Pages

Friday, October 16, 2015

സഖാവ് ഭഗത്സിങ്ങിന്റെ വാക്കുകളിലൂടെ !

കുറിപ്പ് ഒന്ന് : 


നമ്മള്‍ എന്തുകൊണ്ട്  'ഇങ്കിലാബ് സിന്ദാബാദ്‌  ' എന്ന് വിളിക്കുന്നു ! എന്തുകൊണ്ട് എന്ന് വ്യക്തമായി ഭഗത് പറയുന്നു വായിക്കുക :

" സഖാക്കളെ ..ഏറ്റവും ഏറ്റവും ലളിതമായ രീതിയില്‍ കാര്യം പറഞ്ഞു മനസ്സിലക്കിക്കാന്‍ ഞാന്‍ ശ്രമിക്കട്ടെ , നമ്മള്‍ വിപ്ലവം നീണാള്‍ വാഴട്ടെ ( ഇങ്കിലാബ് സിന്ദാബാദ്‌ ) എന്ന് മുദ്രാവക്യം വിളിക്കുന്നു. നിങ്ങള്‍ യഥാര്‍ഥത്തില്‍ അതങ്ങനെ ആകണമെന്ന് കരുതുന്നു എന്ന് ഞാന്‍ വിശ്വസിക്കട്ടെ . അസംബ്ലി ബോംബു കേസിലെ ഞങ്ങളുടെ പ്രസ്താവന അനുസരിച്ച് ഞങ്ങള്‍ ആ പദത്തിന് നല്‍കിയിട്ടുള്ള നിര്‍വചനം ,

വിപ്ലവം എന്നാല്‍ നിലവിലെ സാമൂഹ്യ വ്യവസ്ഥയെ പൂര്‍ണ്ണമായും തകര്‍ക്കുകയും അവിടെ സോഷ്യലിസ്ട്ടു വ്യവസ്ഥയെ സ്ഥാപിക്കുക എന്നതാണ് . ആ വ്യവസ്ഥക്കായ്‌ അടിയന്തിരമായി ലക്ഷ്യമാക്കെണ്ടതോ അധികാരം നെടുക എന്നതുമാണ് . യഥാര്‍ഥത്തില്‍ ഭരണകൂടം ( ഗവന്മേന്റ്റ്‌ ) സ്വന്തം താല്‍പര്യങ്ങള്‍ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യാനായി ഭരണ വര്‍ഗ്ഗത്തിന്റെ കയ്യിലുള്ള ഒരു ആയുധം മാത്രമാണ് . അതിനെ പിടിച്ചെടുക്കുകയും നമ്മുടെ ലക്ഷ്യത്തിനായുള്ള സാക്ഷാത്കാരത്തിന് അതിനെ പ്രയോജന പ്പെടുത്തുകയും ചെയ്യാന്‍ ആണ് നമ്മള്‍ ആഗ്രഹിക്കുന്നത്. 

നമ്മുടെ ലക്‌ഷ്യം ഒരു പുതിയ അടിസ്ഥാനത്തില്‍ , അതായത് മാര്‍ക്സിസ്റ്റു അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ പുനര്‍ നിര്‍മ്മാണം നടത്തുക എന്നതാണ് . അതിനായാണ് നമ്മള്‍ ഭരണ യന്ത്രം കൈവശപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സാമൂഹിക്‌ പരിപാടിയെ കുറിച്ച് ബഹുജനങ്ങളെ പഠിപ്പിക്കുകയും ആ പരിപാടിക്ക് അനുകൂലതരമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യാന്‍ വേണ്ടിയാണ് നാം പൊരുതുന്നത്. " 
_ സഖാവ് ഭഗത്സിംഗ് (1931ഫെബ്രുവരി 2 നു to young political workers യുവ രാഷ്ട്രീയക്കാരോട് എന്ന ടൈറ്റിലില്‍ എഴുതിയകുറിപ്പില്‍ നിന്നും )
*******************************

കുറിപ്പ്  രണ്ടു :

ഉറങ്ങുന്ന സിംഹത്തെ ( തൊഴിലാളി വര്‍ഗ്ഗത്തെ ) വിളിച്ചുണര്‍ത്താന്‍ ആര്‍ക്കാണ് ധൈര്യം ?

{താഴെ നമ്മള്‍ വായിക്കുന്ന വരികളില്‍ കൃത്യമായ മാര്‍ക്സിസ്റ്റു വിശകലനം കാണാം നമ്മുടെ സ്വാതന്ത്ര്യ സമര സന്ദര്‍ഭങ്ങളെ ഭഗത്സിംഗ് എന്ന കേവലം 23 വയസ്സുള്ള അസാധാരണ പ്രതിഭ വിവരിക്കുന്നത് വായിക്കുക }


" .....ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത് സമരം വളര്‍ന്നു വരുന്നതിനനുസരിച്ച് ഇടയ്ക്കു ഉപയോഗിക്കേണ്ട ഒരു ആയുധമനു ഒത്തു തീര്‍പ്പുകള്‍ എന്നാണ് . എന്നാല്‍ എപ്പോഴും പരിഗണനയില്‍ വെക്കേണ്ടത് പ്രസ്ഥാനത്തിന്റെ ആശയം തന്നെയാണ് . 

-----വിപ്ലവകാരികള്‍ ആവട്ടെ ഒരു സമ്പൂര്‍ണ്ണ വിപ്ലവത്തിന് വേണ്ടിയാണ് പോരാടുന്നത് എന്നത് എപ്പോഴും ഓര്‍ക്കണം. ....അടവുകളെയും തന്ത്രങ്ങളെയും കുറിച്ച് നാം ലെനിന്റെ ആജീവനാന്ത പ്രവര്‍ത്തനങ്ങളെ പഠിക്കണം. സമരങ്ങളും ഒതുതീര്‍പ്പുകളും എന്നതിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായം  ' ഇടതുപക്ഷ കമ്യൂണിസം ' എന്ന കൃതിയില്‍ നിന്നും മനസ്സിലാക്കാം.

ഇപ്പോഴത്തെ സമരം ഒന്നുകില്‍ ഏതെന്കിലും ഒരു ഒത്തുതീര്‍പ്പില്‍ കലാശിക്കും. അല്ലെങ്കില്‍ പൂര്‍ണ്ണമായും പരാജയപ്പെടും.എന്ന് ഞാന്‍ പറഞ്ഞല്ലോ.

അങ്ങനെ ഞാന്‍ പറയാന്‍ കാരണം, എന്റെ അഭിപ്രായത്തില്‍ ഈ സമരം യഥാര്‍ഥ വിപ്ലവകാരികളെ രംഗത്തേക്ക് ക്ഷണിച്ചിട്ടില്ല എന്നതാണ്. കുറെ ഇടത്തരം കച്ചവടക്കാരെയും കുറെ മുതലാളിമാരെയും ആശ്രയിച്ചു നടത്തുന്നതാണ് ഈ സമരം. ഇവരില്‍ രണ്ടു കൂട്ടര്‍ക്കും പ്രത്യേകിച്ച് രണ്ടാമത്തെ കൂട്ടര്‍ക്കു ഏതെന്കിലും സമരത്തില്‍ ഇറങ്ങി തങ്ങളുടെ സ്വത്തും കൈവശാവകാശങ്ങളുംനഷ്ട്ടപ്പെടുതാന്‍ ധൈര്യം വരില്ല. 

യഥാര്‍ഥ വിപ്ലവ സൈനികര്‍ ഗ്രാമങ്ങളിലും വ്യവസായ ശാലകളിലും ഉള്ളവരാണ് _ കൃഷിക്കാരും തൊഴിലാളികളും. 

പക്ഷെ നമ്മുടെ ബൂര്‍ഷ്വാ നേതാക്കള്‍ അവരോട് ഇടപെട്ടു പ്രവര്‍ത്തിക്കുകയില്ല. അതിനവര്‍ക്ക് കഴിയുകയുമില്ല, ഉറങ്ങുന്ന സിംഹത്തെ വിളിച്ചുണര്‍ത്തിയാല്‍ അത് നമ്മുടെ നേതാക്കളുടെ ലക്‌ഷ്യം നേടിക്കഴിഞ്ഞാലും പിന്നെയും തടുക്കാന്‍ ആവാത്ത ശക്തിയായി നിലകൊള്ളും.

1920 ല്‍ ആദ്യമായി തൊഴിലാളികളുമായി ഒന്നിടപെട്ട അനുഭവത്തില്‍ ഗാന്ധിജി പറഞ്ഞത് ഇങ്ങനെയാണ് : __
{' തൊഴിലാളികളുടെ കാര്യത്തില്‍ നാം അനാവശ്യമായി ഇടപെടരുത് വ്യാവസായിക തൊഴിലാളികളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നത് അപകടമാണ് _ ദി ടൈംസ് 1921 മെയ്‌ ' }

അതില്‍ പിന്നീട് അവര്‍ ഒരിക്കലും തൊഴിലാളികളെ സമീപിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല . പിന്നെയുള്ളത് കര്‍ഷകരാന്. അതികായരായ കര്‍ഷക വര്‍ഗ്ഗം വിദേശരാജ്യത്തിന്റെ ആധിപത്യത്തെ മാത്രമല്ല , ഭൂപ്രഭുക്കള്‍ ഏറ്റി വെച്ച നുകതെയും തൂത്തെറിയാന്‍ സന്നദ്ധമായി ഉണര്‍ന്നെണീറ്റതായി കണ്ട നേതാക്കള്‍ക്ക് അനുഭവപെട്ട ഭീതി എത്രമാത്രം ആയിരുന്നു എന്ന് 1922 ലെ ബര്‍ദോളി പ്രമേയം വളരെ വ്യക്തമായി വിശദീകരിക്കുന്നു."
_ സഖാവ് ഭഗത്സിംഗ് (1931ഫെബ്രുവരി 2 നു to young political workers യുവ രാഷ്ട്രീയക്കാരോട് എന്ന ടൈറ്റിലില്‍ എഴുതിയകുറിപ്പില്‍ നിന്നും )

*******************************

കുറിപ്പ്  മൂന്ന് :
ജീവിക്കാന്‍ ആഗ്രഹമുണ്ടോ ? 

രണ്ടാം ലാഹോര്‍ ഗൂഡാലോചനാ കേസിലെ പോരാളികളെ തടവിലാക്കിയത് , മരണ ശിക്ഷക്ക് വിധിക്കപെട്ട ഭഗത്സിങ്ങിന്റെ ജയിലരക്ക് അടുത്തായിരുന്നു . അവര്‍ സഖാവിന് ഒരു കുറിപ്പ് കൊടുത്തയച്ചു അതില്‍ ഇങ്ങനെ ചോദിച്ചിരുന്നു " ജീവിക്കാന്‍ ആഗ്രഹമുണ്ടോ ? " അതിനു മറുപടിയായി മരണദിനം എണ്ണപെട്ട സഖാവ് ഒരു ചെറു കുറിപ്പെഴുതി ...അത് താഴെ വായിക്കുക ..ഉജ്ജ്വലമായ അതിവിനയം ഇല്ലാത്ത സ്വയം വിലയിരുത്തല്‍ ....സത്യസന്ധമായ തുറന്നു പറച്ചില്‍ !

" സഖാക്കളെ , ജീവിക്കാനുള്ള ആഗ്രഹം സ്വാഭാവികം ആണ് അതെന്നിലും ഉണ്ട്. അതോളിച്ചുവേക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ എന്റെ ആഗ്രഹം സോപാധികം ആണ്. ഒരു തടവുകാരന്‍ ആയിട്ടോ, നിയന്ത്രണങ്ങള്‍ക്ക് വിധേയമയിട്ടോ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ എന്റെ പേര് ഇന്ത്യന്‍ വിപ്ലവത്തിന്റെ ഒരു പ്രതീകം ആയിട്ടുണ്ട്‌ . ഞാന്‍ ഇനി ജീവിച്ചാല്‍ പോലും എനിക്ക് ഉയരാന്‍ കഴിയാത്തത്ര ഔന്നത്യത്തിലേക്ക് എന്നെ ഉയര്‍ത്തിയത് വിപ്ലവ പാര്‍ട്ടിയുടെ ആദര്‍ശവും ത്യാഗവും ആണ്.
ഇന്ന് ജനങ്ങള്‍ക്ക്‌ എന്റെ ദൌര്‍ബല്യങ്ങള്‍ അറിയില്ല. കഴുമരത്തില്‍ നിന്നും ഞാന്‍ രക്ഷപെട്ടാല്‍ ആ ദൌര്‍ബല്യങ്ങള്‍ ജനങ്ങളുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുകയോ, അല്ലെങ്കില്‍ അപ്രത്യക്ഷമാകുകയോ ചെയ്യാം. നേരെമറിച്ച് ധീരതയോടെ ചിരിച്ചുകൊണ്ട് ഞാന്‍ കഴുമരതിലേറുകയാണെങ്കില്‍ അത് ഭാരതത്തിലെ മാതാക്കളെ ആവേശം കൊള്ളിക്കും. അവരുടെ മക്കളും ഭാരതത്തിന്റെ ഭഗത്സിങ്ങുമാര്‍ ആവണം എന്നവര്‍ അഭിലഷിക്കും അങ്ങനെ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ സന്നധമാകുന്നവരുടെ എണ്ണം വര്‍ധിക്കും . അപ്പോള്‍ വിപ്ലവത്തിന്റെ വേലിയേറ്റത്തെ നേരിടാന്‍ സാമ്രാജ്യത്വത്തിനു കഴിയാതെവരും. അവരുടെ പൈശാചിക ശക്തിക്ക് ഈ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ ആവില്ല.
അതെ ഒരു കാര്യം ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നുണ്ട്. മനുഷ്യരാശിക്കും എന്റെ നാടിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന എന്റെ അഭിലാഷത്തിന്റെ ആയിരത്തില്‍ ഒരു ഭാഗം പോലും സാക്ഷാത്ക്കരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
ഞാന്‍ ജീവിക്കുകയാണെങ്കില്‍ ഒരുവേള അവ സാക്ഷാത്ക്കരിക്കാന്‍ എനിക്ക് ഒരവസരം ലഭിച്ചേക്കാം . മരിക്കരുതെന്ന ആഗ്രഹം എപ്പോഴെന്കിലും എന്റെ മനസ്സില്‍ ഉദിചിട്ടുണ്ടെങ്കില്‍ അത് ഈ ഒരു ലക്ഷ്യത്തില്‍ നിന്ന് മാത്രം ആയിരിക്കും.
ഈ അവസരത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അന്തിമ പരീക്ഷണത്തിനായ്‌ ഞാന്‍ ഉദ്വേഗത്തോടെ കാത്തിരിക്കയാണ്. ആ ദിവസം കുറേകൂടി വേഗത്തില്‍ അടുത്ത് വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു .
_ നിങ്ങളുടെ സഖാവ് ഭഗത്സിംഗ് " 

*********************************

കുറിപ്പ്  നാല് :

1931 മാര്‍ച്ച് 21 നു എഴുതപ്പെട്ടതനു ഈ കുറിപ്പ് .
വധശിക്ഷക്ക് വിധിക്കപെട്ടു ജയിലില്‍ കഴിയവേ ഒരു കവിതാ ഗ്രന്ഥത്തിന് അവതാരിക എഴുതിക്കൊടുക്കാന്‍ ഒരു അഭ്യര്‍ഥന വന്നു സഖാവ് ഭഗത്സിങ്ങിനു ! ലാലാ രാം സരന്‍ ദാസിന്റെ ഡ്രീം ലാന്‍ഡ്‌ _ സ്വപ്ന ഭൂമി _ എന്ന കവിതക്കയിരുന്നു അത് .
അതൊരു നീണ്ട കുറിപ്പയതിനാല്‍ മുഴുവനായി പകര്തുന്നില്ല പകരം പ്രസക്തമായ ഭാഗങ്ങള്‍ പകര്‍ത്തുന്നു . അതില്‍ സഖാവ് അതിവിനയമില്ലാതെ പറയുന്നു

" ഞാന്‍ ഒരു രാഷ്ട്രീയക്കാരന്‍ മാത്രമാണ് . കവിത വായിച്ചു അതിലെ വൃത്തവും ഭംഗിയും പറയാന്‍ താന്‍ ആളല്ല ..പിന്നെയോ അതൊന്ന് ആസ്വദിച്ചു വിലയിരുത്താന്‍ മാത്രമേ കഴിയൂ അതാകട്ടെ പരമാവധി ഒരു വിമര്‍ശനം ആയേക്കാം അതിന്റെ സ്ഥാനം അവതാരിക പോലെ പുസ്തകത്തിന്റെ ആദ്യം ആയിരിക്കില്ല മറിച്ചു അവസാനം ആയിരിക്കും "

തുടര്‍ന്ന് അദ്ദേഹം ആ കവിത യിലെ ആശയത്തെ ഗംഭീരമായി തന്റെ വീക്ഷണത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഭഗത്സിംഗ് ഒരു പ്രഖ്യാപിത നിരീശ്വരവാദി ആണെന്ന് നമുക്കറിയാം ...എന്നാലും ചിലര്‍ കരുതും പോലെ ഭാരതീയ ആധ്യാതമികതയെ അദ്ദേഹം അല്‍പ്പം സോഫ്റ്റ്‌ കോര്‍ണറില്‍ കണ്ടിരുണോ ? താഴെ പറയുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ എങ്ങനെ ആണ് ഒരു മാര്‍ക്സിസ്റ്റു അവയെ കാണുന്നത് എന്ന് നമ്മള്‍ക്ക് അര്‍ദ്ധശങ്കക്കിടയില്ലതവിധം മനസ്സിലാക്കി തരും !

" കവിതയില്‍ തുടക്കത്തില്‍ അദ്ദേഹം ( കവി ) തത്വശാസ്ത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട് . പ്രപഞ്ചത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം പ്രപഞ്ചത്തിനു ഒരു കാരണഭൂതന്‍ ഉണ്ടെന്ന വാദത്തില്‍ ആധ്യാത്മികതയില്‍ അധിഷ്ട്ടിതം ആണ് .
ഞാനാകട്ടെ ഒരു ഭൌതികവാദിയാണ്. പ്രതിഭാസങ്ങളെ കുറിച്ചുള്ള എന്റെ വീക്ഷണം കാര്യ കാരണ ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ്. എങ്കില്‍ പോലും കവിയുടെ പോലുള്ള വാദങ്ങള്‍ അപ്രസക്തമോ കാലംകഴിഞ്ഞതോ അല്ല. നമ്മുടെ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ ആശയങ്ങള്‍ തന്നെയാണവ.
ഈ കൃതിയുടെ ആദ്യഭാഗം കൂടുതലും ദൈവ സ്തുതിയും നിര്‍വചനവും ഒക്കെയാണ്. മോഹ ഭംഗത്തിന്റെ നിരാശയുടെ ഫലമായുണ്ടാവുന്ന ആജ്ഞെയ വാദത്തിന്റെ അനന്തരഫലമായ ദൈവ വിശ്വാസം ഇവിടെ കാണാം.
ഈ പ്രപഞ്ചമാകെ ' മായ ' ആണെന്നും മിഥ്യ ആണെന്നും ഒക്കെ പറയുന്നതാണ് ആജ്ഞെയവാദം. ശങ്കരാചാര്യരും മറ്റും ഉയര്തികൊണ്ടുവന്ന ഒരു തത്വചിന്തയാണിത്. എന്നാല്‍ ഭൌതിക വാദത്തില്‍ ഇതിനു യാതൊരു പ്രസക്തിയുമില്ല .
പക്ഷെ കവിയുടെ ഈ ചിന്താഗതി നിന്ദ്യമോ മോശമോ അല്ല . അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ വാന്ച്ചയെ ആശ്വസിപ്പിക്കുന്നു. അതിനു അതിന്റേതായ അഴകും രമണീയതും ഉണ്ട്. "
നോക്കൂ ഭഗത് സിംഗ് എത്ര വൃത്തിയായി ആണ് ആധ്യാത്മികതയെ കൈകാര്യം ചെയ്യുന്നത് എന്ന് ചരിത്രപരന്മായി അതിന്റെ വങ്കത്തത്തെ തുറന്നു കാണിക്കുമ്പോള്‍ തന്നെ അതില്‍ നല്ല ചിന്തകള്‍ ഉള്ള മനുഷ്യരുടെ സമീപനത്തെ അദ്ദേഹം അംഗീകരിക്കുന്നു സ്ലാഘിക്കുന്നു !

*********************************

കുറിപ്പ്  അഞ്ച് :
ബോംബുകളും കൈതോക്കുകളും വിപ്ലവം സൃഷ്ട്ടിക്കുകയില്ല !!
(അസ്സംബ്ലി ബോംബു കേസ്‌ വിചാരണയുടെ കോടതി പ്രസ്താവനയില്‍ നിന്നും )

" ഞങ്ങളുടെ പ്രസ്താവനയില്‍ ഇങ്കിലാബ് സിന്ദാബാദ്‌ ( വിപ്ലവം ജയിക്കട്ടെ ) സാമ്രാജ്യത്വം നശിക്കട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത് പറഞ്ഞു കഴിഞ്ഞല്ലോ . അതാണ്‌ ഞങ്ങളുടെ പ്രസ്താവനയുടെ കാതല്‍ ആ ഭാഗം ആണ് നീക്കം ചെയ്തത് ( കോടതി ആ ഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു ).
വിപ്ലവം എന്ന വാക്കിന് സാധാരണയായി തെറ്റായ ഒരര്ഥം നല്കിപോരുന്നുണ്ട് , ഞങ്ങളുടെ ധാരണ അതല്ല . ബോംബുകളും കൈതോക്കുകളും വിപ്ലവം സൃഷ്ട്ടിക്കുകയില്ല . വിപ്ലവത്തിന്റെ ആയുധം ആശയങ്ങളുടെ ഉരകല്ലില്‍ കൂര്‍പ്പിചെടുക്കതാവനം .
ഇതാണ് ഞങ്ങള്‍ ആവര്‍ത്തിച്ചും വ്യക്തമായും പറയാന്‍ ആഗ്രഹിക്കുന്നത് വിപ്ലവത്തിന്റെ അര്‍ഥം , മുതലാളിത യുദ്ധങ്ങള്‍ കൊണ്ടുണ്ടാകുന്ന ദുരിതങ്ങള്‍ അവസാനിപ്പിക്കണം എന്നാണു. ഇതല്ലാത്ത ആശയങ്ങള്‍ ഞ്ങ്ങളുടെതായി പ്രചരിപ്പിക്കുന്നത് ഉചിതമല്ല. " _ ഭഗത്സിംഗ് 

മറ്റൊരു ലേഖനത്തില്‍ ഇതേ ആശയം വീണ്ടും ആവര്‍ത്തിക്കുന്നുണ്ട് സഖാവ് ഭഗത്സിംഗ് ..സായുധ മാര്‍ഗ്ഗം ആണോ വിപ്ലവത്തിന്റെ ഏക മാര്‍ഗ്ഗം, സഖാവ് അസന്ദിഗ്ദ്ധമായി പറയുന്നു :

" അവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം ശക്തി പ്രയോഗം ന്യയീകരിക്കാവുന്നതാണ്. എല്ലാ ബഹുജന പ്രസ്ഥാനങ്ങള്‍ക്കും അക്രമരാഹിത്യം ഒഴിച്ച് കൂടനാവാത്തതാണ്..!!! മാര്‍ഗങ്ങളെ കുറിച്ച് ഇത്ര മാത്രമേ പറയാനുള്ളൂ." _ സഖാവ് ഭഗത്സിംഗ് 

*********************************

കുറിപ്പ്  ആറു :

ബധിര കര്‍ണ്ണങ്ങള്‍ തുറക്കാന്‍ ഒരു വലിയ ശബ്ദം കൂടിയേ തീരൂ !!

ഓര്‍മ്മയില്ലേ ഭ്ഗത്സിങ്ങിന്റെ ആ വാക്കുകള്‍ ..അസംബ്ലി മന്ദിരത്തിലേക്ക് ചെറു ബോംബുകള്‍ എറിഞ്ഞിട്ടു ലഖു ലേഖകള്‍ വിതറി പിടികൊടുത്ത ധീര രുടെ ഉദ്ദേശം എന്തായിരുന്നു ? വെറും തീവ്രവാദികള്‍ എന്നാണോ നമ്മില്‍ ചിലരെങ്കിലും കരുതുന്നത് കോടതിയിലെ അവരുടെ പ്രസ്താവന നമുക്ക് പരിശോധിക്കാം അതിലെ അവസാന പാരഗ്രാഫ്‌ ആദ്യം


" അഭിവന്ദ്യരെ... ഞങ്ങളുടെ പ്രവൃത്തിയുടെ ലക്ഷ്യങ്ങള്‍ പറഞ്ഞു കഴിഞ്ഞല്ലോ . ഒരു കാര്യം കൂടി വിശദീകരിക്കെണ്ടതുണ്ട്. അത് ഞങ്ങള്‍ ഉപയോഗിച്ച ബോംബിന്റെ ശക്തിയെ കുറിച്ചാണ് .
ആ ബോംബുകളുടെ പ്രഹര ശേഷിയെ കുറിച്ച് കൃത്യമായ വിവരം ഞങ്ങള്‍ക്ക് ഇല്ലായിരുന്നു എങ്കില്‍ പണ്ഡിറ്റ്‌ മോത്തിലാല്‍ നെഹ്‌റു, ശ്രീ കേല്‍ക്കര്‍, ശ്രീ ജയക്കര്‍, ശ്രീ ജിന്ന തുടങ്ങിയ ആദരണീയരായ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ വെച്ച് ഞങ്ങള്‍ അതെറിയില്ലയിരുന്നു.
ഞങ്ങളുടെ നേതാക്കന്മാരുടെ ജീവന്‍ എടുക്കാന്‍ ഞങ്ങള്‍ക്ക് എങ്ങനെ കഴിയും ? ഞങ്ങള്‍ ഭ്രാന്തന്മാര്‍ അല്ല !! അങ്ങനെ എങ്കില്‍ ജയിലില്‍ അയക്കുന്നതിനേക്കാള്‍ ഭ്രാന്താശുപത്രി ആണ് നല്ലത്.
ആ ബോംബുകളെ കുറിച്ച് ഞങ്ങള്‍ക്ക് ശരിയായ അറിവുണ്ടായിരുന്നു. ആളുകള്‍ ഇരുന്നിടതെക്ക് അനായാസം ഇവ വലിചെറിയാമായിരുന്നു. എന്നാല്‍ ശൂന്യമായ്‌ ബെന്ച്ചുകള്‍ക്ക് നേരെ അവ എറിഞ്ഞത് ബുദ്ധിമുട്ടി തന്നെയാണ്. ഞങ്ങള്‍ സമനില തെറ്റിയവര്‍ ആയിരുന്നു എങ്കില്‍ അവിടെ ആളപായം ഉണ്ടാവുമായിരുന്നു .
അതുകൊണ്ട് ഞങ്ങള്‍ പ്രകടിപ്പിച്ച ധീരതയ്ക്കും സൂക്ഷമതക്കും ഞങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഞങ്ങള്‍ക്ക് പാരിതോഷികം തരുകയാണ് വേണ്ടത് .
ഓര്‍ക്കുക ഞങ്ങളുടെ ശിക്ഷ കുറച്ചു കിട്ടനല്ല ഈ പറയുന്നതും ഇവിടെ നിങ്ങളുടെ മുന്നില്‍ ഞങ്ങള്‍ ഹാജരായതും. പകരം ഞങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ തന്നെയാണ് .. ഞങ്ങളെ സംബന്ധിച്ചിടത്തോളം ശിക്ഷയുടെ പ്രശ്നത്തിന് ഒട്ടുമേ പ്രാധാന്യം ഇല്ല ! " _ ഭഗത്സിംഗ് , സുഖ്ദേവ്‌, ദത്ത്‌.