വാസ്തു ശാസ്ത്രം ഇന്ന് ഏറെ പ്രചാരമുള്ള ഒരു മേഖലയാനല്ലോ , നമ്മുടെ അമ്മമാരും മറ്റും ഇന്ന് ഏറെ വേവലാതിപെടുന്ന ഒന്നാണ് ഈ "വാസ്തു " ! നമ്മുടെ പത്രങ്ങളും ഫ്ലാറ്റ് നിര്‍മ്മാതാക്കളും കാണിപ്പയ്യൂരും പിന്നെ ജ്യോതിഷികളും എല്ലാം വളരെ പ്രാധാന്യം നല്‍കുന്ന സാധാരണക്കാരന്റെ വീട് എന്ന സ്വപ്നത്തെ ഒരു പേടി സ്വപ്നം വരെ ആക്കുന്ന ഈ ഭയങ്കര വാസ്തു എന്താണ് ??? എന്താണ് അതിലെ ആ ഒരു മനുഷ്യന്റെ എന്ന് തോന്നിപ്പിക്കുന്ന ചിത്രവും അത് വെച്ച് ഇവര്‍ പറയുന്ന ഈ ഭയങ്കര ദോഷങ്ങളും എല്ലാം...ഒരു കട്ടിള മാറിയാല്‍ , വീട് ഒന്ന് ചരിഞ്ഞു ഇരുന്നാല്‍ , പൂമുഖം അല്‍പ്പം മാറിയിരുന്നാല്‍ ആകെ താറുമാറാകുന്നതാണോ നമ്മുടെ ജീവിതങ്ങള്‍ !!
ഈ നൂറ്റാണ്ടിലും ഇത്തരം ഒരു ഭയം ജനിപ്പിച്ചു ഇത്തരം ഒരു വ്യാജ ശാസ്ത്രം ഒരു കാപട്യം വില്‍ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നമ്മുടെ മുഖ്യ ധാരാ മാധ്യമങ്ങളും പാര്‍പ്പിട എന്‍ജിനീയര്‍മാരും വാസ്തു വിശാരദരും ഒക്കെ ശ്രമിക്കുന്നതിന്റെ നേര്‍ചിത്രം ആണ് ഇപ്പോള്‍ ബംഗ്ലൂരിലെ ശില്‍പ്പി ഡിസൈന്‍ ആന്‍ഡ് എന്ജിനീയറിംഗ് ലിമിടഡിന്റെ മാനേജിംഗ് ഡയരക്ടര്‍ ആയ ശ്രീ ആര്‍ വി ആചാരി , അദ്ദേഹത്തിന്റെ "വാസ്തു ശാസ്ത്രം പൊരുളും പൊരുത്തക്കേടും " എന്ന ഈ ഉജ്ജ്വല ഗ്രന്ഥത്തില്‍ വിവരിക്കുന്നത് . ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ നടമാടുന്ന ഒരു പകര്‍ച്ച വ്യാധിയുടെ കാരണം വിവചിരിക്കുന്നു എന്ന അതിപ്രാധാന്യം ഈ ഗ്രന്ഥത്തിന് ഞാന്‍ നല്‍കുന്നു എന്നതിനാല്‍ ആവശ്യം വാങ്ങി വായിക്കേണ്ട ഒരു ഗ്രന്ഥമായി ഇതിനെ സവിനയം , ചുരുങ്ങിയ വാക്കുകളില്‍ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തുന്നു.
"വാസ്തു ശാസ്ത്രം പൊരുളും പൊരുത്തക്കേടും " ഗ്രന്ഥകര്താ : ആര്‍ വി ആചാരി. പ്രസാധകര്‍ : ചിന്ത പബ്ലിഷേര്സ്, തിരുവനന്തപുരം , വില : 75 രൂപ. ഈ കുറിപ്പില്‍ ഇനിയങ്ങോട്ട് ആര്‍ വി എന്ന് പറയുന്നത് ആര്‍ വി ആചാരി എന്ന ഗ്രന്ഥകര്താവ് ആണെന്ന് മനസ്സിലാക്കുക .
മാതൃഭൂമി പത്രത്തില്‍ വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ടു കാണിപ്പയ്യൂര്‍ കൈകാര്യം ചെയ്ത ചോദ്യോത്തര പങ്ങ്ക്തിയിലേക്ക് തുടര്‍ച്ചയായി ചില ചോദ്യങ്ങള്‍ ആര്‍ വി അയക്കുകയും പത്രം അത് ഭംഗിയായി അവഗണികുകയും ചെയ്തതാണ് ഈ പുസ്തകം എഴുതാനുള്ള പ്രേരണ എന്ന് ആര്‍ വി പറയുന്നു. ആ ചോദ്യങ്ങളും കാണിപ്പയ്യൂര്‍ അവിടെ പറയുന്ന പല ചോദ്യങ്ങളുടെയും തെറ്റുകളും കാപട്യവും ആ ഗ്രന്ഥത്തിന്റെ അവസാനം വിശദമായി കൊടുത്തിട്ടുണ്ട് .
വാസ്തു ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരു സാധാരണക്കാരന്‍ ഈ വിഷയത്തെ സമീപികുമ്പോള്‍ അയാള്‍ അറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ഏതാണ്ട് മുഴുവന്‍ ചിത്രവും ഇതില്‍ ആര്‍ വി ഒരുക്കുന്നു എന്നതാണ് ഇതിന്റെ ആകര്‍ഷണമായി എനിക്ക് തോന്നിയത് .
വാസ്തു വിദ്യയും വാസ്തു ശാസ്ത്രവും !
ഇവ രണ്ടും രണ്ടാണ് . വാസ്തു വിദ്യ എന്നത് തച്ചു ശാത്രം ആണ് പഴയകാലത് പാര്‍പ്പിടവും സമുച്ചയങ്ങളും നിര്‍മ്മിക്കുന്നതിന് സഹായകമായ അളവുകളും കണക്കുകളും ആണ് തച്ചു ശാസ്ത്രം അഥവാ വാസ്തു വിദ്യ . ഇതൊരു ക്രിയാത്മക ശാസ്ത്രവും പോലെ തച്ചു വിദ്യയും വളര്‍ന്നു പഴയ കണക്കുകളുടെ സ്ഥാനത് ഇന്ന് പുതിയ രീതികള്‍ ആയി പുതിയ ടൂളുകള്‍ ആയി ഇതെല്ലം നിര്‍മ്മാണത്തെ എളുപ്പവും സുന്ദരവും ആക്കുന്നു.
വാസ്തു വിദ്യ എന്ന ശാസ്ത്രത്തില്‍ അന്നത്തെ സാമുദായിക വരേണ്യ വര്‍ഗ്ഗം ചാര്‍ത്തി വെച്ച വലിയൊരു നുണയാണ് വാസ്തു ശാസ്ത്രം എന്നാ ഇന്നത്തെ മായാജാലം. വാസ്തു ശാത്ര സങ്കല്‍പ്പങ്ങളെ ഇങ്ങനെ ചുരുക്കിപറയാം പാര്‍പ്പിടം പണിയുന്ന ഭൂമിയുടെ വീതി നീള അനുപാതം എത്രയായിരിക്കണം എന്നും പുരയിടം എങ്ങോട്ട് ചാഞ്ഞു കിടക്കണം എന്നും ഉള്ള ചില നിര്‍ദേശങ്ങളും പുരയിടത്തിന്റെ ചുറ്റളവ് സംബന്ധിച്ച ചില കണക്കുകളും അവ കൂട്ടി കിഴിച്ചാല്‍ കിട്ടുന്ന ശേഷം സഖ്യയില്‍ അനേകം ഗുണങ്ങളും ദോഷങ്ങളും എല്ലാം കുടിയിരിക്കുന്നു എന്നും ഗൃഹ ദര്‍ശനവും വാതില്‍ വരേണ്ട ദിക്കും എല്ലാം വലിയ ഗുണ ദോഷങ്ങള്‍ ആണ് ആ പാര്‍പ്പിടത്തിന് ഉണ്ടാക്കുന്നത് എന്നുമുള്ള ശുദ്ധ അബദ്ധ പഞ്ചാംഗം ആണ് ഏതാണ്ട് വാസ്തു ശാത്രം എന്ന് പറയാം. ഈ വാസ്തു ശാസ്ത്രം മുഴുവന്‍ സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് മാത്രമാണ് വര്‍ണ്ണ വ്യവസ്ഥയില്‍ പെടാത്ത ജാതികള്‍ക്കും മതങ്ങള്‍ക്കും ഇവ ബാധകമല്ല. അത് വ്യക്തമായി ഇവ വിവരിക്കുന്ന മനുഷ്യാലയ ചന്ദ്രിക എന്ന ഇതിന്റെ അടിസ്ഥാന ഗ്രന്ഥം പറയുന്നുണ്ട് അതിലേക്കു പിന്നെ വരാം.
വാസ്തു പുരുഷന്‍
ഒരു ചതുരത്തിലെ ഒരു പുരുഷ രൂപം മിക്കവാറും ഈ വാസ്തു ശാസ്ത്രകാരന്മാരുടെ കയ്യില്‍ കണ്ടിട്ടുണ്ടാകും. ഇത് ഒരു ഐതിഹ്യ കഥയാണ്. വാസ്തു പുരുഷന്‍ എന്നത് ഒരസുരന്‍ ആണ് ദേവാസുര യുദ്ധത്തില്‍ അവനു ആയുധങ്ങലാല്‍ മുരിപെട്ടു ഭൂമിയില്‍ വീണു ... അതിനു ശേഷം ഭൂമിയില്‍ വീണുരുണ്ടു കൊണ്ട് എല്ലാ ദിക്കിലും എത്തി മനുഷ്യരെ മര്‍ദ്ദിച്ചു തുടങ്ങി. മനുഷ്യരും ഋഷിമാരും ദേവന്മാരും ഒരുപോലെ സംഭ്രമിച്ചു . അങ്ങനെ ഒരിക്കല്‍ നിര്യതി കോണില്‍ ( തെക്ക് പടിഞ്ഞാറ് മൂല ) കാലും, ഈശാന കോണില്‍ ( വടക്ക് കിഴക്ക് മൂല ) തലയുമായി കിടക്കുമ്പോള്‍ ദേവന്മാര ക്ഷണത്തില്‍ വന്നു അവന്റെ ശരീരത്തില്‍ പല ഭാഗങ്ങളില്‍ ആയി ഇരുപ്പുറപ്പിച്ചു മൂര്‍ധാവില്‍ ശിവനും പൊക്കിളില്‍ ബ്രഹ്മാവും ഇടതു ചുമലില്‍ ചന്ദ്രനും വലതു ചുമലില്‍ അര്‍ഗ്ഗളനും അങ്ങനെ ആകെ നാല്പത്തഞ്ചു ദേവന്മാര്‍ വാസ്തു പുരുഷന്റെ വിവിധ അവയവങ്ങളില്‍ ഇരുന്നു ഭൂമിയോടമര്‍ത്തി ആ അസുരനെ കീഴ്പ്പെടുത്തി. ഈ ദേവന്മാര്‍ ചില്ലറക്കാരല്ല ഇവരെ പ്രസാടിപ്പിച്ചാല്‍ ശുഭ ഫലവും പ്രസാദിപ്പിചില്ലെന്കില്‍ അശുഭവവും തരും..!!!
ഇതില്‍ ഒരു പ്രശ്നം ഉള്ളത് സത്യത്തില്‍ ഈ വാസ്തു പുരുഷന്‍ മലര്ന്നാണോ കമിഴ്ന്നാണോ കിടക്കുന്നത് എന്നതാണ് ഓ അതിലെന്തു എന്ന് ചോദിക്കല്ലേ..അതില്‍ പ്രശ്നം ഉണ്ട് !!! കാരണം ഈ ഒരു ഐതിഹ്യം ആണല്ലോ ഈ വാസ്തു ശാസ്ത്രത്തിന് ആധാരം തന്നെ അപ്പോള്‍ ആ ഐതിഹ്യ പുരുഷന്റെ കിടപ്പ് ഒന്ന് പരിശോധിക്കേണ്ടി വരും. ബ്രുഹത് സംഹിതയില്‍ വാസ്തു പുരുഷന്‍ കമിഴന്നാണ് കിടക്കുന്നത്. മനുഷ്യാലയ ചന്ദ്രികയില്‍ മലര്‍ന്നും !! അതിനെന്തു എന്നാണു എങ്കില്‍ , കമിഴന്നു കിടക്കുന്ന വാസ്തു പുരുഷന്റെ ശരീര ഭാഗങ്ങളില്‍ ഇടതും വലതുമുള്ളവ മലര്‍ന്നു കിടക്കുമ്പോള്‍ നേരെ വിപരീതം ആയിപോകും.... ഈ ദേവന്മാരെ പ്രീതിപ്പെടുതല്‍ ചില്ലറ കാര്യമല്ല അര്‍ഗ്ഗളനു ഉള്ളത് ചന്ദ്രനും , അങ്ങനെ ഇടതു ദേവന്മാര്‍ക്കുള്ളത് വലതു ദേവന്മാര്‍ക്കും ആയിപോകും....ആകെ അനുഗ്രഹത്തിന് പകരം കുളംകലക്കല്‍ ആയിപോകും..!!!!
ഈ കണക്കുകളും ഐതിഹ്യങ്ങളും മാമൂലുകളും ഒക്കെയായി ആണ് വാസ്തു വിദ്യയും വാസ്തു ശാസ്ത്രവും ആയി വളര്‍ന്നത് ..അതില്‍ വാസ്തു വിദ്യ ഇന്നത്തെ എന്ജിനീയറിംഗ് ആയി വികസിച്ചു വാസ്തു ശാസ്ത്രം ആകട്ടെ ഇടക്കാലത്ത് മൃതമാവുകയും പിന്നീട് ഇപ്പോള്‍ ചില പരാന്ന ഭോജികളുടെ അതിയായ ഉള്സാഹതാല്‍ സാധാരണക്കാരനെ പറ്റിക്കുന്ന "വാസ്തു"വായി വിരാജിക്കുന്നു.
ഈ വാസ്തു ശാസ്ത്രത്തിന്റെ ഇന്നത്തെ പഠനങ്ങളും പ്രോഫസര്മാരുടെ വാക്ക് ചതുരിയുടെ ഗീര്‍ വാണങ്ങളും ഒക്കെ ഭംഗിയായി ഒടിച്ചു കളയുന്നുണ്ട് ആര്‍ വി ഗ്രന്ഥത്തില്‍. വളരെ ചുരുക്കി ചില കാര്യങ്ങള്‍ മാത്രമാണ് ഞാനിവിടെ രേഖപെടുതുന്നത്.
മനുഷ്യാലയ ചന്ദ്രിക
പ്രധാനമായും മനുഷ്യാലയ ചന്ദ്രിക എന്നാ ഗ്രന്ഥത്തിലും ബ്രുഹത് സംഹിതയിലും ആണ് ഈ വാസ്തു ശാത്രത്തിന്റെ വിവരണങ്ങള്‍ കിട്ടുന്നത്. അതില്‍ കേരളത്തില്‍ സാര്‍വത്രികമായ അംഗീകാരം സിദ്ധിച്ച തിരുമങ്കലത്ത് നീലകണ്ടന്‍ രചിച്ചു ഭാഷാ വ്യാഖ്യാനത്തോടെ പണ്ഡിത രാജന്‍ കാനിപ്പയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് പരിശോധിച്ച് പ്രസിദ്ധപ്പെടുത്തിയ മനുഷ്യാലയ ചന്ദ്രിക ഇങ്ങനെ ആരംഭിക്കുന്നു :
" സകല ചരാചരങ്ങളെയും സൃഷ്ടിക്കുന്നതില്‍ സ്വതസിദ്ധമായ സാമര്‍ഥ്യമുള്ളവനും അദമ്യനുമായിരിക്കുന്ന ബ്രഹ്മാവിനെ നമ്സ്കരിച്ചിട്ടു മനുഷ്യാലയ ചന്ദ്രിക എന്ന ഈ പുസ്തകത്തെ മന്ദബുധികളുടെ നന്മക്കായ് ഞാന്‍ എഴുതുന്നു ! "
മനുഷ്യാലയ ചന്ദ്രികയിലെ അടിസ്ഥാന മാതൃക നാലുകെട്ടാണ് . ഇത് ശരിക്കും നാല് വീടുകള്‍ ചുറ്റും ചേര്‍ന്നുണ്ടാകുന്ന ഒരു സമുച്ചയം ആണ് വടക്കിനി ( വടക്കുള്ള വീട് ) കിഴക്കിനി ( കിഴക്കുള്ള വീട് ) തെക്കിനി ( തെക്കുള്ള വീട് ) പടിഞ്ഞാറ്റിനി ( പടിഞ്ഞാറുള്ള വീട് ) ഇവ പരസ്പരം നടുത്തളത്തിലേക്ക് ദര്‍ശനം ആയി വരുന്നു . വടക്കിനിക്ക് തെക്കിനിയും പടിഞ്ഞാട്ടിനിക്ക് കിഴക്കിനിയും പരസ്പരം ദര്‍ശനം ആവുന്നു ഇങ്ങനെ ഇവയെ എല്ലാം ഒരു ചരടില്‍ വട്ടം കെട്ടിയാല്‍ അത് നാലുകെട്ടായി .
ഈ നാലുകെട്ടാണ് യഥാര്‍ഥത്തില്‍ മനുഷ്യാലയ ചന്ദ്രിക പറയുന്ന വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാന പാര്‍പ്പിടം. ഇതില്‍ പുരയിടത്തിന്റെ ചരിവ്, മണ്ണിന്റെ നിറം, പുരയിടത്തിലെ മരം , നിലത്തിലെ പുല്ലു, ഉപയോഗിക്കാവുന്ന വീട് , കോല്‍ തുടങ്ങി കുറേയുണ്ട്....അവ ഓരോ വര്‍ണ്ണത്തിനും ഓരോന്നാണ് .ബ്രാഹ്മണര്‍ക്ക് ( കിഴക്കിനി ) വടക്ക് ചരിവും, ക്ഷത്രിയന് (തെക്കിനി ) കിഴക്കും, വൈശ്യന് ( പടിഞ്ഞാറ്റിനി) പടിഞ്ഞാറും ശൂദ്രന് ( വടക്കിനി ) തെക്ക് പടിഞ്ഞാറും ആണ് കമ്മാളരും ഈഴവരും പുലയനും, ക്രിസ്ത്യാനി മുസ്ലീം തുടങ്ങിയവര്‍ പടിക്കു പുറതെന്നു ചുരുക്കം അവര്‍ക്ക് വാസ്തു പറഞ്ഞിട്ടില്ല !!!! ഇതില്‍ കൌതുകം ബ്രാഹ്മണന് ഏതു സ്ത്രീയെയും സംബന്ധം അകാമായിരുന്നല്ലോ, അതില്‍ വിവിധ വര്‍ണ്ണങ്ങള്‍ പെട്ടാല്‍ അവര്‍ക്ക് ഈ നാലുകെട്ടിലെ ഇതെല്ലാം " ഇനികളില്‍ " താമസം ആകാം എന്ന് ഇതില്‍ നിന്നും വ്യക്തം !
വാസ്തു ശാസ്ത്രത്തിന്റെ നിലനില്‍പ്പ് ചാതുര്‍ വര്ന്ന്യത്തില്‍ അധിഷ്ഠിതമായ വിലക്കുകളില്‍ ആണ്. ആ ശ്ലോകങ്ങളും അതിന്റെ അര്‍ഥവും അറിയാന്‍ പുസ്തകം തന്നെ നോക്കുക. വിസ്താര ഭയത്താല്‍ അവയൊന്നും ഇവിടെ എഴുതുന്നില്ല.
മണ്ണിന്റെ ലക്ഷണങ്ങള്‍ നിറം ഗന്ധം രസം ഇത്യാദി കലര്‍ന്ന് ഒരു പാര്‍പ്പിടത്തില്‍ കണ്ടാലോ അത് ആര്‍ക്കു ഉത്തമം ?, അതിന്റെ പ്രതിവിധി ഇപ്രകാരം ആണ് ഒരു കോല്‍ ചതുരത്തിലും അത്രയും ആഴത്തിലും കുഴിച്ചു ചുടാത്ത മന്കുടത്തില്‍ നെയ്യ് നിറച്ചു ആ കുഴിയില്‍ വെക്കുക. പിന്നെ ആ കുടത്തിനു മീതെ ഒരു ചെരാതില്‍ നെയ് വീഴ്ത്തി നാല് നിറങ്ങള്‍ ഉള്ള നാല് തിരികള്‍ വെക്കുക . വെളുത്ത തിരി കിഴക്കോട്ടും മഞ്ഞ പടിഞ്ഞാറോട്ടും ചുവന്നത് തെക്കോട്ടും കറുത്തതു വടക്കോട്ടും ആയിരിക്കണം. എന്നിട്ട് ആ തിരികള്‍ വിധിപ്രകാരം കൊളുത്തി രണ്ടു നാഴിക കഴിഞ്ഞു നോക്കുക ആ ഭൂമി ആര്‍ക്കാണ് ഉത്തമം എന്ന് കത്തി നില്‍ക്കുന്ന തിരി കാണിച്ചു തരും ! വെളുത്ത തിരി ആണെങ്കില്‍ അത് ബ്രാഹ്മണനും ചുവപ്പ് ക്ഷത്രിയനും, മഞ്ഞ വൈശ്യനും, കറുപ്പ് ശൂദ്രനും ..!!!!നാലും കത്തി നിന്നാല്‍ ചാതുര്‍വര്‍ണ്ണരില്‍ ആര്‍ക്കും ഉപയോഗിക്കാം, എല്ലാം കേട്ടുപോയാലോ ആര്‍ക്കും പാടില്ല, രണ്ടോ മൂന്നോ തിരികള്‍ കതിയാലോ എന്ന് അതില്‍ ഉത്തരംഇല്ല..!!!! പറഞ്ഞു വന്നത് ഇതാണ് നിങ്ങള്‍ കാശുകൊടുത്തു വാങ്ങിയ ഭൂമി സവര്ന്നരില്‍ ഏതെന്കിലും വിഭാഗത്തിനുള്ള ഭൂമി ആണോ എന്ന് നോക്കി തീരുമാനിക്കൂ വാസ്തു...ഇല്ലേല്‍ സംഗതി ആകെ കുളമാകും വാസ്തു പുരുഷന്‍ തന്റെ ലീലാ വിലാസങ്ങള്‍ തുടങ്ങും !!!!!
അറിയാം ഇത് പറഞ്ഞാല്‍ ഈ പറഞ്ഞ ആളുകള്‍ ഒന്നും ഭൂമിക്ക് വാസ്തു നോക്കില്ല എന്ന് അതുകൊണ്ട് ഇന്നത്തെ ബുദ്ധിമാന്മാര്‍ ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയുണ്ടോ അതെല്ലാം മാറ്റുകയും പകരം നാനാവിധ ജാതി മതസ്ഥരുടെ കാശ് തങ്ങളുടെ പോക്കറ്റില്‍ ആക്കാനുള്ള പൊടിക്കൈകള്‍ മാത്രം വാസ്തു ശാസ്ത്രമായി ഉപദേശിക്കുകയും ചെയ്യുന്നു..അമ്പട വാസ്തു !!!!
അതുപോലെ മണിബന്ധം ഉള്ള കഴുക്കൊലുകളാല്‍ താങ്ങി നിര്തപെട്ട വീടുകള്‍ക്ക് ആണ് ഈ പറഞ്ഞ വാസ്തു തന്നെ അപ്പോള്‍ നമ്മുടെ ഫ്ലാറ്റുകള്‍ക്കും കൊണ്ക്രീട്ടു കെട്ടിടങ്ങള്‍ക്കും എന്ത് വാസ്തു ?? അതുപോലെ സമീപത് ക്ഷേത്രം ഉണ്ടെങ്കില്‍ ആ ക്ഷേത്രതിനും ഉയരെ പാര്‍പ്പിടം നിര്‍മ്മിക്കരുത് എന്നാണു നമ്മുടെ ഫ്ലാറ്റുകള്‍ വാസ്തു നോക്കുന്നുണ്ടോ ആവോ !!!!
ഇതുപോലെ അനേകം ചോദ്യങ്ങളും ഉത്തരങ്ങളും കാണിപ്പയ്യൂരിന്റെ മാതൃഭൂമി ഉത്തരങ്ങളും അവക്കുള്ള മറുപടികളും ഒക്കെയായി രസകരമായ ആ വൈജ്ഞാനിക ഗ്രന്ഥം മുഴുവനായി പകര്‍ത്താന്‍ ഇവിടെ ഒരുംബെടുന്നില്ല !
വൈരുധ്യങ്ങളുടെ ഈ സവര്‍ണ്ണ വാസ്തു വിലക്കുകളെ ഇന്ന് പുതിയ ഭാഷയും വിപണന തന്ത്രവും ഒരുക്കി ആനയിക്കുന്നവര്‍ മനുഷ്യര്‍ക്ക് ഭയവും വിഹ്വലതകളും ആണ് സൃഷ്ടിച്ചു നല്‍കുന്നത് . അധ്വാനിച്ചു ഉണ്ടാക്കിയ കാശിനാല്‍ തന്റെ കുടുംബത്തിന് കഴിയാന്‍ ഒരു കൂര ഒരുക്കുന്ന സാധാരണക്കാരനെ അവന്റെ പോക്കറ്റ് പിഴിഞ്ഞ് അവനെ മാനസിക രോഗിയാക്കുന്ന ഈ അളിഞ്ഞ നാറിയ അന്ധ വിശ്വാസത്തിന്റെ യഥാര്‍ഥ രൂപം അറിയാന്‍ പ്രിയ സുഹൃത്തുക്കളെ ഈ പുസ്തകവും അതിലെ സംവാദങ്ങളും നിങ്ങള്ക്ക് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു....
അറിയണം അറിവ് ആയുധമാണ് ... അന്വേഷിക്കാന്‍ പറ്റാത്ത വിധം പരിശുദ്ധം ആയതോ വിമര്‍ശിക്കാന്‍ കഴിയാത്ത വിധയം പുണ്യമായതോ ആയ യാതൊന്നും ഈ ഭൂ ചക്രവാളത്തില്‍ ഇല്ല....അറിവുകള്‍ മനുഷ്യനെ കൂടുതല്‍ തെളിച്ചമുള്ളവര്‍ ആക്കട്ടെ ..അറിവുകള്‍ പന്കുവേക്കപെടട്ടെ കാരണം നിശബ്ദനായിരിക്കാന്‍ നമുക്കാര്‍ക്കും അവകാശമില്ല ..സത്യം വദ ധര്‍മ്മം ചര !