Pages

Sunday, May 19, 2013

"വാസ്തു ശാസ്ത്രം പൊരുളും പൊരുത്തക്കേടും " എന്ന ഗ്രന്ഥത്തെ ഒന്ന് പരിചയപ്പെടാം !

വാസ്തു ശാസ്ത്രം ഇന്ന് ഏറെ പ്രചാരമുള്ള ഒരു മേഖലയാനല്ലോ , നമ്മുടെ അമ്മമാരും മറ്റും ഇന്ന് ഏറെ വേവലാതിപെടുന്ന ഒന്നാണ് ഈ "വാസ്തു " ! നമ്മുടെ പത്രങ്ങളും ഫ്ലാറ്റ് നിര്‍മ്മാതാക്കളും കാണിപ്പയ്യൂരും പിന്നെ  ജ്യോതിഷികളും എല്ലാം വളരെ പ്രാധാന്യം നല്‍കുന്ന സാധാരണക്കാരന്റെ വീട് എന്ന സ്വപ്നത്തെ ഒരു പേടി സ്വപ്നം വരെ ആക്കുന്ന ഈ ഭയങ്കര വാസ്തു എന്താണ് ??? എന്താണ് അതിലെ ആ ഒരു മനുഷ്യന്റെ എന്ന് തോന്നിപ്പിക്കുന്ന ചിത്രവും അത് വെച്ച് ഇവര്‍ പറയുന്ന ഈ ഭയങ്കര ദോഷങ്ങളും എല്ലാം...ഒരു കട്ടിള മാറിയാല്‍ , വീട് ഒന്ന് ചരിഞ്ഞു ഇരുന്നാല്‍ , പൂമുഖം അല്‍പ്പം മാറിയിരുന്നാല്‍ ആകെ താറുമാറാകുന്നതാണോ നമ്മുടെ ജീവിതങ്ങള്‍ !!

ഈ നൂറ്റാണ്ടിലും ഇത്തരം ഒരു ഭയം ജനിപ്പിച്ചു ഇത്തരം ഒരു വ്യാജ ശാസ്ത്രം ഒരു കാപട്യം വില്‍ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നമ്മുടെ മുഖ്യ ധാരാ മാധ്യമങ്ങളും പാര്‍പ്പിട എന്‍ജിനീയര്‍മാരും വാസ്തു വിശാരദരും ഒക്കെ ശ്രമിക്കുന്നതിന്റെ നേര്‍ചിത്രം ആണ് ഇപ്പോള്‍ ബംഗ്ലൂരിലെ ശില്‍പ്പി ഡിസൈന്‍ ആന്‍ഡ്‌ എന്ജിനീയറിംഗ് ലിമിടഡിന്റെ മാനേജിംഗ് ഡയരക്ടര്‍ ആയ ശ്രീ ആര്‍ വി ആചാരി , അദ്ദേഹത്തിന്റെ "വാസ്തു ശാസ്ത്രം പൊരുളും പൊരുത്തക്കേടും " എന്ന ഈ ഉജ്ജ്വല ഗ്രന്ഥത്തില്‍  വിവരിക്കുന്നത് . ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ നടമാടുന്ന ഒരു പകര്‍ച്ച വ്യാധിയുടെ കാരണം വിവചിരിക്കുന്നു എന്ന അതിപ്രാധാന്യം ഈ ഗ്രന്ഥത്തിന് ഞാന്‍ നല്‍കുന്നു എന്നതിനാല്‍ ആവശ്യം വാങ്ങി വായിക്കേണ്ട ഒരു ഗ്രന്ഥമായി ഇതിനെ സവിനയം , ചുരുങ്ങിയ വാക്കുകളില്‍ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തുന്നു. 

 "വാസ്തു ശാസ്ത്രം പൊരുളും പൊരുത്തക്കേടും " ഗ്രന്ഥകര്താ : ആര്‍ വി ആചാരി. പ്രസാധകര്‍ : ചിന്ത പബ്ലിഷേര്സ്, തിരുവനന്തപുരം , വില : 75 രൂപ. ഈ കുറിപ്പില്‍ ഇനിയങ്ങോട്ട് ആര്‍ വി എന്ന് പറയുന്നത് ആര്‍ വി ആചാരി എന്ന ഗ്രന്ഥകര്താവ് ആണെന്ന് മനസ്സിലാക്കുക . 

മാതൃഭൂമി പത്രത്തില്‍ വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ടു കാണിപ്പയ്യൂര്‍ കൈകാര്യം ചെയ്ത ചോദ്യോത്തര പങ്ങ്ക്തിയിലേക്ക് തുടര്‍ച്ചയായി ചില ചോദ്യങ്ങള്‍ ആര്‍ വി അയക്കുകയും പത്രം അത് ഭംഗിയായി അവഗണികുകയും ചെയ്തതാണ്   ഈ പുസ്തകം എഴുതാനുള്ള പ്രേരണ എന്ന് ആര്‍ വി പറയുന്നു. ആ ചോദ്യങ്ങളും കാണിപ്പയ്യൂര്‍ അവിടെ പറയുന്ന പല ചോദ്യങ്ങളുടെയും തെറ്റുകളും കാപട്യവും ആ ഗ്രന്ഥത്തിന്റെ അവസാനം വിശദമായി കൊടുത്തിട്ടുണ്ട്‌ . 

വാസ്തു ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരു സാധാരണക്കാരന്‍ ഈ വിഷയത്തെ സമീപികുമ്പോള്‍ അയാള്‍ അറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ഏതാണ്ട് മുഴുവന്‍ ചിത്രവും ഇതില്‍  ആര്‍ വി ഒരുക്കുന്നു എന്നതാണ് ഇതിന്റെ ആകര്‍ഷണമായി എനിക്ക് തോന്നിയത് .

വാസ്തു വിദ്യയും വാസ്തു ശാസ്ത്രവും !

ഇവ രണ്ടും രണ്ടാണ് .  വാസ്തു വിദ്യ എന്നത് തച്ചു ശാത്രം ആണ് പഴയകാലത് പാര്‍പ്പിടവും സമുച്ചയങ്ങളും നിര്‍മ്മിക്കുന്നതിന് സഹായകമായ അളവുകളും കണക്കുകളും ആണ് തച്ചു ശാസ്ത്രം അഥവാ വാസ്തു വിദ്യ . ഇതൊരു ക്രിയാത്മക ശാസ്ത്രവും പോലെ തച്ചു വിദ്യയും വളര്‍ന്നു പഴയ കണക്കുകളുടെ സ്ഥാനത് ഇന്ന് പുതിയ രീതികള്‍ ആയി പുതിയ ടൂളുകള്‍ ആയി ഇതെല്ലം നിര്‍മ്മാണത്തെ എളുപ്പവും സുന്ദരവും ആക്കുന്നു. 

വാസ്തു വിദ്യ എന്ന ശാസ്ത്രത്തില്‍ അന്നത്തെ സാമുദായിക വരേണ്യ വര്‍ഗ്ഗം ചാര്‍ത്തി വെച്ച വലിയൊരു നുണയാണ് വാസ്തു ശാസ്ത്രം എന്നാ ഇന്നത്തെ മായാജാലം. വാസ്തു ശാത്ര സങ്കല്‍പ്പങ്ങളെ ഇങ്ങനെ ചുരുക്കിപറയാം പാര്‍പ്പിടം പണിയുന്ന ഭൂമിയുടെ വീതി നീള അനുപാതം എത്രയായിരിക്കണം എന്നും പുരയിടം എങ്ങോട്ട് ചാഞ്ഞു കിടക്കണം എന്നും ഉള്ള ചില നിര്‍ദേശങ്ങളും പുരയിടത്തിന്റെ ചുറ്റളവ്‌ സംബന്ധിച്ച ചില കണക്കുകളും അവ കൂട്ടി കിഴിച്ചാല്‍ കിട്ടുന്ന ശേഷം സഖ്യയില്‍ അനേകം ഗുണങ്ങളും ദോഷങ്ങളും എല്ലാം കുടിയിരിക്കുന്നു എന്നും ഗൃഹ ദര്‍ശനവും വാതില്‍ വരേണ്ട ദിക്കും എല്ലാം വലിയ ഗുണ ദോഷങ്ങള്‍ ആണ് ആ പാര്‍പ്പിടത്തിന് ഉണ്ടാക്കുന്നത്‌ എന്നുമുള്ള ശുദ്ധ അബദ്ധ പഞ്ചാംഗം ആണ് ഏതാണ്ട് വാസ്തു ശാത്രം എന്ന് പറയാം. ഈ വാസ്തു ശാസ്ത്രം മുഴുവന്‍ സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് മാത്രമാണ് വര്‍ണ്ണ വ്യവസ്ഥയില്‍ പെടാത്ത ജാതികള്‍ക്കും മതങ്ങള്‍ക്കും ഇവ ബാധകമല്ല. അത് വ്യക്തമായി ഇവ വിവരിക്കുന്ന മനുഷ്യാലയ ചന്ദ്രിക എന്ന ഇതിന്റെ അടിസ്ഥാന ഗ്രന്ഥം പറയുന്നുണ്ട് അതിലേക്കു പിന്നെ  വരാം.  

വാസ്തു പുരുഷന്‍ 

ഒരു ചതുരത്തിലെ ഒരു പുരുഷ രൂപം മിക്കവാറും ഈ വാസ്തു ശാസ്ത്രകാരന്മാരുടെ കയ്യില്‍ കണ്ടിട്ടുണ്ടാകും. ഇത് ഒരു ഐതിഹ്യ കഥയാണ്‌. വാസ്തു പുരുഷന്‍ എന്നത് ഒരസുരന്‍ ആണ് ദേവാസുര യുദ്ധത്തില്‍ അവനു ആയുധങ്ങലാല്‍ മുരിപെട്ടു ഭൂമിയില്‍ വീണു ... അതിനു ശേഷം ഭൂമിയില്‍ വീണുരുണ്ടു കൊണ്ട് എല്ലാ ദിക്കിലും എത്തി മനുഷ്യരെ മര്‍ദ്ദിച്ചു തുടങ്ങി. മനുഷ്യരും ഋഷിമാരും ദേവന്മാരും ഒരുപോലെ സംഭ്രമിച്ചു . അങ്ങനെ ഒരിക്കല്‍ നിര്യതി കോണില്‍ ( തെക്ക് പടിഞ്ഞാറ് മൂല ) കാലും, ഈശാന കോണില്‍ ( വടക്ക് കിഴക്ക് മൂല ) തലയുമായി കിടക്കുമ്പോള്‍ ദേവന്മാര ക്ഷണത്തില്‍ വന്നു അവന്റെ ശരീരത്തില്‍ പല ഭാഗങ്ങളില്‍ ആയി ഇരുപ്പുറപ്പിച്ചു മൂര്‍ധാവില്‍ ശിവനും പൊക്കിളില്‍ ബ്രഹ്മാവും ഇടതു ചുമലില്‍ ചന്ദ്രനും വലതു ചുമലില്‍ അര്‍ഗ്ഗളനും അങ്ങനെ ആകെ നാല്പത്തഞ്ചു ദേവന്മാര്‍ വാസ്തു പുരുഷന്റെ വിവിധ അവയവങ്ങളില്‍ ഇരുന്നു ഭൂമിയോടമര്‍ത്തി ആ അസുരനെ കീഴ്പ്പെടുത്തി. ഈ ദേവന്മാര്‍ ചില്ലറക്കാരല്ല ഇവരെ പ്രസാടിപ്പിച്ചാല്‍ ശുഭ ഫലവും പ്രസാദിപ്പിചില്ലെന്കില്‍ അശുഭവവും തരും..!!!



ഇതില്‍ ഒരു പ്രശ്നം ഉള്ളത് സത്യത്തില്‍ ഈ വാസ്തു പുരുഷന്‍ മലര്ന്നാണോ കമിഴ്ന്നാണോ കിടക്കുന്നത് എന്നതാണ് ഓ അതിലെന്തു എന്ന് ചോദിക്കല്ലേ..അതില്‍ പ്രശ്നം ഉണ്ട് !!! കാരണം ഈ ഒരു ഐതിഹ്യം ആണല്ലോ ഈ വാസ്തു ശാസ്ത്രത്തിന് ആധാരം തന്നെ അപ്പോള്‍ ആ ഐതിഹ്യ പുരുഷന്റെ കിടപ്പ് ഒന്ന് പരിശോധിക്കേണ്ടി വരും. ബ്രുഹത്‌ സംഹിതയില്‍ വാസ്തു പുരുഷന്‍ കമിഴന്നാണ് കിടക്കുന്നത്. മനുഷ്യാലയ ചന്ദ്രികയില്‍ മലര്‍ന്നും !! അതിനെന്തു എന്നാണു എങ്കില്‍ , കമിഴന്നു കിടക്കുന്ന വാസ്തു പുരുഷന്റെ ശരീര ഭാഗങ്ങളില്‍ ഇടതും വലതുമുള്ളവ മലര്‍ന്നു കിടക്കുമ്പോള്‍ നേരെ വിപരീതം ആയിപോകും.... ഈ ദേവന്മാരെ പ്രീതിപ്പെടുതല്‍ ചില്ലറ കാര്യമല്ല അര്‍ഗ്ഗളനു ഉള്ളത് ചന്ദ്രനും , അങ്ങനെ ഇടതു ദേവന്മാര്‍ക്കുള്ളത് വലതു ദേവന്മാര്‍ക്കും ആയിപോകും....ആകെ അനുഗ്രഹത്തിന് പകരം കുളംകലക്കല്‍ ആയിപോകും..!!!! 


ഈ കണക്കുകളും ഐതിഹ്യങ്ങളും മാമൂലുകളും ഒക്കെയായി ആണ് വാസ്തു വിദ്യയും വാസ്തു ശാസ്ത്രവും ആയി വളര്‍ന്നത്‌ ..അതില്‍ വാസ്തു വിദ്യ ഇന്നത്തെ എന്ജിനീയറിംഗ് ആയി വികസിച്ചു വാസ്തു ശാസ്ത്രം ആകട്ടെ ഇടക്കാലത്ത് മൃതമാവുകയും പിന്നീട് ഇപ്പോള്‍ ചില പരാന്ന ഭോജികളുടെ അതിയായ ഉള്സാഹതാല്‍ സാധാരണക്കാരനെ  പറ്റിക്കുന്ന "വാസ്തു"വായി വിരാജിക്കുന്നു.

ഈ വാസ്തു ശാസ്ത്രത്തിന്റെ ഇന്നത്തെ പഠനങ്ങളും പ്രോഫസര്മാരുടെ വാക്ക്‌ ചതുരിയുടെ ഗീര്‍ വാണങ്ങളും ഒക്കെ ഭംഗിയായി ഒടിച്ചു കളയുന്നുണ്ട് ആര്‍ വി ഗ്രന്ഥത്തില്‍. വളരെ ചുരുക്കി ചില കാര്യങ്ങള്‍ മാത്രമാണ് ഞാനിവിടെ രേഖപെടുതുന്നത്. 

മനുഷ്യാലയ ചന്ദ്രിക 

പ്രധാനമായും മനുഷ്യാലയ ചന്ദ്രിക എന്നാ ഗ്രന്ഥത്തിലും ബ്രുഹത്‌ സംഹിതയിലും ആണ് ഈ വാസ്തു ശാത്രത്തിന്റെ വിവരണങ്ങള്‍ കിട്ടുന്നത്. അതില്‍ കേരളത്തില്‍ സാര്‍വത്രികമായ അംഗീകാരം സിദ്ധിച്ച തിരുമങ്കലത്ത്  നീലകണ്ടന്‍ രചിച്ചു ഭാഷാ വ്യാഖ്യാനത്തോടെ പണ്ഡിത രാജന്‍ കാനിപ്പയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് പരിശോധിച്ച് പ്രസിദ്ധപ്പെടുത്തിയ മനുഷ്യാലയ ചന്ദ്രിക ഇങ്ങനെ ആരംഭിക്കുന്നു :

 " സകല ചരാചരങ്ങളെയും സൃഷ്ടിക്കുന്നതില്‍ സ്വതസിദ്ധമായ സാമര്‍ഥ്യമുള്ളവനും അദമ്യനുമായിരിക്കുന്ന ബ്രഹ്മാവിനെ നമ്സ്കരിച്ചിട്ടു മനുഷ്യാലയ ചന്ദ്രിക എന്ന ഈ പുസ്തകത്തെ മന്ദബുധികളുടെ നന്മക്കായ്‌  ഞാന്‍ എഴുതുന്നു ! "

മനുഷ്യാലയ ചന്ദ്രികയിലെ അടിസ്ഥാന മാതൃക നാലുകെട്ടാണ് . ഇത് ശരിക്കും നാല് വീടുകള്‍ ചുറ്റും ചേര്‍ന്നുണ്ടാകുന്ന ഒരു സമുച്ചയം ആണ് വടക്കിനി ( വടക്കുള്ള വീട് ) കിഴക്കിനി ( കിഴക്കുള്ള വീട് ) തെക്കിനി ( തെക്കുള്ള വീട് ) പടിഞ്ഞാറ്റിനി ( പടിഞ്ഞാറുള്ള വീട് ) ഇവ പരസ്പരം നടുത്തളത്തിലേക്ക് ദര്‍ശനം ആയി വരുന്നു . വടക്കിനിക്ക് തെക്കിനിയും പടിഞ്ഞാട്ടിനിക്ക് കിഴക്കിനിയും പരസ്പരം ദര്‍ശനം ആവുന്നു ഇങ്ങനെ ഇവയെ എല്ലാം ഒരു ചരടില്‍ വട്ടം കെട്ടിയാല്‍ അത് നാലുകെട്ടായി . 

ഈ നാലുകെട്ടാണ് യഥാര്‍ഥത്തില്‍ മനുഷ്യാലയ ചന്ദ്രിക പറയുന്ന വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാന പാര്‍പ്പിടം. ഇതില്‍ പുരയിടത്തിന്റെ ചരിവ്, മണ്ണിന്റെ നിറം, പുരയിടത്തിലെ മരം , നിലത്തിലെ പുല്ലു, ഉപയോഗിക്കാവുന്ന വീട് , കോല്‍ തുടങ്ങി കുറേയുണ്ട്....അവ  ഓരോ വര്‍ണ്ണത്തിനും   ഓരോന്നാണ് .ബ്രാഹ്മണര്‍ക്ക്  ( കിഴക്കിനി ) വടക്ക് ചരിവും, ക്ഷത്രിയന് (തെക്കിനി ) കിഴക്കും, വൈശ്യന് ( പടിഞ്ഞാറ്റിനി) പടിഞ്ഞാറും ശൂദ്രന് ( വടക്കിനി ) തെക്ക് പടിഞ്ഞാറും ആണ് കമ്മാളരും ഈഴവരും പുലയനും, ക്രിസ്ത്യാനി മുസ്ലീം തുടങ്ങിയവര്‍ പടിക്കു പുറതെന്നു ചുരുക്കം അവര്‍ക്ക് വാസ്തു പറഞ്ഞിട്ടില്ല !!!! ഇതില്‍ കൌതുകം ബ്രാഹ്മണന് ഏതു സ്ത്രീയെയും സംബന്ധം അകാമായിരുന്നല്ലോ, അതില്‍ വിവിധ വര്‍ണ്ണങ്ങള്‍  പെട്ടാല്‍ അവര്‍ക്ക് ഈ നാലുകെട്ടിലെ ഇതെല്ലാം " ഇനികളില്‍ " താമസം ആകാം എന്ന് ഇതില്‍ നിന്നും വ്യക്തം !  

വാസ്തു ശാസ്ത്രത്തിന്റെ നിലനില്‍പ്പ് ചാതുര്‍ വര്ന്ന്യത്തില്‍ അധിഷ്ഠിതമായ വിലക്കുകളില്‍ ആണ്. ആ ശ്ലോകങ്ങളും അതിന്റെ അര്‍ഥവും അറിയാന്‍ പുസ്തകം തന്നെ നോക്കുക. വിസ്താര ഭയത്താല്‍ അവയൊന്നും ഇവിടെ എഴുതുന്നില്ല. 

മണ്ണിന്റെ ലക്ഷണങ്ങള്‍ നിറം ഗന്ധം രസം ഇത്യാദി കലര്‍ന്ന് ഒരു പാര്‍പ്പിടത്തില്‍ കണ്ടാലോ അത് ആര്‍ക്കു ഉത്തമം ?, അതിന്റെ പ്രതിവിധി ഇപ്രകാരം ആണ് ഒരു കോല്‍ ചതുരത്തിലും അത്രയും ആഴത്തിലും കുഴിച്ചു ചുടാത്ത മന്കുടത്തില്‍ നെയ്യ് നിറച്ചു ആ കുഴിയില്‍ വെക്കുക. പിന്നെ ആ കുടത്തിനു മീതെ ഒരു ചെരാതില്‍ നെയ്‌ വീഴ്ത്തി നാല് നിറങ്ങള്‍ ഉള്ള നാല് തിരികള്‍ വെക്കുക . വെളുത്ത തിരി കിഴക്കോട്ടും മഞ്ഞ പടിഞ്ഞാറോട്ടും ചുവന്നത് തെക്കോട്ടും കറുത്തതു വടക്കോട്ടും ആയിരിക്കണം. എന്നിട്ട് ആ തിരികള്‍ വിധിപ്രകാരം കൊളുത്തി രണ്ടു നാഴിക കഴിഞ്ഞു നോക്കുക ആ ഭൂമി ആര്‍ക്കാണ് ഉത്തമം എന്ന് കത്തി നില്‍ക്കുന്ന തിരി കാണിച്ചു തരും ! വെളുത്ത തിരി ആണെങ്കില്‍ അത് ബ്രാഹ്മണനും ചുവപ്പ് ക്ഷത്രിയനും, മഞ്ഞ വൈശ്യനും, കറുപ്പ് ശൂദ്രനും ..!!!!നാലും കത്തി നിന്നാല്‍ ചാതുര്‍വര്‍ണ്ണരില്‍ ആര്‍ക്കും ഉപയോഗിക്കാം, എല്ലാം കേട്ടുപോയാലോ ആര്‍ക്കും പാടില്ല, രണ്ടോ മൂന്നോ തിരികള്‍ കതിയാലോ എന്ന് അതില്‍ ഉത്തരംഇല്ല..!!!! പറഞ്ഞു വന്നത് ഇതാണ് നിങ്ങള്‍ കാശുകൊടുത്തു വാങ്ങിയ ഭൂമി സവര്ന്നരില്‍ ഏതെന്കിലും വിഭാഗത്തിനുള്ള ഭൂമി ആണോ എന്ന് നോക്കി തീരുമാനിക്കൂ വാസ്തു...ഇല്ലേല്‍ സംഗതി ആകെ കുളമാകും വാസ്തു പുരുഷന്‍ തന്റെ ലീലാ വിലാസങ്ങള്‍ തുടങ്ങും  !!!!!

അറിയാം ഇത് പറഞ്ഞാല്‍ ഈ പറഞ്ഞ ആളുകള്‍ ഒന്നും ഭൂമിക്ക് വാസ്തു നോക്കില്ല എന്ന് അതുകൊണ്ട് ഇന്നത്തെ ബുദ്ധിമാന്മാര്‍ ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയുണ്ടോ അതെല്ലാം മാറ്റുകയും പകരം നാനാവിധ ജാതി മതസ്ഥരുടെ കാശ് തങ്ങളുടെ പോക്കറ്റില്‍ ആക്കാനുള്ള പൊടിക്കൈകള്‍ മാത്രം വാസ്തു ശാസ്ത്രമായി ഉപദേശിക്കുകയും ചെയ്യുന്നു..അമ്പട വാസ്തു !!!!

അതുപോലെ മണിബന്ധം ഉള്ള കഴുക്കൊലുകളാല്‍ താങ്ങി നിര്തപെട്ട വീടുകള്‍ക്ക് ആണ് ഈ പറഞ്ഞ വാസ്തു തന്നെ അപ്പോള്‍ നമ്മുടെ ഫ്ലാറ്റുകള്‍ക്കും കൊണ്ക്രീട്ടു കെട്ടിടങ്ങള്‍ക്കും എന്ത് വാസ്തു ?? അതുപോലെ സമീപത് ക്ഷേത്രം ഉണ്ടെങ്കില്‍ ആ ക്ഷേത്രതിനും ഉയരെ പാര്‍പ്പിടം നിര്‍മ്മിക്കരുത്‌ എന്നാണു നമ്മുടെ ഫ്ലാറ്റുകള്‍ വാസ്തു നോക്കുന്നുണ്ടോ ആവോ !!!!

ഇതുപോലെ അനേകം ചോദ്യങ്ങളും ഉത്തരങ്ങളും കാണിപ്പയ്യൂരിന്റെ മാതൃഭൂമി ഉത്തരങ്ങളും അവക്കുള്ള മറുപടികളും ഒക്കെയായി രസകരമായ ആ വൈജ്ഞാനിക ഗ്രന്ഥം മുഴുവനായി പകര്‍ത്താന്‍ ഇവിടെ ഒരുംബെടുന്നില്ല ! 

വൈരുധ്യങ്ങളുടെ ഈ സവര്‍ണ്ണ വാസ്തു വിലക്കുകളെ ഇന്ന് പുതിയ ഭാഷയും വിപണന തന്ത്രവും ഒരുക്കി ആനയിക്കുന്നവര്‍ മനുഷ്യര്‍ക്ക്‌ ഭയവും വിഹ്വലതകളും ആണ് സൃഷ്ടിച്ചു നല്‍കുന്നത് . അധ്വാനിച്ചു ഉണ്ടാക്കിയ കാശിനാല്‍ തന്റെ കുടുംബത്തിന് കഴിയാന്‍ ഒരു കൂര ഒരുക്കുന്ന സാധാരണക്കാരനെ അവന്റെ പോക്കറ്റ് പിഴിഞ്ഞ് അവനെ മാനസിക രോഗിയാക്കുന്ന ഈ അളിഞ്ഞ നാറിയ അന്ധ വിശ്വാസത്തിന്റെ  യഥാര്‍ഥ രൂപം അറിയാന്‍ പ്രിയ സുഹൃത്തുക്കളെ ഈ പുസ്തകവും അതിലെ സംവാദങ്ങളും നിങ്ങള്ക്ക് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു....

അറിയണം അറിവ് ആയുധമാണ് ... അന്വേഷിക്കാന്‍ പറ്റാത്ത വിധം പരിശുദ്ധം ആയതോ വിമര്‍ശിക്കാന്‍ കഴിയാത്ത വിധയം പുണ്യമായതോ ആയ യാതൊന്നും ഈ ഭൂ ചക്രവാളത്തില്‍ ഇല്ല....അറിവുകള്‍ മനുഷ്യനെ കൂടുതല്‍ തെളിച്ചമുള്ളവര്‍ ആക്കട്ടെ ..അറിവുകള്‍ പന്കുവേക്കപെടട്ടെ കാരണം നിശബ്ദനായിരിക്കാന്‍ നമുക്കാര്‍ക്കും അവകാശമില്ല ..സത്യം വദ ധര്‍മ്മം ചര !





Wednesday, February 27, 2013

യുക്തിയും ഞാനും !!


ഒരു യുക്തിവാദിയും ഒരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നില്ല. ക്ഷിപ്ര കോപം കൊണ്ടോ ജീവിത നൈരാശ്യം കൊണ്ടോ ദൈവത്തിനോടുള്ള വിരോധം കൊണ്ടോ ഒരാള്‍ക്ക്‌ യുക്തിവാദി ആകാന്‍ കഴിയില്ല. ഞാനും ഒരു മത ദൈവ വിശ്വാസി ആയിരുന്നു. എങ്ങനെയാണ് എന്റെ മത ദൈവം എന്നില്‍ നിന്നും ഇറങ്ങി പോയത് എന്ന് ഒന്ന് കുറിച്ച് വെക്കുകയാണ് .... 

മുന്‍പ് ഫേസ്ബുക്കില്‍ ഇട്ട ഒരു സീരീസ്‌ ആണിത്, എഡിറ്റു ചെയ്യാന്‍ മെനക്കെടുന്നില്ല... അത്ര മഹത്താണോ ഇത് എന്ന് ചോദിച്ചാല്‍ അല്ല ....പക്ഷെ സത്യസന്ധം ആണെന്നാണ് മറുപടി. ഇതില്‍ കൃത്യമായ്‌ ഒരു കുട്ടിയുടെ യുക്തിബോധതിലേക്കുള്ള വളര്‍ച്ച ഉണ്ട്... സമയം അനുവദിക്കുമെങ്കില്‍ സദയം വായിക്കുക.

ഭക്തന്റെ അങ്കലാപ്പുകള്‍ !
**********************************
ഏതാണ്ട് പത്താം ക്ലാസ്സ് അവധിക്കാലത്താണ്  ഞാന്‍ പ്രസിദ്ധ യുക്തിവാദി എ ടി  കോവൂരിന്റെ  സമ്പൂർണ്ണ   കൃതികള്‍  വായിക്കുന്നത് ... അത്  മുഴുവനും  വായിച്ചോ  എന്നെനിക്കോര്‍മയില്ല  ഞാനതുവരെ  അനുഭവിക്കാത്ത  ഒരു മാനസിക  സംഘര്‍ഷം   അന്ന് സംഭവിക്കുകയായിരുന്നു..വല്ലാത്തൊരു തകിടം മറിച്ചില്‍ .. 

മനസ്സില്‍ കൊണ്ടുനടന്ന ദൈവങ്ങളും വിശ്വാസവും എല്ലാം കലപിലകൊട്ടി..... എന്റെ ചിന്തകളില്‍ തീയാളി.. നേരെ പോയത് കൊല്ലം ആശ്രാമതുള്ള വല്യമ്മച്ചിയുടെ വീട്ടിലേക്ക് ...ആശ്രാമം  അമ്പലത്തിലെ ഉണ്ണികണ്ണനും  പിന്നെ അങ്ങോട്ട്‌ പോകും വഴിക്കുള്ള സകല കൊച്ചു കൊച്ചു അമ്പലങ്ങളിലെയും ദൈവങ്ങളോട് മനമുരുകി പ്രാര്‍ഥിച്ചു എനിക്ക് ഭക്തിയുണ്ടാകണെ എന്ന് !!!. സത്യം അതായിരുന്നു എന്റെ പ്രാര്‍ഥന... !!! 

ഇന്നാലോചിക്കുമ്പോള്‍ വിവിധ അമ്പലങ്ങളുടെ പ്രതീകമായി മഞ്ഞളും , കുങ്കുമവും, ഭസ്മവും , ചന്ദനവും തിങ്ങി ഞരുങ്ങി സ്വരുമയോടെ സ്ഥലം പങ്കിട്ട ഒരു പാവം നെറ്റിയുടെ ഉടമയായ  ഒരു കുട്ടിയുടെ മനസ്സിനകത്തെ പ്രദര്‍ശനപരതയാണോ അതോ ദൈവങ്ങളുടെ സഹതാപം പിടിച്ചു പറ്റാനുള്ള കുറുക്കു വഴിയോ .. അറിയില്ല !!

അന്നേ സ്വന്തം കാര്യങ്ങള്‍ക്കായുള്ള പ്രാര്‍ഥന ഉപേക്ഷിച്ചിരുന്നു,  കാരണം അതില്‍ ഒരു പന്തികേട്‌ തോന്നിയിരുന്നു അതുകൊണ്ട് "എല്ലാവര്ക്കും ഫസ്റ്റ് ക്ലാസ് കിട്ടണേ കൂട്ടത്തില്‍ എനിക്കും ....എന്നായിരുന്നു പ്രാര്‍ഥന..!!! "എന്നിട്ട് മനസ്സില്‍ സ്വയം ന്യായീകരിച്ചു , എല്ലാവര്ക്കും വേണ്ടിയല്ലേ പ്രാർഥിച്ചത്  അതുകൊണ്ട് ദൈവത്തിന്  എന്റെ ആവശ്യം നടത്താവുന്നതെയുള്ളൂ .... ഏതാണ്ട് ഇതേ രീതി തന്നെയായിരുന്നു അന്നത്തെ എന്റെ ദൈവങ്ങലോടുള്ള ഡിമാണ്ട് മുഴുവന്‍ ... 

പക്ഷെ കോവൂര്‍ വീണ്ടും വീണ്ടും എന്റെ കള്ളത്തരങ്ങളിലേക്ക് യുക്തി പടര്‍ത്തി കൊണ്ടിരുന്നു.... എപ്പോഴാണ് ഞാന്‍ എന്റെ സമൂഹ പ്രാര്‍ഥന പോലും ഒരു കള്ളമാണെന്ന് മനസ്സിലാക്കിയത്...‌ അറിയില്ല... കഴിഞ്ഞ കാലങ്ങളെ ഓര്‍ത്തെടുക്കുമ്പോള്‍ യുക്തിയുടെ പാതയ്ക്ക് വ്യക്തത കുറവുണ്ട്..എങ്കിലും പതിയെ ഞാന്‍ മനസ്സിലാക്കി മനസ്സില്‍ ഞാന്‍ വിചാരിക്കുന്നതും വിചാരിക്കാന്‍ പോകുന്നതും, എന്നിട്ട് ഞാന്‍ ദൈവത്തിനോട് പറയാന്‍ ഒരു കാരണം ഒരുക്കുന്നതും ( ദൈവമേ ഞാന്‍ അങ്ങനെ ചെയ്തത് നിനക്കറിയല്ലോ ദേ ഇങ്ങനെ ഒരു കാരണം ഉണ്ടായിരുന്നത് കൊണ്ടാണ് , ഇതുപോലുള്ളവ )  എല്ലാം ദൈവം അറിയുന്നുവെന്നും സര്‍വതും അറിയുന്ന ദൈവത്തിനു എന്റെ വിശദീകരണമോ സോപ്പിടലോ പ്രീണിപ്പിക്കലോ വേണ്ടെന്ന അറിവിലേക്ക് അത് വളര്‍ന്നു..അതായതു ദൈവം സര്‍വജ്ഞനും സര്‍വ വ്യാപിയും അനന്തവും ആണെങ്കില്‍ അതെന്നേ എന്നെയും എല്ലാവരെയും അളന്നു തൂക്കിയിട്ടിരിക്കുന്നു എന്ന തിരിച്ചറിവിന്റെ ....ചെറിയ യുക്തിയിലെക്കുള്ള വളര്‍ച്ചയുടെ .....  ആദ്യ പടി...!!

ദൈവത്തിന്റെ  രൂപമാറ്റം !
******************************
ദൈവത്തിനു എന്തിന്  ആയുധം ? അതായിരുന്നു കുട്ടിക്കാലത്തെ ഒരു ചിന്ത...ശ്രീരാമനും കൃഷ്‌ണനും ശിവനും ഒക്കെ വ്യത്യസ്ത തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നു.. അതിലെ ആ ദയനീയത..പരിഹാസം ,..... ഈ പ്രപഞ്ചം നിലനിര്‍ത്തുകയും സ്വന്തം ഇച്ഛക്കനുസരിച്ചു വളര്‍ത്തുകയും ചെയ്യുന്ന ദൈവങ്ങള്‍ അന്നന്നത്തെ മനുഷ്യ സങ്കല്‍പ്പത്തിലെ ആയുധങ്ങളാണ് പ്രയോഗിക്കുന്നത്  എന്നത് ....എന്നെ ആശ്ചര്യപ്പെടുത്തി!. 

ദൈവത്തിനു എന്നെ ശിക്ഷിക്കണമെങ്കില്‍ അദ്ദേഹം വിചാരിച്ചാല്‍ മതിയല്ലോ... എന്നായിരുന്നു ചിന്ത മുഴുവനും... ഇനി അഥവാ ഇതെല്ലം അദ്ദേഹത്തിന്റെ  തമാശകളും ജനങ്ങളെ കാര്യം പഠിപ്പിക്കാനും ( അതായിരുന്നു എന്റെ മുതിര്‍ന്നവര്‍ എനിക്ക് അന്ന് തന്ന ന്യായീകരണം)  ആണെങ്കില്‍ മനുഷ്യരെ ഇട്ടു കുരങ്ങു കളിപ്പിക്കുന്ന ദൈവങ്ങളെ ഇഷ്ടപ്പെടാന്‍ സാധിക്കില്ല എന്ന് തോന്നിത്തുടങ്ങി... 

എന്റെ സുഹൃത്തുക്കള്‍ ചോദിച്ചു  ദൈവത്തെ ഇഷ്ടപ്പെടാന്‍ ദൈവം നിന്റെ കാമുകിയാണോ..? .കുട്ടിത്തത്തിന്റെ പരിഹാസമായിരുന്നു അതെങ്കിലും വലിയൊരു പ്രശ്നം ആ ചോദ്യത്തില്‍ ഉണ്ടെന്നു  തോന്നി ദൈവത്തെ എങ്ങനെ സമീപിക്കണം...കാവിലെ മുടിയേറ്റിന്റെ തീക്ഷ്ണതയിലെ ഭയപ്പടാണോ, തൊടാതെ, തീണ്ടാതെ ദൂരെ മാറിനിന്നു കാണേണ്ട ദൈവമാണോ... അതോ ക്രിസ്തുവിനെപോലെ സ്നേഹം മാത്രം പറയുന്ന ....  കന്യാ മറിയത്തിന്റെ അമ്മ കണ്ണുകളിലെ കരുണയാണോ ദൈവം...അതോ പത്താംക്ലാസ്സിലെ പാഠപുസ്തകത്തില്‍   ടാഗോര്‍ പറയുന്ന ശ്രീകോവിലിന്റെ ഇരുട്ടില്‍ കാണാത്ത... അതേസമയം പാടത്തെ ചളിയില്‍ കാണുന്നതാണോ ദൈവം....അതോ  കൃഷ്ണനെ കാമുകനാക്കിയ മീരയെ പോലെ..എനിക്ക് ലക്ഷ്മിയെ കാമുകിയാക്കാമോ..ലക്ഷ്മി  കൃഷ്ണനെ അനുവദിച്ച പോലെ കൃഷ്ണന്‍ ലക്ഷ്മിയെ അനുവദിക്കുമോ പ്രണയ ചാപല്യങ്ങള്‍ക്ക് ?? ..അതില്‍ നിന്ദയുണ്ടോ...ഉണ്ടെങ്കില്‍ ഭക്ത മീര ശരിയും ഞാന്‍ തെറ്റും ആകുന്നതെങ്ങനെ..?? 

  ചിന്തകള്‍ പരസ്പരം വാളെടുത്തു,..പടയോട്ടം സിനിമയിലെ വിഖ്യാതമായ ചതുരംഗ കളത്തിലെ പാട്ടിലെ,  കരുക്കള്‍ പടവെട്ടുന്നതുപോലെയായി... എങ്കിലും അതൊരു ഉത്സവമായിരുന്നു,,,പുസ്തകങ്ങളില്‍ നിന്നും പുസ്തകങ്ങളിലേക്കുള്ള ഓട്ടം അവിടെ തുടങ്ങുന്നു...

പലരുടെയും ഉപദേശ പ്രകാരം വിവേകാനന്ദ സാഹിത്യ സര്‍വസ്വം വായിക്കാന്‍ തുടങ്ങി..ഇന്നും എനിക്കറിയില്ല അതെത്ര  വാല്യം അകെ ഉണ്ടെന്നു..പക്ഷെ വായനശാലയിലെ ആ അല്‍പ വായന പെട്ടന്ന് മുറിഞ്ഞു..എല്ലാ മതങ്ങളും ഒരുമിച്ചേ നിലനില്ക്കു എന്നും എല്ലാ മതങ്ങളും നന്മ മാത്രമേ പറയുന്നുള്ളൂ എന്നൊക്കെ തരത്തിലുള്ള നിലവിലെ മതങ്ങളുടെ വ്യാഖ്യാനങ്ങള്‍ ആയിരുന്നു അതില്‍ കൂടുതലും കണ്ടത്..എനിക്ക് വേണ്ടിയിരുന്നത് വ്യാഖ്യാനങ്ങള്‍  അല്ലായിരുന്നു അത് ഞാന്‍ തന്നെ ചെയ്തോളാം,  പകരം വസ്തുതകള്‍ തരു ,,,ഒരു മതം പറയുന്നത് അതെ വാക്കുകളില്‍ തരു അത് ശരിയായിരുന്നോ തെറ്റായിരുന്നോ എന്നൊക്കെ എന്റെ ബുദ്ധിയില്‍ ഞാന്‍ തീരുമാനിചോളാം അതായിരുന്നു അന്നത്തെ നിലപാട്.. 

എങ്കിലും ദൈവം അല്പം  ഭയം എന്നില്‍ ജനിപ്പിച്ചു കൊണ്ടേയിരുന്നു.... എന്റെ പല തോല്‍വികളും ദൈവത്തിന്റെ ഇടപെടല്‍ ആണെന്ന.... അതുവരെയുള്ള എല്ലാ യുക്തികളെയും കാറ്റില്‍ പറത്തി കൊണ്ട് ദൈവം ശക്തമായി എന്നില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു... ഒപ്പം അതിനു വിപരീതമായി ഇന്നലേക്കു യുക്തി പടർത്താൻ കോവൂരും... !! 

ഇതിനിടയിലും ബലമുള്ള ഒരു യുക്തിയുടെ അസാന്നിധ്യം... കുറച്ചുകാലം ആ നില തന്നെയായിരുന്നു അവിടേക്കാണ് തീപടര്‍പ്പുപോലെ മാര്‍ക്സിസം കടന്നു വരുന്നത്...  ( കുറച്ചു  മാത്രമേ അതും വായിച്ചിട്ടുള്ളൂ, പക്ഷെ ഒരാശയത്തിന്റെ ജീവന്‍ അറിയാന്‍ അത് മുഴുവനായി വായിക്കണം എന്ന്   ഇപ്പോഴും എനിക്കഭിപ്രായമില്ല, ...ലെനിന്‍ തന്നെ പറഞ്ഞ പോലെ കൌത്സ്കി അനന്യ പണ്ഡിതനാണ് മൂലധനത്തിന്റെ   ഇത്രാം വോല്യത്തിലെ ഇത്രാം അദ്ധ്യായത്തിലെ ഇത്രാം വരി ഏതെന്നു ചോദിച്ചാല്‍ പോലും കൃത്യമായി പറയുന്ന അത്രയും പണ്ഡിതന്‍, പക്ഷെ മാര്‍ക്സിസത്തിന്റെ ജീവന്‍ മാത്രം പിടികിട്ടാതെ പോയി.... അപ്പോള്‍ ആ പാണ്ഡിത്യത്തിനു എന്ത് പ്രസക്തി ?, ഇത് പറയുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട ഞാന്‍ അതിന്റെ ജീവന്‍ മനസ്സിലാക്കി അല്ലെങ്കില്‍ മനസ്സിലാക്കിയില്ല  എന്ന് ഇതിനർത്ഥവും  ഇല്ല .. ) 

മാര്‍ക്സിസത്തിന്റെ ആദ്യ വായനകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു...ഒരു കാര്യത്തെ അതിന്റെ സാഹചര്യങ്ങളില്‍ തന്നെ മനസ്സിലാക്കുന്ന ആ രീതി എനിക്കിഷ്ടമായി..പ്രപഞ്ചത്തെയും ചരിത്രത്തെയും കൂട്ടികെട്ടി വൈരുധ്യങ്ങളിലൂടെയുള്ള   അതിന്റെ പരിക്രമണം വിലയിരുത്തുന്ന രീതി എന്റെ ചെറിയ ബുദ്ധിയെ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടിച്ചു... കോവൂരിന്റെ വായനക്ക് ശേഷമുള്ള സ്ഫോടനം....

എന്നിട്ട് "പണ്ഡിതന്മാര്‍ ഈ ഭൂമിയെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാല്‍ അതിനെ മാറ്റി തീര്‍ക്കലാണ് കാര്യം" എന്ന ആശയം ഞാന്‍ പരിചയിച്ച മത ഗ്രന്ഥങ്ങളുടെ ഭാഷയെക്കാള്‍ സത്യസന്ധമായി തോന്നി... അപ്പോഴും ഒന്നെനിക്ക് മനസ്സിലായി ദൈവം വല്ലാതെ എന്റെ മനസ്സിനെ അലട്ടുന്നുണ്ടെന്ന്... അതേസമയം ഈ ദുരിതങ്ങള്‍ക്ക് നേരെയും ചരിത്ര കാലങ്ങളിലൂടെ പ്രാകൃത കമ്മ്യൂനിസത്തില്‍ ജീവിച്ചിരുന്ന    ഒരു സമൂഹം  ഇന്നത്തെ വര്‍ഗ വൈരുദ്ധ്യങ്ങളുടെ  ലോകമായി  വളര്‍ന്നതും  അതില്‍ ദൈവത്തിനു ഒരു പങ്കുമില്ലാത്തതും  ഉണ്ടെങ്കില്‍  അന്നെരങ്ങളില്‍  നിഷ്ക്രിയനായ ദൈവത്തോട് എനിക്ക് വിദ്വേഷവും  തോന്നിത്തുടങ്ങി...പിന്നെ പതിയെ എന്റെ നിലപാടുകളിലെ പൊള്ളത്തരവും ബോധ്യമായി കാരണം, ഉള്ള ദൈവത്തെ മാത്രമേ എനിക്ക്  പുച്ഛിക്കാനും  എതിര്‍ക്കാനും കഴിയു, ...!!

 ഇന്ന്   ചിന്തിക്കുന്നതും  അതിന്റെ  ചുവടുപിടിച്ചാണ് , നിലവിലെ  ദൈവ  സങ്കല്പങ്ങള്‍  എല്ലാം പൊള്ളയാണെന്ന്  മനസ്സിലായി  അതെന്നെ  ശാസ്‌ത്രം  പഠിപ്പിച്ചു ... പ്രപഞ്ചത്തിന്റെ വളര്‍ച്ചയും   അതിന്റെ  ആദ്യ  കാല  അവസ്ഥകളും  എല്ലാം പുരാണങ്ങളെയും  ക്രിസ്തു  മത  ഇസ്ലാം  മത  ഹൈന്ദവ  സങ്കല്പ്പങ്ങളെല്ലാം   പറയുന്ന ദൈവങ്ങളെ  തകര്‍ത്തു ... അതെ  സമയം  എന്റെ മനസ്സില്‍ എല്ലാ   മത  ദൈവങ്ങളും ഒരുപാട്  വര്‍ണ്ണങ്ങള്മായി  ( അവയുടെ   ഉത്സവങ്ങളും പെരുന്നാളുകളും  മനുഷ്യരുടെ കൂട്ടായ്മകളും എല്ലാം )  എന്നെ  പ്രലോഭിപ്പിച്ചു  കൊണ്ടിരുന്നു...

ഭഗത്  സിംഗ് എഴുതിയ  "എന്തുകൊണ്ട്  ഞാനൊരു  യുക്തിവാദിയായി "  എന്ന ചെറിയ പുസ്തകമായിരിക്കും  ഇന്നെന്നെ  ഒരു യുക്തിവാദിയാക്കിയതില്‍  പ്രധാന പങ്കു വഹിച്ചത് ....അതില്‍ അദ്ദേഹം  വളരെ വ്യക്തമായി പറഞ്ഞു

"സത്യം അന്വേഷിക്കലും പറയലും പ്രവര്തിക്കലുമാണ്ദൈവത്തോടുള്ള പ്രാര്‍ഥന.. ദൈവം എന്ന ഇന്നത്തെ മത ദൈവങ്ങള്‍ ഒരു തരത്തിലും സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല..അതെ സമയം ദൈവം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു... ബ്രിടീഷ് അഹങ്കാരം ഭാരതാംബയെ ഇങ്ങനെ മാനഭംഗപ്പെടുതുമ്പോള്‍ ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുന്നു... അത് കേവലം നമ്മുടെ ആഗ്രഹം മാത്രമാണ് ...ഇനി അഥവാ പ്രപഞ്ച ശക്തി ഉണ്ടെങ്കില്‍ നേരത്തെ പറഞ്ഞ സത്യമാണ് അതിനെ കണ്ടെത്താനുള്ള   മാര്‍ഗം.... സകല   അനീതികളോടും സമരം ചെയ്യലാണ് അതിന്റെ പ്രാര്‍ഥന.....ശരിയായി പഠിച്ചു മാര്‍ക്സിസം പോലുള്ള ശാസ്‌ത്രീയ പ്രത്യയശാസ്ത്രങ്ങള്‍ കണ്ടെത്തലാണ് അതിന്റെ വഴി...  "
 

മനോഹരമായ ദൈവ  സങ്കല്‍പ്പങ്ങളെ  തള്ളിപറയാതിരിക്കാന്‍ ഞാന്‍ കാണിച്ചിരുന്ന  അനാവശ്യ  വാദങ്ങള്‍ അങ്ങനെ എന്റെ മനസ്സില്‍ നിന്നും  ഊര്‍ന്നിറങ്ങി ..

അറിയില്ലാത്തത് അറിയില്ലെന്നും നുണകളെ നുണകള്‍ എന്നും പറയാന്‍ ഞാന്‍ ഒരിക്കല്‍ കൂടി ഊര്‍ജം നേടി..(ഒരു യുക്തി വാദിയുടെ മനസ്സില്‍ മാത്രമേ ദൈവത്തിനു ഏറ്റവും മനോഹരമായി നിലനില്‍ക്കനാകൂ  എന്നെനിക്കു മനസ്സിലായി..!!!) .എന്റെ യുക്തി കൌമാരത്തില്‍ നിന്നും യുവത്വത്തിലേക്ക് നീങ്ങുന്നു എന്നും തോന്നി...അവിടെയും ചില ബലഹീനതകള്‍ എന്നെ അലട്ടികൊണ്ടിരുന്നു.

യുക്തിയുടെ വേരുകള്‍ ! 
*************************
അങ്ങനെ എന്റെ യുക്തിയുടെ കഥകള്‍ മൂന്നാം  ഭാഗത്തിലേക്ക് കടക്കുകയാണ്...

ദൈവമേ എനിക്ക് ഭക്തിയുണ്ടാകണേ.. എന്ന് പ്രാര്‍ഥിച്ചു നടന്ന കുട്ടിയില്‍ നിന്നും ഇന്നിലെക്കുള്ള വളര്‍ച്ച വിവരിക്കനോരുങ്ങുമ്പോള്‍ എളുപ്പത്തില്‍ അങ്ങ് പറഞ്ഞു കളയാം എന്നൊരു ധാരണ ഇല്ലായിരുന്നു എങ്കിലും ഇതൊക്കെ ഒതുക്കി പറയുക എന്നത് ശ്രമകരമാണ് എന്ന് മനസ്സിലായി..പ്രത്യേകിച്ച് ഇതൊരു ഒറ്റയിരുപ്പു എഴുത്താണ്.

ചോദ്യം പ്രസക്തമായിരുന്നു ....യുക്തി ഒരു മേഖലയില്‍ മാത്രം വളരുന്നതെങ്ങനെ....? നല്ല വൈദഗ്ധ്യമുള്ള ഒരു ഡോക്ടര്‍ ശ്രമകരമായ സര്‍ജറി കഴിഞ്ഞും പറയുന്നു ദൈവത്തിനു നന്ദി..!!..ഇതെന്നെ കുഴക്കി....ഇത്രയും വിദഗ്ദ്ധനായ ശാസ്ത്ര വിദ്യാർത്ഥി  എന്ത് കൊണ്ട് ഒരു മത ദൈവത്തില്‍ വിശ്വസിക്കുന്നു...? അതെ സമയം നിരീശ്വര വാദികള്‍ ആയ ഡോക്ടര്‍മരടക്കം ശാസ്ത്ര വിദഗ്ധരെ അറിയുകയും ചെയ്യാം എങ്കിലും മത ദൈവ വിശ്വാസികള്‍ നല്ലൊരു പങ്കുണ്ട്...

ഇതിനെ പല രീതിയിലാണ് ഞാന്‍ വിലയിരുത്തിയത്...ഒന്ന് ആ ഡോക്ടറിന്റെ വൈദഗ്ധ്യം ഒരാളെ മത ദൈവ നിഷേധതിലേക്ക് നയിക്കണമെന്നില്ല...അതില്‍ ഒരു ഡോക്ടറുമായി സംവേദിക്കാന്‍  എനിക്ക് അവസരം ലഭിച്ചിരുന്നു...അദ്ദേഹം വലിയൊരു ഭക്തന്‍ ആണ്..തന്റെ തൊഴിലില്‍ വളരെയേറെ ആത്മാർത്ഥത  കാണിക്കുന്നയാളും...എന്ത് കൊണ്ടാണ് താങ്കൾ  ഒരു മത ദൈവത്തില്‍ വിശ്വസിക്കുന്നതെന്ന എന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഒരു പ്രപഞ്ച ശക്തിയുണ്ട് എന്നാണു..

അത് മത ദൈവമാണോ ...എങ്കില്‍ നിലവിലെ ഏതു മത ദൈവമാകും ? എന്ന ചോദ്യം അദ്ദേഹത്തെ അല്പം കുഴക്കി...എനിക്ക് തോന്നുന്നു അത് മത ദൈവമാണോ എന്ന് മാത്രമാണ് ഞാന്‍ ചോദിച്ചതെങ്കില്‍ കൃത്യമായി ഉത്തരം തന്നേനെ 'ആകാന്‍  സാധ്യതയുണ്ടെന്ന്.'...പക്ഷെ ഒരു തിരഞ്ഞെടുപ്പ് നിലവിലെ മത ദൈവങ്ങള്‍ക്കിടയില്‍ നിന്നും നടത്താന്‍ പറഞ്ഞാല്‍ കുഴയും...അവിടെ ഒരു മറുപടിയെ ഉള്ളു..."എല്ലാം ഒന്ന് തന്നെ..".  ഞാന്‍ ചോദിച്ചു, : ഗുഹാ ദൈവങ്ങളെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ് ? ..ആകാശത്ത് സൂര്യനും നക്ഷത്രമാണെന്നും  അത് ആളി കത്തുകയാണെന്നും തിരിച്ചറിയാതിരുന്ന  മത ദൈവങ്ങളെ കുറിച്ച് ..?

"അവയെല്ലാം  കഥകള്‍ അല്ലെ.." അദ്ദേഹം ചിരിച്ചു....!!. 

സ്ട്രിംഗ് തിയറിയുടെ സാധ്യതകള്‍ എങ്ങനെയാണ്  ഡോക്ടര്‍ വിലയിരുത്തുന്നത്..?   എന്ന് ചോദിച്ചപ്പോള്‍ ഭാവഭേദമില്ലാതെ  അദ്ദേഹം  ചോദിച്ചു "എന്താണത്...?" 

ഒന്നെനിക്ക് മനസ്സിലായി യുക്തി ബോധം അതായതു തന്റെ വികസിച്ച വിജ്ഞാനശേഖരണത്തിന് ഉപയോഗിക്കുന്ന യുക്തിയുടെ ഉപകരണങ്ങള്‍ എല്ലാത്തിലും ഉപയോഗിക്കാന്‍ ഭൂരിപക്ഷത്തിനും അറിയില്ല അല്ലെങ്കില്‍ താല്പര്യമില്ല..അല്ലെങ്കില്‍ അങ്ങനെ ഉപയോഗിക്കാന്‍ നമ്മള്‍ പഠിപ്പിക്കപ്പെടുന്നില്ല....!!!...

ഇത് ഒരാള്‍ വളര്‍ന്നു വരുന്ന സാഹചര്യത്തിലെ അറിവുകളുടെ വലിയൊരു വലകെട്ടാണ് എന്ന് മനസ്സിലായി..

അറിയാതെ ഞാന്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയെ ഓര്‍ത്തു പോയി..." അറിഞ്ഞതില്‍ നിന്നുള്ള മോചനം" ..അതായിരുന്നല്ലോ അദ്ദേഹത്തിന്റെ പ്രശസ്തമായ ഫിലോസഫി..അതൊരു വലിയ തിരിച്ചറിവായി മനസ്സില്‍ രൂപം കൊള്ളാന്‍ തുടങ്ങി.....ഫ്രോയ്‌ഡും  ജീവിതകഥയുമായി എന്റെ കൂട്ടിനെത്തിയിരുന്നു.....

മലയാളി കുട്ടിയും ഒരു തമിഴ്‌ ബാലനും മഴയത് കളിച്ചാല്‍ നമ്മുടെ മലയാളിക്ക് പനി വരും..മറ്റേ കുട്ടിക്ക് വരില്ല...!!! എന്നൊരു സുഹൃത്തായ ഹോമിയോ ഡോക്ടര്‍ സരസമായി  പറഞ്ഞത് ഓര്‍ക്കുന്നു...കാരണം ഒന്നേയുള്ളൂ നമ്മുടെ കുട്ടിയുടെ  മനസ്സ് മഴ നനഞ്ഞാല്‍ പനിവരും എന്ന് കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്നു....!!!.തമിഴ്‌ ബാലന് സാഹചര്യങ്ങളാല്‍ അവന്റെ മാതാപിതാക്കള്‍ക്ക് നമ്മുടെ അറിവില്ലാത്തതിനാല്‍ അവന്‍ അങ്ങനെ കണ്ടീഷന്‍ ചെയ്യപ്പെട്ടിട്ടില്ല. ( ഉദാഹരണം ആണുട്ടോ എല്ലാരും ഇങ്ങനെയാണെന്ന് എടുക്കരുത്..)...!!! 

കുറെ സത്യമുണ്ട്  ഡോക്ടര്‍ പറഞ്ഞത്തില്‍ ...മനശാസ്ത്ര ലോകത്തിലെ പ്രശസ്തമായ ആ നായയുടെയും മണിയുടെയും കഥയും ഓര്‍ക്കുന്നു...നായക്ക് ഭക്ഷണം കൊടുക്കുന്നതിനു മുന്‍പ് കൃത്യമായി മണിയടിക്കുന്നു...കുറച്ചു ദിവസം കഴിഞ്ഞു മണിയടിച്ചാല്‍ നായയുടെ വായില്‍ താനേ വെള്ളമൂറും...!!! 

അറിവുകളുടെ വലിയൊരു തടവറയാണോ ലോകം....അറിവുകള്‍ക്ക് അങ്ങനെയും ഒരു ഭാവമോ....മണിച്ചിത്ര താഴ് സിനിമയില്‍ നായികയുടെ മനസ്സിലെ കെട്ടുപാടുകളെ പുറത്താക്കാന്‍ അതെ കൗശലം പ്രയോഗിച്ച ഡോക്ടറെ ഓര്‍ത്തു....അങ്ങനെയെങ്കിൽ  നമ്മള്‍ ആര്‍ജിച്ച  യുക്തി അത്ര യുക്തി ഭദ്രമോ....വീണ്ടും യുക്തിയുടെ പായകപ്പല്‍ അലയാഴിയിലെത്തി.... കാറ്റും കോളും!!.. 

ഏതാണ്ട് ഏഴു വയസ്സുവരെയുള്ള കാലം കുട്ടികളുടെ ബുദ്ധി വളര്‍ച്ചയിലെ  ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് . അറിഞ്ഞും അറിയാതെയും ഈ ലോകത്തെ മുഴുവന്‍ അവന്റേതായ ഭാഷ്യങ്ങളില്‍ മനസ്സില്‍ കോരിയിട്ടു അതിനെ മനസ്സിന്റെ ഏറ്റവും അടിയിലെ തട്ട് ആക്കി നിര്‍മ്മിക്കുന്ന അതി പ്രധാനമായ വളര്‍ച്ചയുടെ കാലം ...


" ദേ ഈ പാല് കുടിചില്ലെന്കില്‍ കോക്കാന്‍  വന്നു പിടിക്കട്ടെ..വേഗം കുടിച്ചോ..കൊക്കാനെ വരണ്ടാട്ടോ കുഞ്ഞു കുടിക്കുന്നുണ്ടേ...."  എന്ന ലളിതമായ കള്ളം  പറയുന്ന അമ്മമാര്‍ അറിയുന്നില്ലല്ലോ വരുംകാല ജീവിതത്തിലേക്ക് അവനു നല്‍കുന്ന ശക്തവും,... പലപ്പോഴും അപകടം ചെയ്തേക്കാവുന്ന..ഒരു മിത്തിനെയാണ് പാലിലൂടെ നല്‍കുന്നതെന്ന്....!

ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തു കടക്കുന്ന ആദ്യ ആഖാതം ഒരു കുട്ടി യില്‍ ഏല്‍പ്പിക്കുന്ന പ്രഹരത്തിന് ശേഷം അത്രയും പ്രാധാന്യമുണ്ട് ഏതാണ്ട് ഏഴു വയസ്സുവരെ ഒരു കുട്ടി അനുഭവിക്കുന്ന ചെറുതെന്ന് നമുക്ക് തോന്നുന്ന കുഞ്ഞി ഞെട്ടലുകള്‍....

വലിയൊരു വിജ്ഞാന സാഗരം കൈപ്പിടിയിലോതുക്കിയാലും വിടാതെ പിന്തുടരുന്ന,... അവന്റെ ലൈംഗീക താല്പര്യങ്ങള്‍ പോലും നിയന്ത്രിക്കപ്പെടുന്ന... അബോധ മനസ്സെന്ന മാന്ത്രികന്റെ സൃഷ്ടി അങ്ങനെ അവിടെ തുടങ്ങുകയായി...

അതോടൊപ്പം മറ്റു പലതും..ഉദാഹരണമായി "ദേ അമ്പിളിമാമന്‍ " എന്ന് പറഞ്ഞു ചന്ദ്രക്കലയെ ആഹ്ലാദപൂര്‍വ്വം നമ്മള്‍ കാട്ടി കൊടുക്കുമ്പോള്‍ ഒന്നറിയുക... കുഞ്ഞു മനസ്സില്‍ ചന്ദ്ര ബിംബം അമ്പിളി മാമന്‍ ആകുന്നതു സങ്കീര്‍ണവും സൃഷ്ടിപരവും ആയ വലിയൊരു പ്രക്രിയയിലൂടെയാണ്....അവിടെ ആഹ്ലാദം നിറയുന്നതും വലിയൊരു രാസമാറ്റം തന്നെയാണ്....

വസ്തുതകള്‍ അറിഞ്ഞാലേ ..അറിഞ്ഞത് തെറ്റാണെങ്കില്‍   അതില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയു....എന്നാൽ ...അറിഞ്ഞതിനെ എങ്ങനെ ശെരിയാണോ എന്ന്  വിലയിരുത്തും....എന്താണതിന്റെ അളവുകോലുകള്‍.... ? 

യുക്തിയുടെ അളവുകോലുകള്‍ !
***********************************
എന്ത് കൊണ്ട് വിദഗ്ധരായ മനുഷ്യര്‍ ( എല്ലാവരുമല്ല എന്നാല്‍ ഭൂരിപക്ഷവും)  ഒരു ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിരുന്നു കഴിഞ്ഞ ഭാഗത്തിലെ കണ്ടീഷന്‍ ചെയ്യപ്പെട്ട അറിവുകളും അബോധ  മനസ്സിന്റെ രൂപീകരണവും ചര്‍ച്ച ചെയ്തത്... അതില്‍ നിന്നും ഒന്ന് മനസ്സിലായി...ഏതെങ്കിലും  തൊഴില്‍മേഖലയില്‍ ഒരാള്‍ വിദഗ്ദ്ധനാവുന്നത് അയാളുടെ മുതിര്‍ന്ന കാലത്തേ വിദ്യാഭ്യാസം കൊണ്ട് മാത്രമാണ്...ഉദാഹരണമായി ഒരു ഡോക്ടര്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു മെഡിസിന് പഠിച്ചതിനു ശേഷമാണ് ഒരു പ്രത്യേക മെഡിക്കല്‍ വിഭാഗത്തില്‍ വിദഗ്ധന്‍ ആവുന്നത്..അതേ  സമയം അയാളില്‍ ബാല്യത്തിലെ അങ്കുരിച്ച  അബോധ മനസ്സില്‍ എല്ലാതരം അന്ധ വിശ്വാസങ്ങളും ഉണ്ടായിരിക്കും !! സത്യത്തില്‍ ശാസ്ത്ര ബോധം ഇവ ദൂരീകരിക്കെണ്ടതാണ്....ദൌര്‍ഭാഗ്യവശാല്‍ ശാസ്ത്ര  ബോധം എന്നത് നമ്മുടെ പാഠ്യപദ്ധതിയിലെ  ( ഉയര്‍ന്ന പഠനങ്ങളിലും ) ഒരു ഇനമേ അല്ല...!!! 

ചിലപ്പോള്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ചേക്കും ...."  
"പിന്നേ...ഒരു ഡോക്ടറിന് പോലും ഇല്ലാത്ത  ശാസ്ത്ര ബോധവും കൊണ്ട് വന്നേക്കുന്നു....ഒന്ന് പോടെയ്‌...." പക്ഷെ കാര്യം സത്യമാണ്....ശാസ്ത്ര ബോധം എന്നത് നിങ്ങള്‍ വിദഗ്ദ്ധനായ ഒരു പ്രൊഫെഷണല്‍ ആയത് കൊണ്ട് മാത്രം കരഗതമാവില്ല തന്നെ.....!!

 " ശാസ്ത്രത്തെ പ്രകീര്‍ത്തിക്കുകയും, ഗവേഷണ ശാലകളില്‍ അത് പ്രയോഗിക്കുകയും ചെയ്യുന്നവര്‍ ..നിത്യ ജീവിതത്തിന്റെ മറ്റെല്ല രംഗങ്ങളിലും ശാസ്ത്രീയതയെ തിരസ്കരിക്കുന്നു....അവര്‍ തീര്‍ത്തും ശാസ്ത്ര വിരുദ്ധരായി തീരുന്നു...." - ജവഹര്‍ ലാല്‍ നെഹ്‌റു 

നെഹ്‌റു പറഞ്ഞ ഈ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണെന്ന് വിഖ്യാതമായ ഗണപതിയുടെ  പാലുകുടിക്കല്‍ സംഭവത്തില്‍ വ്യക്തമായി....

ഗണപതിയുടെ പാലുകുടി !
******************************

ഉത്തരെന്ത്യന്‍ നഗരങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഏറെ കൊളിളക്കം സൃഷ്ടിച്ച ഒന്നാണ് ഗണപതി വിഗ്രഹങ്ങളുടെ പാലുകുടി..വിഗ്രഹത്തിന്റെ തുംബിക്കയ്യോട് ചേര്‍ത്ത് വെക്കുന്ന പാല്‍ പതിയെ വിഗ്രഹത്തിലേക്ക് പടര്‍ന്നു കയറുന്നതിനെയാണ് പാലുകുടിയായി വ്യഖ്യാനിക്കപെട്ടത്‌... ജലത്തിന്റെ വിസ്കൊസിറ്റി  എന്ന ബല സ്വഭാവമായിരുന്നു അതിന്റെ പിന്നില്‍... പക്ഷെ ശാസ്ത്രഞ്ജര്‍ ഇത് പറഞ്ഞപ്പോള്‍ "ശാസ്ത്രജ്ഞ്ജരുടെ തലുക്കുള്ളില്‍ ഓളം വെട്ടാണ്  "  എന്നായിരുന്നു അന്നിന്ത്യ വിറപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ പറഞ്ഞത് ..!!! 

അതിനൊത് കുറെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും വലിയ വലിയ ബിരുദമുള്ളവരും ഒക്കെ തുള്ളിയിരുന്നു....!!! തങ്ങളുടെ അബോധ മനസ്സില്‍ ചെറുപ്പത്തിലെ മുലപ്പാലിനൊപ്പം ചേക്കേറിയ പഴയ വിശ്വാസങ്ങളെയും ദൈവങ്ങളെയും തള്ളിപ്പറയാനോ ശാസ്ത്രീയ യുക്തിയുടെ വെളിച്ചത്തില്‍ അവ പരിശോധിക്കാനോ മെനക്കെടാത്ത...അതിന്റെ ആവശ്യം ജീവിതത്തില്‍  തോന്നാത്ത....ബഹു ഭൂരിപക്ഷം..!!!!

 പക്ഷെ കൂടുതല്‍ നീണ്ടില്ല വലിയ ഉദ്യോഗസ്ഥരുടെയും വിദഗ്ധ പ്രൊഫഷനലുകളുടെയും  പരിഹാസ്യമായ ആ നിലപാടുകള്‍....കാരണം ഗണപതി മാത്രമല്ല കളിപ്പാട്ടങ്ങള്‍ പോലും പാലുകുടിക്കുന്നു എന്ന് തെളിഞ്ഞു..!! ഒന്ന് മനസ്സിലായി ശാസ്ത്ര ബോധം എന്നത് വേറിട്ട ഒന്ന് തന്നെയാണ്...സത്യസായി ബാബയെ പോലുള്ളവര്‍ വായില്‍ നിന്നും സ്വര്‍ണ ഗോളങ്ങള്‍ " അത്ഭുതകരമായി " ഉണ്ടാക്കുകയും അന്തരീക്ഷത്തില്‍ നിന്നും വസ്തുക്കള്‍ സൃഷ്ടിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ ....നമ്മുടെ വിദഗ്ധജനത വാ പൊളിച്ചു നില്‍ക്കുന്നു....!!!! 

 നെഹ്രുവും സായിബാബയും തമ്മിലുള്ള ഒരു കഥ കേട്ടിട്ടുണ്ട്...( ഇതിന്റെ ആധികാരികതയില്‍ എനിക്ക്  സംശയമുണ്ട്‌...പക്ഷെ യുക്തി സഹമായത് കൊണ്ട് വേണമെങ്കില്‍ ഒരു കഥയായി കരുതാമെന്നത് കൊണ്ടും പറയുന്നു ) 

നെഹ്‌റു കുളിക്കുകയാണ്, പ്രൈവറ്റ്‌ സെക്രടറി ചെന്ന് കതകില്‍ മുട്ടിപറഞ്ഞു...." പണ്ടിട്ജി... മഹാനുഭാവനായ ഒരു അത്ഭുത സ്വാമി താങ്കളെ കാണാന്‍ പുറത്തു കാത്തു നില്‍ക്കുന്നുണ്ട്....പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ഭഗവാന്‍... അല്ഭുതമെന്നെ പറയേണ്ടു അദ്ദേഹം ഇതാ അന്തരീക്ഷത്തില്‍ നിന്നും എനിക്കൊരു സ്വര്‍ണ വാച്ച് സൃഷ്ടിച്ചു തന്നിരിക്കുന്നു...അതിശയം  തന്നെയാണെ ...!! "

  ഭാരതം കണ്ട എക്കാലത്തെയും യുക്തി ബോധമുള്ള പ്രധാനമന്ത്രി പറഞ്ഞു,.." അത്ര വിശേഷാണേല്‍, എന്നെ കാണാനൊന്നും നില്‍ക്കണ്ട..നേരെ ഗംഗയുടെ കരയിലേക്ക് വേഗം പോയ്ക്കോളാന്‍ പറയു...എന്നിട്ട് അവിടത്തെ  മണല്‍ത്തരികള്‍ മുഴുക്കെ അങ്ങട് ഗോതമ്പാക്കാന്‍ പറയു... ഭാരതത്തിനിത് ക്ഷാമകാലമാണ്...ഞാനിതാ അങ്ങട് എത്തീന്നും  പറഞ്ഞോളു...." !!!

 ഒരു ക്ഷാമ കാലത്തെ  രാഷ്ട്ര നായകന്‍ ഇതില്‍ കൂടുതല്‍ എന്ത് യുക്തി കാണിക്കാന്‍ അല്ലെ....!!

ഇന്നും ലോകത് ദിവ്യാല്ഭുതവും   ആരും കാണിച്ചിട്ടില്ല...അഥവാ അങ്ങനെ ആരെങ്കിലും കാണിക്കുകയാണെങ്കിൽ  അവര്‍ക്ക്   സുഖമായി ജീവിക്കാനുള്ള കാശ് തരാന്‍ ( ഒരു മില്ല്യന്‍ ഡോളര്‍ ) തരാന്‍ തയ്യാറായി ഇതാ റാന്റിയും സംഘവും നില്‍ക്കുന്നു....അത്തരക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ സ്ഥലത്ത് വന്നു ഇവര്‍ തീരുമാനിച്ചോളും ഇയാള്‍ കാണിക്കുന്നത് ദിവ്യാല്ഭുതമാണോ, അമാനുഷികമാണോ എന്നൊക്കെ.....ഇന്ന് വരെ അതിന്റെ പ്രാഥമിക ഘട്ടം പോലും ആരും ഇത് വരെ ജയിച്ചിട്ടില്ല...ലോകരാഷ്ട്രങ്ങളും നാസയും എല്ലാം ബഹുമതികള്‍ കൊടുത്തു പ്രോത്സാഹിപ്പിച്ച ആ 
 റാന്റിയുടെ വെബിന്റെ ലിങ്ക്  ഇവിടെ കൊടുക്കുന്നു...
www.randi.org

പറഞ്ഞു വന്നത് ....എന്നിട്ടും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും പ്രേതങ്ങള്‍ വിഹരിക്കുന്നു....അത്ഭുതങ്ങള്‍ കാട്ടുന്ന പുരോഹിതന്മാരും തങ്ങള്മാരും വാഴുന്നു...അല്‍ഫോന്‍സാമ്മ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു വിശുദ്ധയായി....സായി ബാബ കുറേക്കാലം ഇടതടവില്ലാതെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു....അമൃതാനന്ദ മയി ദേവിയുടെ അത്ഭുതങ്ങള്‍ ഇപ്പോഴും ഭക്തരില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു...!

 ഇടയ്ക്കു കലാനാഥന്‍ മാഷ്‌ പറഞ്ഞതോര്‍ക്കുന്നു.." അമൃതാനന്ദമയി ആശുപത്രി തുടങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത്‌ ഗംഗാ ജലവും തീർത്ഥവും  കൊണ്ടോക്കെയുള്ള ഒരു ചികില്‍സാരീതി ആയിരിക്കും എന്നാണു....ഇത് നമ്മുടെ ആധുനിക ആരോഗ്യ ചികില്‍സ രീതിയല്ലേ..എന്താ ഇവിടെ അത്ഭുതം ഒന്നും പ്രവര്‍ത്തിക്കുന്നില്ലേ..എല്ലാം ശാസ്ത്രത്തിന് വിട്ടു കൊടുത്തിരിക്കുകയാ...!!! 

ഇവരെ കുറിച്ചുള്ള ഒരു സായിപ്പെഴുതിയ അമ്മയുടെ ജീവ ചരിത്രത്തില്‍ ധാരാളം അത്ഭുതങ്ങള്‍ വിവരിക്കുന്നുണ്ടത്രേ...ഇടക്കൊന്നു പറഞ്ഞോട്ടെ അവര്‍ ആശുപത്രി കെട്ടിയത് നല്ല കാര്യം തന്നെ ..ഇവിടെ എന്റെ വിഷയം ശാസ്ത്രബോധവുമായി ബന്ധപെട്ടത്‌ മാത്രമാണ്..

.സമൂഹത്തിന്റെ അടിയില്‍ ഇങ്ങനെ അനവധി പ്രചരിക്കുന്നുണ്ട്.....മുന്‍പ് പറഞ്ഞ വലിയ ബിരുദമുള്ളവര്‍ ആണ് ഇതിലെ പ്രചാരകര്‍...റഷ്യയിലെ ഒരു കുട്ടിയില്‍ ചര്‍മ്മ  രോഗം മൂലമുള്ള പ്രത്യെകത കൊണ്ട് എന്ത് പതിയെ വരച്ചാലും തെളിഞ്ഞു വരുന്ന രോഗത്തെ ഖുറാനിലെ സൂക്തങ്ങള്‍ തെളിയുന്നു എന്ന പേരില്‍ കുറെ കാലം ജനത കൊണ്ടാടി ....!!!

അപ്പോഴും ചോദ്യം ബാക്കിയാണ് !! ബഹു ഭൂരിപക്ഷത്തിനും ഇല്ലാത്ത...നിങ്ങള്‍ ഒരു ചെറുന്യുന പക്ഷം പറയുന്ന ആ ശാസ്ത്ര ബോധം  എന്താണ്...എന്താണതിന്റെ രീതികള്‍ ....എന്തിനതു നമ്മള്‍ പുലര്‍ത്തണം...????
നമുക്കത് അടുത്തതില്‍ ചര്‍ച്ച ചെയ്യാം....

എന്താണ്  ശാസ്ത്രബോധം...?
*********************************
അതൊരു സ്വഭാവം ആണെന്ന് ഞാന്‍ പറയും ഒരു വസ്തുതയെ പരിശോധിക്കണമെങ്കില്‍ അതിനെ നേരായി സമീപിക്കേണ്ടി വരും, നേരായി എന്ന് പറഞ്ഞാല്‍ നമ്മുടെ മുന്‍ ധാരണകളോ , നമ്മുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ ആ സമീപനത്തെ സ്വധീനിക്കരുത് എന്ന് ചുരുക്കം..

അങ്ങനെ മുന്‍ധാരണകള്‍ ഇല്ലാതെ സമീപിച്ചാല്‍ മാത്രം എങ്ങനെ അത് നേരായ മാര്‍ഗമാണ് എന്ന് പറയും ? എന്താണ് അങ്ങനെ നിങ്ങള്‍ നേരിന് കൊടുക്കുന്ന അര്‍ഥം..?
ഇതൊരു ചോദ്യമാണ്....ഒരു ഉദാഹരണത്തിലൂടെ ഇതിനു മറുപടി കണ്ടെത്താന്‍ ശ്രമിക്കാം,

കടലിനടിയില്‍ നിന്നും ദ്വാരകയുടെ അവശിഷ്ടം കണ്ടെടുത്തു എന്ന് ഒരു പത്ര വാര്‍ത്ത കണ്ടിരുന്നു, കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്..അന്ന് മനസ്സില്‍ സ്വാഭാവികമായും ഉയര്‍ന്ന ചോദ്യം കടലില്‍ നിന്നും ഒരു നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ അവശിഷ്ടങ്ങള്‍ കണ്ടെത്തി എന്നത് സത്യം പക്ഷെ അത് ദ്വാരകയുടെതെന്നു എങ്ങനെ തിരിച്ചറിഞ്ഞു...?

ഇനി ദ്വാരകയുടെ നിര്‍വചനം എന്താണ്... ? 'കൃഷ്ണന്‍' എന്ന ഹൈന്ദവ മിത്തുകളില്‍ പറയുന്ന അവതാരം ജീവിച്ചിരുന്ന ദ്വാരകയാണോ അത് , അത്തരം ഒരു ദ്വാരകയും അവതാരവും ഉണ്ടായിരുന്നു എന്ന് എങ്ങനെ തെളിഞ്ഞു..? ഏതായിരുന്നു ആ കാലഘട്ടം ..?  എങ്ങനെയാണ്  ഈ അവശിഷ്ടങ്ങള്‍ അതെ ദ്വാരകയുടെതെന്നു കണ്ടെത്തിയത് ? , 

ഇതില്‍ ആകെ കിട്ടിയ ഉത്തരം നഗരാവശിഷ്ടങ്ങള്‍ പോലുള്ളവ കടലിനടിയില്‍ നിന്നും കണ്ടെത്തി അതിനു ഏതാണ്ട് ഇത്ര വര്ഷം പഴക്കമുണ്ട് എന്നതാണ്. ബാക്കിയെല്ലാം ഒരു കൂട്ടിച്ചേര്‍ക്കലും...!!!!

അപ്പോള്‍ പത്ര വാര്‍ത്തയില്‍ വന്ന ദ്വാരകയും അതിന്റെ പേരില്‍ 'ഹരേ കൃഷ്ണാ' എന്ന് അത് വായിച്ചു കൈകൂപ്പുന്ന ഒരു ഭക്തനും എന്ത് കൊണ്ടാണ് ഈ ചോദ്യങ്ങള്‍ മനസ്സില്‍ ഉയരാത്തത്..?

അവിടെയാണ് ഇന്നത്തെ ബഹു ഭൂരിപക്ഷവും മേനി പറയുന്ന ഭക്തിയുടെ കാപട്യം പുറത്തു ചാടുന്നത്....ഞാനിത് പറയുമ്പോള്‍ തന്നെ ഭൂരിപക്ഷവും നെറ്റി ചുളിക്കും. ഓ.. പിന്നെ ഞങ്ങള്‍ എല്ലാം കള്ളന്മാരും ദേ നിങ്ങള്‍ കുറെ നല്ല പിള്ളകളും..ഹാ..ഹാ...നമ്മുടെ ഒരു മാനസിക അവസ്ഥയാണ് അത് കാലാകാലങ്ങളായി വളര്‍ന്നു വന്ന പഴയ ചിന്തകളുടെ മുകളില്‍ ആണ് നമ്മുടെ ഭൂരിപക്ഷവും അവരുടെ യുക്തി മുളപ്പിചിരിക്കുന്നത്..അതുകൊണ്ട് തന്നെ അത്തരം യുക്തിക്ക് ഒരു പരിധി വിട്ടു യുക്തമായി ചിന്തിക്കാന്‍ കഴിയില്ല തന്നെ...!!!

നേരത്തെ പറഞ്ഞ ചോദ്യത്തിലേക്ക് വീണ്ടും വരുന്നു എന്ത് കൊണ്ടാണ് നമ്മുടെ ഭക്തന്മാര്‍ക്ക് ഈ ചോദ്യങ്ങള്‍ വരാത്തത്...??

ഒന്ന് വളരെ എളുപ്പത്തില്‍ ഭക്തനകാനുള്ള ഒരു കുറുക്കു വഴി മനസ്സിന് ആ വാര്‍ത്ത വെച്ച് നീട്ടുന്നു എന്നതാണത്. ....യുക്തമായി ചിന്തിച്ചു എന്തിനു ദൈവ കോപം വരുത്തണം , എന്ന വളരെ ബാലിശമായ ചിന്ത മനസ്സില്‍ ഉള്ളത് കൊണ്ട്, കിട്ടുന്ന സന്ദര്‍ഭം രണ്ടു കൈയും നീട്ടി സ്വീകരിക്കുക എന്നിട്ട് ഭക്തന്‍ ആയി സ്വയം പ്രഖ്യാപിക്കുക..!!.മനസ്സിന്റെ ഒരു സൂത്രം..!!! അബോധത്തില്‍ ഒരു സംതൃപ്തി അപ്പോള്‍ നുരയുന്നുണ്ട്, " ദാ ഞാന്‍ ദൈവത്തിനു വേണ്ടി വാദിക്കുന്നു, എന്തായാലും ദൈവം അത് കണ്ടിട്ടുണ്ടാവണം  , ദൈവത്തിനു എന്നോട് മതിപ്പ് തോന്നിയിട്ടും ഉണ്ടാവണം.... " ഇവിടെ നീതി മരിക്കുന്നു നീതിയെന്താണ്, അത്  ആ വസ്തുതയെ ശരിയായി പറയുക എന്നതായിരുന്നു. അതിനു കൂട്ടാക്കാതെ, അത് ദ്വാരക തന്നെയാണ് എന്ന വസ്തുത അങ്ങനെ ഉണ്ടാക്കപെടുന്നു....!!! എത്ര എളുപ്പം..!!!

മറ്റൊരു വാദമുണ്ട്,
ഇനി ഇങ്ങനെ പറയുന്നതില്‍ എന്താ കുഴപ്പം, അത് ദ്വാരക അല്ല എന്നൊന്നും തെളിഞ്ഞിട്ടില്ലലോ..ഉണ്ടോ..??അങ്ങനെയെങ്കില്‍ നിങ്ങള്‍ തെളിയിക്കു അത് ദ്വാരക അല്ലെന്ന്  അപ്പോള്‍ ഞങ്ങള്‍ വിശ്വസിക്കാം...എന്തേ..!!

അതെ അതാണ്‌ സത്യം,  ആ നഗരം ദ്വാരക ആണെന്നോ അല്ലെന്നോ തെളിഞ്ഞിട്ടില്ല ..പക്ഷെ ഏതാണ്ട് നഗരാവശിഷ്ടം പോലെ തോന്നുന്നവ കണ്ടെടുത്തു..ഇതാണ് വസ്തുത ആ വസ്തുത അങ്ങനെ തന്നെ പറയുക എന്നതാണ് ശാസ്ത്ര ദൃഷ്ട്യാ നീതി ...അതിനെയാണ് ശാസ്ത്ര ബോധം എന്ന് പറയുന്നത് . കാരണം അവര്‍ അതിനെ സത്യസന്ധമായാണ് സമീപിക്കുന്നത്, അത് ദ്വാരക ആവാം അല്ലാതിരിക്കാം, എന്തായാലും അത് തെളിയിക്കപെട്ടിട്ടില്ല അത് തെളിയിക്കാന്‍ വളരെ  ഋജുവായ സമീപന രീതി ആവശ്യമാണ്.... അല്ലാതെ വളരെ എളുപ്പത്തില്‍ ഒരു ഭക്തനാവാനുള്ള മനസ്സിന്റെ ഒടിവിദ്യയില്‍ പെടാന്‍ ശാസ്ത്ര ബോധമുള്ള മനസ്സുകള്‍ തയ്യാര്‍ ആവില്ല...അതെ അത്തരത്തില്‍ സത്യസന്ധതയുള്ള  സമീപനങ്ങള്‍ക്ക് നിങ്ങളെ മതത്തിന്റെ ഭ്രാന്തെടുപ്പിക്കാന്‍ കഴിയില്ല.....

അങ്ങനെയാണ് ഗണപതി പാലുകുടിക്കുന്നത് പൊളിയുന്നത്....ഒന്നോര്‍ത്തു നോക്ക് എത്ര കൊലപാതകങ്ങളും ചൂഷണങ്ങളും ആണ് ഇത്തരം ശാസ്ത്ര ബോധമില്ലതതിനാല്‍ നമ്മുടെ ഭാരതത്തില്‍ അരങ്ങേറുന്നത്..നമ്മുടെ ഭരണ ഘടന പ്രകാരം ശാസ്ത്ര ബോധം പ്രചരിപ്പിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്..

ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു പള്ളി വികാരി അച്ചനുണ്ടായിരുന്നു, അദ്ദേഹം ഒരു ദിവ്യന്‍ ആയിരുന്നത്രേ...കളവു പോയ വസ്തുക്കള്‍ അദ്ദേഹത്തിന്റെ പ്രാര്‍ഥന മൂലം തിരികെ ലഭിചിരുന്നത്രേ....!! എന്ത് അസംബന്ധം...!!! പാവം അച്ചന്‍ രോഗം മൂര്ചിച്ചു ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു...പക്ഷെ ഒരു വലിയ വിഭാഗം സ്ത്രീകളും പുരുഷന്മാരും അത് വിശ്വസിച്ചിരുന്നു....!!!!

ഇത്തരം കാര്യങ്ങളെ എങ്ങനെയാണ് സമീപിക്കുക അതാണ്‌ ശാസ്ത്ര രീതിയുടെ കാതലായ ഭാഗം. അത് ലളിതമാണ് ശാത്രത്തിനു ഒരു വസ്തുതയെ ഖണ്ഡിക്കാന്‍ ഒരുപാട് നിലവിലെ അറിവുകള്‍ ഉണ്ട്. അതായത്, നിലവിലെ അറിവുകള്‍ വെച്ച് അതിനെ പ്രഥമ ദൃഷ്ട്യാ ഖണ്ഡിക്കാന്‍ ശ്രമിക്കും ..പക്ഷെ അതിലെല്ലാം ആ വസ്തുതകള്‍ വിജയിക്കുകയാണെങ്കില്‍ ശാത്രം അതിനനുസരിച്ച പുതിയ നിയമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും അത് മുന്‍ വസ്തുതയുടെ അതെ സ്വഭാവമുള്ള സംഭവങ്ങളിലും വിജയിക്കുകയാണെങ്കില്‍ അതൊരു ശാസ്ത്ര സത്യമായി പ്രഖ്യാപിക്കും ..

ഇനിയൊ..അത്തരം ശാസ്ത്ര സത്യമായി പ്രഖ്യാപിച്ചു എന്നത് കൊണ്ട് അതിനോടുള്ള  ശാസ്ത്ര ദൃഷ്ടിയിലുള്ള വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കുകയും ഇല്ല.  അതും നിരന്തരം തുടരും... ഈ നിരന്തരമായ വിമര്‍ശനാതമകത, ഈ നിരന്തരമായ്‌ പഠനം പുതിയ പുതിയ അറിവുകല്‍ക്കനുസരിച്ചു നിലവിലുള്ളതിനെ നിരന്തരം താരതമ്യം ചെയ്തു പഠിക്കുക , അതില്‍ പൊരുത്തക്കേടുകള്‍ തോന്നിയാല്‍ പഴയ ശാസ്ത്ര സത്യത്തെ തന്നെ പുതുക്കി പണിയുക തുടങ്ങിയ വളരെ ചലനാത്മകം ആയ ഒരു സമീപന , പഠന രീതിയാണ് ശാസ്ത്ര ബോധം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...അല്ലാതെ അത് ഫുല്സ്ടോപ്പിട്ട ഒരു വിഷയം അല്ല.

രാമര്‍ പെട്രോളിന്റെ കാര്യത്തിലും ഇതൊരു വിഷയം ആണ്... രാമര്‍ പെട്രോള്‍ ഉണ്ടാക്കി പക്ഷെ അത് സുതാര്യമല്ല, ശാസ്ത്രഞ്ജര്‍ പറഞ്ഞു നിങ്ങള്‍ എന്തൊക്കെയാണ് സാമഗ്രികള്‍ വേണ്ടതെന്ന് പറയു, ഞങ്ങള്‍ തരാം എന്നിട്ട് നിങ്ങള്‍ പെട്രോള്‍ ഉണ്ടാക്കു, ഞങ്ങള്‍ അത് അംഗീകരിക്കാം, അത് എങ്ങനെ ഉണ്ടായെന്നു ഒരു പക്ഷെ നിങ്ങള്ക്ക് പറയാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല ഞങ്ങള്‍ കണ്ടെത്താം..നിങ്ങള്ക്ക് ഇതിന്റെ പെറെന്റ്റ്‌ തരികയും ചെയ്യാം എന്ന്...പക്ഷേ രാമര്‍ അതിനു തയാറായില്ല അയാള്‍ പറഞ്ഞു നിങ്ങള്‍ തരുന്നവ വെച്ച് ചെയ്യാന്‍ കഴിയില്ല ഞാന്‍ ചെയ്തു കാണിക്കാം, നിങ്ങള്‍ അംഗീകരിക്കുക എന്ന്.. അതെങ്ങനെ ശരിയാകും അങ്ങനെയെങ്കില്‍ ശാസ്ത്ര സംഘതിന്റെ കാര്യം തന്നെയില്ലല്ലോ....ഒരു വസ്തുതയെ പരിശോധിക്കാന്‍ ആണ് ശാസ്ത്ര സംഘം  വേണ്ടതെങ്കില്‍ അത് സുതാര്യമായിരിക്കണം.

ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ് രാമര്‍ പെട്രോള്‍ ഉണ്ടാക്കുമ്പോള്‍ എപ്പോഴും അധികം പദാര്‍ഥം ഉണ്ടാകുന്നു. ഒരു യുണിറ്റ്‌ പദാര്‍ഥവും ഒരു യുണിറ്റ്‌ പദാര്‍ഥവും കൂടിചെര്‍ന്നാല്‍ രണ്ടു യുണിറ്റ്‌ പദാര്‍ഥം ഉണ്ടാകും. പലപ്പോഴും രാസ ക്രിയ വേളകളിലും നിര്‍മ്മാണ വേളകളിലും ഉണ്ടാകുന്ന വിതരണ നഷടം കൂടി കുറച്ചാല്‍ അത് രണ്ടു യൂണിറ്റിൽ  കുറവായിരിക്കും ലഭിക്കുക...പക്ഷെ രാമര്‍ ഉണ്ടാക്കുന്ന പദാര്‍ഥം എപ്പോഴും കൂടുതല്‍ ആവുക എന്നതിനർത്ഥം  എന്താണ്..!!! 

അധികമുള്ള പദാര്‍ഥം എവിടെ നിന്നും വന്നു ...!!! അത് രാമറിന്റെ വിഷയമല്ല..ശരിയാണ് അത് കണ്ടെത്താന്‍ ആണല്ലോ ശാസ്ത്രം , ശരി ശാസ്ത്രഞ്ജര്‍ പറയുന്നു, ശരിയാണ് ചിലപ്പോള്‍ പദാര്‍ഥം കൂടുതല്‍ ഉണ്ടാകാം പക്ഷെ അതിനു നിലവിലെ അറിവുകള്‍ വെച്ച് കടുത്ത ഊഷ്മാവില്‍ കാര്‍ബണ്‍ സംയുക്തങ്ങള്‍ ഉണ്ടാകണം !! ഇവിടെ അത്തരം അവസ്ഥ ഒന്നും ഇല്ല ...എന്നിട്ടും ശാസ്ത്രഞ്ജര്‍ പറഞ്ഞു അതും വേണമെങ്കില്‍ പുതിയ നിയമങ്ങള്‍ ആകാം പക്ഷെ അവ പരിശോധിക്കുന്നതെങ്ങനെ..???പരിശോധിക്കാന്‍ ഒന്നുകില്‍ എന്തൊക്കെയാണ് അയാള്‍ ചെയ്യുന്നതെന്ന് പറയുക.അല്ലെങ്കില്‍ ശാസ്ത്രഞ്ജര്‍ അയാളുടെ ലിസ്റ്റു പ്രകാരം കൊടുക്കുന്ന വസ്ത്‌ാക്കള്‍ കൊണ്ട് ഉണ്ടാക്കി കാണിക്കുക....!!! രണ്ടിനും രാമര്‍ തയാറല്ല...!!!

ഹോമിയോപ്പതിയുടെ അടിസ്ഥാന ആശയങ്ങളില്‍ ചിലവ ഇന്നും തെളിയിക്കപെട്ടിട്ടില്ല എന്ന് മാത്രമല്ല അത് തെളിയിക്കാന്‍ നടത്തിയ പരീക്ഷണങ്ങള്‍ എല്ലാം തന്നെപരാജയമാവുകയും ചെയ്തു...!!!.' നേര്‍പ്പിക്കും തോറും രോഗ ശമന വീര്യം കൂടും' എന്ന ഹോമിയോ തിയറി ഇന്നും തെളിയിക്കപെട്ടിട്ടില്ല...!!!!ഹോമിയോ ചികില്‍സ കൊണ്ട് മരിച്ചു പോയ കുട്ടിയുടെ പേരില്‍ ഡോക്ടര്‍ക്കെതിരെ കേസ് കൊടുത്തപ്പോള്‍, കോടതി കേസ് കൊടുത്തയാളെ  തന്നെ ശിക്ഷിച്ച കഥയും കേട്ടിട്ടുണ്ട്, ബ്രിട്ടനില്‍ ആണെന്നു ഓര്മ,  കോടതി ചോദിച്ചത് അശാസ്ത്രീയമായ ചികില്‍സ സമ്പ്രദായത്തില്‍ എന്തിനാണ് കുട്ടിയെ ചികില്സ്സിച്ചത് എന്നാണു..!!

ഈ ചോദ്യങ്ങളില്‍ യുക്തിയുണ്ടെന്ന്  തോന്നിയതിനാല്‍ ആണ് പൊതു സമൂഹം അത് സ്വീകരിക്കുന്നത്...ചിലര്‍ ചോദിക്കുന്നത് കേട്ടിട്ടുണ്ട് ഹോമിയോവില്‍ പല രോഗങ്ങളും  മാരുന്നുണ്ടല്ലോ എന്ന്...?? ഇതൊരു ചോദ്യം തന്നെയാണ് പലതും മാറുന്നുണ്ട്....പക്ഷെ അതിനെ ശാസ്ത്രീയമായ രീതികളില്‍ ആണ് പരിശോധിക്കേണ്ടത് അതിനൊരു ശാസ്ത്രീയ വിശകലന രീതിയുണ്ട്.. നേരത്തെ പറഞ്ഞത് ഒരു ചികില്‍സാ ശാസ്ത്രം കെട്ടിപോക്കിയ അടിസ്ഥാന വസ്തുതകള്‍ സംശയാതീതമായി തെളിയണം എന്ന യുക്തിയില്‍ ആണ്,  അത് അങ്ങനെ തെളിഞ്ഞിട്ടില്ല ഹോമിയോ പതിയില്‍...അതിനര്‍ഥം ഇന്ന് കൊടുക്കുന്ന മുഴുവന്‍ മരുന്നുകളും ചീത്തയാണെന്നോ  നല്ലതാണെന്നോ അല്ല. പല ഔഷധങ്ങളും പല മാര്‍ഗങ്ങളില്‍ തയ്യാർ  ചെയ്യപെടുന്നവയാണ് നമ്മളോട് ഒരു വസ്തുത പറഞ്ഞു അത് ശരിയാണോ എന്ന് ചോദിച്ചാല്‍ പരിശോധിക്കാം എന്നാണു മറുപടി, അങ്ങനെ പരിശോധിച്ചിട്ട് ആ വസ്തുത ശരിയല്ലെങ്കില്‍ അതിനെ അശാസ്ത്രീയം  എന്ന് പറയും അതാണ്‌ ശരിയായ മാര്‍ഗവും....

പത്തു രോഗികള്‍ക്ക് ഒരസുഖതിനു മരുന്ന് നല്‍കുന്നു അതില്‍ അഞ്ചു പേര്‍ക്ക് ഔഷധമില്ലാത്ത പൊള്ളയായ മരുന്നുകള്‍( ' പ്ലാസിബോകള്‍) '   നല്‍കുന്നു ഇത് പക്ഷെ രോഗികള്‍ അറിയുന്നില്ല... എല്ലാവര്‍ക്കും രോഗം മാറുന്നു..!!! .ഇതിലെവിടെയാണ് തെറ്റ് ഇതിലെ ശാസ്ത്രീയത എന്താണ്...അപ്പോഴാണ്‌ പറയാനുള്ളത് ശാസ്ത്രീയത എന്നത് തയ്യാര്‍ ചെയ്തു വെക്കുന്ന ഉത്തരം അല്ല.... അത് ശരിയായ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള വഴിയാണ് നേരായ വഴി ആ വഴികളില്‍ മുന്‍ധാരണകളോ  വ്യക്തി താല്പര്യമോ കൂട്ടുചേരുന്നില്ല...

.പറഞ്ഞു വരുന്നത് ഇതാണ് പലരും ചോദിക്കുന്നത് പോലെ ശാസ്ത്രത്തിന് അതിനെന്തു ഉത്തരം പറയാനുണ്ട് ? എന്ന ചോദ്യത്തിന് ശാസ്ത്രം ഒരു റെഡിമേയ്ട് ഉത്തരം നിര്‍മ്മിക്കുന്ന ഫാക്ടറി അല്ല...അത് ഒരു വസ്തുതയെ കാര്യ കാരണ സഹിതം ചോദ്യം ചെയാനും ചോദ്യങ്ങളിലൂടെ ശരിയിലേക്ക് വരാനും ഉള്ള രീതി മാത്രമാണ്...

ഇന്നത്തെ ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ഒരുപാട് കള്ളത്തരങ്ങള്‍ ഇല്ലേ..?? നിങ്ങളുടെ ശാസ്ത്രത്തിന് എന്ത് പറയാനുണ്ട്..? വിദ്യാസംബന്നന്‍ ആയ ഒരു സുഹൃത്ത്‌ ചോദിച്ചതാണിത്. ( സത്യത്തില്‍ ഈ ചോദ്യമാണ് മറന്നു കിടന്ന യുക്തിയും ഞാനും 5 ആം ഭാഗത്തെ കുറിച്ച് ചിന്തിപ്പിച്ചത്...) ആ സുഹൃത്തിനോട്‌ പറയാനുള്ളത് നിങ്ങളുടെ ശാസ്ത്രമോ..ഹ..ഹാ.. അങ്ങനോന്നില്ല..ആയുര്‍വേദത്തില്‍ ആയാലും  ഹോമിയോപതിയില്‍  ആയാലും  വേറെ എന്തില്‍  ആയാലും  നിലവിലെ അറിവുകള്‍ വെച്ചുള്ള ഖണ്ടനങ്ങളില്‍, യുക്തമായ മറുപടികള്‍ തന്നു, ശരിയാണെന്ന് തോന്നിപ്പിക്കുന്ന ഒരു അറിവിനെയാണ് ശാസ്ത്ര വസ്തുതകള്‍ എന്ന് പറയുന്നത് ,

 നേരത്തെ പറഞ്ഞ പോലെ അതിനെ തന്നെ വീണ്ടും വീണ്ടും നിരന്തരമായി പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യും..ആനുകാലിക  അറിവുകള്‍ കൊണ്ടുള്ള നിരന്തരമായ ഈ വിമര്‍ശനങ്ങളും പഠനങ്ങളും ശരിയായി 
 നടക്കാത്തതുകൊണ്ടാണ്  പലപ്പോഴും ആയുര്‍ വേദം അടക്കം വളര്‍ച്ച മുരടിക്കുന്നതും പുതിയ രോഗങ്ങളെയും പുതിയ ലക്ഷണങ്ങളെയും അവക്ക് വിശദീകരിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നതും....ആധുനിക മെഡിസിനില്‍ ഇന്ന് തെറ്റാണെന്ന് കാണുന്നവയെ തിരുത്തുകയും കൂടുതല്‍ ശരികളെ ഉണ്ടാക്കുകയും ചെയ്യുന്ന ശാസ്ത്രീയ ബോധം ഉണ്ട്....പക്ഷെ അവ അങ്ങനെ തന്നെ ഉപയോഗിക്കപെടുന്നുവോ എന്നത് നമ്മുടെ രാഷ്ട്രീയ പരമാധികാര കോർപ്പറേറ്റുകളെ  ആശ്രയിച്ചിരിക്കുന്നു എന്ന സത്യം കൂടിയുണ്ട് !!

 ശരിയാണ് ഇന്നത്തെ മുതലാളിത വ്യവസ്ഥിതിയില്‍ ആരോഗ്യ രംഗവും ഏറ്റവും  പ്രധാനമായ  ഗവേഷണ പഠനങ്ങള്‍ നടക്കേണ്ട ഔഷധ മേഖലയും കുത്തകകളുടെയും  കോർപ്പറേറ്റു ചൂഷകരുടെയും കൈകളില്‍ തന്നെയാണ് . എങ്കിലും ശാസ്ത്ര ബോധം എന്നത് ഒരു ആയുധം ആണ് . അത് വഞ്ചിക്കപെടുന്ന ഭൂരിപക്ഷം എന്ന് കരസ്ഥമാക്കുന്നുവോ  അന്ന് ലോക ചിന്തകളില്‍ മാറ്റം വരും . 

എന്തിനെയും ശാസ്ത്രീയ ബോധത്തില്‍ വിശകലനം ചെയ്യുന്ന ഒരു ലോകം വരുന്നതിനായി നമുക്ക് ആ..ശക്തമായ ആയുധതെ, 'ശാസ്ത്ര ബോധത്തെ' ബഹു ഭൂരിപക്ഷം ജനതയിലേക്ക് എത്തിക്കെണ്ടതുണ്ട്....."പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുക്കൂ" എന്ന് പറഞ്ഞത് എത്ര സത്യം.....

അപ്പോള്‍, നിങ്ങളുടെ ശാസ്ത്രത്തിന് എന്ത് പറയാനുണ്ട് എന്നതല്ല ചോദ്യം, പറഞ്ഞതിലെ വസ്തുതകളില്‍ പിശകുണ്ടല്ലോ മാഷേ എന്ന് ചൂണ്ടികാണിക്കുംബോഴാണ് ശാസ്ത്ര ബോധതിലുള്ള ചോദ്യം ആവുക..അത് തന്നെ നിലവിലെ അറിവുക്ല്‍ക്കനുസൃതമല്ല എങ്കില്‍ യുക്തമല്ല എങ്കില്‍ , ആ ചോദ്യം തെറ്റിപോവുകയും ചെയ്യും....

ഇങ്ങനെ കേവലമായ ഭക്തിയില്‍ നിന്നും അപേക്ഷികമായ്‌ ശരികളിലെക്കും ശാസ്ത്ര ബോധത്തിലേക്കും ഒരു കുട്ടിയുടെ വളര്‍ച്ചയുടെ കഥയാണ്‌ ഇതുവരെ പറഞ്ഞത്...ഇത് അവസാനിക്കുന്നില ഈ ശാസ്ത്രീയത തന്നെ വലിയൊരു അപേക്ഷികതയാണ് ..ഈ ബ്ലോഗിന്റെ പേരും ആപേക്ഷികം എന്നതാണല്ലോ ... ആ ആപേക്ഷികമായ അറിവുകളെ കുറിച്ച് അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം ..നന്ദി 


Friday, January 4, 2013

കമ്മ്യൂണിസ്റ്റു മാനിഫെസ്റൊയിലെ നാലാം അദ്ധ്യായം ( അവസാന അദ്ധ്യായം )


കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയോട് എന്താണ് നിലപാട് എന്ന് ഒരു സുഹൃത്ത്‌ ചോദിക്കുന്നു, കാരണം ഞാന്‍ ഒരു ഇടതുപക്ഷ സഹയാത്രികന്‍ ആണെന്ന് ആണ് ഞാനും അയാളും സ്വയം ധരിച്ചിരിക്കുന്നത്‌ . എനിക്ക് പൂര്‍ണ പിന്തുണയാണ് ആ പാര്‍ട്ടിയോട് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു കമ്മ്യൂണിസ്റ്റുകാര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ അല്ലെ പിന്താങ്ങേണ്ടത് എന്ന് ... 

ഈ ചോദ്യം രസകരമാണ് , കമ്മ്യൂണിസ്റ്റുകള്‍ ആരാണ് ??? അവരുടെ മറ്റു പാര്ട്ടികലോടുള്ള നിലപാടുകള്‍ എന്താണ് , മറ്റു ന്യായമായ പ്രസ്ഥാനങ്ങളെ അവര്‍ എങ്ങനെ കാണുന്നു...( ഈ കമ്മ്യൂണിസ്റ്റുകള്‍ എന്ന് ഞാന്‍ പറയുന്നവര്‍ മാര്‍ക്സിന്റെ കമ്മ്യൂണിസ്റ്റു മാനിഫെസ്ടോ അനുസരിച്ചുള്ള കമ്മ്യൂണിസ്റ്റുകള്‍ ആണുട്ടോ ) , എനിക്ക് കമ്മ്യൂണിസ്റ്റു മാനിഫെസ്റൊയിലെ ഏറ്റവും ഇഷ്ടമായ  ( മാനിഫെസ്ടോയില്‍ പറഞ്ഞു എന്നതുകൊണ്ടല്ല അതിഷ്ടമായത് അതിലെ മാനവികത കണ്ടിട്ടാണ് ) ആ ആശയം ഇവിടെ പകര്‍ത്തുന്നു , വായിക്കാന്‍ താലപര്യം ഉള്ളവര്‍ മാത്രം വായിക്കുക...കാരണം ഇത് ലൈക്ക് കിട്ടാനോ വിമര്‍ശനം കിട്ടാനോ അല്ല , ഇന്ന് രാവിലെ തന്നെ ഒരാളുടെ ചീത്ത കേട്ട് കഴിഞ്ഞേയുള്ളൂ...എന്നാലും കോയാ പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ :) 

കമ്മ്യൂണിസ്റ്റു മാനിഫെസ്റൊയിലെ നാലാം അദ്ധ്യായം ആണ്  " നിലവിലുള്ള വിവിധ പ്രതിപക്ഷ പാര്ട്ടികലോടുള്ള  കമ്മ്യൂണിസ്റ്റുകളുടെ നിലപാട് --
Chapter IV. Position of the Communists in Relation to the Various Existing Opposition Parties 
 "  ഈ തലകെട്ട് ശ്രദ്ധിക്കുക "കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ " നിലപാട് എന്നല്ല പറഞ്ഞത് നിങ്ങള്‍ "കംമ്യൂനിസ്ടാണോ " എങ്കില്‍ ആ കമ്മ്യൂണിസ്റ്റുകളുടെ നിലപാട് ഇത് ആയിരിക്കും അത് പാര്‍ട്ടി ആയാലും അല്ലെങ്കിലും എന്ന അര്‍ദ്ധമല്ലേ ഇതിനുള്ളത് ഞാന്‍ അങ്ങനെ ധരിക്കുന്നു എന്നാലും വാശിയില്ല :) 

ഇത് മുഴുവനായും ഉജ്ജ്വലമാണ് പ്രിയ യ് സുഹൃത്തുക്കളെ ഇവ ഒന്നുകൂടി വായിക്കാന്‍ ക്ഷനിക്കുന്നതിനോപ്പം അതിലെ  ചില വരികള്‍ ഞാന്‍ ഇവിടെ ഉദ്ധരിക്കുന്നു പക്ഷെ ആ ഉധരനികള്‍ക്കിടയില്‍ എന്റെ പേര് വെച്ച് അതിനോടുള്ള പ്രത്യേകമായ എന്റെ അഭിപ്രായം കൂടി രേഖപെടുത്തുന്നു അത് ഉധരനിയല്ല എന്റെ അഭിപ്രായം മാത്രമാണ് . 
********************************
"ഇന്ഗ്ലണ്ടിലെ ചാര്‍ത്ടിസ്റ്റു പ്രസ്ഥാനക്കാര്‍ , അമേരിക്കയിലെ കാര്‍ഷിക പരിഷ്കാര വാദികള്‍ തുടങ്ങിയ നിലവിലുള്ള തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികളും ( ശ്രദ്ധിക്കുക അവരെയും തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികള്‍ എന്ന് തന്നെയാണ് മാര്‍ക്സ് പറയുന്നത് !--രഞ്ജിത്  ) കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം രണ്ടാം അധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടിയന്തിര ലക്ഷ്യങ്ങള്‍ നേടാനും അവരുടെ താല്‍ക്കാലികതാല്പര്യങ്ങള്‍ നടപ്പാക്കാനും വേണ്ടി കമ്മ്യൂണിസ്റ്റുകാര പൊരുതുന്നു. എന്നാല്‍  അതേസമയം പ്രസ്ഥാനത്തിന്റെ ഭാവിയെ അവര്‍ പ്രതിനിധാനം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നു . ഫ്രാന്‍സില്‍ യാഥാസ്ഥിതികരും സമൂല പരിവര്തന വാദികളുമായ ബൂര്‍ഷ്വാസിക്കെതിരായി കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യല്‍ ടെമോക്രാട്ടു കക്ഷിയുമായി സഖ്യം ഉണ്ടാക്കുന്നു  ( ഈ പാര്‍ട്ടികളെ കുറിച്ചുള്ള വിവരണങ്ങള്‍ മാനിഫെസ്ടോയില്‍ തന്നെ വായിക്കുക --രഞ്ജിത് ). അതെ സമയം വിമര്‍ശനപരമായ നിലപാട് എടുക്കാനുള്ള അവകാശം കമ്മ്യൂണിസ്റ്റുകാര്‍ കൈവിടുകയുമില്ല. 

സ്വിട്സര്ലണ്ടില്‍  അവര്‍ റാഡിക്കല്‍ കക്ഷിയെ അനുകൂലിക്കുന്നു. ( ഇന്നത്തെ നമ്മുടെ ആസ്ഥാന പണ്ഡിതര്‍ അന്നുണ്ടായിരുന്നു എങ്കില്‍ എന്നെ മാര്‍ക്സിനെ തല്ലികൊന്നെനെ ഒരു പിന്തിരിപ്പന്‍ കക്ഷിയെ പിന്തുണച്ചതിന് :) __രഞ്ജിത് ) പക്ഷെ ആ കക്ഷിയില്‍ വിരുദ്ധ ശക്തികള്‍ , ഭാഗികമായി റാഡിക്കല്‍ കക്ഷികളും ഭാഗികമായി ടെമോക്രാട്ടുകളും അടങ്ങിയിട്ടുണ്ടെന്ന യാധാര്ധ്യം  അവര്‍ വിസ്മരിക്കുന്നില്ല. 

ദേശീയ മോചനത്തിനുള്ള പ്രാഥമികമായ ഉപാധി എന്ന നിലയില്‍ കാര്‍ഷിക വിപ്ലവത്തില്‍ ഊന്നി പറയുന്ന പാര്‍ട്ടിയെ ആണ്_ 1846 ല ക്രക്കൊവില്‍ സായുധ വിപ്ലവത്തിന് തുടക്കമിട്ട പാര്‍ട്ടിയെ_ ആണ്  പോളണ്ടില്‍ കമ്മ്യൂണിസ്റ്റുകാര പിന്താങ്ങുന്നത് . 

സേചാധിപത്യപരമായ രാജ വാഴ്ച്ചക്കും ഫ്യൂഡല്‍ ദുഷ പ്രഭുത്വത്തിനും പെറ്റി ബൂര്‍ശ്വസിക്കും എതിരായി വിപ്ലവകരമായ രീതിയില്‍ ജെര്‍മ്മനിയിലെ ബൂര്‍ഷ്വാസി എപ്പോഴെല്ലാം പ്രവര്‍ത്തിക്കുന്നുവോ അപ്പോഴെല്ലാം കംമ്യൂനിസ്ടുകാര്‍ അവരോടൊപ്പം കൂടുന്നു, പോരാടുന്നു. ( ഏറ്റവും ഉജ്ജ്വലമായ ഒരു വീക്ഷണം ആണിത് കാരണം നിങ്ങള്‍ ഏതു പാര്‍ട്ടിക്കാരും ആകട്ടെ ഒരു നല്ല ആശയത്തിനായി ആണ് നിങ്ങള്‍ പൊരുതുന്നത് എങ്കില്‍ ഇതാ ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ നിങ്ങളോടൊപ്പം ഉണ്ട് അതല്ല ചീത്ത ആശയത്തിനാണ് എങ്കില്‍ ഞങ്ങള്‍ നിങ്ങളെ എതിര്‍ക്കുകയും ചെയ്യും... ഇതാണ് ചങ്കൂറ്റം... വൃത്തിയുള്ള ചിന്ത ഇവിടെ എന്റെ ആശയത്തിന്റെ കേമത്തം തെളിയിക്കാനോ  നിന്റെ എല്ലാ വരട്ടുവാദവും മാറ്റി വെച്ച് എന്ന് നീ നന്നാകുന്നുവോ , എന്ന് നിന്റെ ആശയങ്ങള്‍ എന്നോടൊത്തു വരുന്നുവോ അന്ന് മതി  നമ്മള്‍ തമ്മിലുള്ള സഹകരണം എന്ന് വാശി പിടിക്കുകയല്ല  മാര്‍ക്സ്‌ ചെയ്യുന്നത്..പിന്നെയോ വരൂ ചെയ്യൂ നിങ്ങളാല്‍ കഴിയുന്ന നല്ല പ്രവൃത്തികള്‍ ചെയ്യൂ ഞങ്ങള്‍ ഒപ്പമുണ്ട് പക്ഷെ അപ്പോഴും നിങ്ങളുടെ പിന്തിരിപ്പന സ്വഭാവത്തെ ഞങ്ങള്‍ തുറന്നു കാണിക്കുകയും  എതിര്‍ക്കുകയും ചെയ്യും...നല്ലതിന് പിന്തുണയും ചീതക്ക് വിമര്‍ശനവും   , എന്നിട്ടോ നമ്മള്‍ ഒരുമിച്ചാണ് എന്ന് പറയുകയും. എല്ലാ മനുഷ്യരും സഹോദരന്മാര ആണെന്നും  എന്നാലും സഹോദരാ നിന്റെ ആശയം ഇതാ ഇങ്ങനെ തെറ്റാണ് എന്നും  പറഞ്ഞു കൊടുക്കുന്ന, അതെ സമയം അവന്റെ തോളോട് തോള്‍ ചേര്‍ന്ന് " വാ ചില ആശയങ്ങളില്‍ ഞാനും നിങ്ങലോടോപ്പമുണ്ട് "എന്ന് പറയുന്ന, ഏതു നല്ല മുന്നേറ്റങ്ങളും ഉണ്ടാക്കുന്ന, മറ്റു പാര്‍ട്ടികളെ നല്ല മുന്നേറ്റങ്ങളും ആശയങ്ങളും ഉണ്ടാക്കുവാന്‍ നിരന്തരം പ്രേരിപ്പിക്കുന്ന സ്വന്തം പ്രവര്‍ത്തനങ്ങളില്‍ അവരുടെ പിന്തുണ നിരന്തരം തേടുന്ന ഒരു മനസ്സാണ് ഇവിടെ കാണുന്നത്..അതാണ്‌ ഈ കമ്മ്യൂണിസ്റ്റുകളെ ഞാന്‍ ഇഷടപ്പെടാന്‍ ഒരു കാരണം . പറയൂ അങ്ങനെയുള്ള കമ്മ്യൂണിസ്റ്റു മനസ്സുകള്‍ക്ക് എങ്ങനെയാണ് ആം ആദ്മി എന്ന കേജരിവാള്‍  പാര്‍ട്ടിയെ അനുകൂലിക്കാന്‍ കഴിയാത്തത് . ഒപ്പം ചീത്ത കണ്ടാല്‍ എതിര്‍ക്കുകയും ഒപ്പം ചെറിയ നല്ല ആശയങ്ങളെ കൂടുതല്‍ നല്ല ആശ്യങ്ങളിലേക്ക് വളര്‍ത്താന്‍ പ്രേരകമാവുകയും അല്ലെ നമ്മള്‍ കമ്മ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത് .. മാനിഫെസ്റൊയിലെ ചില  വരികള്‍ കൂടി വായിക്കുക __രഞ്ജിത് )


ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എല്ലായിടത്തും നിലവിലുള്ള മുതലാളിത സമൂഹി രാഷ്ട്രീയ ക്രമങ്ങല്‍ക്കെതിരെയുള്ള എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളെയും പിന്താങ്ങുന്നു. ഈ പ്രസ്ഥാനങ്ങലെല്ലാം അവ എത്ര വളര്‍ന്നു എന്ന് നോക്കാതെ സ്വതുടമയുടെ പ്രശ്നത്തെ ( കാരണം പണിയായുധങ്ങളും പണി ശാലകളും പനിയെടുക്കാനുള്ള മൂലധനവും ഇല്ലാതെ തങ്ങളുടെ അധ്വാനം ചുരുങ്ങിയ വിലക്ക് വില്‍ക്കേണ്ടി വരുന്ന ജനകോടികള്‍ ചൂഷനതിനിരയാവുന്നു__രഞ്ജിത് ) പ്രമുഖ പ്രശ്നമായി മുന്നോട്ടു കൊണ്ട് വരുന്നു . 

അവസാനമായി എല്ലാ രാജ്യത്തും ഉള്ള ജനാധിപത്യ പാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പും ധാരണയും ഉണ്ടാക്കുന്നതിനു വേണ്ടി ആണ് കമ്മ്യൂണിസ്റ്റുകള്‍ എല്ലായിടത്തും ശ്രമിക്കുക ( നോക്കൂ എത്ര ഉദാത്തമാണ് ഈ വരികള്‍, അവര്‍ക്ക് രാഷ്ട്രങ്ങളില്‍ എല്ലാം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ആവണം എന്നില്ല എന്നാലും നിങ്ങള്‍ പരസ്പരം മത്സരിക്കേണ്ടത് നല്ല ആശയങ്ങളില്‍ ആണെന്നും നമ്മള്‍ ഒരുമിച്ചു ആണ് നില്‍ക്കേണ്ടത് എന്നും നമ്മുടെ ആശയങ്ങളെ കൂട്‌തല്‍ നന്നാക്കെണ്ടതുണ്ട് എന്നും അതിനു പഠനം ആവശ്യമാണ്  എന്നും വരൂ നമുക്ക് ഒരുമിച്ചു വിശകലനം ചെയ്യാം കണ്ടെത്താം പൊരുതാം  എന്നും പറയുന്ന നല്ല മനുഷ്യരുടെ വീക്ഷണം അല്ലെ ഇത്...രഞ്ജിത് )

സ്വാഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടി വെക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു.നിലവിലെ സാമൂഹ്യ ഉപാധികളെ ബലം പ്രയോഗിച്ചു മറിച്ചിട്ടാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ആകൂ എന്നവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു . കമ്മ്യൂണിസ്റ്റു വിപ്ലവത്തെ ഓര്‍ത്തു ഭരണാധി വര്‍ഗ്ഗങ്ങള്‍ കിടിലം കൊള്ളട്ടെ ... തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലകെട്ടുകള്‍ അല്ലാതെ മറ്റൊന്നും നഷ്ടപെടാനില്ല. അവര്‍ക്ക് കിട്ടാനുള്ളതോ പുതിയൊരു ലോകവും .
സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ !!! 
*************************
മാനിഫെസ്റൊയിലെ ആ അവസാന അധ്യായം ഇങ്ങനെ അവസാനിക്കുന്നു... വായിക്കുക മനസ്സിരുത്തി അഭിവാദ്യങ്ങള്‍