ചിന്തകള്‍ പരസ്പരം വാളെടുത്തു,..പടയോട്ടം സിനിമയിലെ വിഖ്യാതമായ ചതുരംഗ കളത്തിലെ പാട്ടിലെ,  കരുക്കള്‍ പടവെട്ടുന്നതുപോലെയായി... എങ്കിലും അതൊരു ഉത്സവമായിരുന്നു,,,പുസ്തകങ്ങളില്‍ നിന്നും പുസ്തകങ്ങളിലേക്കുള്ള ഓട്ടം അവിടെ തുടങ്ങുന്നു...

പലരുടെയും ഉപദേശ പ്രകാരം വിവേകാനന്ദ സാഹിത്യ സര്‍വസ്വം വായിക്കാന്‍ തുടങ്ങി..ഇന്നും എനിക്കറിയില്ല അതെത്ര  വാല്യം അകെ ഉണ്ടെന്നു..പക്ഷെ വായനശാലയിലെ ആ അല്‍പ വായന പെട്ടന്ന് മുറിഞ്ഞു..എല്ലാ മതങ്ങളും ഒരുമിച്ചേ നിലനില്ക്കു എന്നും എല്ലാ മതങ്ങളും നന്മ മാത്രമേ പറയുന്നുള്ളൂ എന്നൊക്കെ തരത്തിലുള്ള നിലവിലെ മതങ്ങളുടെ വ്യാഖ്യാനങ്ങള്‍ ആയിരുന്നു അതില്‍ കൂടുതലും കണ്ടത്..എനിക്ക് വേണ്ടിയിരുന്നത് വ്യാഖ്യാനങ്ങള്‍  അല്ലായിരുന്നു അത് ഞാന്‍ തന്നെ ചെയ്തോളാം,  പകരം വസ്തുതകള്‍ തരു ,,,ഒരു മതം പറയുന്നത് അതെ വാക്കുകളില്‍ തരു അത് ശരിയായിരുന്നോ തെറ്റായിരുന്നോ എന്നൊക്കെ എന്റെ ബുദ്ധിയില്‍ ഞാന്‍ തീരുമാനിചോളാം അതായിരുന്നു അന്നത്തെ നിലപാട്.. 

എങ്കിലും ദൈവം അല്പം  ഭയം എന്നില്‍ ജനിപ്പിച്ചു കൊണ്ടേയിരുന്നു.... എന്റെ പല തോല്‍വികളും ദൈവത്തിന്റെ ഇടപെടല്‍ ആണെന്ന.... അതുവരെയുള്ള എല്ലാ യുക്തികളെയും കാറ്റില്‍ പറത്തി കൊണ്ട് ദൈവം ശക്തമായി എന്നില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു... ഒപ്പം അതിനു വിപരീതമായി ഇന്നലേക്കു യുക്തി പടർത്താൻ കോവൂരും... !! 

ഇതിനിടയിലും ബലമുള്ള ഒരു യുക്തിയുടെ അസാന്നിധ്യം... കുറച്ചുകാലം ആ നില തന്നെയായിരുന്നു അവിടേക്കാണ് തീപടര്‍പ്പുപോലെ മാര്‍ക്സിസം കടന്നു വരുന്നത്...  ( കുറച്ചു  മാത്രമേ അതും വായിച്ചിട്ടുള്ളൂ, പക്ഷെ ഒരാശയത്തിന്റെ ജീവന്‍ അറിയാന്‍ അത് മുഴുവനായി വായിക്കണം എന്ന്   ഇപ്പോഴും എനിക്കഭിപ്രായമില്ല, ...ലെനിന്‍ തന്നെ പറഞ്ഞ പോലെ കൌത്സ്കി അനന്യ പണ്ഡിതനാണ് മൂലധനത്തിന്റെ   ഇത്രാം വോല്യത്തിലെ ഇത്രാം അദ്ധ്യായത്തിലെ ഇത്രാം വരി ഏതെന്നു ചോദിച്ചാല്‍ പോലും കൃത്യമായി പറയുന്ന അത്രയും പണ്ഡിതന്‍, പക്ഷെ മാര്‍ക്സിസത്തിന്റെ ജീവന്‍ മാത്രം പിടികിട്ടാതെ പോയി.... അപ്പോള്‍ ആ പാണ്ഡിത്യത്തിനു എന്ത് പ്രസക്തി ?, ഇത് പറയുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട ഞാന്‍ അതിന്റെ ജീവന്‍ മനസ്സിലാക്കി അല്ലെങ്കില്‍ മനസ്സിലാക്കിയില്ല  എന്ന് ഇതിനർത്ഥവും  ഇല്ല .. ) 

മാര്‍ക്സിസത്തിന്റെ ആദ്യ വായനകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു...ഒരു കാര്യത്തെ അതിന്റെ സാഹചര്യങ്ങളില്‍ തന്നെ മനസ്സിലാക്കുന്ന ആ രീതി എനിക്കിഷ്ടമായി..പ്രപഞ്ചത്തെയും ചരിത്രത്തെയും കൂട്ടികെട്ടി വൈരുധ്യങ്ങളിലൂടെയുള്ള   അതിന്റെ പരിക്രമണം വിലയിരുത്തുന്ന രീതി എന്റെ ചെറിയ ബുദ്ധിയെ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടിച്ചു... കോവൂരിന്റെ വായനക്ക് ശേഷമുള്ള സ്ഫോടനം....

എന്നിട്ട് "പണ്ഡിതന്മാര്‍ ഈ ഭൂമിയെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാല്‍ അതിനെ മാറ്റി തീര്‍ക്കലാണ് കാര്യം" എന്ന ആശയം ഞാന്‍ പരിചയിച്ച മത ഗ്രന്ഥങ്ങളുടെ ഭാഷയെക്കാള്‍ സത്യസന്ധമായി തോന്നി... അപ്പോഴും ഒന്നെനിക്ക് മനസ്സിലായി ദൈവം വല്ലാതെ എന്റെ മനസ്സിനെ അലട്ടുന്നുണ്ടെന്ന്... അതേസമയം ഈ ദുരിതങ്ങള്‍ക്ക് നേരെയും ചരിത്ര കാലങ്ങളിലൂടെ പ്രാകൃത കമ്മ്യൂനിസത്തില്‍ ജീവിച്ചിരുന്ന    ഒരു സമൂഹം  ഇന്നത്തെ വര്‍ഗ വൈരുദ്ധ്യങ്ങളുടെ  ലോകമായി  വളര്‍ന്നതും  അതില്‍ ദൈവത്തിനു ഒരു പങ്കുമില്ലാത്തതും  ഉണ്ടെങ്കില്‍  അന്നെരങ്ങളില്‍  നിഷ്ക്രിയനായ ദൈവത്തോട് എനിക്ക് വിദ്വേഷവും  തോന്നിത്തുടങ്ങി...പിന്നെ പതിയെ എന്റെ നിലപാടുകളിലെ പൊള്ളത്തരവും ബോധ്യമായി കാരണം, ഉള്ള ദൈവത്തെ മാത്രമേ എനിക്ക്  പുച്ഛിക്കാനും  എതിര്‍ക്കാനും കഴിയു, ...!!

 ഇന്ന്   ചിന്തിക്കുന്നതും  അതിന്റെ  ചുവടുപിടിച്ചാണ് , നിലവിലെ  ദൈവ  സങ്കല്പങ്ങള്‍  എല്ലാം പൊള്ളയാണെന്ന്  മനസ്സിലായി  അതെന്നെ  ശാസ്‌ത്രം  പഠിപ്പിച്ചു ... പ്രപഞ്ചത്തിന്റെ വളര്‍ച്ചയും   അതിന്റെ  ആദ്യ  കാല  അവസ്ഥകളും  എല്ലാം പുരാണങ്ങളെയും  ക്രിസ്തു  മത  ഇസ്ലാം  മത  ഹൈന്ദവ  സങ്കല്പ്പങ്ങളെല്ലാം   പറയുന്ന ദൈവങ്ങളെ  തകര്‍ത്തു ... അതെ  സമയം  എന്റെ മനസ്സില്‍ എല്ലാ   മത  ദൈവങ്ങളും ഒരുപാട്  വര്‍ണ്ണങ്ങള്മായി  ( അവയുടെ   ഉത്സവങ്ങളും പെരുന്നാളുകളും  മനുഷ്യരുടെ കൂട്ടായ്മകളും എല്ലാം )  എന്നെ  പ്രലോഭിപ്പിച്ചു  കൊണ്ടിരുന്നു...

ഭഗത്  സിംഗ് എഴുതിയ  "എന്തുകൊണ്ട്  ഞാനൊരു  യുക്തിവാദിയായി "  എന്ന ചെറിയ പുസ്തകമായിരിക്കും  ഇന്നെന്നെ  ഒരു യുക്തിവാദിയാക്കിയതില്‍  പ്രധാന പങ്കു വഹിച്ചത് ....അതില്‍ അദ്ദേഹം  വളരെ വ്യക്തമായി പറഞ്ഞു

"സത്യം അന്വേഷിക്കലും പറയലും പ്രവര്തിക്കലുമാണ്ദൈവത്തോടുള്ള പ്രാര്‍ഥന.. ദൈവം എന്ന ഇന്നത്തെ മത ദൈവങ്ങള്‍ ഒരു തരത്തിലും സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല..അതെ സമയം ദൈവം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു... ബ്രിടീഷ് അഹങ്കാരം ഭാരതാംബയെ ഇങ്ങനെ മാനഭംഗപ്പെടുതുമ്പോള്‍ ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുന്നു... അത് കേവലം നമ്മുടെ ആഗ്രഹം മാത്രമാണ് ...ഇനി അഥവാ പ്രപഞ്ച ശക്തി ഉണ്ടെങ്കില്‍ നേരത്തെ പറഞ്ഞ സത്യമാണ് അതിനെ കണ്ടെത്താനുള്ള   മാര്‍ഗം.... സകല   അനീതികളോടും സമരം ചെയ്യലാണ് അതിന്റെ പ്രാര്‍ഥന.....ശരിയായി പഠിച്ചു മാര്‍ക്സിസം പോലുള്ള ശാസ്‌ത്രീയ പ്രത്യയശാസ്ത്രങ്ങള്‍ കണ്ടെത്തലാണ് അതിന്റെ വഴി...  "
 

മനോഹരമായ ദൈവ  സങ്കല്‍പ്പങ്ങളെ  തള്ളിപറയാതിരിക്കാന്‍ ഞാന്‍ കാണിച്ചിരുന്ന  അനാവശ്യ  വാദങ്ങള്‍ അങ്ങനെ എന്റെ മനസ്സില്‍ നിന്നും  ഊര്‍ന്നിറങ്ങി ..

അറിയില്ലാത്തത് അറിയില്ലെന്നും നുണകളെ നുണകള്‍ എന്നും പറയാന്‍ ഞാന്‍ ഒരിക്കല്‍ കൂടി ഊര്‍ജം നേടി..(ഒരു യുക്തി വാദിയുടെ മനസ്സില്‍ മാത്രമേ ദൈവത്തിനു ഏറ്റവും മനോഹരമായി നിലനില്‍ക്കനാകൂ  എന്നെനിക്കു മനസ്സിലായി..!!!) .എന്റെ യുക്തി കൌമാരത്തില്‍ നിന്നും യുവത്വത്തിലേക്ക് നീങ്ങുന്നു എന്നും തോന്നി...അവിടെയും ചില ബലഹീനതകള്‍ എന്നെ അലട്ടികൊണ്ടിരുന്നു.

യുക്തിയുടെ വേരുകള്‍ ! 
*************************
അങ്ങനെ എന്റെ യുക്തിയുടെ കഥകള്‍ മൂന്നാം  ഭാഗത്തിലേക്ക് കടക്കുകയാണ്...

ദൈവമേ എനിക്ക് ഭക്തിയുണ്ടാകണേ.. എന്ന് പ്രാര്‍ഥിച്ചു നടന്ന കുട്ടിയില്‍ നിന്നും ഇന്നിലെക്കുള്ള വളര്‍ച്ച വിവരിക്കനോരുങ്ങുമ്പോള്‍ എളുപ്പത്തില്‍ അങ്ങ് പറഞ്ഞു കളയാം എന്നൊരു ധാരണ ഇല്ലായിരുന്നു എങ്കിലും ഇതൊക്കെ ഒതുക്കി പറയുക എന്നത് ശ്രമകരമാണ് എന്ന് മനസ്സിലായി..പ്രത്യേകിച്ച് ഇതൊരു ഒറ്റയിരുപ്പു എഴുത്താണ്.

ചോദ്യം പ്രസക്തമായിരുന്നു ....യുക്തി ഒരു മേഖലയില്‍ മാത്രം വളരുന്നതെങ്ങനെ....? നല്ല വൈദഗ്ധ്യമുള്ള ഒരു ഡോക്ടര്‍ ശ്രമകരമായ സര്‍ജറി കഴിഞ്ഞും പറയുന്നു ദൈവത്തിനു നന്ദി..!!..ഇതെന്നെ കുഴക്കി....ഇത്രയും വിദഗ്ദ്ധനായ ശാസ്ത്ര വിദ്യാർത്ഥി  എന്ത് കൊണ്ട് ഒരു മത ദൈവത്തില്‍ വിശ്വസിക്കുന്നു...? അതെ സമയം നിരീശ്വര വാദികള്‍ ആയ ഡോക്ടര്‍മരടക്കം ശാസ്ത്ര വിദഗ്ധരെ അറിയുകയും ചെയ്യാം എങ്കിലും മത ദൈവ വിശ്വാസികള്‍ നല്ലൊരു പങ്കുണ്ട്...

ഇതിനെ പല രീതിയിലാണ് ഞാന്‍ വിലയിരുത്തിയത്...ഒന്ന് ആ ഡോക്ടറിന്റെ വൈദഗ്ധ്യം ഒരാളെ മത ദൈവ നിഷേധതിലേക്ക് നയിക്കണമെന്നില്ല...അതില്‍ ഒരു ഡോക്ടറുമായി സംവേദിക്കാന്‍  എനിക്ക് അവസരം ലഭിച്ചിരുന്നു...അദ്ദേഹം വലിയൊരു ഭക്തന്‍ ആണ്..തന്റെ തൊഴിലില്‍ വളരെയേറെ ആത്മാർത്ഥത  കാണിക്കുന്നയാളും...എന്ത് കൊണ്ടാണ് താങ്കൾ  ഒരു മത ദൈവത്തില്‍ വിശ്വസിക്കുന്നതെന്ന എന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഒരു പ്രപഞ്ച ശക്തിയുണ്ട് എന്നാണു..

അത് മത ദൈവമാണോ ...എങ്കില്‍ നിലവിലെ ഏതു മത ദൈവമാകും ? എന്ന ചോദ്യം അദ്ദേഹത്തെ അല്പം കുഴക്കി...എനിക്ക് തോന്നുന്നു അത് മത ദൈവമാണോ എന്ന് മാത്രമാണ് ഞാന്‍ ചോദിച്ചതെങ്കില്‍ കൃത്യമായി ഉത്തരം തന്നേനെ 'ആകാന്‍  സാധ്യതയുണ്ടെന്ന്.'...പക്ഷെ ഒരു തിരഞ്ഞെടുപ്പ് നിലവിലെ മത ദൈവങ്ങള്‍ക്കിടയില്‍ നിന്നും നടത്താന്‍ പറഞ്ഞാല്‍ കുഴയും...അവിടെ ഒരു മറുപടിയെ ഉള്ളു..."എല്ലാം ഒന്ന് തന്നെ..".  ഞാന്‍ ചോദിച്ചു, : ഗുഹാ ദൈവങ്ങളെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ് ? ..ആകാശത്ത് സൂര്യനും നക്ഷത്രമാണെന്നും  അത് ആളി കത്തുകയാണെന്നും തിരിച്ചറിയാതിരുന്ന  മത ദൈവങ്ങളെ കുറിച്ച് ..?

"അവയെല്ലാം  കഥകള്‍ അല്ലെ.." അദ്ദേഹം ചിരിച്ചു....!!. 

സ്ട്രിംഗ് തിയറിയുടെ സാധ്യതകള്‍ എങ്ങനെയാണ്  ഡോക്ടര്‍ വിലയിരുത്തുന്നത്..?   എന്ന് ചോദിച്ചപ്പോള്‍ ഭാവഭേദമില്ലാതെ  അദ്ദേഹം  ചോദിച്ചു "എന്താണത്...?" 

ഒന്നെനിക്ക് മനസ്സിലായി യുക്തി ബോധം അതായതു തന്റെ വികസിച്ച വിജ്ഞാനശേഖരണത്തിന് ഉപയോഗിക്കുന്ന യുക്തിയുടെ ഉപകരണങ്ങള്‍ എല്ലാത്തിലും ഉപയോഗിക്കാന്‍ ഭൂരിപക്ഷത്തിനും അറിയില്ല അല്ലെങ്കില്‍ താല്പര്യമില്ല..അല്ലെങ്കില്‍ അങ്ങനെ ഉപയോഗിക്കാന്‍ നമ്മള്‍ പഠിപ്പിക്കപ്പെടുന്നില്ല....!!!...

ഇത് ഒരാള്‍ വളര്‍ന്നു വരുന്ന സാഹചര്യത്തിലെ അറിവുകളുടെ വലിയൊരു വലകെട്ടാണ് എന്ന് മനസ്സിലായി..

അറിയാതെ ഞാന്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയെ ഓര്‍ത്തു പോയി..." അറിഞ്ഞതില്‍ നിന്നുള്ള മോചനം" ..അതായിരുന്നല്ലോ അദ്ദേഹത്തിന്റെ പ്രശസ്തമായ ഫിലോസഫി..അതൊരു വലിയ തിരിച്ചറിവായി മനസ്സില്‍ രൂപം കൊള്ളാന്‍ തുടങ്ങി.....ഫ്രോയ്‌ഡും  ജീവിതകഥയുമായി എന്റെ കൂട്ടിനെത്തിയിരുന്നു.....

മലയാളി കുട്ടിയും ഒരു തമിഴ്‌ ബാലനും മഴയത് കളിച്ചാല്‍ നമ്മുടെ മലയാളിക്ക് പനി വരും..മറ്റേ കുട്ടിക്ക് വരില്ല...!!! എന്നൊരു സുഹൃത്തായ ഹോമിയോ ഡോക്ടര്‍ സരസമായി  പറഞ്ഞത് ഓര്‍ക്കുന്നു...കാരണം ഒന്നേയുള്ളൂ നമ്മുടെ കുട്ടിയുടെ  മനസ്സ് മഴ നനഞ്ഞാല്‍ പനിവരും എന്ന് കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്നു....!!!.തമിഴ്‌ ബാലന് സാഹചര്യങ്ങളാല്‍ അവന്റെ മാതാപിതാക്കള്‍ക്ക് നമ്മുടെ അറിവില്ലാത്തതിനാല്‍ അവന്‍ അങ്ങനെ കണ്ടീഷന്‍ ചെയ്യപ്പെട്ടിട്ടില്ല. ( ഉദാഹരണം ആണുട്ടോ എല്ലാരും ഇങ്ങനെയാണെന്ന് എടുക്കരുത്..)...!!! 

കുറെ സത്യമുണ്ട്  ഡോക്ടര്‍ പറഞ്ഞത്തില്‍ ...മനശാസ്ത്ര ലോകത്തിലെ പ്രശസ്തമായ ആ നായയുടെയും മണിയുടെയും കഥയും ഓര്‍ക്കുന്നു...നായക്ക് ഭക്ഷണം കൊടുക്കുന്നതിനു മുന്‍പ് കൃത്യമായി മണിയടിക്കുന്നു...കുറച്ചു ദിവസം കഴിഞ്ഞു മണിയടിച്ചാല്‍ നായയുടെ വായില്‍ താനേ വെള്ളമൂറും...!!! 

അറിവുകളുടെ വലിയൊരു തടവറയാണോ ലോകം....അറിവുകള്‍ക്ക് അങ്ങനെയും ഒരു ഭാവമോ....മണിച്ചിത്ര താഴ് സിനിമയില്‍ നായികയുടെ മനസ്സിലെ കെട്ടുപാടുകളെ പുറത്താക്കാന്‍ അതെ കൗശലം പ്രയോഗിച്ച ഡോക്ടറെ ഓര്‍ത്തു....അങ്ങനെയെങ്കിൽ  നമ്മള്‍ ആര്‍ജിച്ച  യുക്തി അത്ര യുക്തി ഭദ്രമോ....വീണ്ടും യുക്തിയുടെ പായകപ്പല്‍ അലയാഴിയിലെത്തി.... കാറ്റും കോളും!!.. 

ഏതാണ്ട് ഏഴു വയസ്സുവരെയുള്ള കാലം കുട്ടികളുടെ ബുദ്ധി വളര്‍ച്ചയിലെ  ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് . അറിഞ്ഞും അറിയാതെയും ഈ ലോകത്തെ മുഴുവന്‍ അവന്റേതായ ഭാഷ്യങ്ങളില്‍ മനസ്സില്‍ കോരിയിട്ടു അതിനെ മനസ്സിന്റെ ഏറ്റവും അടിയിലെ തട്ട് ആക്കി നിര്‍മ്മിക്കുന്ന അതി പ്രധാനമായ വളര്‍ച്ചയുടെ കാലം ...


" ദേ ഈ പാല് കുടിചില്ലെന്കില്‍ കോക്കാന്‍  വന്നു പിടിക്കട്ടെ..വേഗം കുടിച്ചോ..കൊക്കാനെ വരണ്ടാട്ടോ കുഞ്ഞു കുടിക്കുന്നുണ്ടേ...."  എന്ന ലളിതമായ കള്ളം  പറയുന്ന അമ്മമാര്‍ അറിയുന്നില്ലല്ലോ വരുംകാല ജീവിതത്തിലേക്ക് അവനു നല്‍കുന്ന ശക്തവും,... പലപ്പോഴും അപകടം ചെയ്തേക്കാവുന്ന..ഒരു മിത്തിനെയാണ് പാലിലൂടെ നല്‍കുന്നതെന്ന്....!

ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തു കടക്കുന്ന ആദ്യ ആഖാതം ഒരു കുട്ടി യില്‍ ഏല്‍പ്പിക്കുന്ന പ്രഹരത്തിന് ശേഷം അത്രയും പ്രാധാന്യമുണ്ട് ഏതാണ്ട് ഏഴു വയസ്സുവരെ ഒരു കുട്ടി അനുഭവിക്കുന്ന ചെറുതെന്ന് നമുക്ക് തോന്നുന്ന കുഞ്ഞി ഞെട്ടലുകള്‍....

വലിയൊരു വിജ്ഞാന സാഗരം കൈപ്പിടിയിലോതുക്കിയാലും വിടാതെ പിന്തുടരുന്ന,... അവന്റെ ലൈംഗീക താല്പര്യങ്ങള്‍ പോലും നിയന്ത്രിക്കപ്പെടുന്ന... അബോധ മനസ്സെന്ന മാന്ത്രികന്റെ സൃഷ്ടി അങ്ങനെ അവിടെ തുടങ്ങുകയായി...

അതോടൊപ്പം മറ്റു പലതും..ഉദാഹരണമായി "ദേ അമ്പിളിമാമന്‍ " എന്ന് പറഞ്ഞു ചന്ദ്രക്കലയെ ആഹ്ലാദപൂര്‍വ്വം നമ്മള്‍ കാട്ടി കൊടുക്കുമ്പോള്‍ ഒന്നറിയുക... കുഞ്ഞു മനസ്സില്‍ ചന്ദ്ര ബിംബം അമ്പിളി മാമന്‍ ആകുന്നതു സങ്കീര്‍ണവും സൃഷ്ടിപരവും ആയ വലിയൊരു പ്രക്രിയയിലൂടെയാണ്....അവിടെ ആഹ്ലാദം നിറയുന്നതും വലിയൊരു രാസമാറ്റം തന്നെയാണ്....

വസ്തുതകള്‍ അറിഞ്ഞാലേ ..അറിഞ്ഞത് തെറ്റാണെങ്കില്‍   അതില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയു....എന്നാൽ ...അറിഞ്ഞതിനെ എങ്ങനെ ശെരിയാണോ എന്ന്  വിലയിരുത്തും....എന്താണതിന്റെ അളവുകോലുകള്‍.... ? 

യുക്തിയുടെ അളവുകോലുകള്‍ !
***********************************
എന്ത് കൊണ്ട് വിദഗ്ധരായ മനുഷ്യര്‍ ( എല്ലാവരുമല്ല എന്നാല്‍ ഭൂരിപക്ഷവും)  ഒരു ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിരുന്നു കഴിഞ്ഞ ഭാഗത്തിലെ കണ്ടീഷന്‍ ചെയ്യപ്പെട്ട അറിവുകളും അബോധ  മനസ്സിന്റെ രൂപീകരണവും ചര്‍ച്ച ചെയ്തത്... അതില്‍ നിന്നും ഒന്ന് മനസ്സിലായി...ഏതെങ്കിലും  തൊഴില്‍മേഖലയില്‍ ഒരാള്‍ വിദഗ്ദ്ധനാവുന്നത് അയാളുടെ മുതിര്‍ന്ന കാലത്തേ വിദ്യാഭ്യാസം കൊണ്ട് മാത്രമാണ്...ഉദാഹരണമായി ഒരു ഡോക്ടര്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു മെഡിസിന് പഠിച്ചതിനു ശേഷമാണ് ഒരു പ്രത്യേക മെഡിക്കല്‍ വിഭാഗത്തില്‍ വിദഗ്ധന്‍ ആവുന്നത്..അതേ  സമയം അയാളില്‍ ബാല്യത്തിലെ അങ്കുരിച്ച  അബോധ മനസ്സില്‍ എല്ലാതരം അന്ധ വിശ്വാസങ്ങളും ഉണ്ടായിരിക്കും !! സത്യത്തില്‍ ശാസ്ത്ര ബോധം ഇവ ദൂരീകരിക്കെണ്ടതാണ്....ദൌര്‍ഭാഗ്യവശാല്‍ ശാസ്ത്ര  ബോധം എന്നത് നമ്മുടെ പാഠ്യപദ്ധതിയിലെ  ( ഉയര്‍ന്ന പഠനങ്ങളിലും ) ഒരു ഇനമേ അല്ല...!!! 

ചിലപ്പോള്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ചേക്കും ...."  
"പിന്നേ...ഒരു ഡോക്ടറിന് പോലും ഇല്ലാത്ത  ശാസ്ത്ര ബോധവും കൊണ്ട് വന്നേക്കുന്നു....ഒന്ന് പോടെയ്‌...." പക്ഷെ കാര്യം സത്യമാണ്....ശാസ്ത്ര ബോധം എന്നത് നിങ്ങള്‍ വിദഗ്ദ്ധനായ ഒരു പ്രൊഫെഷണല്‍ ആയത് കൊണ്ട് മാത്രം കരഗതമാവില്ല തന്നെ.....!!

 " ശാസ്ത്രത്തെ പ്രകീര്‍ത്തിക്കുകയും, ഗവേഷണ ശാലകളില്‍ അത് പ്രയോഗിക്കുകയും ചെയ്യുന്നവര്‍ ..നിത്യ ജീവിതത്തിന്റെ മറ്റെല്ല രംഗങ്ങളിലും ശാസ്ത്രീയതയെ തിരസ്കരിക്കുന്നു....അവര്‍ തീര്‍ത്തും ശാസ്ത്ര വിരുദ്ധരായി തീരുന്നു...." - ജവഹര്‍ ലാല്‍ നെഹ്‌റു 

നെഹ്‌റു പറഞ്ഞ ഈ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണെന്ന് വിഖ്യാതമായ ഗണപതിയുടെ  പാലുകുടിക്കല്‍ സംഭവത്തില്‍ വ്യക്തമായി....

ഗണപതിയുടെ പാലുകുടി !
******************************

ഉത്തരെന്ത്യന്‍ നഗരങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഏറെ കൊളിളക്കം സൃഷ്ടിച്ച ഒന്നാണ് ഗണപതി വിഗ്രഹങ്ങളുടെ പാലുകുടി..വിഗ്രഹത്തിന്റെ തുംബിക്കയ്യോട് ചേര്‍ത്ത് വെക്കുന്ന പാല്‍ പതിയെ വിഗ്രഹത്തിലേക്ക് പടര്‍ന്നു കയറുന്നതിനെയാണ് പാലുകുടിയായി വ്യഖ്യാനിക്കപെട്ടത്‌... ജലത്തിന്റെ വിസ്കൊസിറ്റി  എന്ന ബല സ്വഭാവമായിരുന്നു അതിന്റെ പിന്നില്‍... പക്ഷെ ശാസ്ത്രഞ്ജര്‍ ഇത് പറഞ്ഞപ്പോള്‍ "ശാസ്ത്രജ്ഞ്ജരുടെ തലുക്കുള്ളില്‍ ഓളം വെട്ടാണ്  "  എന്നായിരുന്നു അന്നിന്ത്യ വിറപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ പറഞ്ഞത് ..!!! 

അതിനൊത് കുറെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും വലിയ വലിയ ബിരുദമുള്ളവരും ഒക്കെ തുള്ളിയിരുന്നു....!!! തങ്ങളുടെ അബോധ മനസ്സില്‍ ചെറുപ്പത്തിലെ മുലപ്പാലിനൊപ്പം ചേക്കേറിയ പഴയ വിശ്വാസങ്ങളെയും ദൈവങ്ങളെയും തള്ളിപ്പറയാനോ ശാസ്ത്രീയ യുക്തിയുടെ വെളിച്ചത്തില്‍ അവ പരിശോധിക്കാനോ മെനക്കെടാത്ത...അതിന്റെ ആവശ്യം ജീവിതത്തില്‍  തോന്നാത്ത....ബഹു ഭൂരിപക്ഷം..!!!!

 പക്ഷെ കൂടുതല്‍ നീണ്ടില്ല വലിയ ഉദ്യോഗസ്ഥരുടെയും വിദഗ്ധ പ്രൊഫഷനലുകളുടെയും  പരിഹാസ്യമായ ആ നിലപാടുകള്‍....കാരണം ഗണപതി മാത്രമല്ല കളിപ്പാട്ടങ്ങള്‍ പോലും പാലുകുടിക്കുന്നു എന്ന് തെളിഞ്ഞു..!! ഒന്ന് മനസ്സിലായി ശാസ്ത്ര ബോധം എന്നത് വേറിട്ട ഒന്ന് തന്നെയാണ്...സത്യസായി ബാബയെ പോലുള്ളവര്‍ വായില്‍ നിന്നും സ്വര്‍ണ ഗോളങ്ങള്‍ " അത്ഭുതകരമായി " ഉണ്ടാക്കുകയും അന്തരീക്ഷത്തില്‍ നിന്നും വസ്തുക്കള്‍ സൃഷ്ടിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ ....നമ്മുടെ വിദഗ്ധജനത വാ പൊളിച്ചു നില്‍ക്കുന്നു....!!!! 

 നെഹ്രുവും സായിബാബയും തമ്മിലുള്ള ഒരു കഥ കേട്ടിട്ടുണ്ട്...( ഇതിന്റെ ആധികാരികതയില്‍ എനിക്ക്  സംശയമുണ്ട്‌...പക്ഷെ യുക്തി സഹമായത് കൊണ്ട് വേണമെങ്കില്‍ ഒരു കഥയായി കരുതാമെന്നത് കൊണ്ടും പറയുന്നു ) 

നെഹ്‌റു കുളിക്കുകയാണ്, പ്രൈവറ്റ്‌ സെക്രടറി ചെന്ന് കതകില്‍ മുട്ടിപറഞ്ഞു...." പണ്ടിട്ജി... മഹാനുഭാവനായ ഒരു അത്ഭുത സ്വാമി താങ്കളെ കാണാന്‍ പുറത്തു കാത്തു നില്‍ക്കുന്നുണ്ട്....പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ഭഗവാന്‍... അല്ഭുതമെന്നെ പറയേണ്ടു അദ്ദേഹം ഇതാ അന്തരീക്ഷത്തില്‍ നിന്നും എനിക്കൊരു സ്വര്‍ണ വാച്ച് സൃഷ്ടിച്ചു തന്നിരിക്കുന്നു...അതിശയം  തന്നെയാണെ ...!! "

  ഭാരതം കണ്ട എക്കാലത്തെയും യുക്തി ബോധമുള്ള പ്രധാനമന്ത്രി പറഞ്ഞു,.." അത്ര വിശേഷാണേല്‍, എന്നെ കാണാനൊന്നും നില്‍ക്കണ്ട..നേരെ ഗംഗയുടെ കരയിലേക്ക് വേഗം പോയ്ക്കോളാന്‍ പറയു...എന്നിട്ട് അവിടത്തെ  മണല്‍ത്തരികള്‍ മുഴുക്കെ അങ്ങട് ഗോതമ്പാക്കാന്‍ പറയു... ഭാരതത്തിനിത് ക്ഷാമകാലമാണ്...ഞാനിതാ അങ്ങട് എത്തീന്നും  പറഞ്ഞോളു...." !!!

 ഒരു ക്ഷാമ കാലത്തെ  രാഷ്ട്ര നായകന്‍ ഇതില്‍ കൂടുതല്‍ എന്ത് യുക്തി കാണിക്കാന്‍ അല്ലെ....!!

ഇന്നും ലോകത് ദിവ്യാല്ഭുതവും   ആരും കാണിച്ചിട്ടില്ല...അഥവാ അങ്ങനെ ആരെങ്കിലും കാണിക്കുകയാണെങ്കിൽ  അവര്‍ക്ക്   സുഖമായി ജീവിക്കാനുള്ള കാശ് തരാന്‍ ( ഒരു മില്ല്യന്‍ ഡോളര്‍ ) തരാന്‍ തയ്യാറായി ഇതാ റാന്റിയും സംഘവും നില്‍ക്കുന്നു....അത്തരക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ സ്ഥലത്ത് വന്നു ഇവര്‍ തീരുമാനിച്ചോളും ഇയാള്‍ കാണിക്കുന്നത് ദിവ്യാല്ഭുതമാണോ, അമാനുഷികമാണോ എന്നൊക്കെ.....ഇന്ന് വരെ അതിന്റെ പ്രാഥമിക ഘട്ടം പോലും ആരും ഇത് വരെ ജയിച്ചിട്ടില്ല...ലോകരാഷ്ട്രങ്ങളും നാസയും എല്ലാം ബഹുമതികള്‍ കൊടുത്തു പ്രോത്സാഹിപ്പിച്ച ആ 
 റാന്റിയുടെ വെബിന്റെ ലിങ്ക്  ഇവിടെ കൊടുക്കുന്നു...
www.randi.org

പറഞ്ഞു വന്നത് ....എന്നിട്ടും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും പ്രേതങ്ങള്‍ വിഹരിക്കുന്നു....അത്ഭുതങ്ങള്‍ കാട്ടുന്ന പുരോഹിതന്മാരും തങ്ങള്മാരും വാഴുന്നു...അല്‍ഫോന്‍സാമ്മ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു വിശുദ്ധയായി....സായി ബാബ കുറേക്കാലം ഇടതടവില്ലാതെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു....അമൃതാനന്ദ മയി ദേവിയുടെ അത്ഭുതങ്ങള്‍ ഇപ്പോഴും ഭക്തരില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു...!

 ഇടയ്ക്കു കലാനാഥന്‍ മാഷ്‌ പറഞ്ഞതോര്‍ക്കുന്നു.." അമൃതാനന്ദമയി ആശുപത്രി തുടങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത്‌ ഗംഗാ ജലവും തീർത്ഥവും  കൊണ്ടോക്കെയുള്ള ഒരു ചികില്‍സാരീതി ആയിരിക്കും എന്നാണു....ഇത് നമ്മുടെ ആധുനിക ആരോഗ്യ ചികില്‍സ രീതിയല്ലേ..എന്താ ഇവിടെ അത്ഭുതം ഒന്നും പ്രവര്‍ത്തിക്കുന്നില്ലേ..എല്ലാം ശാസ്ത്രത്തിന് വിട്ടു കൊടുത്തിരിക്കുകയാ...!!! 

ഇവരെ കുറിച്ചുള്ള ഒരു സായിപ്പെഴുതിയ അമ്മയുടെ ജീവ ചരിത്രത്തില്‍ ധാരാളം അത്ഭുതങ്ങള്‍ വിവരിക്കുന്നുണ്ടത്രേ...ഇടക്കൊന്നു പറഞ്ഞോട്ടെ അവര്‍ ആശുപത്രി കെട്ടിയത് നല്ല കാര്യം തന്നെ ..ഇവിടെ എന്റെ വിഷയം ശാസ്ത്രബോധവുമായി ബന്ധപെട്ടത്‌ മാത്രമാണ്..

.സമൂഹത്തിന്റെ അടിയില്‍ ഇങ്ങനെ അനവധി പ്രചരിക്കുന്നുണ്ട്.....മുന്‍പ് പറഞ്ഞ വലിയ ബിരുദമുള്ളവര്‍ ആണ് ഇതിലെ പ്രചാരകര്‍...റഷ്യയിലെ ഒരു കുട്ടിയില്‍ ചര്‍മ്മ  രോഗം മൂലമുള്ള പ്രത്യെകത കൊണ്ട് എന്ത് പതിയെ വരച്ചാലും തെളിഞ്ഞു വരുന്ന രോഗത്തെ ഖുറാനിലെ സൂക്തങ്ങള്‍ തെളിയുന്നു എന്ന പേരില്‍ കുറെ കാലം ജനത കൊണ്ടാടി ....!!!

അപ്പോഴും ചോദ്യം ബാക്കിയാണ് !! ബഹു ഭൂരിപക്ഷത്തിനും ഇല്ലാത്ത...നിങ്ങള്‍ ഒരു ചെറുന്യുന പക്ഷം പറയുന്ന ആ ശാസ്ത്ര ബോധം  എന്താണ്...എന്താണതിന്റെ രീതികള്‍ ....എന്തിനതു നമ്മള്‍ പുലര്‍ത്തണം...????
നമുക്കത് അടുത്തതില്‍ ചര്‍ച്ച ചെയ്യാം....

എന്താണ്  ശാസ്ത്രബോധം...?
*********************************
അതൊരു സ്വഭാവം ആണെന്ന് ഞാന്‍ പറയും ഒരു വസ്തുതയെ പരിശോധിക്കണമെങ്കില്‍ അതിനെ നേരായി സമീപിക്കേണ്ടി വരും, നേരായി എന്ന് പറഞ്ഞാല്‍ നമ്മുടെ മുന്‍ ധാരണകളോ , നമ്മുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ ആ സമീപനത്തെ സ്വധീനിക്കരുത് എന്ന് ചുരുക്കം..

അങ്ങനെ മുന്‍ധാരണകള്‍ ഇല്ലാതെ സമീപിച്ചാല്‍ മാത്രം എങ്ങനെ അത് നേരായ മാര്‍ഗമാണ് എന്ന് പറയും ? എന്താണ് അങ്ങനെ നിങ്ങള്‍ നേരിന് കൊടുക്കുന്ന അര്‍ഥം..?
ഇതൊരു ചോദ്യമാണ്....ഒരു ഉദാഹരണത്തിലൂടെ ഇതിനു മറുപടി കണ്ടെത്താന്‍ ശ്രമിക്കാം,

കടലിനടിയില്‍ നിന്നും ദ്വാരകയുടെ അവശിഷ്ടം കണ്ടെടുത്തു എന്ന് ഒരു പത്ര വാര്‍ത്ത കണ്ടിരുന്നു, കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്..അന്ന് മനസ്സില്‍ സ്വാഭാവികമായും ഉയര്‍ന്ന ചോദ്യം കടലില്‍ നിന്നും ഒരു നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ അവശിഷ്ടങ്ങള്‍ കണ്ടെത്തി എന്നത് സത്യം പക്ഷെ അത് ദ്വാരകയുടെതെന്നു എങ്ങനെ തിരിച്ചറിഞ്ഞു...?

ഇനി ദ്വാരകയുടെ നിര്‍വചനം എന്താണ്... ? 'കൃഷ്ണന്‍' എന്ന ഹൈന്ദവ മിത്തുകളില്‍ പറയുന്ന അവതാരം ജീവിച്ചിരുന്ന ദ്വാരകയാണോ അത് , അത്തരം ഒരു ദ്വാരകയും അവതാരവും ഉണ്ടായിരുന്നു എന്ന് എങ്ങനെ തെളിഞ്ഞു..? ഏതായിരുന്നു ആ കാലഘട്ടം ..?  എങ്ങനെയാണ്  ഈ അവശിഷ്ടങ്ങള്‍ അതെ ദ്വാരകയുടെതെന്നു കണ്ടെത്തിയത് ? , 

ഇതില്‍ ആകെ കിട്ടിയ ഉത്തരം നഗരാവശിഷ്ടങ്ങള്‍ പോലുള്ളവ കടലിനടിയില്‍ നിന്നും കണ്ടെത്തി അതിനു ഏതാണ്ട് ഇത്ര വര്ഷം പഴക്കമുണ്ട് എന്നതാണ്. ബാക്കിയെല്ലാം ഒരു കൂട്ടിച്ചേര്‍ക്കലും...!!!!

അപ്പോള്‍ പത്ര വാര്‍ത്തയില്‍ വന്ന ദ്വാരകയും അതിന്റെ പേരില്‍ 'ഹരേ കൃഷ്ണാ' എന്ന് അത് വായിച്ചു കൈകൂപ്പുന്ന ഒരു ഭക്തനും എന്ത് കൊണ്ടാണ് ഈ ചോദ്യങ്ങള്‍ മനസ്സില്‍ ഉയരാത്തത്..?

അവിടെയാണ് ഇന്നത്തെ ബഹു ഭൂരിപക്ഷവും മേനി പറയുന്ന ഭക്തിയുടെ കാപട്യം പുറത്തു ചാടുന്നത്....ഞാനിത് പറയുമ്പോള്‍ തന്നെ ഭൂരിപക്ഷവും നെറ്റി ചുളിക്കും. ഓ.. പിന്നെ ഞങ്ങള്‍ എല്ലാം കള്ളന്മാരും ദേ നിങ്ങള്‍ കുറെ നല്ല പിള്ളകളും..ഹാ..ഹാ...നമ്മുടെ ഒരു മാനസിക അവസ്ഥയാണ് അത് കാലാകാലങ്ങളായി വളര്‍ന്നു വന്ന പഴയ ചിന്തകളുടെ മുകളില്‍ ആണ് നമ്മുടെ ഭൂരിപക്ഷവും അവരുടെ യുക്തി മുളപ്പിചിരിക്കുന്നത്..അതുകൊണ്ട് തന്നെ അത്തരം യുക്തിക്ക് ഒരു പരിധി വിട്ടു യുക്തമായി ചിന്തിക്കാന്‍ കഴിയില്ല തന്നെ...!!!

നേരത്തെ പറഞ്ഞ ചോദ്യത്തിലേക്ക് വീണ്ടും വരുന്നു എന്ത് കൊണ്ടാണ് നമ്മുടെ ഭക്തന്മാര്‍ക്ക് ഈ ചോദ്യങ്ങള്‍ വരാത്തത്...??

ഒന്ന് വളരെ എളുപ്പത്തില്‍ ഭക്തനകാനുള്ള ഒരു കുറുക്കു വഴി മനസ്സിന് ആ വാര്‍ത്ത വെച്ച് നീട്ടുന്നു എന്നതാണത്. ....യുക്തമായി ചിന്തിച്ചു എന്തിനു ദൈവ കോപം വരുത്തണം , എന്ന വളരെ ബാലിശമായ ചിന്ത മനസ്സില്‍ ഉള്ളത് കൊണ്ട്, കിട്ടുന്ന സന്ദര്‍ഭം രണ്ടു കൈയും നീട്ടി സ്വീകരിക്കുക എന്നിട്ട് ഭക്തന്‍ ആയി സ്വയം പ്രഖ്യാപിക്കുക..!!.മനസ്സിന്റെ ഒരു സൂത്രം..!!! അബോധത്തില്‍ ഒരു സംതൃപ്തി അപ്പോള്‍ നുരയുന്നുണ്ട്, " ദാ ഞാന്‍ ദൈവത്തിനു വേണ്ടി വാദിക്കുന്നു, എന്തായാലും ദൈവം അത് കണ്ടിട്ടുണ്ടാവണം  , ദൈവത്തിനു എന്നോട് മതിപ്പ് തോന്നിയിട്ടും ഉണ്ടാവണം.... " ഇവിടെ നീതി മരിക്കുന്നു നീതിയെന്താണ്, അത്  ആ വസ്തുതയെ ശരിയായി പറയുക എന്നതായിരുന്നു. അതിനു കൂട്ടാക്കാതെ, അത് ദ്വാരക തന്നെയാണ് എന്ന വസ്തുത അങ്ങനെ ഉണ്ടാക്കപെടുന്നു....!!! എത്ര എളുപ്പം..!!!

മറ്റൊരു വാദമുണ്ട്,
ഇനി ഇങ്ങനെ പറയുന്നതില്‍ എന്താ കുഴപ്പം, അത് ദ്വാരക അല്ല എന്നൊന്നും തെളിഞ്ഞിട്ടില്ലലോ..ഉണ്ടോ..??അങ്ങനെയെങ്കില്‍ നിങ്ങള്‍ തെളിയിക്കു അത് ദ്വാരക അല്ലെന്ന്  അപ്പോള്‍ ഞങ്ങള്‍ വിശ്വസിക്കാം...എന്തേ..!!

അതെ അതാണ്‌ സത്യം,  ആ നഗരം ദ്വാരക ആണെന്നോ അല്ലെന്നോ തെളിഞ്ഞിട്ടില്ല ..പക്ഷെ ഏതാണ്ട് നഗരാവശിഷ്ടം പോലെ തോന്നുന്നവ കണ്ടെടുത്തു..ഇതാണ് വസ്തുത ആ വസ്തുത അങ്ങനെ തന്നെ പറയുക എന്നതാണ് ശാസ്ത്ര ദൃഷ്ട്യാ നീതി ...അതിനെയാണ് ശാസ്ത്ര ബോധം എന്ന് പറയുന്നത് . കാരണം അവര്‍ അതിനെ സത്യസന്ധമായാണ് സമീപിക്കുന്നത്, അത് ദ്വാരക ആവാം അല്ലാതിരിക്കാം, എന്തായാലും അത് തെളിയിക്കപെട്ടിട്ടില്ല അത് തെളിയിക്കാന്‍ വളരെ  ഋജുവായ സമീപന രീതി ആവശ്യമാണ്.... അല്ലാതെ വളരെ എളുപ്പത്തില്‍ ഒരു ഭക്തനാവാനുള്ള മനസ്സിന്റെ ഒടിവിദ്യയില്‍ പെടാന്‍ ശാസ്ത്ര ബോധമുള്ള മനസ്സുകള്‍ തയ്യാര്‍ ആവില്ല...അതെ അത്തരത്തില്‍ സത്യസന്ധതയുള്ള  സമീപനങ്ങള്‍ക്ക് നിങ്ങളെ മതത്തിന്റെ ഭ്രാന്തെടുപ്പിക്കാന്‍ കഴിയില്ല.....

അങ്ങനെയാണ് ഗണപതി പാലുകുടിക്കുന്നത് പൊളിയുന്നത്....ഒന്നോര്‍ത്തു നോക്ക് എത്ര കൊലപാതകങ്ങളും ചൂഷണങ്ങളും ആണ് ഇത്തരം ശാസ്ത്ര ബോധമില്ലതതിനാല്‍ നമ്മുടെ ഭാരതത്തില്‍ അരങ്ങേറുന്നത്..നമ്മുടെ ഭരണ ഘടന പ്രകാരം ശാസ്ത്ര ബോധം പ്രചരിപ്പിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്..

ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു പള്ളി വികാരി അച്ചനുണ്ടായിരുന്നു, അദ്ദേഹം ഒരു ദിവ്യന്‍ ആയിരുന്നത്രേ...കളവു പോയ വസ്തുക്കള്‍ അദ്ദേഹത്തിന്റെ പ്രാര്‍ഥന മൂലം തിരികെ ലഭിചിരുന്നത്രേ....!! എന്ത് അസംബന്ധം...!!! പാവം അച്ചന്‍ രോഗം മൂര്ചിച്ചു ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു...പക്ഷെ ഒരു വലിയ വിഭാഗം സ്ത്രീകളും പുരുഷന്മാരും അത് വിശ്വസിച്ചിരുന്നു....!!!!

ഇത്തരം കാര്യങ്ങളെ എങ്ങനെയാണ് സമീപിക്കുക അതാണ്‌ ശാസ്ത്ര രീതിയുടെ കാതലായ ഭാഗം. അത് ലളിതമാണ് ശാത്രത്തിനു ഒരു വസ്തുതയെ ഖണ്ഡിക്കാന്‍ ഒരുപാട് നിലവിലെ അറിവുകള്‍ ഉണ്ട്. അതായത്, നിലവിലെ അറിവുകള്‍ വെച്ച് അതിനെ പ്രഥമ ദൃഷ്ട്യാ ഖണ്ഡിക്കാന്‍ ശ്രമിക്കും ..പക്ഷെ അതിലെല്ലാം ആ വസ്തുതകള്‍ വിജയിക്കുകയാണെങ്കില്‍ ശാത്രം അതിനനുസരിച്ച പുതിയ നിയമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും അത് മുന്‍ വസ്തുതയുടെ അതെ സ്വഭാവമുള്ള സംഭവങ്ങളിലും വിജയിക്കുകയാണെങ്കില്‍ അതൊരു ശാസ്ത്ര സത്യമായി പ്രഖ്യാപിക്കും ..

ഇനിയൊ..അത്തരം ശാസ്ത്ര സത്യമായി പ്രഖ്യാപിച്ചു എന്നത് കൊണ്ട് അതിനോടുള്ള  ശാസ്ത്ര ദൃഷ്ടിയിലുള്ള വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കുകയും ഇല്ല.  അതും നിരന്തരം തുടരും... ഈ നിരന്തരമായ വിമര്‍ശനാതമകത, ഈ നിരന്തരമായ്‌ പഠനം പുതിയ പുതിയ അറിവുകല്‍ക്കനുസരിച്ചു നിലവിലുള്ളതിനെ നിരന്തരം താരതമ്യം ചെയ്തു പഠിക്കുക , അതില്‍ പൊരുത്തക്കേടുകള്‍ തോന്നിയാല്‍ പഴയ ശാസ്ത്ര സത്യത്തെ തന്നെ പുതുക്കി പണിയുക തുടങ്ങിയ വളരെ ചലനാത്മകം ആയ ഒരു സമീപന , പഠന രീതിയാണ് ശാസ്ത്ര ബോധം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...അല്ലാതെ അത് ഫുല്സ്ടോപ്പിട്ട ഒരു വിഷയം അല്ല.

രാമര്‍ പെട്രോളിന്റെ കാര്യത്തിലും ഇതൊരു വിഷയം ആണ്... രാമര്‍ പെട്രോള്‍ ഉണ്ടാക്കി പക്ഷെ അത് സുതാര്യമല്ല, ശാസ്ത്രഞ്ജര്‍ പറഞ്ഞു നിങ്ങള്‍ എന്തൊക്കെയാണ് സാമഗ്രികള്‍ വേണ്ടതെന്ന് പറയു, ഞങ്ങള്‍ തരാം എന്നിട്ട് നിങ്ങള്‍ പെട്രോള്‍ ഉണ്ടാക്കു, ഞങ്ങള്‍ അത് അംഗീകരിക്കാം, അത് എങ്ങനെ ഉണ്ടായെന്നു ഒരു പക്ഷെ നിങ്ങള്ക്ക് പറയാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല ഞങ്ങള്‍ കണ്ടെത്താം..നിങ്ങള്ക്ക് ഇതിന്റെ പെറെന്റ്റ്‌ തരികയും ചെയ്യാം എന്ന്...പക്ഷേ രാമര്‍ അതിനു തയാറായില്ല അയാള്‍ പറഞ്ഞു നിങ്ങള്‍ തരുന്നവ വെച്ച് ചെയ്യാന്‍ കഴിയില്ല ഞാന്‍ ചെയ്തു കാണിക്കാം, നിങ്ങള്‍ അംഗീകരിക്കുക എന്ന്.. അതെങ്ങനെ ശരിയാകും അങ്ങനെയെങ്കില്‍ ശാസ്ത്ര സംഘതിന്റെ കാര്യം തന്നെയില്ലല്ലോ....ഒരു വസ്തുതയെ പരിശോധിക്കാന്‍ ആണ് ശാസ്ത്ര സംഘം  വേണ്ടതെങ്കില്‍ അത് സുതാര്യമായിരിക്കണം.

ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ് രാമര്‍ പെട്രോള്‍ ഉണ്ടാക്കുമ്പോള്‍ എപ്പോഴും അധികം പദാര്‍ഥം ഉണ്ടാകുന്നു. ഒരു യുണിറ്റ്‌ പദാര്‍ഥവും ഒരു യുണിറ്റ്‌ പദാര്‍ഥവും കൂടിചെര്‍ന്നാല്‍ രണ്ടു യുണിറ്റ്‌ പദാര്‍ഥം ഉണ്ടാകും. പലപ്പോഴും രാസ ക്രിയ വേളകളിലും നിര്‍മ്മാണ വേളകളിലും ഉണ്ടാകുന്ന വിതരണ നഷടം കൂടി കുറച്ചാല്‍ അത് രണ്ടു യൂണിറ്റിൽ  കുറവായിരിക്കും ലഭിക്കുക...പക്ഷെ രാമര്‍ ഉണ്ടാക്കുന്ന പദാര്‍ഥം എപ്പോഴും കൂടുതല്‍ ആവുക എന്നതിനർത്ഥം  എന്താണ്..!!! 

അധികമുള്ള പദാര്‍ഥം എവിടെ നിന്നും വന്നു ...!!! അത് രാമറിന്റെ വിഷയമല്ല..ശരിയാണ് അത് കണ്ടെത്താന്‍ ആണല്ലോ ശാസ്ത്രം , ശരി ശാസ്ത്രഞ്ജര്‍ പറയുന്നു, ശരിയാണ് ചിലപ്പോള്‍ പദാര്‍ഥം കൂടുതല്‍ ഉണ്ടാകാം പക്ഷെ അതിനു നിലവിലെ അറിവുകള്‍ വെച്ച് കടുത്ത ഊഷ്മാവില്‍ കാര്‍ബണ്‍ സംയുക്തങ്ങള്‍ ഉണ്ടാകണം !! ഇവിടെ അത്തരം അവസ്ഥ ഒന്നും ഇല്ല ...എന്നിട്ടും ശാസ്ത്രഞ്ജര്‍ പറഞ്ഞു അതും വേണമെങ്കില്‍ പുതിയ നിയമങ്ങള്‍ ആകാം പക്ഷെ അവ പരിശോധിക്കുന്നതെങ്ങനെ..???പരിശോധിക്കാന്‍ ഒന്നുകില്‍ എന്തൊക്കെയാണ് അയാള്‍ ചെയ്യുന്നതെന്ന് പറയുക.അല്ലെങ്കില്‍ ശാസ്ത്രഞ്ജര്‍ അയാളുടെ ലിസ്റ്റു പ്രകാരം കൊടുക്കുന്ന വസ്ത്‌ാക്കള്‍ കൊണ്ട് ഉണ്ടാക്കി കാണിക്കുക....!!! രണ്ടിനും രാമര്‍ തയാറല്ല...!!!

ഹോമിയോപ്പതിയുടെ അടിസ്ഥാന ആശയങ്ങളില്‍ ചിലവ ഇന്നും തെളിയിക്കപെട്ടിട്ടില്ല എന്ന് മാത്രമല്ല അത് തെളിയിക്കാന്‍ നടത്തിയ പരീക്ഷണങ്ങള്‍ എല്ലാം തന്നെപരാജയമാവുകയും ചെയ്തു...!!!.' നേര്‍പ്പിക്കും തോറും രോഗ ശമന വീര്യം കൂടും' എന്ന ഹോമിയോ തിയറി ഇന്നും തെളിയിക്കപെട്ടിട്ടില്ല...!!!!ഹോമിയോ ചികില്‍സ കൊണ്ട് മരിച്ചു പോയ കുട്ടിയുടെ പേരില്‍ ഡോക്ടര്‍ക്കെതിരെ കേസ് കൊടുത്തപ്പോള്‍, കോടതി കേസ് കൊടുത്തയാളെ  തന്നെ ശിക്ഷിച്ച കഥയും കേട്ടിട്ടുണ്ട്, ബ്രിട്ടനില്‍ ആണെന്നു ഓര്മ,  കോടതി ചോദിച്ചത് അശാസ്ത്രീയമായ ചികില്‍സ സമ്പ്രദായത്തില്‍ എന്തിനാണ് കുട്ടിയെ ചികില്സ്സിച്ചത് എന്നാണു..!!

ഈ ചോദ്യങ്ങളില്‍ യുക്തിയുണ്ടെന്ന്  തോന്നിയതിനാല്‍ ആണ് പൊതു സമൂഹം അത് സ്വീകരിക്കുന്നത്...ചിലര്‍ ചോദിക്കുന്നത് കേട്ടിട്ടുണ്ട് ഹോമിയോവില്‍ പല രോഗങ്ങളും  മാരുന്നുണ്ടല്ലോ എന്ന്...?? ഇതൊരു ചോദ്യം തന്നെയാണ് പലതും മാറുന്നുണ്ട്....പക്ഷെ അതിനെ ശാസ്ത്രീയമായ രീതികളില്‍ ആണ് പരിശോധിക്കേണ്ടത് അതിനൊരു ശാസ്ത്രീയ വിശകലന രീതിയുണ്ട്.. നേരത്തെ പറഞ്ഞത് ഒരു ചികില്‍സാ ശാസ്ത്രം കെട്ടിപോക്കിയ അടിസ്ഥാന വസ്തുതകള്‍ സംശയാതീതമായി തെളിയണം എന്ന യുക്തിയില്‍ ആണ്,  അത് അങ്ങനെ തെളിഞ്ഞിട്ടില്ല ഹോമിയോ പതിയില്‍...അതിനര്‍ഥം ഇന്ന് കൊടുക്കുന്ന മുഴുവന്‍ മരുന്നുകളും ചീത്തയാണെന്നോ  നല്ലതാണെന്നോ അല്ല. പല ഔഷധങ്ങളും പല മാര്‍ഗങ്ങളില്‍ തയ്യാർ  ചെയ്യപെടുന്നവയാണ് നമ്മളോട് ഒരു വസ്തുത പറഞ്ഞു അത് ശരിയാണോ എന്ന് ചോദിച്ചാല്‍ പരിശോധിക്കാം എന്നാണു മറുപടി, അങ്ങനെ പരിശോധിച്ചിട്ട് ആ വസ്തുത ശരിയല്ലെങ്കില്‍ അതിനെ അശാസ്ത്രീയം  എന്ന് പറയും അതാണ്‌ ശരിയായ മാര്‍ഗവും....

പത്തു രോഗികള്‍ക്ക് ഒരസുഖതിനു മരുന്ന് നല്‍കുന്നു അതില്‍ അഞ്ചു പേര്‍ക്ക് ഔഷധമില്ലാത്ത പൊള്ളയായ മരുന്നുകള്‍( ' പ്ലാസിബോകള്‍) '   നല്‍കുന്നു ഇത് പക്ഷെ രോഗികള്‍ അറിയുന്നില്ല... എല്ലാവര്‍ക്കും രോഗം മാറുന്നു..!!! .ഇതിലെവിടെയാണ് തെറ്റ് ഇതിലെ ശാസ്ത്രീയത എന്താണ്...അപ്പോഴാണ്‌ പറയാനുള്ളത് ശാസ്ത്രീയത എന്നത് തയ്യാര്‍ ചെയ്തു വെക്കുന്ന ഉത്തരം അല്ല.... അത് ശരിയായ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള വഴിയാണ് നേരായ വഴി ആ വഴികളില്‍ മുന്‍ധാരണകളോ  വ്യക്തി താല്പര്യമോ കൂട്ടുചേരുന്നില്ല...

.പറഞ്ഞു വരുന്നത് ഇതാണ് പലരും ചോദിക്കുന്നത് പോലെ ശാസ്ത്രത്തിന് അതിനെന്തു ഉത്തരം പറയാനുണ്ട് ? എന്ന ചോദ്യത്തിന് ശാസ്ത്രം ഒരു റെഡിമേയ്ട് ഉത്തരം നിര്‍മ്മിക്കുന്ന ഫാക്ടറി അല്ല...അത് ഒരു വസ്തുതയെ കാര്യ കാരണ സഹിതം ചോദ്യം ചെയാനും ചോദ്യങ്ങളിലൂടെ ശരിയിലേക്ക് വരാനും ഉള്ള രീതി മാത്രമാണ്...

ഇന്നത്തെ ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ഒരുപാട് കള്ളത്തരങ്ങള്‍ ഇല്ലേ..?? നിങ്ങളുടെ ശാസ്ത്രത്തിന് എന്ത് പറയാനുണ്ട്..? വിദ്യാസംബന്നന്‍ ആയ ഒരു സുഹൃത്ത്‌ ചോദിച്ചതാണിത്. ( സത്യത്തില്‍ ഈ ചോദ്യമാണ് മറന്നു കിടന്ന യുക്തിയും ഞാനും 5 ആം ഭാഗത്തെ കുറിച്ച് ചിന്തിപ്പിച്ചത്...) ആ സുഹൃത്തിനോട്‌ പറയാനുള്ളത് നിങ്ങളുടെ ശാസ്ത്രമോ..ഹ..ഹാ.. അങ്ങനോന്നില്ല..ആയുര്‍വേദത്തില്‍ ആയാലും  ഹോമിയോപതിയില്‍  ആയാലും  വേറെ എന്തില്‍  ആയാലും  നിലവിലെ അറിവുകള്‍ വെച്ചുള്ള ഖണ്ടനങ്ങളില്‍, യുക്തമായ മറുപടികള്‍ തന്നു, ശരിയാണെന്ന് തോന്നിപ്പിക്കുന്ന ഒരു അറിവിനെയാണ് ശാസ്ത്ര വസ്തുതകള്‍ എന്ന് പറയുന്നത് ,

 നേരത്തെ പറഞ്ഞ പോലെ അതിനെ തന്നെ വീണ്ടും വീണ്ടും നിരന്തരമായി പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യും..ആനുകാലിക  അറിവുകള്‍ കൊണ്ടുള്ള നിരന്തരമായ ഈ വിമര്‍ശനങ്ങളും പഠനങ്ങളും ശരിയായി 
 നടക്കാത്തതുകൊണ്ടാണ്  പലപ്പോഴും ആയുര്‍ വേദം അടക്കം വളര്‍ച്ച മുരടിക്കുന്നതും പുതിയ രോഗങ്ങളെയും പുതിയ ലക്ഷണങ്ങളെയും അവക്ക് വിശദീകരിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നതും....ആധുനിക മെഡിസിനില്‍ ഇന്ന് തെറ്റാണെന്ന് കാണുന്നവയെ തിരുത്തുകയും കൂടുതല്‍ ശരികളെ ഉണ്ടാക്കുകയും ചെയ്യുന്ന ശാസ്ത്രീയ ബോധം ഉണ്ട്....പക്ഷെ അവ അങ്ങനെ തന്നെ ഉപയോഗിക്കപെടുന്നുവോ എന്നത് നമ്മുടെ രാഷ്ട്രീയ പരമാധികാര കോർപ്പറേറ്റുകളെ  ആശ്രയിച്ചിരിക്കുന്നു എന്ന സത്യം കൂടിയുണ്ട് !!

 ശരിയാണ് ഇന്നത്തെ മുതലാളിത വ്യവസ്ഥിതിയില്‍ ആരോഗ്യ രംഗവും ഏറ്റവും  പ്രധാനമായ  ഗവേഷണ പഠനങ്ങള്‍ നടക്കേണ്ട ഔഷധ മേഖലയും കുത്തകകളുടെയും  കോർപ്പറേറ്റു ചൂഷകരുടെയും കൈകളില്‍ തന്നെയാണ് . എങ്കിലും ശാസ്ത്ര ബോധം എന്നത് ഒരു ആയുധം ആണ് . അത് വഞ്ചിക്കപെടുന്ന ഭൂരിപക്ഷം എന്ന് കരസ്ഥമാക്കുന്നുവോ  അന്ന് ലോക ചിന്തകളില്‍ മാറ്റം വരും . 

എന്തിനെയും ശാസ്ത്രീയ ബോധത്തില്‍ വിശകലനം ചെയ്യുന്ന ഒരു ലോകം വരുന്നതിനായി നമുക്ക് ആ..ശക്തമായ ആയുധതെ, 'ശാസ്ത്ര ബോധത്തെ' ബഹു ഭൂരിപക്ഷം ജനതയിലേക്ക് എത്തിക്കെണ്ടതുണ്ട്....."പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുക്കൂ" എന്ന് പറഞ്ഞത് എത്ര സത്യം.....

അപ്പോള്‍, നിങ്ങളുടെ ശാസ്ത്രത്തിന് എന്ത് പറയാനുണ്ട് എന്നതല്ല ചോദ്യം, പറഞ്ഞതിലെ വസ്തുതകളില്‍ പിശകുണ്ടല്ലോ മാഷേ എന്ന് ചൂണ്ടികാണിക്കുംബോഴാണ് ശാസ്ത്ര ബോധതിലുള്ള ചോദ്യം ആവുക..അത് തന്നെ നിലവിലെ അറിവുക്ല്‍ക്കനുസൃതമല്ല എങ്കില്‍ യുക്തമല്ല എങ്കില്‍ , ആ ചോദ്യം തെറ്റിപോവുകയും ചെയ്യും....

ഇങ്ങനെ കേവലമായ ഭക്തിയില്‍ നിന്നും അപേക്ഷികമായ്‌ ശരികളിലെക്കും ശാസ്ത്ര ബോധത്തിലേക്കും ഒരു കുട്ടിയുടെ വളര്‍ച്ചയുടെ കഥയാണ്‌ ഇതുവരെ പറഞ്ഞത്...ഇത് അവസാനിക്കുന്നില ഈ ശാസ്ത്രീയത തന്നെ വലിയൊരു അപേക്ഷികതയാണ് ..ഈ ബ്ലോഗിന്റെ പേരും ആപേക്ഷികം എന്നതാണല്ലോ ... ആ ആപേക്ഷികമായ അറിവുകളെ കുറിച്ച് അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം ..നന്ദി 


77 comments:

 1. Replies
  1. വായനക്ക് സമയം കണ്ടെത്തിയതിനു നന്ദി ശശി സാര്‍ :))))

   Delete
 2. അക്ഷരപിശകുകൾ തിരുത്തിയാൽ ലേഖനം വളരെ ഗൗരവമുള്ളതാകും, സംശയമില്ല...

  ReplyDelete
  Replies
  1. തീര്‍ച്ചയായും അക്ഷര തെറ്റുകള്‍ ഒരു പ്രശ്നമാണ് എന്നറിയാം ... നന്ദി താങ്കളുടെ സന്ദര്‍ശനത്തിനും വായനക്കും :)))

   Delete
 3. ഒരുപാടുണ്ടല്ലോ? മുഴുവനായി പിന്നീട് വായിക്കാം എന്ന് വച്ചു.

  കാലഘട്ടത്തിന്‍റെ വ്യത്യാസങ്ങള്‍ മാറ്റിവച്ചാല്‍ എന്‍റെയും കഥ ഏതാണ്ട്‌ ഇതൊക്ക തന്നെയാണ്

  ReplyDelete
 4. എല്ലാ കാര്യങ്ങളേയും കുറിച്ച് വിലയിരുത്തി തയ്യാറാക്കിയ ലേഖനം നന്നായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. വായനക്ക് സമയം കണ്ടെത്തിയതിനു നന്ദി സുഹൃത്തേ .. വളരെ സന്തോഷം തരുന്നു ഇവ സംവേദിക്കപെടുമ്പോള്‍ :))))

   Delete
  2. വളരെ അറിവ് പകര്‍ന്ന ലേഖനം. ഞാന്‍ എന്നോട് ഒരുപാടു പ്രാവശ്യം ചോദിച്ച ചോദ്യങ്ങള്‍.

   Delete
  3. അഭിവാദ്യങ്ങള്‍ ശ്രീജിത്ത്‌ ഈ സന്ദര്‍ശനത്തിനും വായനക്കും :)))

   Delete
 5. Nannayirikkunnu. pakshe ee vishayathilekku oraale kshenichal, ayal athu vaayichu theerkkumo, kurachu neendu poyille ennoru samshayam.

  Homeo yude pala karyangalum theliyikkappedathathaanu. pakshe varhsangalaayi ninna migraine maatiyathu homeo aanu. Porukanni shalyam maatiyathu homeo aanu. asthma maatiyathu homeo aanu. kochu kuttikale pani varumpol aloppathiyude kaattinyathil ninnu rakshikkunnathu homeo aanu. ingane nokkumpol nammalude alavukolukalkku nyoonatha undo ennoum samshayam..

  Harshan

  ReplyDelete
  Replies
  1. നന്ദി ഹര്‍ഷന്‍ സത്യസന്ധമായ തനക്ളുടെ അഭിപ്രായങ്ങള്‍ക്ക് ശരിയാണ് താനക്ല്‍ പറഞ്ഞത് അങ്ങനെ സംഭവിക്കുന്നുണ്ട് ... അവയെ ശരിയായി പഠിക്കുകയും പരിപോഷിപ്പിക്കുകയും ആണ് വേണ്ടത് അതിനാകട്ടെ മുന്‍ വിധികള്‍ ഇല്ലാത്ത സത്യസന്ധമായ ഒരു നിരീക്ഷണ പദ്ധതി വേണം അതിനെയാണ് നമ്മള്‍ ശാസ്ത്ര ബോധം എന്ന് പറയുന്നത് ... ശാസ്ത്ര ബോധാതാല്‍ പരിശോധിക്കപെടനം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നത് ഉദാഹരണമായി ഹോമിയോ പതി പോലുള്ള ചികില്‍സാ രീതികളെ അപ്പാടെ തള്ളി കളയാന്‍ അല്ല മറിച്ചു ഏതു ചികില്‍സാ രീതിയും പുതുക്കപെടാനും ആരോഗ്യകരമായ്‌ വളര്‍ച്ച ഉറപ്പു വരുത്താനും ആണ് ..അതിനു നമ്മള്‍ നമ്മുടെ സത്യങ്ങളെ തന്നെ നിശിതമായി എപ്പോഴും പരിശോധിച്ച് കൊണ്ടേയിരിക്കണം ..അന്തരിച്ച അഷ്ട വൈദ്യന്‍ രഖവാന്‍ തിരുമുല്‍പ്പാട്‌ പറഞ്ഞ പോലെ കെട്ടി കിടക്കുന്ന എന്തും വിഷമാകും അത് വൈദ്യം ആയാലും ശാസ്ത്രം ആയാലും കാരണം വളര്‍ച്ച , ആരോഗ്യകരമായ്‌ വളര്‍ച്ചയാണ് ആവശ്യം വേണ്ടത് ഏതു ആശയത്തിനും :)))

   Delete
 6. ee kaalathth eethokke viLichchu paRayaanaa paaT. daiyvathinte kaaryam aviTe nikkattae allenkil en thum aavaTTe. enthenkilum aavaSyamo praSnamo undaayaal paLLikkaaro ambalakkaro thirinju nokkathae otappeTuththum ennathum kooTiyllae ee kaalakhaTTthile eeSwara viSvaasam?? pinnae viSvasiyuTe baaliSamaaya ethirvaadam! thetaaNennu uRappuLLathu ethirkkum pinneyaa samSamuLLath.. manushyasahajam!

  ReplyDelete
 7. ഈ കാലത്ത്‌ ഈതൊക്കെ വിളിച്ചു പറയാനാ പാട്‌. ദൈയ്‌വതിന്റെ കാര്യം അവിടെ നിക്കട്ടേ അല്ലെങ്കിൽ എൻ തും ആവട്ടെ. എന്തെങ്കിലും ആവശ്യമൊ പ്രശ്നമൊ ഉണ്ടായാൽ പള്ളിക്കാരൊ അംബലക്കരൊ തിരിഞ്ഞു നൊക്കതേ ഒറ്റപ്പെടുത്തും എന്നതും കൂടിയ്‌ല്ലേ ഈ കാലഖട്ട്തിലെ ഈശ്വര വിശ്വാസം?? പിന്നേ വിശ്വസിയുടെ ബാലിശമായ എതിർവ്വാദം! തെറ്റാണെന്നു ഉറപ്പുള്ളതു എതിർക്കും പിന്നെയാ സംശമുള്ളത്‌.. മനുഷ്യസഹജം! നന്ദി

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ ഈ വായനക്കും അഭിപ്രായങ്ങള്‍ക്കും :)))

   Delete
 8. Replies
  1. അഭിവാദ്യങ്ങള്‍ വിനീത് :))))

   Delete
 9. Kollaam Vayichu, Viswasangalil palathum mandatharamaanu, athu daiva viswasamo mathaviswasamo angane enthaayaalum ennu enikku thonnunnu

  ReplyDelete
  Replies
  1. നന്ദി റൈനി ഡ്രീംസ് :))))

   Delete
 10. Replies
  1. അഭിവാദ്യങ്ങള്‍ :)))

   Delete
 11. തികച്ചും സത്യസന്ധമായ വാകുകൾ.....മത ദൈവത്തിൽ നിനും മാറി ഒരു ലോക നിയന്ത്രിതമായ അഭൗമ ശക്തി ഉണ്ടെന്നുള്ള വിശ്വാസത്തോട് എങ്ങനെയാണു രെന്ജി യുടെ യോജിപ്പ്?

  ReplyDelete
  Replies
  1. യുക്തി ഒരു സമീപന രീതി മാത്രമാണ് എന്ന് നമുക്കറിയാമല്ലോ..അതിനാല്‍ തന്നെ ഈ ലോകം നിയന്ദ്രിക്കുന്ന ഒരു അഭൌമ ശക്തി ഉണ്ട്നെന്കില്‍ അത് അംഗീകരിക്കാന്‍ മടിക്കേണ്ടതില്ല..പലതരം പ്രപഞ്ച ശക്തികളും ബലങ്ങളും ഉണ്ട് അവയെ ഒക്കെ ഓരോ പേരുകളില്‍ ആണ് നാം വിവരിക്കുന്നത് ഉദാഹരണം ഭൂഗുരുത്വം, ക്വാണ്ടം ബലം മുതലായവ...അറിയുന്നവയെ അറിയും എന്നും സങ്കല്‍പ്പങ്ങളെ സങ്കല്പം എന്നും ശാസ്ത്രം കണ്ടെത്തിയ പേരുകളെ അങ്ങനെ തന്നെയും നമുക്ക് വിവരിക്കാം ..അതല്ലേ സത്യസന്ധത ... :)

   Delete
 12. ഒന്ന് ചുരുക്കാമായിരുന്നു ,അല്പം നീണ്ടു പോയി ,.അഭിവാദ്യങ്ങൾ

  ReplyDelete
  Replies
  1. അഭിവാദ്യങ്ങൾ ..... :)))

   Delete
 13. യുക്തിവാദിയായതിനുള്ള യുക്തി കണ്ടുപിടിക്കാൻ പോകുന്ന വഴികൾ രസകരം. പക്ഷെ അതിൽ വലിയൊരു അയുക്തി ഒളിഞ്ഞിരിക്കുന്നു. കോവൂർ തുടങ്ങി മറ്റുള്ളവരുടെ യുക്തികളിലേക്ക് ‘വിശ്വാസപൂർവ്വം’ പ്രവേശിക്കാൻ മാത്രമാണു കഴിയുന്നത്. ഭക്തനും ചെയ്യുന്നത് അതു മാത്രമല്ലെ?

  ReplyDelete
  Replies
  1. നന്ദി കര്താജി വായനക്കും വിലയിരുത്തലുകള്‍ക്കും :)))

   Delete
 14. vayikkuka vendum veendum vayikkuka chinthikkuka veendum veendum chinthikkuka ningalbhoomiyiloode chuttisanjarikkuka ennit chinthikkuka////////////allathe veetil irunn pusthakangal vayichitt nigamanangaliul ethathirikkuka karanam ath ore oralude chinthakal mathraman ath vikalamayirikkam nallathayirikkam /vayikkunnavante manasikavasthapoleyayirikkum enn matram////nehruvinte katha ////mannayum salvayum orukalath bhoomiyil varshichirunnu athinekurich kettitille ath mithe kathayoi alla charitraman//////////lakathakamanamundaya vellappokkam ath mith alla charitraman// egyption mammikal kathayalla pharovayum kathayalla charitraman kathakalum kavithakalum manusyante manassine madich dinkoisavum mayavisavum undayath polkathe madhangal thankal kandittullu sathyam enthan ennthirichariyan thankalk kazhinjittilla marxism vattapoojyaman enn athinekurich padichal athile economics thanne theliyikkum

  ReplyDelete
  Replies
  1. ഇന്ന് ചിരിക്കാന്‍ വകയായി...

   Delete
  2. സ്വാഗതം സുഹൃത്തേ..താങ്കളുടെ വായനക്ക് :))))

   Delete
 15. This comment has been removed by the author.

  ReplyDelete
 16. വായിച്ചു.അനാവശ്യമായ മുന്‍വിധികളില്ലാതെ ചിന്തിക്കുന്നവര്‍ക്ക് ഇങ്ങനെയുള്ള വ്യത്യസ്തമായ ചിന്തകള്‍ ഇഷ്ട്ടപ്പെടും. 'ആപേക്ഷികം' ആത്മഭാഷണങ്ങളില്‍ ഞാന്‍ മിക്കപ്പോഴും ഉപയോഗിക്കുന്നൊരു വാക്കാണ്‌..

  ReplyDelete
 17. രഞ്ജിത് വളരെ നന്നായിരിക്കുന്നു ...
  പോസ്റ്റിന്റെ വലിപ്പം കൂടിയത് ഒരു പ്രശ്നമായി തോന്നുന്നില്ല...
  ഇത്രയെങ്കിലും ചുരുക്കുക എന്നത് തികച്ചും ശ്രമകരം തന്നെയായിരിക്കും....

  കേവലമായ യുക്തിയുടെ ലാളിത്യവും മനോഹാരിതയും സത്യസന്ധതയും എന്നെയും വളരെയതികം ആകര്‍ഷിച്ചു... പക്ഷെ അതോടൊപ്പം മിത്തുകളിലെ സാഹിത്യവും...

  ദൈവ സങ്കല്‍പം നിലനിര്‍ത്തുക എന്നത് മതത്തിനാവശ്യമായത് കൊണ്ട് അവര്‍ അതിനു കിണഞ്ഞു പരിശ്രമിക്കുന്നു....

  ഏറ്റവും രസകരമായി തോന്നിയത്, ശാസ്ത്ര പഠനമാണ് എന്നെ യുക്തിയില്‍ വിശ്വസിക്കാന്‍ പഠിപ്പിച്ചത് , ആ ശാസ്ത്രം എന്നെ പഠിപ്പിച്ച അദ്ധ്യാപകന്‍ ഒരു അന്ധ വിശ്വാസിയായിരുന്നു എന്നതാണ്.... അതിന്റെ കാരണമെന്തെന്ന് വളരെ കൃത്യമായി ഈ ലേഖനത്തില്‍ കാണാന്‍ കഴിഞ്ഞു ... നന്ദി ...

  ഇനിയും തുടരട്ടെ താങ്കളുടെ എഴുത്ത്.....

  ReplyDelete
  Replies
  1. അഭിവാദ്യങ്ങള്‍ ബിജൂ :)))

   Delete
 18. എങ്കിലും ദൈവം അല്പം ഭയം എന്നില്‍ ജനിപ്പിച്ചു കൊണ്ടേയിരുന്നു.... എന്റെ പല തോല്‍വികളും ദൈവത്തിന്റെ ഇടപെടല്‍ ആണെന്ന.... അതുവരെയുള്ള എല്ലയുക്തികളെയും കാറ്റില്‍ പറത്തി കൊണ്ട് ദൈവം ശക്തമായി എന്നില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു...................
  ഈ പറഞ്ഞത് സത്യം. നമ്മള്‍ എത്ര ശാസ്ത്രീയമായി ചിന്തിക്കുന്നവരാനെകിലും, ചില സമയങ്ങളില്‍ ഇതു ദൈവം കാണുന്നുണ്ടോ, അറിയുന്നുണ്ടോ എന്നെല്ലാം തോന്നിക്കും. അതു കുട്ടിക്കാലങ്ങളില്‍ നമ്മളില്‍ നിറഞ്ഞ ഭയ ബോധം.
  പിന്നെ മുടിയിഴ എഴായി കീറിയ പാലം, തീപ്പാലത്തിലൂടെ ഉള്ള നടത്തല്‍, എണ്ണയിലിട്ടു വറുക്കല്‍, നരകം, എല്ലാം ലഭിക്കുന്ന സ്വര്‍ഗം,
  പാപം, വിധി ഒലക്കേടെ മൂട്. ചെറുപ്പത്തില്‍ മനസ്സില്‍ കയരിക്കൂടുന്ന ഇത്തരം ചിന്തകളാണ്, ഇന്നും നമ്മുടെ മനസ്സിനെ ഭരിച്ചുകൊണ്ടിരിക്കുന്നത്‌.
  ഏതായാലും ഒരു പാട്‌ സത്യങ്ങള്‍ താങ്കളെഴുതി. ഇതാണു തുറന്നെഴുത്ത്. പലര്‍ക്കും പറ്റില്ല. ആശംസകള്‍. !!!
  keep in touch - PRASAD. itsppk@rediffmail.com

  ReplyDelete
  Replies
  1. അഭിവാദ്യങ്ങള്‍ പ്രസാദ്‌ :)))

   Delete
 19. (ഒരു യുക്തി വാദിയുടെ മനസ്സില്‍ മാത്രമേ ദൈവത്തിനു ഏറ്റവും മനോഹരമായി നിലനില്‍ക്കനാക് എന്നെനിക്കു മനസ്സിലായി..!!!
  വളരെ സത്യമാണെന്ന് എനിക്ക് അനുഭവപ്പെട്ട ചിന്ത.

  കല്ലിനെയും പെണ്ണിനേയും കമ്പ്യുടരിനെയും ഉല്ക്കയെയും ഒന്നിലേക്ക് മാത്രമായിട്ട് ഒതുക്കി നിര്ത്താനുള്ള ചിന്ത വളരെ ഇടുങ്ങിയതാണെന്ന് തിരിച്ചറിയുന്ന നിങ്ങള്ക്ക് അഭിവാദ്യങ്ങൾ.

  ReplyDelete
  Replies
  1. അഭിവാദ്യങ്ങള്‍ പ്രൊമിത്യൂസ് ..ചിന്തകള്‍ വളരട്ടെ :)))

   Delete
 20. രഞ്ജിത് വളരെ നന്നായിരിക്കുന്നു .....

  ഫേസ് ബുക്കില്‍ നിന്നും ആണ് ഇവിടെ എത്തിയത്, എല്ലാം വളരെ നന്നായി വിശകലനം ചെയ്തു എഴുതിയിരിക്കുന്നു. എന്റെ കുറെ സംശയങ്ങള്‍ ഇത് വായിച്ചതോടെ തീര്‍ന്നു കിട്ടി.

  ReplyDelete
  Replies
  1. അഭിവാദ്യങ്ങള്‍ പ്രകാശ്‌ :)))

   Delete
 21. രഞ്ജിത്ത്,

  വളരെ നല്ല, പ്രസക്തമായ പോസ്റ്റ്. വെറുതെ വിമർശിക്കാൻ വേണ്ടിയുള്ള യുക്തികൾ അല്ല താങ്കളുടേത് എന്ന് മനസ്സിലാകുന്നു.
  പക്ഷെ, ഇതിൽ ധാരാളം അക്ഷരത്തെറ്റുകൾ ഉണ്ടല്ലോ? അവയൊന്നു തിരുത്തി ഇടുകയാണെങ്കിൽ കുറച്ചൂടെ വായിക്കാൻ എളുപ്പം ഉണ്ടാകുമായിരുന്നു.
  സമയക്കുറവാണെങ്കിൽ, ഞാൻ തിരുത്തി തന്നാൽ സ്വീകരിക്കുമോ? അഭിവാദ്യങ്ങൾ!

  അർജുൻ

  ReplyDelete
  Replies
  1. നന്ദി അര്‍ജ്ജുന്‍ .... അക്ഷരതെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നുണ്ട് ... :))))

   Delete
 22. കുറെയായീ വിചാരിക്കുന്നു ഇന്നങ്ങു വായിച്ചു ,വളരെ ലളിതമായീ എഴുതിയിരിക്കുന്നു യൗവനം തീഷ്ണമാകുമെന്നു പ്രതീക്ഷിക്കുന്നു .......

  ReplyDelete
 23. കുറെയായീ വിചാരിക്കുന്നു ഇന്നങ്ങു വായിച്ചു ,വളരെ ലളിതമായീ എഴുതിയിരിക്കുന്നു യൗവനം തീഷ്ണമാകുമെന്നു പ്രതീക്ഷിക്കുന്നു .......

  ReplyDelete
  Replies
  1. നന്ദി താങ്കളുടെ വായനക്ക് ..അഭിവാദ്യങ്ങള്‍ :))))

   Delete
 24. ഇന്നാണ് ഞാൻ ഈ ലേഖനം വായിക്കുന്നത് നന്നായിട്ടുണ്ട് യുക്തിയുടെ വാതിൽ തുറക്കുന്ന വിവരണം കൊള്ളാം പുസ്തകം വായിക്കുക എന്നതിനേക്കാൾ വായിച്ചതിനെ ശരിയായി വിലയിരുത്തുവാനും അതിന്റെ ഉള്ളടക്കത്തിലെ തെറ്റും ശരിയും ഉൾക്കൊണ്ടു കൊണ്ട് ഒരു ചിന്താ ധാര രൂപീകരിക്കുക എന്നതാണ് ശ്രമകരമായ ജോലി താങ്കള് അത് വളരെ മനോഹരമായി ഇതിൽ പ്രദിപാദിച്ചിരിക്കുന്നു..........ഏകദേശം എന്റെ അനുഭവവും ഇതേ രീതിയിൽ തന്നെ ആയിരുന്നു പത്താം ക്ലാസ്സ്‌ കഴിഞ്ഞുള്ള അവധി കാലത്താണ് ഞാൻ ആദ്യമായി കോവൂരിന്റെ സമ്പൂര്ണ കൃതികൾ വായിക്കുന്നത് അത് വരെ ഞാൻ തികച്ചും ഒരു ദൈവ വിശ്വാസി ആയിരുന്നു തീര്ച്ചയായും ആ വായന എന്നിൽ പുതിയ ചിന്തകളുടെ തുടക്കമായിരുന്നു

  ReplyDelete
  Replies
  1. നന്ദി രതീഷ്‌ വായനക്ക് ..യുക്തിയുടെ വെളിച്ചം പരക്കട്ടെ :)

   Delete
 25. വളരെ നന്നായിട്ടുണ്ട്. ഒരുപാടു കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. ഭൂതവും പിശാചും അമ്പിളി അമ്മാവനും കാകാച്ചിയു ഒരു കുഞ്ഞിന്ടെ മനസിനെ സ്വാധീനിക്കുന്ന കണ്ടെത്തലുകള്‍ വളരെ ലളിതവും അര്‍ത്ഥവത്തുമാണ്..

  ReplyDelete
  Replies
  1. നന്ദി ഷിനിത് ... സന്ദര്‍ശനത്തിനും വായനക്കും :))))

   Delete
 26. ഇത് മൊത്തം വായിച്ചു കഴിഞ്ഞപ്പോള്‍ ഞാനും ഒരു നിരീശ്വരവാദി ആയോന്നൊരു സംശയം :)
  അഭിവാദ്യങ്ങള്‍ രഞ്ജിത് ഭായ്

  ReplyDelete
  Replies
  1. നന്ദി പ്രജിത് ..അഭിവാദ്യങ്ങള്‍ :)

   Delete
 27. ഉള്ളിലുള്ളത്...!!

  ReplyDelete
  Replies
  1. അഭിവാദ്യങ്ങള്‍ കിനാവള്ളി :)

   Delete
 28. ഞാനും വായിച്ചും മനസ്സിൾ ചിലപ്പോഴൊക്കെ ഉയ൪ന്നുവന്ന ചിലചോദ്യങ്ങൾ ക്ക് ഉത്തരം കിട്ടി..

  ReplyDelete
  Replies
  1. സ്വാഗതം പ്രവീണ്‍ :)

   Delete
 29. Nannayittundu. Ariyaavunna palathum sammathikkan ullilulla pedi anuvadhikkunnilla.

  ReplyDelete
  Replies
  1. നന്ദി ..അഭിവാദ്യങ്ങള്‍ :)

   Delete
  2. വിശ്വസതിനു ശാസ്ത്രീയമായ അടിത്തറ കൂടി ഉണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു മറച്ചു വക്കപെട്ട ശാസ്ത്രീയതയിലും ഭയപ്പെടുതലിലൂടെയും ആണ് ആദി കാലം തൊട്ടേ വിശാസങ്ങള്‍ വളര്‍ന്നു വന്നത്.അറിവിന്‍റെ വെളിച്ചം തെളിയുമ്പോള്‍ തെറ്റിധരണകളുടെ കൂരിരുള്‍ മായുന്നു വിശാസം ധ്രിഡത കൈവരിക്കുന്നു ....... നന്ദി സുഹൃത്തേ

   Delete
 30. Replies
  1. നന്ദി സുഹൃത്തേ ..അഭിവാദ്യങ്ങള്‍ :)

   Delete
 31. എഴുത്ത് വളരെ നന്നായിരിക്കുന്നു. കുറച്ചു പുസ്തകങ്ങൾ സജ്ജെസ്റ്റ് ചെയ്യാമോ?

  ReplyDelete
  Replies
  1. നന്ദി വായനക്ക് പ്രിയ സുഹൃത്തേ ..പുസ്തകങ്ങള്‍ സജെസ്റ്റ്റ്‌ ചെയ്യുക കടമ്പയാണ് കാരണം അവരവരുടെ ഇഷ്ട്ടങ്ങള്‍ എന്തെന്ന് പറയാന്‍ ബുദ്ധിമുട്ടാണ് എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ചിലത് പറയാം ഒന്ന് കോവൂരിന്റെ കൃതികള്‍ തന്നെ രണ്ടു വിജയന്‍ മാഷിന്റെ ബഷീര്‍ പഠനം "മരുഭൂമികള്‍ പൂക്കുമ്പോള്‍ " ഇത് കൃത്യമായും ഒരു ആശയത്തെ സമീപിക്കാനുള്ള നമ്മുടെ മനോഭാവത്തെ വല്ലാതെ സ്വാധീനിക്കും ഈ കൊച്ചു പുസ്തകം . മൂന്നു : ഭാഗ്ത്സിങ്ങിന്റെ കാതുകള്‍ അതില്‍ ഒരെണ്ണം " ഞാന്‍ എങ്ങനെ നിരീശ്വര വാദി ആയി " എന്ന കുറിപ്പ് ഈ ബ്ലോഗില്‍ തന്നെ ഉണ്ട് .. നാല് " നാലാം ലോകം " എന്ന എം പി പരമേശ്വരന്റെ പുസ്തകം അക്ഷരര്ധത്തില്‍ എന്റെ വീക്ഷണത്തെ സ്വാധീനിച്ച പുസ്തകം ..അഞ്ചു ഓഷോ യുടെ " ധര്‍മ്മം സനാതനം " ചിന്തയെ പ്രകൊപിപ്പിക്കുന്നതിനോപ്പം വ്യത്യസ്തമായ ആത്മീയ നവോന്മേഷം തരുന്ന ചിന്തകള്‍ ! ആറു കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ - ഏറ്റവും കൂടുതല്‍ ആളുകള്‍ വിമര്‍ശിക്കുന്ന ചെറു ഗര്ന്ധം പക്ഷെ ഭൂരിപക്ഷവും വായിച്ചിട്ടില്ലാത്ത ഗ്രന്ഥം ..ഇതിലെ അവസാന ചാപ്റ്റര്‍ ചുരുക്കി ഈ ബ്ലോഗില്‍ തന്നെയുണ്ട് . ഇവയെല്ലാം പറഞ്ഞത് ഇവ എന്റെ ജീവിത വീക്ഷണത്തെ കാര്യമായി സ്വാധീനിച്ചു എന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ..പിന്നെ ഇഅവ്യെ ഒന്നിനെയും വിമര്‍ശന്‍ ബുദ്ധി അടിയറവു വെച്ചല്ല സമീപിച്ചതും :)

   Delete
 32. .........എല്ലാം കടംകൊണ്ട വിശ്വാസങ്ങൾ... പണ്ട് ശബരിമലയിൽ പോകുമ്പോൾ മല കേറുന്ന വഴിക്കെല്ലാം കർപ്പൂരം കൂട്ടമായി കത്തിക്കുന്നത് കാണാം ഇത് എന്തിനാണ് കത്തിച്ചിരിക്കുന്നത് എന്ന് ഒരൊറ്റ വിശ്വാസിക്കെ അറിയൂ ആദ്യം കത്തിച്ചവർക്ക് ചിലപ്പോളവർ വെളുപ്പിനെയുള്ള തണുപ്പ് മാറ്റാൻ കത്തിച്ചതാവാം പക്ഷെ പുറകെ വരുന്ന വിശ്വാസികൾ കാര്യം അറിയാതെ രണ്ടു ശരണം വിളിക്കുകയും കർപ്പൂരം കത്തിക്കുകയും ചെയ്യും. ആ മണ്ഡല കാലം മുഴുവൻ തുടരില്ലന്നു ആര്ക്കറിയാം എല്ലാ വിശ്വാസങ്ങളും ഇങ്ങനെയൊക്കെ തന്നെ...
  super

  ReplyDelete
  Replies
  1. അഭിവാദ്യങ്ങള്‍ :)

   Delete
 33. ആധികാരികം ശാസ്ത്രീയം സമഗ്രം :) ♥

  ReplyDelete
  Replies
  1. നന്ദി അഭിവാദ്യങ്ങള്‍ :)

   Delete
 34. വളരെ നന്നായിട്ടുണ്ട്... ഇത്രയും ലളിതമായി ശാസ്ത്രത്തിന്റെയും യുക്തിയുടെയും അത്യന്താപേക്ഷിതയെ കുറിച്ച് പറയാൻ വേറെ കഴിയില്ല...

  ReplyDelete
  Replies
  1. നന്ദി ..അഭിവാദ്യങ്ങള്‍ :)

   Delete
 35. നല്ല എഴുത്ത്..നീണ്ടുപോയി എന്ന് പലരും എഴുതിക്കണ്ടു.. ഇത്രയുമധികം വസ്തുതകള്‍ ഇതിലും ചുരുക്കി എങ്ങനെ എഴുതാന്‍ കഴിയും?വായനയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന പലതും ഉണ്ടായിരുന്നു.. എന്‍റെ യുക്തിബോധം അല്പമെങ്കിലും രൂപപ്പെട്ടത് എന്‍റെ അനുഭവങ്ങളാണ്,വായന അല്ല എന്ന വ്യത്യാസം മാത്രമേയുള്ളൂ... വിശ്വാസം,ആചാരം,അനുഷ്ഠാനം ഇവയൊക്കെ ഒഴിച്ചു കൂടാനാവാത്തത് എന്നു പഠിപ്പിക്കുന്ന രാഹുല്‍ ഈശ്വരന്മാരുള്ള ഈ കാലത്ത് ശാസ്ത്രബോധം വളര്‍ത്താനായി ശാസ്ത്രജ്ഞര്‍ പോലും ഒന്നും ചെയ്യുന്നില്ല എന്നത് ചിന്തിക്കേണ്ട വിഷയമല്ലേ?ശാസ്ത്രം വളരുന്നതിനൊപ്പം പൊങ്കാലയിടുന്നവരുടെ എണ്ണവും കൂടുന്നത് നിസ്സാരവല്‍ക്കരിക്കേണ്ടതാണോ?

  ReplyDelete
  Replies
  1. നന്ദി ..ജയ സന്ദര്‍ശനത്തിനും വായനക്കും ..അഭിവാദ്യങ്ങള്‍
   ശാസ്ത്രം വളരുനതിനു അനുസരിച്ച് പൊങ്കാല ഇടുന്നവരുടെ എണ്ണം കൂടുന്നത് പ്രശ്നം തന്നെ ..പക്ഷെ അത് അന്ധ വിശ്വാസികളുടെ വര്‍ധന അല്ല !! അത് വിശ്വാസികള്‍ കൂടുതല്‍ പ്രകടന പരത കാണിക്കുന്നു എന്നേയുള്ളൂ.. സത്യത്തില്‍ ശാസ്ത്രം വളരുന്നതിനു അനുസരിച്ച് ഇന്ന് ലോകത് വന്‍ തോതില്‍ ആളുകള്‍ യുക്തി ബോധത്തിലേക്കും മത നിരാസതിലെക്കും വരികയാണ്‌ ഉദാഹരണം സ്കണ്ടിനെവിയന്‍ രാഷ്ട്രങ്ങളും ബ്രിട്ടന്‍ പോലുള്ള വികസിത രാജ്യങ്ങളും :)

   Delete